രസം
വായനക്കാർ
2021, ഡിസം 21
രസം
ഓര്‍ക്കാനൊത്തിരി ഉരിയാടാനിത്തിരി
ഓര്‍ക്കാനൊത്തിരി
ഉരിയാടാനിത്തിരി
കവിത - കുറ്റീരി അസീസ്
----------------------------------
ഓര്‍ക്കാനൊത്തിരി
ഉരിയാടാനിത്തിരി
കേട്ടു നാം നല്കാര്യങ്ങള്‍
പഴമക്കാര്‍ പറഞ്ഞത്.
ഓര്‍മ്മയിലൊന്നൊന്നായി
തികട്ടി വരുന്നുണ്ട്.
പരുന്ത് പറക്കുന്നു
ഒത്തിരി ഉയരത്തില്‍
ഇരപിടിക്കാനായെന്നാലും
താഴെ ഭൂമിയില്‍ വന്നീടേണം.
എവിടെ വളര്‍ന്നാലും
ഫലങ്ങളോടയിത്തമില്ല
വാഴ നന്നായി വരുന്നത്
കുപ്പയില്‍ തന്നെയല്ലെ.
മുഖം നോക്കാന്‍ വാല്‍ക്കണ്ണാടി
പൊട്ടിയാലോ എറിയും ദൂരെ,
സ്നേഹവുമതുപോലെ
വെറുപ്പായാല്‍ മഹാ കഷ്ടം
പടികള്‍ എത്ര മേല്‍ക്കുമേല്‍ കേറിയാലും വീഴാനായി പടിയൊന്ന് മതിയെന്നോര്‍ക്കണം എപ്പോഴും നാം
കാക്കകള്‍ സ്വതന്ത്രര്‍ സൗന്ദര്യമില്ല, ആരും കൂട്ടിലടക്കില്ല
ബന്ധങ്ങള്‍ തന്നിഴകള്‍ക്ക് ബലം ഒട്ടും ഇല്ലെന്നിപ്പോള്‍ മഹാമാരി നമുക്കായി ഉറക്കെ പറയുന്നു.
ഇനിയും പലതുണ്ട്,
ഓര്‍ക്കാനൊത്തിരി
ഉരിയാടാനിത്തിരി
കേട്ടു നാം നല്കാര്യങ്ങള്‍
പഴമക്കാര്‍ പറഞ്ഞത്.
********
കനൽ
കനൽ.
വല്ലാതെ തളർന്നിട്ടും
കിടക്കാതിരിക്കാൻ
ശ്രദ്ധിച്ചു.
ക്ഷീണിച്ചിട്ടും
വളയാതിരിക്കാൻ ശ്രമിച്ചു.
ഉള്ളു നിറയുമ്പോൾ
ചിരിക്കാനും,
കനലൂതികത്തുമ്പോൾ
കണ്ണ് നിറയാതിരിക്കാനും
പാകപ്പെട്ടു.
ഉള്ളതിൽ ഉള്ളുറപ്പിച്ച്
ആശ്വസിക്കാൻ
അവൾ 'തന്നെ 'പഠിപ്പിച്ചു.
തെരുവിലും, പകലിലും,
സന്ധ്യയിലും നിറഞ്ഞ -
പ്രണയ പാനിയം കുടിച്ചവൻ
വരമ്പത്തു പ്രകാശം
തട്ടാതെ ഒറ്റയ്ക്കിരുത്തി.
മോഹങ്ങൾക്ക് മതിലുകളും,
ജീവിതത്തിന്റെ
ശൂന്യതയും കണ്ട്
തല മുകളിൽ തട്ടി
നിൽക്കുന്ന പടവിൽ നിന്നും
നിലതെറ്റി വീണു.
-ശ്രീജ -
അടിയന്തരം
അടിയന്തരം
കൽപടവിലും
കുരിശുമൂട്ടിലും
ഞാൻ ഒറ്റപെട്ടു..
മുഷിഞ്ഞു നാറുന്ന
ആദർശത്തിനുപിന്നിലെ
വിഴിപ്പുകൾ എനിക്ക് കുഴിച്ചുമൂടണം.
വിശപ്പിന്റെ വേദന
മാറ്റി സ്നേഹത്തോടെ...,
തീർത്താൽ തീരാത്ത
വേർതിരുവുകൾക്ക്
അടിയന്തിരം നടത്തണം.
-ശ്രീജ -
2021, ഡിസം 15
ഒരു സൈനികന്റെ മരണപത്രം
ഒരു സൈനികന്റെ മരണപത്രം
കവിത - കുറ്റീരി അസീസ്
(ഇംഗ്ലീഷ് കവിതയോട് കടപ്പാട്)
----------------------------------------
യുദ്ധക്കളത്തില്‍ ഞാന്‍ മൃത്യൂ വരിച്ചെന്നാല്‍ പെട്ടിയിലാക്കി എന്നെ വീട്ടിലെത്തിക്കുക.
