ഇത്
ഇതെന്റെ ശിലാചിത്രം ഇതെന്റെ ഗുഹാലേഖം
നിനക്കായ്ച്ചിത്രപ്പെട്ടതീ ഗൂഢമൃതഭാഷ...
ഇതെന്റെ കൊടി,
മരം,
നക്ഷത്രം,
മൃഗം,
കിളി,
വാഹനം,
കുലമുദ്ര,
അക്ഷരം,
മന്ത്രാക്ഷരം...
ഇതു ഞാനെത്തിപ്പെട്ട കല്പാന്തം, കാലത്തുണ്ട്,
ഇതു ഞാൻ നഷ്ടപ്പെട്ട ജീവിതം, ജന്മച്ചീന്ത്,
ഇതു ഞാൻ ജയിക്കാത്ത ചൂതുകൾ, ചാവേറ്റങ്ങൾ,
ഇതു ഞാൻ ജീവിച്ചതാം കണ്ണുനീർ, കലാപങ്ങൾ,
ഇതെന്നിൽ പ്രാണപ്പെട്ട വീറുകൾ, വിഷാദങ്ങൾ,
ഇതെന്നിൽ വർണ്ണപ്പെട്ട പൂതികൾ, പിരാന്തുകൾ,
ജനിച്ച ഗ്രാമം,
തിനിച്ചലഞ്ഞ നഗരങ്ങൾ,
പനിച്ചു നടന്നതാം വഴികൾ,
വഴിയറ്റം...
ഇതെന്റെ ചിതാശേഷം,
ഇതെന്റെ കഥാശിഷ്ടം...
വന്നു നീ കൈയേറ്റാലും ഇന്നേയ്ക്കും എന്നെന്നേയ്ക്കും.
-എൻ. പി. ചന്ദ്രശേഖരൻ