മാ നിഷാദ:
**********
ലോകമേ കൺതുറന്നു കാണുകീ ക്രൂരതകൾ
മാനവനന്മ മൃതി പുല്കിയ ഹീനദൃശ്യം
എൻ ചെറുകൂടൊന്നിതാ തകർന്നു കിടക്കുന്നു
എന്റെയീ മക്കൾക്കൊപ്പം; എന്റെ ചേതനയ്ക്കൊപ്പം
നെഞ്ചിലെ ചൂടുനൽകി വിരിയിച്ചൊരെൻ മക്കൾ ;
പിടയുന്നെൻ മുന്നിലായ് , തകരുന്നെൻ ചിത്തവും...
എന്തിനു ലോകമേ നീ ചെയ്യുന്നീ ക്രൂരതകൾ ?
നിൻ കരം കൊണ്ടെന്തിനു കൊല്ലുന്നു നീ ഞങ്ങളെ... ?!
വേനലിൽ തണലേകി നിന്നയീ മരങ്ങളേ
മുച്ചൂടും മുടിക്കുമ്പോൾ എന്തുനേടുന്നൂ നിങ്ങൾ ?
ചില്ലയിൽ കൂട്ടിന്നുള്ളിൽ പിഞ്ചുകാൽ പതിഞ്ഞപ്പോൾ
നെഞ്ചിലെ പാലാഴിയിൽ സ്വപ്നങ്ങൾ നുരയിട്ടു
ഇന്നിതായിപ്പാതതന്നോരത്തായ് തലതല്ലും
എൻ തേങ്ങൽ കേൾക്കാനിന്നിങ്ങാരുമില്ലറിയുന്നു
കണ്ണിമചിമ്മീടാതെ, വെയിലും മഞ്ഞുമേറ്റു
ഇരുളിൽ തളരാതെ ഞാൻ കാത്ത പൊന്നുമക്കൾ
വഴിയിൽ പിടയുന്നു; മൃതിയേയകലുക
ഇപ്പഴും ചുരത്തുന്നെൻ മാറിടം സ്നേഹാമൃതം....
കണ്ണിന്റെ കാഴ്ച്ചയിന്നു മരിച്ചോ മനുഷ്യനിൽ
നെഞ്ചിലെ സ്നേഹപ്പുഴ വറ്റിയോ ചൊല്ലുക നീ
ഈ വഴിയോരം ഞാനെൻ ജീവനെവെടിയട്ടെ
പോകട്ടെ ഭൂമിവിട്ടെൻ കുഞ്ഞുങ്ങൾ പോകും മുമ്പെ....
മാനുഷാ നിൻകൈമഴുപ്പാടുകൾ വീഴാത്തതായ്
വാരുറ്റ വൃക്ഷരാജി ശേഷിപ്പതുണ്ടോ മണ്ണിൽ...
തെല്ലൊരു വിചിന്തനമൊന്നുമേയില്ലാതല്ലേ
താനിരിപ്പതാം കൊമ്പും വെട്ടിവീഴ്ത്തുന്നു സദാ.....!
അല്ലലറിയാതെ നീ,യിന്നുനെടുന്നതൊന്നും
നിനക്കും നിൻപൊന്മക്കൾക്കൊന്നുമേയുതകില്ല.... !
വെട്ടുകീ മരങ്ങളും നാടാകെ മുടിയട്ടെ
ക്രൂരത തുളുമ്പും നിൻ മാനസം നിറയട്ടെ...!
ഇന്നുനീയുരിഞ്ഞിടും മണ്ണിന്നുടയാടകൾ
നാളെയായ് നിനക്കേകും തീച്ചൂടിൻ മേലാപ്പുകൾ... !
അന്നേയ്ക്കും വൈകിപ്പോയെന്നറിയും നിന്നെയോർത്തു പരിതപിക്കാൻ പോലും ഞങ്ങളും കാണില്ലല്ലോ...!
“വഴിയിൽ പിടയുന്നു, മൃതിയേയകലുക
പഴിചാർത്തുന്നു വിങ്ങുമീ മാതൃമനോഗതം.”
“അന്നു നീയോർത്തീടുമെൻ മക്കൾതൻ പിടച്ചിലും
അമ്മതൻ ശാപത്തിന്റെ തീക്ഷ്ണമാം ഫലങ്ങളും ."