അവൾ
============================
(ചിഞ്ചു അൽഫോൻസ്)
ആർത്തലയ്ക്കുന്ന മഴയുടെ,
ഭ്രാന്തമായ ആവേശത്തിനൊപ്പം
ഞാൻ കേൾക്കുന്നു,
നിസഹായതയുടെ ഒരു നെടുവീർപ്പു കൂടി..
അരണ്ട വെളിച്ചത്തിൽ
ഒരു നിഴൽ പോലെ ഞാൻ കണ്ടു ,
രക്തം വറ്റിയ രണ്ടു കണ്ണുകൾ...,
ജീവിതം അരിച്ചു തിന്ന ഒരു ദേഹവും
അടുത്തേയ്ക്ക് ചെല്ലാൻ എനിക്കു പേടി തോന്നി ,
ആ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരിന്റെ ചൂടിൽ
ഞാൻ ദഹിച്ചു പോയേക്കുമെന്ന ഭീതിയിൽ ,
അറിയാതെ ഞാൻ നിശ്ചലമായിപ്പോയി.
ഒരു പിടിവള്ളിയെന്ന പോലെ ,ആ കൈകൾ
എന്നിലേയ്ക്കു നീണ്ടു, എന്നെ വരിഞ്ഞു മുറുക്കി
എന്റെ നെറുകിലൂടെ ഓഴുകിയിറങ്ങിയത്
കണ്ണു നീരോ ..? അതോ രക്ത തുള്ളികളോ..?
അവളുടെ തേങ്ങലും ഒരുപാടുനൊമ്പരങ്ങളും,
കൈക്കുംബിളിൽ കോരിയെടുക്കാൻ തോന്നി
പക്ഷെ ,അർഹതയില്ലാത്ത എന്റെ കൈകൾക്ക്
ബലമുണ്ടായിരുന്നില്ല ...തെല്ലു പോലും .
ഞാൻ മിണ്ടിയില്ല
മിണ്ടുവാനായി എനിക്ക് വാക്കുകൾ നഷ്ട്ടമായിരുന്നു
പക്ഷെ ഞാൻ തലോടിക്കൊണ്ടിരുന്നു
ആ നൊമ്പരത്തെ ഒരു കുഞ്ഞിനെപ്പോലെ .
മഴ ശക്തി കൂട്ടിക്കൊണ്ടിരുന്നു
അവളുടെ നിലവിളിയുടെയും ..
അധിക നേരം എനിക്കവളെ താങ്ങാനവില്ലെന്നു തോന്നി
കൈകൾ തളരുന്നതു പോലെ ...
ഒരു പൂവിനെപ്പോലെ ഞാനവളെ
എന്നിൽ നിന്ന് പറിച്ചെടുത്തു ..
വിറയ്ക്കുന്ന കാലടികളോടെ ഞാൻ നടന്നു നീങ്ങി
തിരിഞ്ഞു നോക്കാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല ,
നോക്കാതിരിക്കാനും..
കത്തിതീർന്ന മെഴുകു തിരിയുടെ ,
കനൽ വെളിച്ചത്തിൽ ഞാൻ കണ്ടു
സഹനമായി ദൈവം മനഞ്ഞവൾ,
സ്നേഹമായി സർവ്വം ത്വെജിച്ചവൾ..
ജീവനറ്റ പുത്രദേഹം
മാറോടമർത്തിയപ്പോൾ
അവൾക്കു മുലപ്പാൽ ചുരന്നില്ല,
പകരം രക്തം പൊടിഞ്ഞു നെഞ്ചിൽ നിന്നും
അവളുടെ കത്തുന്ന വേദനയ്ക്ക് സാക്ഷി ഞാൻ..
നിശബ്ദമായ നെടുവീർപ്പു മാത്രം
ചുംബനമായി നൽകി ഞാൻ മന്ത്രിച്ചു ..
ഇവൾ എന്റെ അമ്മ
എന്റെ ഭാഗ്യം.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