ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2014, സെപ്റ്റം 19

അമ്മമലയാളം (കുരീപ്പുഴ ശ്രീകുമാര്‍)

അമ്മമലയാളം - കുരീപ്പുഴ ശ്രീകുമാര്‍
==================================
കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ. 
ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു 
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ. 
ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട് 
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍ 
ചുട്ടുവോ നീ എന്റെ കേരളഭാഷയെ.
വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു 
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു 
എവിടെയെവിടെ സഹ്യപുത്രി മലയാളം 
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം.
മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു 
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം.
ആരുടെ മുദ്ര, ഇതാരുടെ ചോര 
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി 
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി 
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി 
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി 
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി 
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി 
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി.
തേകുവാന്‍ ,ഊഞ്ഞാലിലാടുവാന്‍ 
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍ 
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ് 
അമ്മമലയാളം, ജന്മമലയാളം. 
അന്യമായ് പോകുന്ന ജീവമലയാളം.
ഓര്‍ക്കുക,അച്ഛനും അമ്മയും 
പ്രണയിച്ച ഭാഷ മലയാളം 
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍ 
വാക്കു തന്ന മലയാളം 
പെങ്ങളോടെല്ലാം പറഞ്ഞു 
തളിര്‍ക്കുവാന്‍ വന്ന മലയാളം 
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍ 
ആയുധം തന്ന മലയാളം.
ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി 
ഉപ്പേരി തൊട്ടു കാണിച്ച മലയാളം. 
പുള്ളുവന്‍ ,വീണ, പുല്ലാങ്കുഴല്‍ 
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം. 
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു 
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍ 
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു.


2014, സെപ്റ്റം 18

കൂന്തച്ചേച്ചി / ഡി.വിനയചന്ദ്രന്‍

കൂന്തച്ചേച്ചി / ഡി.വിനയചന്ദ്രന്‍
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല
പൊന്നാങ്ങളമാരില്ല
അമ്മാവന്‍മാരില്ല.

കിഴക്കോട്ടു കാറ്റായിട്ടമ്മ പിരിഞ്ഞന്നേ
പടിഞ്ഞാട്ടു നിഴലായിട്ടച്ഛന്‍ പിരിഞ്ഞന്നേ
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല,

നായന്‍മാര്‍ വീട്ടില്‍ പോയടിക്കുന്നു തളിക്കുന്നു
അരക്കെട്ടഴിയാതെ അരയ്ക്കുന്നു വടിക്കുന്നു
വയറ്റില്‍ തീ കൊള്ളാതെ വെയ്ക്കുന്നു വിളമ്പുന്നു
ഉടുത്ത തറ്റുഴറാതെ കുത്തുന്നു കോരുന്നു
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.

കെട്ടാനുമാളില്ല
കെട്ടിക്കാനാളില്ല
ചെറ്റയല്ലാഞ്ഞവള്‍ ചേട്ടയല്ലാഞ്ഞവള്‍
തോട്ടത്തില്‍ കുളങ്ങരെ മുങ്ങി ത്തൊഴുന്നവള്‍
ആയില്യം മണ്ണാര്‍ശാലുരുളി കമിഴ്ത്തുന്നു
ഓച്ചിറക്കാളയ്ക്കു പൊങ്കാലയൂട്ടുന്നു .

പകലേറെ നടക്കുന്നു
രാവേറെ കിടക്കുന്നു
അമ്മിഞ്ഞയൂട്ടുവാനിങ്കു കൊടുക്കുവാന്‍
ചന്തിക്കു നുള്ളുവാന്‍ ചന്തത്തില്‍ കിള്ളുവാന്‍
ചക്കരയുമ്മയ്ക്കും പഞ്ചാര യുമ്മയ്ക്കും
കയ്യോ വളരുന്നു കാലോ വളരുന്നു
അമ്പാടിക്കിട്ടനെന്നാരീരോ പാടുവാന്‍

കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.

