കവിത: അന്ധകാരം
രചന: റബീഹ ഷബീർ
_____________________
ഇരുട്ടുപൂക്കുന്ന രാവുകളിൽ
വിഷാദരാഗം മൂളിക്കൊണ്ടേതോ
രാക്കിളികൾ ചിറകു നിർത്തുന്നു.
നക്ഷത്രങ്ങളില്ലാത്ത ആകാശം
പോലെയെന്റെയുള്ളറകൾ
കറുത്ത മൗനം പേറുന്നു.
സ്വപ്‌നങ്ങൾ ചികയാത്ത
ഉറക്കത്തിന്റെ ആഴങ്ങളിലേക്ക്
കൺപോളകൾ തുന്നിക്കെട്ടാനാവാതെ
ഒരു നിഴൽ മലർന്നുകിടക്കുന്നു.
കരിങ്കൽ പാകിയ തടവറയുടെ
ഭിത്തിയിൽ കണ്ണീരിന്റെ നനവൊട്ടിയുരുക്കിയെഴുതിയ
ശിലാലിഖിതങ്ങളേതോ
മന്ത്രങ്ങളുരുവിടുന്നു.
പാപത്തിന്റെ കറപുരളാത്ത
ആത്മാക്കളത്രെ ഈ ഇരുട്ട്
ചുമക്കുന്നതെന്നാരോ
സ്വാകാര്യം പറയുന്നു.
പുലരിപൂക്കാത്ത
ചുമരുകൾക്കുള്ളിലെ
അന്ധകാരത്തിന്റെ
കാവൽക്കാരിയാണുഞാൻ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