പതക്കങ്ങളൊക്കെയും നെഞ്ചത്ത് വെക്കുക.
അവന്‍ പൊരുതി വീരചരമം വരിച്ചെന്ന് അമ്മയെ അറിയിക്കുക.
തല കുനിക്കരുതെന്നച്ഛനോട് പറയുക, ഇനി എന്നെ ഓര്‍ത്ത് വിഷമിക്കേണ്ടതില്ലല്ലോ.
പൊന്നനിയനോട് പഠിക്കാന്‍ പറയുക
ബൈക്കിന്റെ ചാവി ഇനി അവനുളളതാണല്ലോ.
കുഞ്ഞനിയത്തിയോട് ദു:ഖിക്കരുതെന്ന് പറയണം, ചേട്ടനീ അസ്തമയത്തില്‍ നന്നായൊന്നുറങ്ങട്ടെ.
നാടേ നീ കരയണ്ട
ഞാന്‍ പട്ടാളക്കാരന്‍
രാജ്യത്തെ രക്ഷിക്കാന്‍
മരിക്കാനായി ജനിച്ചവന്‍.
കുറ്റീരി അസീസ്
14.12.2021.
പാപമോക്ഷം
പാപമോക്ഷം
രചന : മാത്യു പണിക്കർ
അടിവച്ചടുക്കുന്നു എന്നെ വിധിപ്പവൻ.
ഇവിടെ ഞാനോളിച്ചതു പറഞ്ഞറിഞ്ഞാരോ.
ശൗര്യവും ശക്തിയും കണ്ണെത്താ കയങ്ങളിൽ
നിവൃത്തി കെട്ടങ്ങുപേക്ഷിച്ചു വന്നവൻ ഞാൻ.
ചോദ്യമേതും തൽക്ഷണം നേരിടാൻ ധൈര്യമായ്
ഘനമൗനം ഉടുപ്പണിഞ്ഞൊരുങ്ങിയിരിക്കവേ
അടികൊണ്ടു വീണാൽ താങ്ങാതിരിക്കുവാൻ
സാക്ഷിഹസ്തങ്ങ ളും ബലം പിടിച്ചവിടവിടെ
കുറത്തി സംഭ്രീതയായി പാട്ടു നിർത്തി പ്പോയ്, തങ്ങി
പാണനോ നന്തുടിക്കായൊരു പുതുപ്പാട്ടിനായി
അടിമുടി വിറകൊണ്ടെന്റെ രക്ഷാമൂർത്തികളും
തൊഴുകയ്യാൽ വിധിയതിനായി കാത്തുകാത്തിരിക്കെ
ഝടിതിയിൽ വന്നുവ തു ചെഞ്ചോര ചിരിയുമായി
അഖിലാണ്ഡം അറിയുന്ന നൃശംസഹാസമായി
സംഭ്രാന്തിയാൽ ദിക്കുകൾ പിൻവാങ്ങി ദൂരെ
മൗനവും, വിറച്ചുവിറച്ചെൻ മനസ്സാക്ഷിയും.
അതാ വരുന്നൊരു ചെറുകാറ്റൊരു വാളുമായി
വിധിപ്പവൻ കയ്യിലുമുണ്ട തിലേറെ മൂർച്ചയായി
ചോര ഉറപ്പിച്ച സകലരെയും വിസ്മയിപ്പിച്ചു
അവെരന്തോ പരസ്പരം പറഞ്ഞുറയ്ക്കുന്നു
പിന്നീടവരെങ്ങോ പറയാതെ പിരിഞ്ഞു പോയി.
കാറ്റിന്റെ വിയർപ്പുള്ള വാളുമുപേക്ഷിച്ചു.
സകലരും പിരിഞ്ഞപ്പോൾ ഞാനതെടുത്തതിൻ
ഓർമ്മയിലേക്ക് ഒരു തുള്ളി വെള്ളം തളിക്കവേ
മൂർച്ചയിൽ നിന്നും രക്ഷിച്ചെടുത്ത കഥയെൻ
പൂർവ ജന്മങ്ങളുടെ പാപങ്ങൾക്കു പോലുമാ
ഒരൊറ്റ കൃത്യത്താൽ പരിഹാരമായി പോൽ
പാണനുണ്ടായിരുന്നില്ലതു കേട്ട് ഗ്രഹിക്കുവാനും
തുയിലുണർത്തി നാടാകെ പ്രഘോഷിക്കാനും, പകരമാ
വൃക്ഷം കൊടുത്തുവിട്ടയൊരു പ്രാണവായുവെൻറെ
പ്രാണനെ സ്പർശിച്ചു ചേർന്ന്
നിലകൊണ്ടു.