ചിക്കിയുണക്കീട്ടും പാറ്റിക്കൊഴിച്ചിട്ടും
ഉപ്പിട്ടു വെച്ചിട്ടും ഉറയൊഴിച്ചുറി
യേറ്റി ഉറപ്പോടെ വെച്ചിട്ടും
ചക്ക പുഴുങ്ങീട്ടും പപ്പടം കാച്ചീട്ടും
കാക്കയെ തീറ്റീട്ടും കാക്കാത്തിമാര്‍
വന്ന് കൈ രണ്ടും നോക്കീട്ടും

പകലേറെ നടന്നിട്ടും
രാവേറെ കിടന്നിട്ടും

കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.

കുഞ്ഞില്ലാഞ്ഞവള്‍
അരകല്ലടുത്തെത്തി കരയുന്നു കേഴുന്നു
ഉമ്മറപ്പടിയെത്തി വിങ്ങുന്നു വിതുമ്പുന്നു
വാഴക്കൂമ്പൊടിക്കുമ്പോള്‍ വാഴ ക്കൈ പിടിക്കുന്നു
കുളിക്കടവെത്തുമ്പോള്‍ കുളക്കോഴിപ്പെണ്ണിനോ
ടെനിക്കൊരു കുഞ്ഞിനെ കൊടുക്കുമോ
കൊടുക്കില്ല കിഴക്കില്ല വടക്കില്ല കുളക്കോഴി മറയുമ്പോള്‍
നെഞ്ചത്തറയുന്നു

അറയുന്ന പകലല്ലോ ,
അറുകൊലക്കുളിരല്ലോ
പകലേറെ നടന്നിട്ടും
രാവേറെ കിടന്നിട്ടും
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.

ചിങ്ങപ്പുലരികള്‍
പുന്നെല്ലുണക്കിപ്പോയ്
മുടികെട്ടി കണിചൂടി
മേടക്കിളി പാടിപ്പോയ്
അടിവയര്‍ തെണുത്തില്ല
മുലക്കണ്ണു കറുത്തില്ല
യാക്കം വളര്‍ന്നില്ല
തെരളി തെറുത്തിട്ടും
മലരു പൊരിച്ചിട്ടും
അനത്തീട്ടു മാറ്റീട്ടും
അടുക്കള പുകഞ്ഞിട്ടും
അലക്കി വെളുത്തിട്ടും
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.

കുഞ്ഞില്ലാഞ്ഞവള്‍
നൂറ്റെട്ടു മുങ്ങി കുളിച്ചു വരുന്നവള്‍
തേവരെ വിളിക്കുന്നു
വേലനെ വരുത്തുന്നു
ഓതിയെഴുതുവാന്‍ ഓല കൊടുക്കുന്നു
നൂറ്റെട്ടു കുരുത്തോല തേവരെ വണങ്ങുന്നു
കോണെട്ടും പിണിയൊഴിച്ചോതിക്കൊടുക്കുന്നു
വേലനുറയുന്നു
തൊട്ടുരിയാടാതെ ഓതി നിറഞ്ഞവള്‍
ഓതി നിറഞ്ഞവള്‍ കെട്ടില്‍ കടക്കുന്നു
വാതിലു ചാരുന്നു
തലയണയില്ലാതെ
തറ്റഴിച്ചിട്ടവള്‍
തലയഴിച്ചിട്ടവള്‍ താനേ മയങ്ങുന്നു
ഓതി നിറഞ്ഞവള്‍ താനേ മയങ്ങുന്നു .

