ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2017, സെപ്റ്റം 28

കുരുതി

കുരുതി
==========

പെണ്ണേ, 
നിന്നെ 
ഞങ്ങള്‍ 
കുരിശില്‍ തറക്കുന്നു. 

അസഹ്യമായ 
വേദന തോന്നുമ്പോള്‍ 
കരയരുത്. 

അക്ഷരങ്ങളും 
കാമറകളും 
നിന്റെ 
ജീവിതത്തെ 
ചുറ്റി വരിയുമ്പോള്‍ 
നീ പിടയരുത്. 

എത്ര 
നീതി നിഷേധം 
കണ്ടാലും 
മിണ്ടരുത്. 

യൂദാസുമാരെ 
ചൂണ്ടിക്കാണിക്കരുത്. 
ഗീബല്സ്മാരെ 
ചൂണ്ടി പ്രതികരിക്കരുത്. 

നീതിയും, 
അനീതിയും, 
ഏതെന്നു 
നിന്റെ 
മേല്‍വിലാസത്തില്‍ 
ഞങ്ങള്‍ 
എഴുതി പിടിപ്പിക്കും. 

മേല്‍വിലാസത്തില്‍ 
ജാതിയും, 
മതവും, 
നിര്‍ബന്ധം. 

നീ കുരിശില്‍ 
കിടന്നു 
പിടയുന്നത് ''
നല്ല 
കാഴ്ചയാണ് 

ഭൂതകാലം 
നിന്നെ 
ചോദ്യം ചെയ്യും. 

വര്‍ത്തമാനം 
നിന്നെ 
ശിക്ഷിക്കും. 

ഭാവി 
നിനക്കൊരു 
ചോദ്യചിഹ്നമാകും

ആക്രോശങ്ങള്‍ക്കിടയില്‍ 
നിന്റെ വിലാപങ്ങള്‍. 
കെട്ടടങ്ങും. 
കാരണം 
നീ വെറും പെണ്ണാണ്. 

നീ വീരപുത്രിയാകണം 
എങ്കില്‍ 
പിടഞ്ഞു തന്നെ 
മരിക്കണം.

ഞങ്ങളുടെ 
അഭിമാനം,
വികാരം, 
ആദര്‍ശം, 
എല്ലാം ഉടന്‍ ഉണരും 

ഉറവയായ് 
ഉണ്ടായാത് 
കടലായ് 
അലയടിക്കും. 


-ഫൈസല്‍ ബാവ 
Post Box 560, Abudhabi U A E
Mobile: 00971 52 5392923
Whats App  00971554316860

2017, സെപ്റ്റം 27

മകളേ പൊറുക്കുക

----മകളേ പൊറുക്കുക-----
----------------------------------------------------

ഇല്ല, ഞാനില്ല പൊന്നോമലേ നിൻമുഖം കാണുവാൻ
അത്രമേലുള്ളം വിതുമ്പയാണിപ്പോഴും
നിശ്ചല ദേഹമായ് വീടിന് വരാന്തയിൽ
മൗനമേ നിന്മുഖം കാണുവാനില്ല ഞാൻ

ഇന്ന് നീ പകലിൽ പകർന്നോരാ ചുംബനം
ഒടുവിലെ നിശ്വാസമായിരുന്നോ.?
ഇന്ന് നീ ചൊല്ലിപ്പിരിഞ്ഞൊരാ വാക്കുകൾ
അവസാന യാത്രയോടായിരുന്നോ.?

എന്നുമെൻ രാത്രികൾ നിന്നെ ഉറക്കുവാൻ
എത്രയോ കുഞ്ഞിളം കഥകൾ ഞാൻ ചൊല്ലവേ
മൃദുലമാം നിൻവിരൽ തഴുകുമെൻ നെഞ്ചകം
ചുടുചോര പൊടിയാതെ മുറിവേറ്റു പിടയായായ്..

ഇല്ല ഞാനില്ല പൊന്നോമലേ നിന്മുഖം കാണുവാൻ
മാത്രമേലുള്ളം വിതുമ്പയാണിപ്പോഴും

അഴകുള്ളൊരുടയാട കാണാതെ നിന്നുടൽ
പിഞ്ചുമാംസങ്ങളെ കൊത്തിപ്പറിച്ചവൻ
പിച്ചവച്ചുമ്മവച്ചോടി നടന്നൊരെൻ
കൊച്ചരിപ്പല്ലിന്റെ ചിരിമാഞ്ഞു മൂകമായ്

 സോദരാ, നിൻ കാമഭ്രാന്തിൻ സുഖത്തിനായ്
കാമമെന്നെഴുതാൻ പഠിക്കാത്തൊരോമലോ..?
ഊറിച്ചിരിക്കുന്ന പൊൻമുഖം കാണാതെ
എന്തിനീ കുഞ്ഞിനോടിത്രമേൽ പാതകം.?

