*ലാസ്റ്റ് ബസ്സ്*
-------- -----------
രചന:രാഹുൽ കക്കാട്ട്
---------------------
മുടക്കങ്ങളില്ലാതെ
തിരക്കുഴിഞ്ഞു
അഴിച്ചു വച്ചൊരു
കിതപ്പും പേറി
കുതിക്കുന്നുണ്ടൊരു
ശകടം.
അവസാന ബസ്സിന്റെ
സഞ്ചാര ഉടമാവകാശം
തീറെഴുത്തപ്പെട്ട
വെറും ഏഴ്
യാത്രക്കാരവർ
പുറപ്പെട്ടു യാത്രക്കായി.
ഇരുളിനെ
രണ്ടായി പകുത്തു
കൊണ്ടേയീവഴി
നീളെ പോകുമ്പോൾ,
ഏഴിനെ ഏഴ്
ജീവിത തരം പറയാം.
വീടെത്തലിന്റെ
കാത്തിരിപ്പിനാൽ
കഴുത്തുളുക്കി
ഞെരുങ്ങുന്നു
പീടികക്കാരൻ
ധാമോദരൻ ചേട്ടൻ.
ഫോൺ ബൂത്തിലെ
വരുമാനം
മിച്ചപിടിക്കാനാവാതെ,
തന്റെ ഉപ്പൂറ്റി
പൊട്ടിയ
പൊയ്‌ക്കാൽ തൊട്ട്
തലോടി നെടുവീർപ്പിട്ടു
സുഗതമ്മ ചേച്ചി.
കരിക്കട്ട തൂക്ക
വെത്യസാ
വില പേശലിനെ
തർക്കം ഒറ്റക്കമർഷത്താൽ
പിന്നെയുമൊറ്റക്ക്
പിറു പിറക്കുന്നു
മുരുകയ്യൻ.
പാഠഭാഗങ്ങൾ
അയവിറക്കി
പുസ്തക താളിൽ
ചിക്കി തിരഞ്ഞുകൊണ്ടേ
അവൾ മിടുക്കി പെൺകൊടി
ദൂരെ പഠിക്കുന്നവൾ ഗൗരി,
അവൾ പഠിക്കട്ടെ.
വിശപ്പിനത്താഴമില്ലാതെ
കെട്ടടങ്ങിയ മുല്ലപ്പൂ
ഗന്ധവും പേറി
മടങ്ങി പോകുന്നു
അവൾ . അവൾക്ക്
പേരില്ലത്രേ , ഉള്ളത്
വിലമാത്രമെന്നാരോ
പറഞ്ഞതോർക്കുന്നു..
രണ്ടെണ്ണം മോന്തി ,
മൂന്നിനപ്പുറം ഓര്മയില്ലാതെ
കാലിടറി , മനസിടറി
കുട്ടപ്പൻ ചേട്ടനും
കൈയിലെ പൊതിയെ
മുറുകെ പിടിച്ചിട്ട്.
കുഞ്ഞിനെന്നപോൾ
കൊഞ്ചിച്ചു കൊഞ്ചിച്ചു.
പിന്നെയൊന്നു ,
ഞാനും നിത്യ
സഞ്ചാരിയെങ്കിലും
ആരുമാരുമെന്നെ
കാണുന്നില്ല കേൾക്കുന്നില്ല
പറയുന്നില്ല
അറിയുന്നില്ല .ഒരു പക്ഷെ
ഒറിക്കലെപ്പഴോ
മരിച്ചതിനാലാവാം....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