ഓതിയ പൂതവും
ഉറയിറ്റി വയ്ക്കുന്നു
ഉപ്പിട്ടു വയ്ക്കുന്നു
ആട്ടു കല്ലാട്ടുന്നു
വെള്ളം തളിക്കുന്നു
ചാണകം മെഴുകുന്നു

ഓതി നിറഞ്ഞവള്‍ താനേ മയങ്ങുന്നു
ഏഴര വെളുപ്പിനു ഞെട്ടിയുണരുന്നു
ഞെട്ടിയുണര്‍ന്നപ്പോള്‍ കുട്ടി കരയുന്നു
നൂറ്റെട്ടു നൊന്തിട്ടു മുല ചുരന്നൊഴുകുന്നു
നൂറ്റെട്ടു നൊന്തിട്ടു
കുഞ്ഞു ചിരിക്കുന്നു
ചേച്ചി ചിരിക്കുന്നു

കുന്നിലോ
കുഞ്ഞന്‍ പുലരി ചിരിക്കുന്നു
നന്തുടി കൊട്ടി പടിവാതിലെത്തീട്ടു
പാണനും പാടുന്നു ;
ഉണരുണരൂ തുയിലുണരൂ
മാളോരേ തുയിലുണരൂ .

കാടെവിടെ മക്കളേ (അയ്യപ്പപണിക്കർ)

കാടെവിടെ മക്കളേ (അയ്യപ്പപണിക്കർ)
==================================
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?

പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?

പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?

ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?

കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?

ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ?

ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ?

പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ-
രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?

മരവും മനുഷ്യരും കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?

പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?

അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?

മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ?

വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?

ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്ത
വിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ?

കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?

പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?

യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?



2014, സെപ്റ്റം 17

പറയൂ നിനക്കെന്നെ

                               പറയൂ നിനക്കെന്നെ  (മോഹനകൃഷ്ണൻ കാലടി)
________________________________
ഒറ്റയ്ക്കു കാണാൻകാത്തു-
നിന്നൊരു വഴിയിൽ ഞാൻ
സർപ്പദംശനമേറ്റു 
തളർന്നുകിടക്കുമ്പോൾ 
കാൽച്ചിലമ്പുകൾ ഊരി-
പ്പിടിച്ചു നെടുവീർപ്പിൻ
കാറ്റലയിളക്കാതെ
കടന്നുപോയെങ്കിലും 
വിരലിൽതൊടാനൊരു 
പുസ്തകം ചോദിച്ചപ്പോൾ 
മുന കൂർത്തൊരു വാക്കാൽ 
മുറിവേൽപ്പിച്ചെങ്കിലും 
ഒടുക്കമൊരു നട്ടുച്ചയ്ക്കു
ക്ലാസ്മുറിയിൽ നാ-
മിരിപ്പൂ മുഖാമുഖം
അത്രകാലവും കെട്ടി-
നിർത്തിയ കടൽ മഞ്ഞു-
കട്ടയായുറയുമ്പോൾ 
എപ്പൊഴാണാവോ വാതിൽ
ചേർത്തടച്ചിരിക്കുന്നു 
നമ്മുടെ ചങ്ങാതികൾ;
കെണിയിൽ കുടുങ്ങിയ
നമ്മുടെ കളികാണാൻ 
അവ,രക്ഷമരത്രേ.
വാതിലും, ജനൽക്കണ്ണും 
മറന്നു നമുക്കൊരേ
മാത്രത,ന്നർദ്ധങ്ങളായ് 
പുണർന്നു പൊലിയേണ്ട,
ഒട്ടുമാലോചിക്കാതെ
ഒറ്റവാചകത്തിലൊ-
രുത്തരം മാത്രം മതി
പറയൂ നിനക്കെന്നെ
വെറുപ്പായിരുന്നില്ലേ?




2014, സെപ്റ്റം 15

മണിനാദം

മണിനാദം 
==============
(ഇടപ്പള്ളി )

മണിമുഴക്കം! മരണദിനത്തിന്റെ 
മണിമുഴക്കം മധുരം! വരുന്നു ഞാന്‍!

അനുനയിക്കുവാനെത്തുമെന്‍കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:

മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍-
മരണഭേരിയടിക്കും സഖാക്കളേ!

സഹതപിക്കാത്ത ലോകമേ!-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!

കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!

