ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

ഇവിടെ വന്നവർ

Loading...
മലയാളം കവിതകളിലേക്ക് സ്വാഗതം... നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം...... ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsapp)
ഈ ലിങ്ക് വഴി മലയാളം കവിതകൾ Whatsapp ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/H92RbTIVpktDsGWy5R34Ub
"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

കുമാരനാശാന്റെ കവിതകൾ


അനുശോചനം
..............................
മാന്യമിത്രമേ, മാനസസാരളീ

സാന്നിദ്ധ്യംചെയ്ത സാക്ഷാല്‍ നികേതമേ,

ഉന്നിദ്രയുവഹൃത്തിന്‍ പ്രവാഹത്തില്‍

ധന്യവാര്‍ദ്ധക്യം സന്ധിച്ച ‘തീര്‍ത്ഥ’മേ,

മന്നില്‍നിന്നു മറഞ്ഞിതോ വര്‍ഗ്ഗത്തെ-

യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ.

അറ്റത്തയ്യോ പരിമളശേഷമാ-

യൊറ്റയാമാ വിടര്‍ന്ന പൂവെന്നിയേ

അറ്റഞെട്ടാര്‍ന്നു നില്ക്കുന്നു കഷ്ടമീ-

യുറ്റ തീയസമുദായവല്ലരി.

വേറെ മൊട്ടീ ലതയില്‍ വിടര്‍ന്നിടാ-

മേറെയേറിയ ഭംഗിയിലെങ്കിലും

കൂറെഴുന്ന കുസുമപ്രകാശമേ

വേറുപൂവൊന്നീ ഞെട്ടില്‍ വിളങ്ങുമോ?

ചത്തവര്‍ക്കു കണക്കില്ലെയെന്നാലും

എത്ര പാര്‍ത്തു പഴകിയതാകിലും

ചിത്തത്തില്‍ക്കൂറിയന്നവര്‍ പോകുമ്പോള്‍

പുത്തനായ്ത്തന്നെ തോന്നുന്നഹോ മൃതി.എന്തിനല്ലെങ്കിലോര്‍ക്കുന്നു ഞാനിതി-

ങ്ങന്തകഭയം കൃത്യജ്ഞരാര്‍ന്നിടാ.അന്ത്യശയ്യയിലുമമ്മഹാന്‍‌തന്നെ-

ച്ചിന്തിച്ചീലതു വര്‍ഗ്ഗകാര്യോത്സുകന്‍സത്യമോര്‍ക്കില്‍ മരണം‌മുതല്ക്കുതാ-

നുത്തമര്‍ക്കു തുടങ്ങുന്നു ജീവിതം.അത്തലില്ലവര്‍ക്കന്നുതൊട്ടൂഴിയില്‍

എത്തുകില്ല കളങ്കം യശസ്സിലും.

===============================വീണപൂവ്‌

==============

1

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

2

ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍

3

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍

4

ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍

5

ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

6

ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍

7

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം

8

മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍ ചിത്രമല്ല-
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും

9

ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം

10

"കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.

11

അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്‍നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍

12

കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം

13

എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?

14

ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്‌, അനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!

15

ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവില്‍ ബത കല്ലിലും പോയ്‌
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?

16

ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ-
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം; കഠിന താന്‍ ഭവിതവ്യതേ നീ.

17

ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ

18

ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

19

പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്‍പടുവിനാര്‍ത്തി വൃഥാപവാദം
മൂകങ്ങള്‍ പിന്നിവ പഴിക്കുകില്‍ ദോഷമല്ലേ?

20

പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ്‌ കുസുമചേതന പോയമാര്‍ഗ്ഗ-
മേകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീ?

21

ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും?

22

തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി

23

ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ

24

അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്‍

25

അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയെന്നു തോന്നും

26

ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം

27

താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു

28

ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

29

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.

30

എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ നീണ്ടു വാഴാ.

31

സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?

32

എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം

33

ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.

34

അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്‍ണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.

35

ഉത്‌പന്നമായതു നശിക്കു,മണുക്കള്‍ നില്‍ക്കും
ഉത്‌പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍
കല്‍പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍

36

ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍

37

ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.

