പാഠം..
=======
രചന:ഡോ. പി.കെ. ഷാജി
=========
കുഞ്ഞേ,
പാഠപുസ്തകങ്ങളെല്ലാം
പ്രളയത്തിൽ
ഒലിച്ചുപോയെങ്കിലെന്ത്
തന്നില്ലേ പ്രകൃതി
താളുകൾക്കപ്പുറത്തുള്ള
ജീവിതപാഠം.
പഠിച്ചില്ലെ
ആദ്യ പാഠമിപ്പഴേ
'മനുഷ്യനാണീശ്വരനെന്ന്
സ്നേഹമാണ്
പ്രതിരോധമെന്ന് '
കണ്ടില്ലെ,
വഴിയടച്ചാൽ
ഒരിക്കൽ
പുര മൂടിയൊഴുകും
പുഴകളെന്ന്.,
എഴുതിവെക്കാമല്ലൊ
ഇരട്ടവരക്കോപ്പിയിൽ
ഇങ്ങനെ.,
"കുത്തനെ കൂടി നിൽക്കും
മണ്ണല്ല കുന്ന്
താഴ് വര തണുപ്പിക്കും
കുളിരാണ് കുന്ന്'"
അറിഞ്ഞില്ലെ
ഇപ്പഴേ
ഇഷ്ടമുള്ളതെല്ലാം
ഒരിക്കൽ
നഷ്ടമാവുമെന്ന്.
ഉപന്യസിക്കാമല്ലൊ
അയിരം വാക്കിൽ
കുറയാതെ
അതിജീവനത്തിന്റെ
വലിയ പാഠത്തെ കുറിച്ച്,
കടലോരത്തെ
സ്നേഹവലകളെ കുറിച്ച്,
പല ജാതി മനുഷ്യന്റെ
ഒരു ജാതി വിശപ്പിനെ പറ്റി,
മതമില്ലാത്ത
മരണപ്പിടച്ചിലിനെ പറ്റി
അങ്ങനെയെന്തെല്ലാം..
തകർന്ന
വിദ്യാലയത്തിലെ
തകരാത്തൊരു
മൂലയിരുന്ന്
അക്ഷരങ്ങൾ
പെറുക്കിയെടുത്ത്
അവസാന പാഠവും
എഴുതിച്ചേർക്കാം
ഇങ്ങനെ
''മഴ ചതിച്ചാലും
മലയിടിഞ്ഞാലും
മലപോലെ
നിവർന്നു നിൽക്കും
മലയാളമെന്നും '...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