പിയത്ത
മുറിയിലെ ചിത്രം കാറ്റിലാടുന്ന നേരം,
നിൻ മുഖചിത്രമെൻ കൺകളിൽ തെളിഞ്ഞിടുന്നു....!
മൂകമാം ഭാഷയിൽ അന്ത്യയാത്ര പറഞ്ഞപ്പോൾ,
നിൻ അന്തരംഗവീചിയിൽ വിഷാദമലരുകൾ പെയ്തിറങ്ങി.......!!
പരിഭവമേശാതെ തൻ ജീവനെ നൽകി
പാരിൻ പാപങ്ങൾ മോചിച്ചവൻ നീ!
'ഇവരോട് പൊറുക്കണെ'യെന്ന മന്ത്രമുരുവിട്ട്
വൈരിയെപ്പോലും തൻ മിത്രമാക്കി.....
കാരിരുമ്പിനാണികളാൽ മുറിവേറ്റ കൈകളിൽ
ചെന്നിണം വാർന്നൊഴുകുന്നുവല്ലോ?
വിലാപ്പുറത്ത് നിന്നും അവസാന തുള്ളിയുമുതിർന്നു വീണു,
പാരിൻ്റെ ജീവനെ തണുപ്പിച്ചുവല്ലോ.....!
അമ്മതൻ മടിയിൽ ചേതനയറ്റ ശരീരം കിടത്തിടുമ്പോൾ,
നാരിതൻ നെഞ്ചിലൂടെയൊരു മിന്നൽപ്പിണർ കത്തി....
ചിന്തകൾ പൂത്തല്ലോ നിൻ മനതാരിൽ
തനയൻതൻ ബാല്യം ഒളിമങ്ങി നിന്നു.....
അവളുടെ നെഞ്ചകം വിതുമ്പിയോയെന്നറിയില്ല?
അവളുടെ കണ്ഠം വരണ്ടെന്നറിയില്ല??
ജനനിയോ തൻ സുതനെ മാറോട് ചേർത്തണച്ചു,
ചുംബനമേകി പൂമേനി നിറയെ.......
ഗലീലിയയിലെ ലില്ലി പൂക്കൾ വാടി തളർന്നു
മൂന്നാം നാളവയെല്ലാം വെൺപ്രഭ തൂകി....
ചഞ്ചലമാനസയാകാതെ ഒരമ്മതൻ
നെഞ്ചകം ആറിതണുത്തല്ലോ മെല്ലെ...!!!
വികാരനിർഭരമാം നിമിഷങ്ങളേകി
നടന്നുനീങ്ങുന്നിതാ കുരിശിൻവഴിയോരങ്ങളിലൂടെ....
ചൂളമടിച്ചുയരുന്ന കാറ്റോ ശാന്തമായ്,
അലയാഴിയിൽ മുങ്ങുന്ന മനസ്സോ മൂകമായ്....
വെണ്ണക്കലിൽ കൊത്തിയെടുത്ത 'പിയത്ത' ശിൽപ്പമിതാ-
യെന്നോട് ചോദിക്കുന്നു: "നീ പീഡിപ്പിക്കുന്ന ക്രിസ്തുവല്ലേ ഞാനെന്ന്?"
#ജോസഫ് ജെന്നിംഗ്സ് എം.എം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