38

സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം

39

അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ്‌ നീ
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍

40

ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!

41

കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!

===========================================


പൂക്കാലം

..................................
പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ.

എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു,
ഉല്ലാസമീ നീണ്ട കൂകൂരവത്താ-
ലെല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍.

കാണുന്നിതാ രാവിലേ പൂവു തേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടില്‍
പോണേറെയുത്സാഹമുള്‍ക്കൊണ്ടിവയ്ക്കെ-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?

പാടങ്ങള്‍ പൊന്നിന്‍‌നിറം‌പൂണ്ടു, നീളെ-
പ്പാടിപ്പറന്നെത്തിയിത്തത്തയെല്ലാം
കേടറ്റ നെല്ലിന്‍ കതിര്‍ക്കാമ്പുകൊത്തി-
ക്കൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍.

ചന്തം ധരയ്ക്കേറെയായ് ശീതവും പോ-
യന്തിക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു, ദേവാലയത്തില്‍
പൊന്തുന്നു വാദ്യങ്ങള്‍-വന്നൂ വസന്തം!

നാകത്തില്‍നിന്നോമനേ, നിന്നെ വിട്ടീ-
ലോകത്തിനാനന്ദമേകുന്നിതീശന്‍
ഈ കൊല്ലമീ നിന്റെ പാദം തൊഴാം ഞാന്‍
പോകൊല്ല പോകൊല്ല പൂക്കാലമേ നീ!

ചിന്തിച്ചിളങ്കാറ്റുതന്‍ നിസ്വനത്താ-
ലെന്തോന്നുരയ്ക്കുന്നു നീ?-ഞാനറിഞ്ഞു,
"എന്താതനാം ദേവനോതുന്നതേ ഞാ-
നെന്താകിലും ചെയ്യു"വെന്നല്ലയല്ലീ?

======================================


സങ്കീര്‍ത്തനം

................................
ചന്തമേറിയ പൂവിലും ശബളാഭമാം

    ശലഭത്തിലും

സന്തതം കരതാരിയന്നൊരു ചിത്ര-

    ചാതുരി കാട്ടിയും

ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-

    രശ്മിയില്‍ നീട്ടിയും

ചിന്തയാം മണിമന്തിരത്തില്‍ വിളങ്ങു-

    മീശനെ വാഴ്ത്തുവിന്‍!


സാരമായ് സകലത്തിലും മതസംഗ്രഹം

    ഗ്രഹിയാത്തതായ്

കാരണാന്തരമായ് ജഗത്തിലുയര്‍ന്നു

    നിന്നിടുമൊന്നിനെ

സൌരഭോല്‍ക്കട നാഭിയാല്‍ സ്വമൃഗംകണ-

    ക്കനുമേയമായ്

ദൂരമാകിലുമാത്മ ഹാര്‍ദ്ദ ഗുണാസ്പദത്തെ

    നിനയ്ക്കുവിന്‍!


നിത്യനായക, നീതിചക്രമതിന്‍-

    തിരിച്ചിലിനക്ഷമാം

സത്യമുള്‍ക്കമലത്തിലും സ്ഥിരമായ്

    വിളങ്ങുക നാവിലും

കൃത്യഭൂ വെടിയാതെയും മടിയാതെയും

    കരകോടിയില്‍

പ്രത്യഹം പ്രഥയാര്‍ന്ന പാവന കര്‍മ്മ-

    ശക്തി കുളിക്കുക!


സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡ-

    മാശു കവര്‍ന്നുപോം

ദേഹമാനസ ദോഷസന്തതി ദേവ

    ദേവ, നശിക്കണേ

സ്നേഹമാം കുളിര്‍പൂനിലാവു പരന്നു

    സര്‍വവുമേകമായ്

മോഹമാമിരുള്‍ നീങ്ങി നിന്റെ മഹത്ത്വ-

    മുള്ളില്‍ വിളങ്ങണേ.


ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ
നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍
കര്‍മ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ
ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം മണിനൌകയില്‍.