മധുരമല്ലാത്തൊരെന്‍ മൗനഗാനത്തില്‍
മദതരളമാം മാമരക്കൂട്ടമേ!

പിരികയാണിതാ, ഞാനൊരധഃകൃതന്‍
കരയുവാനായ്പ്പിറന്നൊരു കാമുകന്‍!

മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!

അഴകൊഴുകുന്ന ജീവിതപ്പൂക്കളം,
വഴിയരികിലെ വിശ്രമത്താവളം, 

കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന
കഴുമരം! -ഹാ, ഭ്രമിച്ചു ഞാന്‍ തെല്ലിട! 

അഴലിലാനന്ദലേശമിട്ടെപ്പൊഴും
മെഴുകി മോടി കലര്‍ത്തുമീ മേടയില്‍

കഴലൊരല്‍പമുയര്‍ത്തിയൂന്നീടുകില്‍
വഴുതിവീഴാതിരിക്കില്ലൊരിക്കലും. 

മലമുകളിലിഴഞ്ഞിഴഞ്ഞേറിടും
മഴമുകിലെന്നപോലെ ഞാനിത്രനാള്‍

സുഖദസുന്ദര സ്വപ്നശതങ്ങള്‍ തന്‍-
സുലളിതാനന്ദഗാനനിമഗ്‌നനായ്

പ്രതിനിമിഷം നിറഞ്ഞുതുളുമ്പിടും
പ്രണയമാധ്വീലഹരിയില്‍ ലീനനായ്

സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹരസുസ്മിതാകൃഷ്ടനായ്

അടിയുറയ്ക്കാതെ മേല്‍പോട്ടുയര്‍ന്നുപോ-
യലകടലിന്റെയാഴമളക്കുവാന്‍!

മിഴി തുറന്നൊന്നു നോക്കവേ, കാരിരു-
മ്പഴികള്‍ തട്ടിത്തഴമ്പിച്ചതാണു ഞാന്‍!

തടവെഴാപ്രേമദാരിദ്ര്യബാധയാല്‍
തടവുകാരനായ്ത്തീര്‍ന്നവനാണു ഞാന്‍!

കുടിലു കൊട്ടാരമാകാനുയരുന്നു;
കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാന്‍;

പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-
ലണിമുറിക്കാനിരുളുമണഞ്ഞിടും!

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാന്‍!

ചിരികള്‍തോറുമെന്‍പട്ടടത്തീപ്പൊരി
ചിതറിടുന്നോരരങ്ങത്തു നിന്നിനി,

വിടതരൂ, മതി പോകട്ടെ ഞാനുമെന്‍-
നടനവിദ്യയും മൂകസംഗീതവും!

വിവിധ രീതിയിലൊറ്റ നിമിഷത്തില്‍
വിഷമമാണെനിക്കാടുവാന്‍, പാടുവാന്‍;

നവരസങ്ങള്‍ സ്ഫുരിക്കണമൊക്കെയു-
മവരവര്‍ക്കിഷ്ടമായിട്ടിരിക്കണം!

അരുതരുതെനിക്കീ രീതി തെല്ലുമി-
ച്ചരിതമെന്നുമപൂര്‍ണമാണെങ്കിലും

അണിയലൊക്കെക്കഴിഞ്ഞു ഞാന്‍ പിന്നെയു-
മണിയറയിലിരുന്നു നിഗൂഢമായ്

പല ദിനവും നവനവരീതികള്‍
പരിചയിച്ചു, ഫലിച്ചില്ലൊരല്‍പവും!

തവിടുപോലെ തകരുമെന്‍മാനസ-
മവിടെയെത്തിച്ചിരിച്ചു കുഴയണം!

ചിരി ചൊരിയുവാനായിയെന്‍ദേശികന്‍
ശരസി താഡനമേറ്റീ പലപ്പൊഴും. 

ഹഹഹ! വിസ്മയം, വിസ്മയം, ലോകമേ!
അതിവിചിത്രമീ നൃത്തശിക്ഷാക്രമം!

