കോഴിക്കോട്ടെ കടപ്പുറക്കാഴ്ചകൾ ( മുനീർ അഹമദ്)
---------------------------------------------
ഓരോ വൈകുന്നേരങ്ങളിലും
കാലിടറിയ കടല്‍പാലം
കാഴ്ച്ചകാരനോട് പറയുന്നുണ്ട്
ഉപ്പു മണക്കുന്ന നൂറു കഥകള്‍
തുരുമ്പിച്ചു മുന പോയ ചൂണ്ട്യ്ക്കും
വള്ളിപൊട്ടിയ ചെരിപ്പിനും
ജീര്‍ണിച്ച കോഴിത്തൂവലുകള്‍ക്കും
അറിയാവുന്നവ
പാതിയായ പാലവും
പാതിയില്‍ നിലച്ച പ്രണയവും
ഓര്‍മപ്പെടുത്തുന്നത്
കുടിയിറക്കപ്പെട്ടരെ
നാട്ടില്‍ നിന്നായാലും
മനസ്സില്‍ നിന്നായാലും
പോകാന്‍ പറഞ്ഞാല്‍
പിന്നെ തിരിഞ്ഞു നോക്കരുത്
കരക്കടുക്കാനാകാത്ത പത്തേമാരിക്ക്
ചൊവ്വാദോഷം കല്‍പ്പിച്ചു
ഹസ്തരേഖയില്‍ നേര് തിരയുന്ന
കാക്കാലത്തിയുണ്ട് ചവോക്കു തണലില്‍
വെള്ളമില്ല്ലാത്ത നീന്തല്‍കുളം
പോയത്തമെന്നു സമ്മേളനപ്രമേയം
ചരിത്രം തന്നെ അപൂര്‍ണമെന്ന്
ജനം കപ്പലണ്ടി കൊറിച്ചു
കാലിയായ നെല്ലിക്ക ഭരണി
കാറ്റ് പോയ ബലൂണ്‍,
ഗാന്ധിജയന്തി
നിരാശയോടെ പട്ടം നൂല് പൊട്ടിച്ചു.
കന്യാമീനുകള്‍ തേടി പരന്ന പരുന്തുകള്‍
പാലത്തിനടിയിലേക്ക് കുതിച്ചെത്തി
നനഞ്ഞു കുതിര്‍ന്ന കാന്‍വാസില്‍
നീലക്കണ്ണുകളുള്ള സ്വര്‍ണമീന്‍
കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ട്
നീട്ടിയും കുറുക്കിയും ഏറെ വരച്ചിട്ടും
സെല്‍ഫ് പോര്‍ട്രൈറ്റ് മുഴുമിക്കാനാകാത്ത
രേഖാചിത്രകാരനെ തേടുകയാണ്
പകലിന്റെ ചോര കടലിലലിഞ്ഞപ്പോള്‍
വിളക്കുമരത്തിനും ബോധോദയം
ട്രാഫിക് ഐലന്റിലെ പോലീസുകാരനപ്പോള്‍
വീട്ടിലെത്താനുള്ള തിടുക്കത്തിലായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