======================================================

നെയ്ത്തുകാരുടെ ഒരു പാട്ട്
......................................................
ഓടം മൃദുപാവില്‍ ജവമോടും ഗുണമേറാ-
നോടുമ്പടിയും, സമ്പ്രതി നീ ചെയ്‌വൊരു പൂവില്‍
തേടും മണമേലായുകിലും ശോഭ നിറഞ്ഞാല്‍
കൂടും‌പടിയും സോദര! നെയ്യൂ! തുണി നെയ്യൂ!

അന്തിക്കെഴുമര്‍ക്കന്നെഴുമോരോ കിരണം‌പോല്‍
ചന്തം ചിതറുന്നാ നിറമെല്ലാം വിലസട്ടെ
അന്തര്‍ഗ്ഗതമായ് നിന്നഴകോടുന്നിഴതോറും
ചിന്തട്ടെയതിന്‍ശോഭകള്‍ നിന്നെച്ചുഴലട്ടെ.

നീക്കംകയറട്ടാടയില്‍ നന്മേനിവരട്ടേ-
യാക്കൈയണയട്ടേ വിരവായും ശരിയായും
എക്കാലവുമേ നിന്‍ തുണിനൂലൊന്നൊഴിയാതെ
നില്ക്കട്ടിഹ നീണാളൊരു നേരെന്നതുപോലെ.

കായേകനെടുക്കാമിഹ പൂവേകനിറുക്കാം
മായാതെ വിതയ്ക്കാമഥ വിത്തന്യനൊരുത്തന്‍
ആയാസമതെന്നാല്‍ വിധി സങ്ക്ല്പിതമാര്‍ക്കും
നീയോര്‍ത്തതു ഹേ! സോദര! നെയ്യൂ! തുണി നെയ്യൂ!

ധന്യത്വമെഴും മന്നവനും മണ്ണു കിളയ്ക്കും
ഖിനസ്ഥിതിയാം കര്‍ഷകനും കേവലമാരും
സന്നദ്ധമതായ്‌വന്ന്യതൂവെല്ലാം തരുമിമ്പം
തന്നര്‍ത്ഥവുമേതും ശ്രമമേലായുകിലോരാ.

                                                                 - മെയ് 1905

========================================================

കരുണ
...................

ഒന്ന്

അനുപമ കൃപാനിധി,യഖില ബാന്ധവൻ ശാക്യ-
ജിനദേവൻ, ധർമ്മ രശ്മി ചൊരിയും നാളിൽ,
ഉത്തര മഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃത രാജവീഥി തൻ കിഴക്കരികിൽ,

കാളിമ കാളും നഭസ്സെയുമ്മ വയ്ക്കും വെൺ മനോജ്ഞ-
മാളികയൊന്നിന്റെ തെക്കേ മലർ മുറ്റത്തിൽ,
വ്യാളീ മുഖം വച്ചു തീർത്ത വളഞ്ഞ വാതിലാർന്നക-
ത്താളിരുന്നാൽ കാണും ചെറു മതിലിനുള്ളിൽ,

ചിന്നിയ പൂങ്കുലകളാം പട്ടു തൊങ്ങൽ ചൂഴുമൊരു
പൊന്നശോകം വിടർത്തിയ കുട തൻ കീഴിൽ,
മസൃണ ശിലാസനത്തിൻ ചരിഞ്ഞ പാർശ്വത്തിൽ പുഷ്പ-
വിസൃമര സുരഭിയാമുപധാനത്തിൽ,

മെല്ലെയൊട്ടു ചാഞ്ഞും വക്കിൽ കസവു മിന്നും പൂവാട
തെല്ലളകോപരിയൊരു വശത്താ‍ക്കിയും,
കല്ലൊളി വീശുന്ന കർണ്ണ പൂരമാർന്നും, വിടരാത്ത
മുല്ലമാല ചിന്നും കൂന്തൽക്കരി വാർമുകിൽ

ഒട്ടു കാണുമാറുമതിന്നടിയിൽ നന്മൃഗമദ-
പ്പൊട്ടിയന്ന മുഖചന്ദ്രൻ സ്ഫുരിക്കുമാറും,
ലോല മോഹനമായ് തങ്ക പങ്കജത്തെ വെല്ലും വലം-
കാലിടത്തു തുടക്കാമ്പിൽ കയറ്റിവച്ചും,

രാമച്ച വിശറി പനീനീരിൽ മുക്കി, തോഴിയെക്കൊ-
ണ്ടോമൽ കൈവള കിലുങ്ങെ,യൊട്ടു വീശിച്ചും,
കഞ്ജബാണൻ‌ തന്റെ പട്ടംകെട്ടിയ രാജ്ഞി പോലൊരു
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി.