നിന്റെ ബലിഷ്ഠമാം കാമഹസ്തങ്ങളിൽ
ഒരു കുഞ്ഞു പുഴുവായരഞ്ഞുതീർന്നെൻ മകൾ
പലതരം സ്വപ്‌നങ്ങൾ തേടിയിറങ്ങിയോൾ
ഒടുവിലൊരു ചിത്രമായ് തീരുവാൻ പോകയായ്..

കളിച്ചൊല്ലിയാണയുന്ന കിളികൾ പറന്നുപോയ്
ഇലകൾ കൊഴിച്ചു മരങ്ങൾ വിതുമ്പയായ്
കണ്ണുനീരുപ്പിൽ കുതിർന്നു കിടക്കയായ്
നോവിന്റെ പത്തുമാസങ്ങളെ പേറിയോൾ

ക്ഷമയെനിക്കേകൂ പൊന്നോമനേ
അച്ഛനോടിനി നീ പിണക്കമരുതേ
ഉള്ളിൽ തുളുമ്പുന്ന സ്നേഹമുണ്ടെങ്കിലും
അന്ധമാം ലോകം നിനക്കായ് ഒരുക്കി ഞാൻ
അമ്മയില്ലിവിടെ പെങ്ങളില്ലിവിടെ
കനിവിന്റെ പ്രായഭേദങ്ങളില്ല
പകലിൻ വെളിച്ചത്തിലിരുളിന്റെ മറയിലും
പതിയിരിക്കുന്നു കരങ്ങൾ നിശബ്ദമായ്
ക്ഷണനേരസുഖഭോഗമൊന്നു ശമിക്കുവാൻ
പെയ്ക്കൂത്തിലാടിടും നായ്ക്കിടാങ്ങൾ...

 ക്ഷമയെനിക്കേകൂ പിഞ്ചോമലേ
അച്ഛനോടിനി നീ പിണക്കമരുതേ
ഏറെ കരഞ്ഞു വിളിച്ചുവോ മകളേ
ഞാനറിഞ്ഞീല നിൻ നിലവിളികളേതുമേ

ഇനിയെനിക്കാവില്ല നിൻമുഖം കാണുവാൻ
ഇനി നീ വരില്ലെന്ന സത്യമുൾക്കൊള്ളുവാൻ…

ആൾക്കൂട്ടമേറെ നിരന്നു തുടങ്ങായായ്
ഉയരങ്ങൾ താണ്ടും വിലാപങ്ങൾ കേൾക്കയായ്
നിന്നെയും കാത്തിരിക്കുന്നൊരാ ചുടുകാട്ടിന-
ന്ധകാരങ്ങളെ തേടി നീ പോകയോ...

ഇരുളിന്റെ രാത്രികൾ പേടിയാവില്ലയോ
ഇനിയുള്ള രാത്രികൾ നീ തനിച്ചല്ലയോ
കൂട്ടിനില്ലച്ഛന്റെ കൈവിരൽ തുമ്പുകൾ
കാലം നമുക്കായ് വിധിച്ചോരാ വീഥിയിൽ

അമ്പിളി മാമനെ ഒപ്പം വിളിക്കുവാൻ,
സ്നേഹമോടൂട്ടുവാൻ അമ്മയില്ല
തട്ടാതെ മുട്ടാതെ നോക്കിനടക്കണം
ചെറുവിരൽ മുറിയാതെ നോക്കിടേണം

നിൻ കൊച്ചു ചെല്ലപിണക്കങ്ങളിൽ
നെഞ്ചോടു ചേർക്കുവാനില്ല ഞാനും
കൊഞ്ചിക്കളിച്ചു കുണുങ്ങുന്ന നിൻമുഖം
മായുകില്ലിനിയെന്റെ നാളിലീ ഭൂമിയിൽ


നിൻ കാൽപ്പരപ്പിന്റെ പാടുകളില്ലാതെ
നിന്നൊച്ചയില്ലാതുറങ്ങുമെൻ അങ്കണം
കൊച്ചു പൂച്ചകുഞ്ഞിനൊപ്പം കളിക്കുവാൻ
നിഷ്കളങ്കത്വമേ നിന്നോർമ മാത്രമായ്

കൊണ്ടുപോകൂ ഞാൻ നിനക്കായി വാങ്ങിയ
കൈകൾ കൊട്ടിപ്പാടുമീ പാവയും,
കൊണ്ടുപോകൂ ഞാൻ നിനക്കായി നെയ്തോരു
വർണങ്ങൾ നിറയുന്ന സ്വപ്നങ്ങളാകവേ..

