ട്രാൻസ് ജൻഡർ
================
നീയെന്റെ പെണ്ണ് നീയെന്റെ പൊന്ന്
നീയെന്റെ ജീവന്റെ ജീവനാണ്
നീയെന്റെ മുത്ത് നീയെന്റെ സ്വത്ത്
നീയെന്റെ പ്രാണന്റെ പ്രാണനാണ്
വാക്കുകളാലേ തീർത്തൊരാ സൗധ
ത്തിനുള്ളിലായ് പ്രാണൻ നിലച്ചീടവേ
വീധ്രത്തിനായി തുടിക്കുമെൻ ഹൃത്തി
ലായ് സാന്ത്വനസ്പർശമായി മാറിടുമോ
പെറ്റവയറിന്റെ കുറ്റമല്ല പോറ്റിയൊരച്ഛന്റെ
തെറ്റുമല്ല കൂടപിറപ്പിന്റെ പാപമല്ല
രക്തബന്ധങ്ങൾ തൻ ശാപമല്ല
മണ്ണിൽ പിറക്കുന്ന മനുജന് മുമ്പായി
ജാതകമെഴുതിയ വിശ്വവ്യാപി
പെണ്ണിന്റെ മനമായി മണ്ണിലൊരാണായി
സൃഷ്ടിച്ചെടുത്തതും അഖിലവ്യാപി
ബാല്യകാലത്തിലെ ഓർമകൾക്കിപ്പോഴും
മാരിവില്ലിന്റെ നിറങ്ങളാണ്
കൗമാരത്തിലെ കാമനകൾക്കെല്ലാം
കാർമുകിലിന്റെ നിറമാണ്
കണ്ണിലഞ്ജനവും ചുണ്ടത്ത് ചായവും
വട്ടത്തിലൊരു പൊട്ടും നെറ്റിയിൽ തൊട്ടപ്പോൾ
ഇവനെന്താ പെണ്ണാണോയെന്നൊരു ചോദ്യം
ആദ്യമായ് ചോദിച്ചതാരാണ്
പിന്നെയും കേട്ടു ഒന്നല്ലരൊയിരം വട്ടം
യിവനെന്താ പെണ്ണാണോയെന്ന ചോദ്യം
മുടി വളർത്തിയതും നഖം വളർത്തിയതും
നഖത്തിൻമേൽ ചായം പുരട്ടിയതും
ചുരിദാർ ധരിച്ചതും സാരിയുടുത്തതും
എന്നിലെയെന്നെ ഉണർത്തുവാനാ
മുടിയില്ല നീട്ടിയ നഖമില്ല കണ്ണിൽ
കരിയില്ല ചായങ്ങളൊന്നുമില്ല
എങ്കിലും മുന്നിൽ കാണുന്നൊരെൻ രൂപ
മെന്നിലെ സ്ത്രീയെ ഞാൻ ആസ്വദിക്കും
മനസും ശരീരവുമൊന്നായി മാറുവാൻ
വ്യസനങ്ങളേറേ അനുഭവിച്ചു
ഇന്നു നീ കാണുന്ന എന്നിലെ രൂപം
ഒരു ദിനം പൊട്ടി മുളച്ചതല്ല
ഒറ്റയ്ക്കിരുന്നു വിതുമ്പിയൊരെന്നെ
ചേർത്തണച്ചു നീ മൊഴിഞ്ഞതെന്തേ
ഓർക്കുന്നവോ നീയന്നു പറഞ്ഞ
മധുരകരമായൊരാ വാക്കുകളെ
എന്നിലെ പെണ്ണിനെ പെണ്ണാക്കുവാനായി
ശാസ്ത്രം വളരെ വളർന്നുവല്ലോ
എന്നിലെ പെണ്ണിനെ അമ്മയാക്കീടുവാൻ
ശാസ്ത്രം കരുതൽ തുടങ്ങിയല്ലോ
യാത്ര പറഞ്ഞു നീ പോയൊരു നേരം
വീണ്ടും നീയെത്തുമെന്നോർത്തിരുന്നു
എന്നിലെ ജീവനും എന്നിലെ സമ്പാദ്യം
എന്നിലെ എല്ലാം നിനക്കാണല്ലോ
കാത്തിരുന്നു ഞാൻ വേഴാമ്പലെപ്പോൽ
മഴയായ് നീയെന്നിൽ പെയ്തിടുവാൻ
അറിഞ്ഞില്ല നാഥാ മമ ഹൃത്തിനെ
നീ ഇടിമുഴക്കമ്പോൽ മൂരുമെന്ന്
ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴവേ
വർഷങ്ങളെല്ലാം കടന്നു പോകവേ
ഒരു ദിനം നിന്നുടെ മംഗല്യവാർത്ത
ഇടിമുഴക്കം പോൽ ചെവിയിലെത്തി
പുതുപെണ്ണിനോടൊപ്പം പെരുമ്പറ മുഴക്കി
മിത്രങ്ങളുമായ് നീയാർത്തിടുമ്പോൾ
മുഴങ്ങിയ പെരുമ്പറ എന്നുള്ളിലാണെന്നു
എന്തേ നീ നാഥാ അറിയാത്തത്
ഒരു പിടി കയറിൽ കഴുത്ത് മുറുകീടവേ
വീണ്ടുമെൻ കാതുകളിൽ കേട്ടിടുന്നു
നീയെന്റെ പെണ്ണ് നീയെന്റെ പൊന്ന്
നീയെന്റെ ജീവന്റെ ജീവനാണ്
നീയെന്റെ മുത്ത് നീയെന്റെ സ്വത്ത്
നീയെന്റെ പ്രാണന്റെ പ്രാണനാണ്
ഷിജിന തൻസീർ