പടിഞ്ഞാറു ചാഞ്ഞു സൂര്യൻ പരിരമ്യമായ് മഞ്ഞയും
കടുംചുവപ്പും കലർന്നു തരുക്കളുടെ
രാജൽകര കേസരങ്ങൾ വീശിടുന്നു ദൂരത്തൊരു
രാജമല്ലി മരം പൂത്തു വിലസും‌പോലെ.

കൊണ്ടൽ വേണീ മണിയവൾ കുതുകമാർന്നൊരു മലർ-
ച്ചെണ്ടൊരു കരവല്ലിയാൽ ചുഴറ്റിടുന്നു.
ഇളംതെന്നൽ തട്ടി മെല്ലെയിളകി, ചെറു തരംഗ-
ച്ചുളി ചേരും മൃദു ചേലച്ചോലയിൽ നിന്നും

വെളിയിൽ വരുമച്ചാരുവാമേതര പദാബ്ജം പൊൻ-
തള കിലുങ്ങുമാറവൾ ചലിപ്പിക്കുന്നു.
മറയും മലർവല്ലിയിൽ കുണ്ഠിതമാർന്നിടയ്ക്കിടെ
മറി മാന്മിഴി നോക്കുന്നു വെളിക്കെന്നല്ല,

ഇടതൂർന്നിമ കറുത്തു മിനുത്തുള്ളിൽ മദജലം
പൊടിയും മോഹന നേത്രം; പ്രകൃതി ലോലം,
പിടഞ്ഞു മണ്ടി നിൽക്കുന്നു പിടിച്ചു തൂനീർ തിളങ്ങും
സ്ഫടികക്കുപ്പിയിലിട്ട പരൽമീൻ പോലെ.

തുടുതുടെ സ്ഫൊരിച്ചെഴുമധര പല്ലവങ്ങൾ തൻ
നടുവോളമെത്തും ഞാത്തിൻ ധവള രത്നം,
വിളങ്ങുന്നു മാണിക്യമായവൾ ശ്വസിക്കും രാഗം താൻ
വെളിയിലങ്ങനെ ഘനീഭവിക്കും‌മ്പോലെ.

നിതംബ ഗുരുതയാൽത്താൻ നിലം വിടാൻ കഴിയാതി-
സ്ഥിതിയിൽ തങ്ങുമി ക്ഷോണീ രംഭ താനത്രേ.
‘വാസവദത്താ‘ഖ്യയായ വാരസുന്ദരി, മഥുരാ-
വാസികളിലറിയാതില്ലിവളെയാരും.

വെളിയിലെന്തിനോ പോയി മടങ്ങിവരും വേറൊരു
നളിനാക്ഷി നടന്നിതാ നടയിലായി.
കനിഞ്ഞൊരു പുഞ്ചിരി പൂണ്ടവളെയക്കാമിനി കാർ-
കുനു ചില്ലിക്കൊടി കാട്ടി വിളിച്ചിടുന്നു.

“ഫലിച്ചിതോ സഖി, നിന്റെ പ്രയത്ന വല്ലരി, രസം
കലർന്നിതോ ഫലം, ചൊൽക കനിയായിതോ?
എനിക്കു സന്ദേഹമില്ലയിക്കുറി, യോർക്കിലപ്പുമാൻ
മനുഷ്യനാണല്ലോ! നീയും ചതുരയല്ലോ.”

ത്വരയാർന്നിങ്ങനെയവൾ തുടർന്നു ചോദിച്ചാളുട-
നരികത്തണഞ്ഞു തോഴി തൊഴുകൈയോടെ
“സമയമായില്ലെന്നു താനിപ്പൊഴും സ്വാമിനി,യവൻ
വിമനസ്സായുരയ്ക്കുന്നൂ, വിഷമ”മെന്നാൾ.

