കവിത: *പ്രളയപയോധിയിൽ*
രചന: ഉഷാമുരുകൻ
--------------------------------------------
മറക്കരുതേ.....നാമൊരുനാളുമൊരിക്കലും.......
പ്രകൃതിയെ..... മാറോടണയ് ക്കണം....നാം....
അനുഗ്രഹംചൊരിയുമാപ്രകൃതിയെനാമൊന്നാ -
യേല്പിച്ചുനിരന്തരംനൊമ്പരങ്ങൾ
വിഷംകുടിച്ചേറ്റമായ് നീലിച്ചപ്രകൃതിയി -
ന്നൂറ്റമായ് കൈക്കൊണ്ടുരൗദ്രഭാവം
സർവ്വംസഹയായഭൂമിയുമിന്നിപ്പോൾ
സഹനത്തിൻ നിലവിട്ടുപ്രതികരിച്ചൂ
സഹികെട്ടുസഹ്യനുംസാഹസത്തോടിന്നു
സംഹാരതാണ്ഡവമാടീടുന്നു
അതിവൃഷ്ടി പെരുമഴതാങ്ങുവാനാവാതെ
ഉരുൾപൊട്ടി മാമരംകടപുഴകി
മുങ്ങിമറയുന്നുമലയാളനാടാകെ
കണ്ണീരിനോർമ്മകൾബാക്കിയായി
ചൈതന്യമോടെന്നുമൊഴുകിയപുഴകളോ
മാലിന്യകൂമ്പാരംതിന്നുതീർത്തു
കടലുചുവന്നേറ്റമിളകിമറിയുന്നു
ഉഗ്രരൂപംപൂണ്ടലറിയടുക്കുന്നു
വെട്ടിനിരത്തിനാംകാടുംമരങ്ങളും
പിടിവിട്ടുമണ്ണടർന്നൂർന്നിറങ്ങി
പൊട്ടിപ്പിളർന്നെത്തിമാമലമേടുകൾ
പൊട്ടിക്കരയാനൊരിടനല്കാതെ
ഉറ്റവരെത്രയോവേർപെട്ടുപോകുന്നു
ഒറ്റനിമിഷാർദ്ധമാത്രയിലപ്പൊഴേ
മണ്ണിനായൂഴികുഴിച്ചുപലവുരു
മണ്ണിന്റെകണ്ണീരുംകണ്ടതില്ലാ
അരുതുനാംവികൃതിയീ പ്രകൃതിയോടിത്രയും
കരുതുക തകൃതിയോടേറ്റിടുമ്പോൾ
നിശ്ചയംനാംചെയ്യുമപരാധമൊരുനാളിൽ
നേർക്കുനേർവന്നെത്തുമോർമ്മവേണം
തകർന്നടിയുന്നിതാ അതിതീവ്രമാരിയിൽ
ജാതിമതങ്ങൾതൻമതിൽക്കെട്ടുകൾ
പരസ്പരംകൈകോർത്തുധൈര്യംപകരുന്നു
ഞാനെന്നഭാവവുംചോർന്നുപോയി
ഭിന്നതമറന്നുനാംസാന്ത്വനമേകുന്നു
തുല്യതകൈവന്നുപുഞ്ചിരിച്ചു
ദുരന്തമുഖങ്ങളിലെവിടെയുമെപ്പോഴും
നിരന്തരംനിലവിളിയുയർന്നുകേൾപ്പൂ
പരീക്ഷണങ്ങളുംനേരിട്ടുതളരുമ്പോൾ
പരിക്ഷീണഹസ്തങ്ങളുയർന്നുപൊങ്ങി
ഉയിരിനായ്കേഴുന്നു ഉടുതുണിമാത്രമായ്
ഉരഗങ്ങൾ,നക്രങ്ങളലയുന്നവെള്ളത്തിൽ
വിലകുറച്ചന്നുനാം കണ്ടവരൊക്കെയു -
മേറെ വരേണ്യരായ് തീർന്നിടുന്നു
മാനവമനമൊന്നുപരിപക്വമാക്കുവാൻ
പ്രകൃതിയൊരുക്കുന്നോവൻപ്രളയം
പ്രളയപയോധിയിൽമുങ്ങിയുയർന്നുനാം
പ്രകൃതിതൻ പാഠങ്ങളേറ്റുവാങ്ങി
മറക്കരുതേനാമൊരുനാളുമൊരിക്കലും
പ്രകൃതിയിലേക്കുമടങ്ങുക നാം...
--------------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