ഒരു നിഴൽ പിന്തുടരുന്നുണ്ട്.
-------------------------------------------
നീണ്ടുമെലിഞ്ഞ് അനന്തമായി
തളർന്നുകിടക്കുന്ന
റെയിൽപാളങ്ങളിലും,
ആർത്തലയ്ക്കുന്ന
തിരകളുടെ ആഴങ്ങളിലും,
അദൃശ്യമായ ഒരു നിഴൽ
ഇടയ്ക്കിടെ തിരിഞ്ഞുനോക്കി
എന്നെ കൂട്ടുവിളിക്കുന്നത്
ഇപ്പോൾ സ്വപ്നങ്ങളിൽ
മാത്രമല്ല.
ജനൽപാളികളുടെ
ചെറിയ വിടവിലൂടെ
അതിനിഗൂഢമായി
യാത്രക്കൊരുങ്ങാൻ
ചെവിയിൽവന്നടക്കം
പറഞ്ഞുപോകുന്നുണ്ട്,
ദിശതെറ്റിയലയുന്നൊരു
തണുത്തകാറ്റ്.
ഇരുട്ട് കനക്കുമ്പോൾ
നക്ഷത്രങ്ങൾ കെട്ടുപോകുന്ന
ആകാശത്തിന്റെ ഏതോ ഒരു
കോണിൽനിന്ന് മൃതിയുടെ
ചിറകടികളോടെ
മാലാഖമാരുടെ
സന്ദർശനവുമുണ്ടിടയ്ക്ക്.
തനിച്ചായതിൽപിന്നെ
മഴവില്ലിനും,
തൊടിയിലെ പൂക്കൾക്കും,
ഒരൊറ്റ നിറമാണ്;
സ്വപ്നം കരിഞ്ഞ ചാരത്തിന്റെ,
മരവിച്ചുപോയ ചേതനയുടെ,
നിറങ്ങൾ ചത്ത ചാരനിറം.
അടഞ്ഞുകിടക്കുന്ന എന്റെ
മുറിയുടെ അകങ്ങളിലും
ശ്വാസംമുട്ടുന്ന ഇടനാഴികളിലും
കുന്തിരിക്കം പുകഞ്ഞ
മരണത്തിന്റെ മണമാണ്.
ഏകാന്തതയുടെ
മുൾക്കിരീടമണിഞ്ഞ്
ചിന്തകളുടെ ആഴങ്ങളിലേക്ക്
ഊർന്നുവീഴുമ്പോഴും
ഭീതിയോടെ ഞാൻ
കാതോർക്കുന്നതും
മരണത്തിന്റെ
കാലൊച്ച തന്നെയാണ്.!
-റബീഹ ഷബീർ-
-------------------------------------------
നീണ്ടുമെലിഞ്ഞ് അനന്തമായി
തളർന്നുകിടക്കുന്ന
റെയിൽപാളങ്ങളിലും,
ആർത്തലയ്ക്കുന്ന
തിരകളുടെ ആഴങ്ങളിലും,
അദൃശ്യമായ ഒരു നിഴൽ
ഇടയ്ക്കിടെ തിരിഞ്ഞുനോക്കി
എന്നെ കൂട്ടുവിളിക്കുന്നത്
ഇപ്പോൾ സ്വപ്നങ്ങളിൽ
മാത്രമല്ല.
ജനൽപാളികളുടെ
ചെറിയ വിടവിലൂടെ
അതിനിഗൂഢമായി
യാത്രക്കൊരുങ്ങാൻ
ചെവിയിൽവന്നടക്കം
പറഞ്ഞുപോകുന്നുണ്ട്,
ദിശതെറ്റിയലയുന്നൊരു
തണുത്തകാറ്റ്.
ഇരുട്ട് കനക്കുമ്പോൾ
നക്ഷത്രങ്ങൾ കെട്ടുപോകുന്ന
ആകാശത്തിന്റെ ഏതോ ഒരു
കോണിൽനിന്ന് മൃതിയുടെ
ചിറകടികളോടെ
മാലാഖമാരുടെ
സന്ദർശനവുമുണ്ടിടയ്ക്ക്.
തനിച്ചായതിൽപിന്നെ
മഴവില്ലിനും,
തൊടിയിലെ പൂക്കൾക്കും,
ഒരൊറ്റ നിറമാണ്;
സ്വപ്നം കരിഞ്ഞ ചാരത്തിന്റെ,
മരവിച്ചുപോയ ചേതനയുടെ,
നിറങ്ങൾ ചത്ത ചാരനിറം.
അടഞ്ഞുകിടക്കുന്ന എന്റെ
മുറിയുടെ അകങ്ങളിലും
ശ്വാസംമുട്ടുന്ന ഇടനാഴികളിലും
കുന്തിരിക്കം പുകഞ്ഞ
മരണത്തിന്റെ മണമാണ്.
ഏകാന്തതയുടെ
മുൾക്കിരീടമണിഞ്ഞ്
ചിന്തകളുടെ ആഴങ്ങളിലേക്ക്
ഊർന്നുവീഴുമ്പോഴും
ഭീതിയോടെ ഞാൻ
കാതോർക്കുന്നതും
മരണത്തിന്റെ
കാലൊച്ച തന്നെയാണ്.!
-റബീഹ ഷബീർ-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