കുണ്ഠിതയായിതു കേട്ടു പുരികം കോട്ടിയും കളി-
ച്ചെണ്ടു ചെറ്റു ചൊടിച്ചുടൻ വലിച്ചെറിഞ്ഞും
മട്ടൊഴുകും വാണിയവൾ ചൊല്ലിനാൾ മനമുഴറി-
യൊട്ടു തോഴിയോടായൊട്ടു സ്വഗതമായും;

“സമയമായില്ല പോലും, സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി.
കാടു ചൊല്ലുന്നതാമെന്നെ കബളിപ്പിക്കുവാൻ കൈയി-
ലോടുമേന്തി നടക്കുമീ,യുല്പല ബാണൻ.

പണമില്ലാഞ്ഞു താൻ വരാൻ മടിക്കയാവാമസ്സാധു
ഗണികയായ് തന്നെയെന്നെ ഗണിക്കയാവാം.
ഗുണബുദ്ധിയാൽ ഞാൻ തോഴി, കൊതിപ്പതക്കോമളന്റെ
പ്രണയം മാത്രമാണെന്നു പറഞ്ഞില്ലേ നീ?

വശംവദ സുഖ ഞാനീ വശാക്കേടെനിക്കു വരാൻ
വശമില്ലെന്നാലും വന്നതയുക്തമല്ല.
വിശപ്പിന്നു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും
വിശിഷ്ട ഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും.

അനുരക്തരഹോ! ധനപതികൾ നിത്യമെൻ കാലിൽ
കനകാഭിഷേകം ചെയ്തു തൊഴുതാൽപ്പോലും
കനിഞ്ഞൊരു കടാക്ഷിപ്പാൻ മടിക്കും കണ്ണുകൾ കൊച്ചു-
മുനിയെക്കാണുവാൻ മുട്ടിയുഴറുന്നല്ലോ.

കമനീയ കായകാന്തി കലരും ജനമിങ്ങനെ
കമനീ വിമുഖമായാൽ കഠിനമല്ലേ?
ഭാസുര നക്ഷത്രം‌ പോലെ ഭംഗിയിൽ വിടർന്നിടുന്ന
കേസര മുകുളമുണ്ടോ ഗന്ധമേലാതെ.

അഥവാ കഷ്ട!മീ യുവാവശ്ശ്രമണ ഹതകന്റെ
കഥയില്ലായ്മകൾ കേട്ടു കുഴങ്ങുന്നുണ്ടാം.
അവസരം നോക്കുന്നുണ്ടാം; യമരാജ്യത്തിലാ ശാക്യ-
സ്ഥവിരന്നു പോയൊതുങ്ങാൻ സ്ഥലമില്ലല്ലി!

അനുനയം ചൊൽവാൻ ചെവി തരുന്നുണ്ടോ? സഖീ,യവ-
ന്നനുരാഗാങ്കുരം വാക്കിൽ സ്ഫുരിക്കുന്നുണ്ടോ?
വിവിക്ത ദേശത്തിൽ തന്നെ വചിച്ചിതോ, ദ്യൂത്യ,മെന്റെ
വിവക്ഷിതമറിഞ്ഞെല്ലാം പറഞ്ഞിതോ നീ?

യതി മര്യാദയിൽത്തന്നെ,യവനോർക്കിൽ ക്ഷണിക്കുമെൻ
സദനത്തിൽ വന്നു ഭിക്ഷ ഗ്രഹിക്കാമല്ലോ!
അതു ചെയ്യുമായിരുന്നാലത്ര മാത്രമായ് മിഴിക്കാ
മധുരാകൃതിയെ നോക്കി ലയിക്കാമല്ലോ!

അർത്ഥ ഭാണ്ഡങ്ങൾ തൻ കനം കുറഞ്ഞുപോകുന്നു, തോഴീ-
യിത്തനു കാന്തിതൻ വിലയിടിഞ്ഞിടുന്നു,
വ്യർത്ഥമായ് തോന്നുന്നു കഷ്ട!മവൻ കാണാതെനിക്കുള്ള
നൃത്ത ഗീതാദികളിലെ നൈപുണീ പോലും."

