ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2017, ഓഗ 16

വിലങ്ങിട്ട യാത്രികർ

വിലങ്ങിട്ട യാത്രികർ
============================

കണ്ണുണ്ട് കാണുവാൻ 
കാണണില്ല, 
കാതുണ്ട് കേൾക്കുവാൻ 
കേൾക്കണില്ല, 
നാവുണ്ട് ചൊല്ലുവാൻ  
ചൊല്ലണില്ലാ,
തുകലിലാടും വെറും പാവ ജന്മങ്ങളോ..?

ആരോ പകർന്നതാം ജാതി മത ചിഹ്നങ്ങൾ, 
ആരോ രചിച്ചതാം ആചാരകർമ്മങ്ങൾ, 
ആരോ തെളിച്ചൊരാ വഴികൾക്കു പിന്നാലെ, 
അനുദിനം സഹഗമിക്കുന്നോരു യാത്രികർ
ചങ്ങലകളില്ലാതെ ബന്ധനം തീർക്കുന്ന 
ഒരു ദീർഘ യാത്രയാണീ ജീവിതം......

സ്വാതന്ത്ര്യമുണ്ടെന്ന് ചൊല്ലിയാരോ 
സ്വാതന്ത്ര്യമെന്തെന്ന് തേടി ഞാനും  

ഓർമപ്പെടുത്തലായാണ്ടു തോറും 
കൊടി- തോരണമുയരുന്ന സ്വാതന്ത്ര്യമോ.?
പഞ്ചവർഷങ്ങളിൽ അധികാരമേകുവാൻ 
സാക്ഷ്യപ്പെടുത്താലോ നിന്റെ സ്വാതന്ത്ര്യം.?
മുന്നിൽ തെളിച്ചും, പിന്നിൽ തളച്ചും 
ബന്ധനം നിറയുന്ന സ്വാതന്ത്ര്യമോ..?

പ്രണയിക്കുമാത്മാവിനകലങ്ങളേകുന്ന 
പലദൈവ വിശ്വാസ മത ബന്ധനം,
ഉണ്ണാ-നുടുക്കാൻ വിലങ്ങുകളേകുന്ന
കപടമത- വാദിത്വ ബന്ധനങ്ങൾ,
അധികാര ശബ്ദങ്ങളലറുന്ന വീഥിയിൽ 
മൗനം വിധേയത്വ ബന്ധനങ്ങൾ
തെരുവുകൾ ഗർജ്ജനമുയർത്തുന്ന നരഭോജി 
മുന്നിൽ വിറയ്ക്കുന്ന ഭയ ബന്ധനം….

വഴിവക്കിലൊന്നിച്ചിരിക്കാൻ ഭയം, 
ഏകരായ് വഴിതേടിയലയാൻ ഭയം, 
ഏതോ ഇരുട്ടിന്റെ ദത്തുപുത്രന്മാർ 
കാലന്റെ കോലുമായ് പാഞ്ഞടുത്തീടയായ്
ഭരണകൂടങ്ങൾക്കു ചോദ്യശരമേകുവോർ   
വെടിയുണ്ട മുന്നിൽ പിടഞ്ഞുവീഴുമ്പോഴും  
സ്വാതന്ത്ര്യമുണ്ടെന്നു ചൊല്ലുവോരാണ് നാം 
സ്വാതന്ത്ര്യമെന്തെന്നു തേടുവോർ, അലയുവോർ......

ബന്ധനമില്ലാത്ത സ്വാതന്ത്ര്യമുണ്ടോ.?
സ്വാതന്ത്ര്യമറിയുന്ന മർത്യരുണ്ടോ..?........
ആണ്ടു പതിറ്റാണ്ടിതേറെ പോയി, 
രാജ ശബ്ദങ്ങൾ കടന്നു പോയി, 
അധിനിവേശങ്ങളെ തല്ലിത്തകർത്തോർ 
നേരിന്റെ മാർഗ്ഗം തെളിച്ചു പോയി....

എവിടെയാ നേരിന്റെ കുഞ്ഞു ദീപ്തം ? 
എവിടെയാ നേരിന്റെ പാതയോരം ?
ചോരയിൽ സ്വപ്നമൊഴുക്കിക്കളഞ്ഞോർ 
എവിടെയോ ഇനിയും കരഞ്ഞിരിപ്പൂ…..

തെരുവിന്റെ, കാടിന്റെ, കടലിന്റെ മക്കൾ, 
ഇരുളിന്റെ പകലിന്റെ നിറമുള്ള മക്കൾ 
ബന്ധിച്ചു മർത്യൻ മനസ്സും ശരീരവും 
ശിലബന്ധമില്ലാത്തൊരായിരം മതിലുകൾ...

എവിടെ നിൻ കണ്ണിൻ പ്രകാശ ഗോളം..? 
എവിടെ നിൻ കാതിന്റെ കേൾവി രന്ധ്രം..? 
എവിടെ നിൻ നാവിന്റെ നീതി ശബ്ദം ..?
ആരു കവർന്നു നിൻ മനന ബോധങ്ങളെ..?

കൊള്ളയും കൊലയും അരങ്ങുവാഴുമ്പോൾ, 
കാവൽ ഭടന്മാർ നിശ്ശബ്ദരാകുമ്പോൾ,
പെണ്ണു വിവസ്ത്രയായ് തെരുവിലലയുമ്പോൾ,
നിയമങ്ങളെവിടെയോ മാറിമറയുമ്പോൾ,
സംഘടിച്ചുയരുവാൻ എന്തേ മടിക്കയായ് 
ഇനിയുമൊരു സ്വാതന്ത്ര്യ ശബ്ദമുയരേണ്ടയോ..???
ബന്ധനമില്ലാതെ പാറിപ്പറക്കുവാൻ 
ഇനിയുമൊരു സ്വാതന്ത്ര്യ ശബ്ദമുയരേണ്ടയോ..? 