ഇനി എനിക്കാവില്ല നിൻ ചിതക്കരികിൽ
നിൻമാംസം എരിയുന്ന കാഴ്ച്ച കണ്ടീടുവാൻ,
ഇനി നീ വരില്ലെന്ന സത്യം ഉൾക്കൊള്ളുവാൻ
അത്രമേലുള്ളം വിതുമ്പയാണോമലേ..

അവസാന ശയനത്തിനമ്മയും അച്ഛനും
മകളേ നിനക്കരികിൽ എത്തിടുമ്പോൾ
പരിഭവം ചൊല്ലാതെ ഊറിച്ചിരിച്ചു നീ
കരുതിയോരുമ്മകളൊക്കെയും നൽകണം......



                                                                           --അരുൺ ദാസ്
                                                                           +968 99819860


2017, സെപ്റ്റം 10

ഗാഗുൽത്തായുടെ നിലവിളി.

ഗാഗുൽത്തായുടെ നിലവിളി.
............................................................

ഉരുളൻ കല്ലുകൾ താഴ്വാരത്തിലേയ്ക്ക് നോക്കുന്നു,
ഗാഗുൽത്തായിലെ മുൾകിരീടം ചോരയിൽ വിയർത്തു,
മരകുരിശിന്റെ നിഴലുകൾ ഗാഗുൽത്തായെ കീറിമുറിച്ചു.
തിരുവിലാവ് നിണം ഒഴുകി പ്രാർത്ഥിച്ചു

കാലം മറവി;
പാറയിൽ നിന്നൊരു മഹാവൃഷം വളർന്നു
ശിരസ്സ് ചേദിക്കപ്പെട്ട പത്രോസ് വളമായി മാറി
ഗലീലിയോ തൻ പിറുപിറുക്കലുകലുച്ചത്തിൽ- 
ലോകമറിഞ്ഞു.

വസന്തത്തിന്റെ ഇലപൊഴിക്കലിൽ 
തണലില്ലതായി മാറി 
ചൂതാട്ടത്തിനാൽതറയായി,
പുരോഹിത പ്രഭുക്കൾ യൂദാസായി,
ഇന്നിതാ അസ്ഥിതത്തിന്റെ അസ്ഥികൂടം 
ശവക്കുഴി മാന്തുന്നു.

-എബിൻ മാത്യു

പഥികന്‍റെ രോദനം

പഥികന്‍റെ രോദനം
****************************
ഇന്നുസന്ധ്യയ്ക്ക് പണ്ടന്നൊരിയ്ക്കലും 
കണ്ടിടാത്തപോലെന്തിത്ര കാന്തിയെ-
ന്നിണ്ടലൂറുന്നതെന്തിന്നു മാനസം,
കണ്ടുതീര്‍ന്നില്ല കൗതുകം നിന്നിലോ?

മഞ്ഞിലൂഞ്ഞാലതീര്‍ത്തു പൊല്‍ച്ചന്ദ്രിക,-
ക്കുഞ്ഞുമേഘങ്ങളോടുചേര്‍ന്നുല്ലസി-
യ്ക്കുന്നുതാരകപ്പൊന്‍പയോധിയ്ക്കുമൊ-
ത്തെന്തൊരാകാശ വിസ്മയത്തോരണം!

ചാമരംതീര്‍ത്തുമാരുതന്‍ താളമി-
ട്ടോതിമോദം ചലിപ്പിച്ച ശാഖികള്‍,
സാഗരം-ശാന്ത-തീരത്തെയെത്ര സാ- 
കൂത,ഗാഢം പുണര്‍ന്നുനില്‍ക്കുന്നിതോ!

കണ്ടുകോള്‍മയിര്‍ക്കൊള്ളുമ്പൊഴെന്തിനെ-
ന്നുള്ളിനാധി,ധൂമക്കൊടുങ്കാറ്റുയിര്‍-
കൊണ്ടു പൊള്ളുന്നു,"നേരമാ"യെന്നതുള്‍-
ക്കൊള്ളുവാനോതിടുന്നതോയിവ്വിധം!

