ചിതറിയ ചിന്തകൾ
===========================
അവൾ കറിക്ക് നുറുക്കുന്നു
അവളുടെ ചിന്തകൾ
പലയിടങ്ങളിൽ...
മെഴുക്ക് പുരളാത്ത തലമുടിയും
കൈകൾ തുടച്ചു തുടച്ചു,
മുഷിഞ്ഞ ചേലാഞ്ചലവും
കെടാറായ നാളം പോൽ_
നേത്രങ്ങളും...
അവളുടെ സ്വത്വം
പലയിടങ്ങളിൽ...
കുഞ്ഞുമോൻ കുളിച്ചെത്തിയോ..
വസ്ത്രം ധരിപ്പിക്കാറായോ
പൊന്നുമോൾ കഴിച്ചെഴുന്നേറ്റോ
ഭക്ഷണപ്പൊതികൾ എടുത്തോ
സ്കൂളിൽ പോകാറായോ
........
അവളുടെ കൈകൾ യന്ത്രംപോലെ..
മുടി ചീകിക്കൊടുക്കുന്നു
ഉടുപ്പിടുവിക്കുന്നു
ഓടുന്നു
ചോറു പാകമായോ?
കുഞ്ഞുങ്ങളുടെ അച്ഛനെവിടെ?
ഇസ്തിരി മായാത്ത വസ്ത്രമെടുത്ത് കൊടുത്തിടട്ടെ...
അവളുടെ ചിന്തകൾ ചിതറിക്കിടക്കുന്നു
വാട്സാപ്പിൽ ഗ്രൂപ്പിൽ
സുഹൃത്തുക്കളെത്തിയോ
ഗൂഡ്മോർണിങ് കണ്ടില്ലെങ്കിൽ
പരിഭവിക്കുമോ?
കണ്ടാൽ മുഖം തിരിക്കുന്നവരുടെ ഫോട്ടോകൾ നോക്കി വൗ, ഇഷ്ടം,സൂപ്പർ
എന്നൊക്കെ പറയണ്ടേ?
ഫേസ്ബുക്കിൽ കിട്ടുന്ന ലൈക്കുകൾ കൂട്ടാനെന്ത് വഴി?
ഇനി എപ്പോഴാണ്
ഇതൊക്കെ ഒന്ന് നോക്കുക
അവളുടെ ചിന്തകൾ
പലയിടങ്ങളിൽ
കുരുങ്ങിക്കിടക്കുന്നു.
പാത്രവായനക്കിനി നേരമില്ല
ഓഫീസിൽ
മേശപ്പുറത്തു കിടക്കും ഫയലുകളിൽ.
തൊട്ടപ്പുറത്തിരുന്നു കുശുമ്പു പറയും
പെൺകൂട്ടായ്മയിൽ..
ചുവരിലെ ഘടികാരത്തിലെ
സൂചികളിൽ..
കുട്ടികൾ വീട്ടിലെത്താറായോ
വിശക്കുന്നുണ്ടാവുമോ
അപ്പോഴേക്ക് വീട്ടിലെത്താനാവുമോ..
ഘടികാരസൂചികൾ പോലെ
തിരിഞ്ഞുകൊണ്ടേയിരിക്കുന്നു
ഒരേ വേഗത്തിൽ ഒരേ താളത്തിൽ
വിശ്രമമേതുമില്ലാതെ.
- ബിന്ദു ഭരതൻ