ആരാണ് ഭൂമിതൻ ഉടയവൻമാർ,
ആരാണ് ഭൂമിതൻ അവകാശികൾ, 
മണ്ണിനു കോടികൾ വിലയിടുന്നോർ 
നഗ്നരായ് മണ്ണിൽ ജനിച്ചവരല്ലയോ..??
പെറ്റമ്മയെ തുണ്ടു തുണ്ടായി വിൽക്കുവാൻ 
ആരു പകർന്നു കൊടുത്തു കരുത്തുകൾ.?

കല്ലിനും മണ്ണിനും ഉടയവന്മാർ 
പൊന്തുന്ന വെള്ളത്തിനവകാശികൾ  
താനേ കിളിർക്കുന്ന പൂക്കളും കായ്കളും 
തന്റെതെന്നവകാശവാദം തൊടുക്കുവോർ 
   
കടലിന്നുമുടയവർ, കാടിന്നുമുടയവർ
താളത്തിലൊഴുകുന്ന പുഴകൾക്കുമുടയവർ 
ആരോ ജനിപ്പിച്ച ജീവ ജാലങ്ങളെ-
യൊക്കെയും തന്റേതായ് കീഴ്പ്പെടുത്തുന്നവർ

ഹുങ്കിലൂടുയരുന്ന ഞാനെന്ന ശബ്ദം 
എവിടെയോ ചാടിക്കടക്കുന്ന ഭാവം 
വിഭജിച്ചു ബന്ധിച്ചു ഭൂമിയും സർവ്വവും 
എല്ലാമെനിക്കെന്ന മൂഢഭാവങ്ങളും…

ഇനിയെനിക്കീ ഭൂവിലെങ്ങും നടക്കണം 
ഇനിയെന്റെ വഴികളിൽ സ്വാതന്ത്ര്യമറിയണം 
ഈ ഭൂവിലെവിടെയും പാർക്കുവാനിന്നെനി-
ക്കധികാരമുണ്ടെന്നുറച്ചു ചൊല്ലീടണം

രാവും പുലർച്ചെയും ഭയമേതുമില്ലാതെ 
തെരുവിലൂടെന്നും നടന്നു പോയീടണം...
കല്ലിലും, മണ്ണിലും, പൂവിലും, പുഴയിലും 
ബന്ധനമില്ലാത്ത സ്വാതന്ത്ര്യമറിയണം…….

അന്ധകാരത്തിന്റെ ആചാരകർമ്മങ്ങൾ 
വേരോടെ പിഴുതു നിലത്തടിച്ചീടണം……
ലിഖിതമല്ലാത്തൊരാ കപട ബോധങ്ങളെ 
തച്ചു തകർത്തു മുനമ്പു മുറിക്കണം………

സർവ്വം അടക്കി വാഴുന്നോർക്കു ചുറ്റിലും
ആളുന്ന തീയായ് പടർന്നു ചുവക്കണം….
സർവ്വ പ്രപഞ്ചത്തിനവകാശമില്ലാത്ത  
വാടകക്കാരാണ് നാമെന്ന് ചൊല്ലണം……

ബന്ധനമില്ലാതെ പാറിപ്പറക്കുവാൻ 
ഇനിയുമൊരു സ്വാതന്ത്ര്യ ശബ്ദമുയരേണ്ടയോ..? 
എന്തേ മയക്കം നടിക്കയോ നിങ്ങൾ  
സംഘടിച്ചുയരുവാൻ ഇനിയും മടിക്കയോ

ഞാനുണ്ട് കൂടെ, ഉറക്കെ പറഞ്ഞിടൂ,
'നാം' എന്ന സംഘടിത ശക്തിയായ് തീർന്നിടാം 
ആളും കൊടുംകാറ്റിലുലയാത്ത ശക്തിയായ് 
ഇനി നമുക്കൊരുമിച്ചു കൈകളെ കോർത്തിടാം

കണ്ണുണ്ട് കാണുവാൻ 
കാണണം നീ,
കാതുണ്ട് കേൾക്കുവാൻ 
കേൾക്കണം നീ,
നാവുണ്ട് ചൊല്ലുവാൻ  
ചൊല്ലണം നീ,
മൂഢരല്ലെന്നു തിരിച്ചറിഞ്ഞീടണം….



-അരുൺ ദാസ് 
Muscat, Oman 
Call : 00968 71126265
whatsapp: 00968 99819860



4 അഭിപ്രായങ്ങൾ:

  1. അടിപൊളി. സമകാലികം. ഞാൻ ശരിക്കും ഒന്നു ചൊല്ലി നോക്കി. വിപ്ലവം താങ്കളിൽ നിന്നും പുറത്ത് വരട്ടേ... ബ്ലോഗ്ഗിൽ ഒതുക്കരുത്....
    ശഫീഖ് ദുബൈ

    മറുപടിഇല്ലാതാക്കൂ
  2. നല്ല കവിത.ചില വരികൾ മുഖപുസ്തകത്തിലെ ഒരു ആവശ്യത്തിനായി ചില വരികൾ അനുവാദം കൂടാതെ പകർത്തിയിട്ടുണ്ട്.ക്ഷമിക്കുക.

    മറുപടിഇല്ലാതാക്കൂ

Gibin Mathew Chemmannar | Create Your Badge