മഴ തോർന്ന നേരം
..........................
രചന:സിമി N മീരാൻ ,കോതമംഗലം
...................…......…………
കൊഴിഞ്ഞു മുറ്റം നിറയെ പൂവുകൾ
ഇടയ്ക്കിടയ്ക്കൊരു
മഞ്ഞയില
തെഴുത്ത മാവിൻ തളിരുടലാകെ
ചിരിച്ചു പൂക്കുമിളംപച്ച
ഇടയ്ക്കൊരിത്തിരി നേരമിളംചിരി
യോടെ കുണുങ്ങീ മന്ദാരം
പതുക്കെയോരോ പൂവിതൾ മുത്തി
കളിച്ചു പാറീ പൂമ്പാറ്റ
തണുത്ത മണ്ണിൻ ഉടലിൽ നിന്നൊരു
കുരുന്നു തയ്യിൻ തിരനോട്ടം
വെളിച്ചമിത്തിരിയൂട്ടിയുണർത്താൻ
അടുത്തുവന്നൂ കതിരവനും
തിടുക്കമെന്നൊരു നാട്യവുമായി
പിണങ്ങി നിന്നൊരു കരിവണ്ടിൻ
കവിൾ ചുവക്കെ ചുംബനമേകി
പുണർന്നു പനിനീർ പൂവുകളും
എന്തൊരു സുന്ദരമെന്തൊരു മോഹന
മെത്രമനോഹരമീ ഭൂമി
എനിക്കു വീണ്ടും തരുമോ ദേവാ
അടുത്ത ജന്മവുമിതുപോലെ
സിമി N മീരാൻ
കോതമംഗലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