എന്നെയന്നിങ്ങു കൊണ്ടുവന്നാക്കിയോ-
രില്ല വന്നില്ലതെല്ലുദൂരം തനി-
ച്ചാക്കിയെങ്ങോ മറഞ്ഞതില്‍പ്പിന്നെയീ-
ക്കാഞ്ഞമണ്ണിന്നു കണ്ണീരുതേവി ഞാന്‍.

എങ്ങുമെത്താത്ത പാതയോരത്തുതെ-
ല്ലൊന്നു സ്തബ്ധനായ് നിന്നതോര്‍ക്കുന്നുഞാന്‍,
പിന്നെയെല്ലാ,മൊരുക്കമില്ലാത്തമുള്‍-
ക്കര്‍മ്മകാണ്ഡം ചവിട്ടിക്കിതച്ചു ഞാന്‍.

തന്നതീശന്‍ തനിച്ചുള്ളതീരമെ-
ന്നന്നുകാത്തൂ ശിരോലിഖിതങ്ങളായ്,
കുന്നുകേറിത്തുടങ്ങിയിട്ടെത്രനാ-
'ളിന്നു തീര്‍ത്തുറങ്ങേണമെ'ന്നുള്ളതാം!

നാളെയുണ്ടാമിതില്‍പ്പരംശോഭ,കാ-
ണാതിരിയ്ക്കാം,മതുംനിന്‍റെ നിശ്ചയ-
മെന്നതൊന്നും മറന്നല്ല,യെങ്കിലു-
മിന്നുമാശിച്ചു പോകുന്നുനാളെയെ!

കാലമെന്തോകുറിച്ചിട്ട ജീവിത-
ത്താളിനന്നം കൊറി്യ്ക്കുമെന്‍ 'നാള്‍'ച്ചിതല്‍
ചാലുകീറിപ്പരക്കുമെന്‍നെഞ്ചിലെ-
ത്താളമൂറ്റിക്കുടിച്ചു തീര്‍ന്നില്ലയോ!

ഇന്ന്സന്ധ്യയ്ക്കു പണ്ടന്നൊരിയ്ക്കലും
കണ്ടിടാത്തപോലെന്തിത്ര ഭംഗിയെ-
ന്നല്ലലേറുന്നതിന്നുണ്ട് കാരണ-
മില്ലനാളെ,യിവള്‍ക്കെനിയ്ക്കായ് വരാന്‍!

എന്നെയാരോപറിച്ചെടുക്കുന്നിതോ!
കണ്ടുതീരാത്ത കാഴ്ചകള്‍ക്കിപ്പുറം!
ഇമ്പമോടേ തുടിയ്ക്കുന്നൊരുണ്ണിയേ-
യമ്മയില്‍നിന്നടര്‍ത്തീടിലെന്നപോല്‍!

തെല്ലുനില്‍ക്കൂ! കറുപ്പിന്‍റെകമ്പള-
ത്താലെയെന്നെ,യെന്‍ കുന്നുരുക്കങ്ങളെ-
യിന്നുമൂടിപ്പുതപ്പിച്ചിടാതെഞാ-
നൊന്നുറങ്ങാതിരുന്നോട്ടെ രാവിതില്‍...

കുന്നിറങ്ങിക്കടന്നുചെല്ലേണമാ-
ക്കൊന്നപൂക്കുന്ന താഴ്വരക്കാട്ടിലെന്‍
അമ്മയോടൊന്നു യാത്രചൊല്ലീടണം,
പിന്നെയെന്നെയടര്‍ത്തെടുത്തീടുക...

കണ്ണുനീരില്‍ക്കുഴഞ്ഞുവീഴും മണല്‍-
ക്കുന്നുമൂടുമെന്‍ ദേഹമെന്നാകിലും,
വിണ്ണിലാര്‍ന്നൊന്നുദിച്ചീടിലെങ്കിലെ,-
ന്നെന്തിനെന്നില്ല,യാശിച്ചിടുന്നു ഞാന്‍!

ഇന്നുസന്ധ്യയ്ക്കു മുന്‍പെന്നൊരിക്കലും
കണ്ടിടാത്തത്ര ചന്തമുണ്ടീവിധം!!!

ശോണവര്‍ണ്ണത്തിരശ്ശീല,യംബര-
മാഴിയില്‍വീഴ്ത്തി അന്ത്യരംഗംകഴി-
ഞ്ഞൂഴിയില്‍ ഒടുങ്ങുന്നതാംജീവിത-
മാണ്! നാടകം! സായന്തനം!ശുഭം!
________==============_______

കെ.എം.ദാസ്‌ ഇരിട്ടി

Gibin Mathew Chemmannar | Create Your Badge