കളരി മാറി ഞാന്‍ കച്ചകെട്ടാമിനി;
കളിയരങ്ങൊന്നു മാറിനോക്കാമിനി;

പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിലെത്താതിരുന്നിടാ!

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാന്‍!

ഉദയമുണ്ടിനി മേലിലതെങ്കിലെ-
ന്നുദകകൃത്യങ്ങള്‍ ചെയ്യുവാനെത്തിടും. 

സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്
ചിരവിരഹി ഞാന്‍ മേലിലും കേഴണം?

മധുരചിന്തകള്‍ മാഞ്ഞുപോയീടവേ
മരണമാണിനിജ്ജീവിച്ചിരിക്കുവാന്‍;

ഇരുളിലാരുമറിയാതെയെത്ര നാള്‍
കരളു നൊന്തു ഞാന്‍ കേഴുമനര്‍ഗ്ഗളം?

ഹൃദയമില്ലാത്ത ലോകമേ, യെന്തിനാ-
യതിനു കാരണം ചോദിപ്പു നീ സദാ? 

പരസഹസ്രം രഹസ്യമുണ്ടെന്നുമെന്‍-
പുറകില്‍നിന്നിദം വിങ്ങിക്കരയുവാന്‍

-സ്മരണയായിപ്പറന്നുവന്നെന്നുമെന്‍-
മരണശയ്യയില്‍ മാന്തളിര്‍ ചാര്‍ത്തുവാന്‍-

സമയമായി, ഞാന്‍- നീളും നിഴലുകള്‍
ക്ഷമയളന്നതാ നില്‍ക്കുന്നു നീളവേ. 

പവിഴരേഖയാല്‍ ചുറ്റുമനന്തമാം
ഗഗനസീമയില്‍, പ്രേമപ്പൊലിമയില്‍, 

കതിര്‍വിരിച്ചു വിളങ്ങുമക്കാര്‍ത്തികാ-
കനകതാരമുണ്ടെന്‍കര്‍മ്മസാക്ഷിയായ്. 

അവളപങ്കില ദൂരെയാണെങ്കിലു-
മരികിലുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്: 

കഠിനകാലം കദനമൊരല്‍പമാ-
ക്കവിളിണയില്‍ക്കലര്‍ത്താതിരിക്കണേ!

പരിഭവത്തിന്‍ പരുഷപാഷാണകം
തുരുതുരെയായ്പ്പതിച്ചു തളര്‍ന്നൊരെന്‍

ഹൃദയമണ്‍ഭിത്തി ഭേദിച്ചുതിരുമീ
രുധിരബിന്ദുക്കളോരോന്നുമൂഴിയില്‍

പ്രണയഗാനമെഴുതുന്ന തൂലിക-
യ്ക്കുണര്‍വിയറ്റുമോ?- യേറ്റാല്‍ ഫലിക്കുമോ? 

ഞാൻ തേടുന്നത് നിന്നെയാണ്

ഞാൻ തേടുന്നത് നിന്നെയാണ്
=====================
(ചിഞ്ചു അൽഫോൻസ്)

