എനിക്കും നിനക്കുമിടയിലെ അച്ഛൻ
•••••••••••••••••••••••••••••••
രചന:കമർ മേലാറ്റൂർ
.........................................
എനിക്കും നിനക്കുമിടയിൽ
വിദൂരമായ പാളത്തിൽ
നിശ്ചലമായ, ജീവിതത്തിന്റെ
ഏതു ബോഗിയിലാണ്
ഞാനവളെ ചേർത്തുവെക്കേണ്ടത്?
പ്രണയവാക ചൊരിഞ്ഞ
ചുവന്ന ചുംബനങ്ങളിൽ
നമ്മൾ പകുത്തിട്ട
പരുപരുത്ത കലുങ്കുകൾ.
സ്നേഹത്തിന്റെ
സുദീർഘയാത്രകളിൽ
എവിടെയാണ് നമുക്ക്
പാളം തെറ്റിയത്?
വേർപിരിയലിന്റെ
ആതുരാലയത്തിൽ,
കടവാവലുകളെ പേടിയാണച്ഛായെന്ന്
നെഞ്ചള്ളിപ്പിടിച്ചൊരഞ്ചുവയസ്സിന്റെ
കണ്ണിലന്നു നമ്മൾ
തിരയ്ക്കൊപ്പം ആർത്തുചിരിച്ച്
ഉയർത്തിവിട്ടൊരു പട്ടം
ചരടുപൊട്ടിയലയുന്നു.
നീതിദേവതയുടെ അന്ധതയിലേക്ക്
കുഞ്ഞുകണ്ണുകൾ നിസ്സഹായമാവുമ്പോൾ
പാതാളഗർത്തത്തിലേക്കൊരു
കൂടം ഇടിച്ചുതള്ളുന്നത്
നിന്റെ കണ്ണുകളിലാ പ്രണയവാക
പൂത്തതേയില്ലായെന്നൊരു
നഷ്ടബോധത്തിനെക്കൂടിയാണ്.
നമുക്കിടയിലെ തിരയടങ്ങിയ
കടൽവക്കത്ത്
ഇരുട്ടുമൂടിയ ആകാശച്ചെരുവിൽ
നക്ഷത്രമെണ്ണിക്കൊണ്ടൊരു ജോഡി
കുഞ്ഞുമിഴികൾ തോരുന്നുണ്ട്.
നന്ത്യാർവട്ടത്തിനരികെ
കൊഴിയാറായൊരു പനിനീരിതൾ
പരിഭവം ചൊരിയുന്നുണ്ട്.
തലയാട്ടുന്ന പാവയും പീപ്പിയും
നിറഞ്ഞ
ഉത്സവപ്പറമ്പും വഴിയോരവും
നഷ്ടപ്പെട്ടോർക്കുന്നത്
നമ്മുടെ വിരൽത്തുമ്പിൽ തൂങ്ങിയ
കുഞ്ഞുമോളുടെ സന്തോഷം തന്നെയാണ്.
പ്രണയവാകയിന്നും ചോദിക്കുന്നത്:
എന്തിനിങ്ങനീ ആൾക്കൂട്ടത്തിൽ
ആർത്തിരമ്പുന്ന തിരമാലയിലേക്ക്
ഒറ്റയ്ക്കിറങ്ങിപ്പോവാൻ.!
എനിക്കും നിനക്കുമിടയിൽ
വിദൂരമായ പാളത്തിൽ
നിശ്ചലമായ, ജീവിതത്തിന്റെ
ഏതു ബോഗിയിലാണ്
ഞാനവളെ ചേർത്തുവെക്കേണ്ടത്?
•••••••••••••••••••••••••••
കമർ മേലാറ്റൂർ