"തുലാമഴയെ സ്നേഹിച്ചവൾ....."
..............................................
രചന:ജോസഫ് ജെന്നിംഗ്സ് എം.എം.
............................
മൂടുപടം മെല്ലെ ഞാൻ മാറ്റിയപ്പോൾ,
എൻ കണ്ണുകൾക്കെന്തോ പറയുവാനുണ്ട്.....
ചൊല്ലുവാനായ് വ്യഗ്രത പൂണ്ടൊരാ-
ക്ഷികൾ പൊഴിച്ചു മിഴിനീർപ്രവാഹം.
വിതുമ്പുന്ന ഹൃദയവും, വിറയാർന്ന കൈകളും
ആലിംഗനം ചെയ്തൊരീ പുണ്യരാവിൽ
തുളുമ്പുന്ന കണ്ണുനീർത്തുള്ളികൾ ചാലിച്ച
ജീവിതയാത്രയിൽ ഞാനേകയായി.
തുലാക്കൂരിരുൾ തിമിർക്കും മഴയിലാരുമറിഞ്ഞില്ല-
യെൻ കണ്ണുകൾ തോരാതെ പെയ്തുവെന്നും
മഴപെയ്ത് തീർന്നൊരാ മാനം വെളുത്തപ്പോൾ,
എൻ കണ്ണീർജാലകം വറ്റിവരണ്ടു.
കരിമഷി പടർന്നൊരാ കടമിഴിക്കോണുകളിൽ,
കണ്ടില്ലൊരിക്കലും പുത്തൻപ്രതീക്ഷകൾ
അഞ്ജനമെഴുതാൻ വീണ്ടും വിരൽത്തുമ്പിൽ
കുളിരുള്ള സ്പർശമായി തുലാമഴയെത്തി.
പൊഴിയുന്നോരോ മോഹങ്ങൾ കൊഴിയു-
മിലകൾപ്പോലെ വീഴുന്നൊരീ രാവിൽ,
ഏതോ ജാലകവാതിലിലൂടെയരിച്ചിറങ്ങുമാ കിരണങ്ങളാൽ
ചിറകുവിടർത്തുമെൻ നറുസ്വപ്നങ്ങൾ വീണ്ടും....
ജോസഫ് ജെന്നിംഗ്സ് എം.എം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