ഇളം വെയിലുള്ള ഇട വഴിയിലൂടെ
ഒരു കുടക്കീഴിൽ , നിന്റെ വിരലിൽ  വിരൽ തൊടാതെ
മെല്ലെ നടന്ന ആ നിമിഷങ്ങൾ..
ഉള്ളിലുള്ള സ്നേഹത്തെ അടക്കിവയ്ക്കാൻ
ഞാൻ പാടുപെട്ടെങ്കിലും ,
എന്റെ കണ്ണുകളെ വഞ്ചിക്കാനാവില്ലെന്ന സത്യം
ഞാൻ മറന്നു പോയോ ..?
മെല്ലെയൊഴുകുന്ന തിരമാലകളിൽ നോക്കി
നമ്മൾ സ്വകാര്യം പറഞ്ഞപ്പോൾ
അവയുടെ പാദസരങ്ങൾ,
ഒരു കൊഞ്ചലോടെ കാതിൽ പറഞ്ഞത്
ഇതു വരെ കേൾക്കാത്ത കഥകളായിരുന്നോ...?
ഒരു വാക്കുപോലും മിണ്ടാതെ ,
മൌനം അതിഥിയായി നമ്മൾ ,
കണ്ണിൽ നോക്കിയിരുന്നപ്പോൾ ,
കലുഷമായ മനസ്സിൽ പ്രണയത്തിന്റെ തിളക്കമായിരുന്നോ?
നിന്റെ നോട്ടത്തിൽ
പൂ വിടരും പോലുള്ള ചിരിയിൽ ഞാൻ കണ്ടു
പൂക്കളും നക്ഷത്രങ്ങളും നിറഞ്ഞു നിൽക്കുന്ന ഒരു മായ ലോകം .
അവിടെ ഒരു കാറ്റായി ഞാൻ പറന്നു നടന്നു ,
കൊതി തീരും വരെ ...

സമയം ക്രൂരമായ് നമ്മെ നോക്കി ചിരിച്ചപ്പോൾ ,
വേദന നിറഞ്ഞ ഒരു മൌനമേ ,
പകരം വയ്ക്കാൻ നമുക്കുണ്ടായുള്ളൂ ...
യാത്ര പറയാനാവാതെ വാക്കുകൾ മടിച്ചപ്പോൾ
ഒരു നൊമ്പരമായ്  അടർന്നു വീണ  കണ്ണുനീർത്തുള്ളികൾ,
ഹൃദയത്തിലെയ്ക്കാണോ മഴയായ് പെയ്തത് ..?
നിന്നിൽ നിന്നും പറിച്ചെടുത്ത കാലടികൾ ,
മുൻപോട്ടു നീങ്ങാനാവാതെ ,
ഒരൽപം പതറിയോ..?
ഒരിക്കൽ കൂടി തിരുഞ്ഞു നോക്കിയപ്പോൾ
നിന്റെ കണ്ണുകൾ എന്നെ തിരികെ വിളിച്ചോ...?
അരുതേയെന്ന് ഹൃദയം കരഞ്ഞപ്പോൾ ,
ഒരു ശാസനയോടെ  എന്റെ പാവം ഹൃദയത്തെ
നുള്ളി നോവിച്ചതെന്തിനു വേണ്ടി ...?

ഓർമകളെ നിറ കൂട്ടുകളാക്കി ,
മനസ്സിന്റെ ഭിത്തിയിൽ വരച്ചു തുടങ്ങിയ
ചിത്രത്തിന്റെ  നീലിമ കൂട്ടനായ്
ഇനിയും നമുക്ക് കാണാം
ശാന്തമായ ഈ കടൽത്തീരത്ത്






അവൾ (ചിഞ്ചു അൽഫോൻസ്)

അവൾ
============================
 (ചിഞ്ചു അൽഫോൻസ്)

ആർത്തലയ്ക്കുന്ന മഴയുടെ,
ഭ്രാന്തമായ ആവേശത്തിനൊപ്പം
ഞാൻ കേൾക്കുന്നു,
നിസഹായതയുടെ ഒരു നെടുവീർപ്പു കൂടി..

അരണ്ട വെളിച്ചത്തിൽ
ഒരു നിഴൽ പോലെ ഞാൻ കണ്ടു ,
രക്തം വറ്റിയ രണ്ടു കണ്ണുകൾ...,
ജീവിതം അരിച്ചു തിന്ന ഒരു ദേഹവും 

അടുത്തേയ്ക്ക് ചെല്ലാൻ എനിക്കു പേടി തോന്നി ,
ആ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരിന്റെ ചൂടിൽ
ഞാൻ ദഹിച്ചു പോയേക്കുമെന്ന ഭീതിയിൽ ,
അറിയാതെ ഞാൻ നിശ്ചലമായിപ്പോയി.

