പിൻഗാമി
---------------
പാതി മറച്ച മുഖവുമായ്
പാതയൊരുക്കുകയാണോ
കണ്ണീരൊഴുകി കുതിർന്ന മൺച്ചാലുകൾ
ഉഴുതു മറിക്കുകയാണോ
പുതുജീവന്റെ പൊൻപരാഗം വിതക്കുവാൻ
സൗരയൂഥ പഥത്തിലലഞ്ഞു
തിരയുകയാണോ, പ്രവാചകരെ
തേടിയുഴറുകയാണോ
ഭൂമി,
ഊഷര ഭൂമി!
മാനവനോ, തൻ കല്പിത വൽമീകത്തിൻ
മാളമടച്ചും
രക്ഷാകവചം തീർത്തും തപസ്സിരുന്നു, യുഗങ്ങളോളം.
പിന്നൊരുനാൾ
മൺപുറ്റു പൊളിച്ചവൻ നടന്നലഞ്ഞൂ
പുനർജനിമന്ത്രം തേടീ!
മുഖപടം തീർത്ത രക്ഷകളാൽ
പുതു വിശ്വാസത്തിൽ
മദിച്ചും
നീല നഭസ്സിൽ പറന്നുയർന്നൊരു മാത്ര
സ്വർഗമതെന്നറിഞ്ഞൂ, പക്ഷെ അതിന്റെ ദൈർഘ്യം ക്ഷണ ഭംഗുരമന്നറിഞ്ഞീലാ!
ഞൊടിയിടകൊണ്ടു തകർന്നടിഞ്ഞൊരു
ചില്ലുമാളിക,യെന്റെ
മനോഹര സ്വപ്നസൗധം!
അന്നു തുടങ്ങിയ യാത്ര,
നിയോഗമോ മുക്തിയോ ചതുരാശ്രമം താണ്ടി
അന്ത്യം കുറിച്ച ജീവിതമോ? ഇപ്പോഴും
ഊർധ്വശ്വാസം വലിച്ചും
പൊരിവെയിലിൽ
ഭൂമിക്കൊപ്പം ഏന്തിയേന്തി
വലിഞ്ഞു നടക്കുന്നു
തളർന്ന കണ്ണും
ചടഞ്ഞ വയറും വിണ്ടുകീറിയ പാദങ്ങളുമായ്
വരണ്ടുണങ്ങിയ
മണ്ണിലൂടെ, എന്റെ നിഴലിനെയും ഒക്കത്തിരുത്തി ഒഴിഞ്ഞ മനസ്സുമായ്
ഭൂമിയുടെ നീരുവറ്റി-
ച്ചുളിഞ്ഞ മാറിൽ ചവിട്ടി
പേരറിയാത്തൊരു വ്യാധിയുമായ് ഞാൻ,
അഭിശപ്തൻ
ഇഴഞ്ഞു നീങ്ങുന്നു
പാതി തകർന്ന മുഖവുമായ് ഉഴറി
നീങ്ങുന്നു ഞാൻ, അപമാനിതൻ!
By
Ajay Narayanan
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