മോചനം
.............................
രചന:സതീഷ് ഇടപ്പോണ്‍
...........................
“എനിക്കച്ഛനുമമ്മയും വേണം”
ഇടനെഞ്ചുപൊട്ടിപ്പിടയുന്നു പിഞ്ചുഹൃദയം
കോടതിവരാന്തയില്‍
കുടിലതന്ത്രം മെനയുന്നു
വെറുപ്പിന്‍റെ വിഷവീര്യം-
കുടിച്ചുന്മത്തരാം നിന്നച്ഛനുമമ്മയും.
വെറുമൊരു വാക്കിന്‍റെ-
നോക്കിന്‍റെ നോവിനാല്‍
കരള്‍മുറുക്കി കച്ചകെട്ടി നില്‍പ്പവര്‍
വിഫലബീജാങ്കുരംപോല്‍ നീ
വിഹായസ്സിലൊറ്റയ്ക്കുപാറുന്ന പക്ഷിപോല്‍ നീ.
അരുതാത്തതൊന്നുമേ പറയാതെ-
യരികിലിരിക്കേണ്ടോര്‍
പകയുടെ വിഴുപ്പുകള്‍
പരസ്പരം പകുത്തിറങ്ങുന്നു
പുതിയ പരിണയകഥ മെനയുന്നു.
പിരിയുന്നു നിന്നച്ഛനുമമ്മയും.
അനാഥമീ ജന്മശിഷ്ടവഴികള്‍
അന്യനായത് അച്ഛനോ, അമ്മയോ?
അഹംബോധത്തിന്‍റെ സുര്യരേതസ്സോ?
അരുമയായ് പുലരേണ്ട യുവസ്വപ്ന-
ങ്ങളെറിഞ്ഞുടച്ചു നീ പോരിക
അന്ധവെറിവൈകൃതങ്ങള്‍ വാതുവെച്ചാടുന്ന
സന്ധ്യകള്‍ പുലരികള്‍ നീ കാക്കുക.
പിരിയുന്നു നിന്നച്ഛനുമ്മയും
എരിയാതെരിയുന്ന തിരിയായി നീയും.
Very good poem
മറുപടിഇല്ലാതാക്കൂVery good
മറുപടിഇല്ലാതാക്കൂ