ഒരു പിടിവള്ളിയെന്ന പോലെ ,ആ കൈകൾ
 എന്നിലേയ്ക്കു നീണ്ടു, എന്നെ വരിഞ്ഞു മുറുക്കി   
എന്റെ നെറുകിലൂടെ ഓഴുകിയിറങ്ങിയത് 
കണ്ണു നീരോ ..? അതോ രക്ത തുള്ളികളോ..?

അവളുടെ തേങ്ങലും ഒരുപാടുനൊമ്പരങ്ങളും,
കൈക്കുംബിളിൽ  കോരിയെടുക്കാൻ തോന്നി 
പക്ഷെ ,അർഹതയില്ലാത്ത എന്റെ കൈകൾക്ക്
ബലമുണ്ടായിരുന്നില്ല ...തെല്ലു പോലും .

ഞാൻ മിണ്ടിയില്ല 
മിണ്ടുവാനായി എനിക്ക് വാക്കുകൾ നഷ്ട്ടമായിരുന്നു
പക്ഷെ ഞാൻ തലോടിക്കൊണ്ടിരുന്നു 
ആ നൊമ്പരത്തെ ഒരു കുഞ്ഞിനെപ്പോലെ .

മഴ ശക്തി കൂട്ടിക്കൊണ്ടിരുന്നു 
അവളുടെ നിലവിളിയുടെയും ..
അധിക നേരം എനിക്കവളെ താങ്ങാനവില്ലെന്നു തോന്നി 
കൈകൾ തളരുന്നതു പോലെ ...
ഒരു പൂവിനെപ്പോലെ ഞാനവളെ 
എന്നിൽ നിന്ന് പറിച്ചെടുത്തു ..
വിറയ്ക്കുന്ന കാലടികളോടെ ഞാൻ നടന്നു നീങ്ങി  
തിരിഞ്ഞു നോക്കാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല ,
നോക്കാതിരിക്കാനും..

കത്തിതീർന്ന മെഴുകു തിരിയുടെ ,
കനൽ വെളിച്ചത്തിൽ ഞാൻ കണ്ടു 
സഹനമായി ദൈവം മനഞ്ഞവൾ,
സ്നേഹമായി സർവ്വം ത്വെജിച്ചവൾ..

ജീവനറ്റ പുത്രദേഹം
മാറോടമർത്തിയപ്പോൾ
അവൾക്കു മുലപ്പാൽ ചുരന്നില്ല,
പകരം രക്തം പൊടിഞ്ഞു നെഞ്ചിൽ നിന്നും 

അവളുടെ കത്തുന്ന വേദനയ്ക്ക് സാക്ഷി ഞാൻ..
നിശബ്ദമായ നെടുവീർപ്പു മാത്രം 
ചുംബനമായി നൽകി ഞാൻ മന്ത്രിച്ചു ..
ഇവൾ എന്റെ അമ്മ 
എന്റെ ഭാഗ്യം..... 





 

2014, സെപ്റ്റം 14

കോഴിക്കോട്ടെ കടപ്പുറക്കാഴ്ചകൾ ( മുനീർ അഹമദ്)

കോഴിക്കോട്ടെ  കടപ്പുറക്കാഴ്ചകൾ ( മുനീർ അഹമദ്)
--------------------------------------------- 

ഓരോ വൈകുന്നേരങ്ങളിലും 
കാലിടറിയ കടല്‍പാലം 
കാഴ്ച്ചകാരനോട് പറയുന്നുണ്ട് 
ഉപ്പു മണക്കുന്ന നൂറു കഥകള്‍ 

തുരുമ്പിച്ചു മുന പോയ ചൂണ്ട്യ്ക്കും 
വള്ളിപൊട്ടിയ ചെരിപ്പിനും 
ജീര്‍ണിച്ച കോഴിത്തൂവലുകള്‍ക്കും
അറിയാവുന്നവ

പാതിയായ പാലവും
പാതിയില്‍ നിലച്ച പ്രണയവും
ഓര്‍മപ്പെടുത്തുന്നത്
കുടിയിറക്കപ്പെട്ടരെ

നാട്ടില്‍ നിന്നായാലും
മനസ്സില്‍ നിന്നായാലും
പോകാന്‍ പറഞ്ഞാല്‍
പിന്നെ തിരിഞ്ഞു നോക്കരുത്

കരക്കടുക്കാനാകാത്ത പത്തേമാരിക്ക്
ചൊവ്വാദോഷം കല്‍പ്പിച്ചു
ഹസ്തരേഖയില്‍ നേര് തിരയുന്ന
കാക്കാലത്തിയുണ്ട് ചവോക്കു തണലില്‍

വെള്ളമില്ല്ലാത്ത നീന്തല്‍കുളം
പോയത്തമെന്നു സമ്മേളനപ്രമേയം
ചരിത്രം തന്നെ അപൂര്‍ണമെന്ന്
ജനം കപ്പലണ്ടി കൊറിച്ചു


കാലിയായ നെല്ലിക്ക ഭരണി
കാറ്റ് പോയ ബലൂണ്‍,
ഗാന്ധിജയന്തി
നിരാശയോടെ പട്ടം നൂല് പൊട്ടിച്ചു.

കന്യാമീനുകള്‍ തേടി പരന്ന പരുന്തുകള്‍
പാലത്തിനടിയിലേക്ക് കുതിച്ചെത്തി
നനഞ്ഞു കുതിര്‍ന്ന കാന്‍വാസില്‍
നീലക്കണ്ണുകളുള്ള സ്വര്‍ണമീന്‍

കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ട്
നീട്ടിയും കുറുക്കിയും ഏറെ വരച്ചിട്ടും
സെല്‍ഫ് പോര്‍ട്രൈറ്റ്‌ മുഴുമിക്കാനാകാത്ത
രേഖാചിത്രകാരനെ തേടുകയാണ്

പകലിന്റെ ചോര കടലിലലിഞ്ഞപ്പോള്‍
വിളക്കുമരത്തിനും ബോധോദയം
ട്രാഫിക് ഐലന്റിലെ പോലീസുകാരനപ്പോള്‍
വീട്ടിലെത്താനുള്ള തിടുക്കത്തിലായിരുന്നു


2014, സെപ്റ്റം 7

ജീവിത ചിത്രം

ജീവിത ചിത്രം
......................................................................

നാം കുറെ ജന്മങ്ങൾ
നാം കുറെ ചിതലുകൾ
നമ്മിൽ നാം അറിയാതെ
കുറെ മഹാവൃക്ഷങ്ങൾ.
ഇന്നു ഞാൻ കേട്ടതാത്മാവിന്റെ ചിരികൾ
ഇന്നെനിക്കു കേൾക്കാം ഇന്നലെയുടെ ചിന്തകൾ
കണ്ണീരോഴുക്കിയ കവിളുകൾ
കണ്ണീരു തുടച്ച കൈവളകൾ
ലോകം നശ്വര സാഗരം
ജീവൻ മണൽ വീട്.
ബന്ധങ്ങലറ്റു ബന്ധുത്തമറ്റു
പ്രണയം അറിയാതകന്നു പോയ്‌
ചിരി തന്ന മുഖങ്ങൾ ചിരിക്കാതെ മറഞ്ഞു
ഞാനോ ചിരിയറിയാതെ വിളറി
വേദങ്ങൾ ഉരുവിട്ടു ഞാൻ വേദന-
മാറ്റുമ്പോൾ വേദങ്ങളിൽ അക്ഷര തെറ്റുകൾ
ജീവിതത്തിന്റെ ക്രമം തെറ്റിയ വരികൾ
ജീവിതാവസാനം ആറടി മണ്ണിന്റെയും
ആറു  വരി  കവിതയുടെയും ഉടമ.
-എബിൻ മാത്യു 
Gibin Mathew Chemmannar | Create Your Badge