കുലനയ വിരുദ്ധമായ് കൊഴുക്കുമപ്രണയത്തിന്‍
നില നായികയിൽ കണ്ടു ഹസിച്ചു ദൂതി.
ചലദല കാഞ്ചലയായ്  ചാപലമിതരുതെന്നു
തല വിലങ്ങനെയാട്ടി തിരസ്കരിച്ചു.

അപഥത്തിൽ നായികയെ നയിക്കും കുട്ടീ നീ, മതി-
യുപദേശ സം‌രംഭം നീയുരിയാടേണ്ട,
മടയരില്ല ലോകത്തിൽ മുറയുരയ്ക്കാത്തതായി
പടു പാട്ടൊന്നു പാടാത്ത കഴുതയില്ല.

വിളയും സുഖദു:ഖങ്ങൾ വിതയ്ക്കും നന്മ തിന്മതൻ
ഫലമായിട്ടെന്ന ബോധം പൊരുളാണെങ്കിൽ
കൊലയും കൊള്ളയും കൂടി കുല പരമ്പരയായാൽ
നലമെന്നു ചൊല്ലും നീതി നുണയാൻ നൂനം.

ധന ദുർദ്ദേവതയ്ക്കെന്നും ത്രപവിട്ടഹോ! മോഹത്താൽ
തനതംഗം ഹോമിക്കുമിത്തയ്യലാൾക്കുള്ളിൽ
അനവദ്യ സുഖദമാമനുരാഗാങ്കുരം വരാ
തനിയേ പിന്നതു വന്നാൽ വരമല്ലല്ലീ?

കതിരവനുടെ ചെറുകിരണവും കാമ്യമല്ലീ-
യതി മാത്ര,മിരുൾ തങ്ങു,മന്ധ കൂപത്തിൽ?
ഉടനേ ചക്രങ്ങൾ നിലത്തുരുളുമൊച്ചകൾ കൂട്ടി-
പ്പൊടി പൊങ്ങിച്ചു വീഥിയിൽ വടക്കു നിന്നും

ആനതാഗ്രമായ കൊമ്പിൽ പൂവണിഞ്ഞും തിരയിന്മേൽ
ഫേനപിണ്ഡം‌ പോലെ പൊങ്ങും പോഞ്ഞു തുള്ളിച്ചൂം
കിലുകിലെക്കിലുങ്ങുന്ന മണിമാലയാർന്ന കണ്ഠം
കുലുക്കിയും കുതിച്ചാഞ്ഞു താടയാട്ടിയും

കാള രണ്ടു വലിച്ചൊരു കാഞ്ചന കളിത്തേരോടി
മാളികതൻ മുമ്പിലിതാ വന്നണയുന്നു.
വാതുക്കലായുട,നഗ്രം വളഞ്ഞു കിന്നരി വച്ച
പാദുകകൾ പൂണ്ടും, പട്ടുതലപ്പാവാർന്നും,

കാതിൽ വജ്രകുണ്ഡലങ്ങൾ മിനുക്കിയണിഞ്ഞും, കൈകൾ
മോതിരങ്ങൾ തൻ കാന്തിയിൽ തഴുകിക്കൊണ്ടും,
തങ്കനൂൽക്കുടുക്കിയന്നു തനി മഞ്ഞ നിറമാർന്നോ-
രങ്കിയാൽ തടിച്ചിരുണ്ട തടി മറച്ചും,

കരയാർന്ന ചെങ്കൗശേയം ഞെറിഞ്ഞു കുത്തിയുടുത്തു
പുറങ്കാൽ വരെ പൂങ്കച്ഛം ഞാത്തിപ്പാറിച്ചും,
പൊന്നരഞ്ഞാൺ തുടൽ പുറത്തടിയിച്ചു,മിരുപാടും
മിന്നുമുത്തരീയം നീട്ടി മോടിയിലിട്ടും

മണിത്തേരതില്‍ നിന്നതിസുഭഗമന്യനാമൊരു
വണീശ്വരൻ വൈദേശികനിറങ്ങിനിന്നു.
അതു കണ്ടുടനേ ദൂതി,യത്തരുണീമണിയെ സ-
സ്മിതം നോക്കിക്കടക്കണ്ണാലാജ്ഞയും വാങ്ങി,

പതിവു പോലുപചാര പരയായ് പോയകത്തേയ്ക്കാ-
യതിഥിയെയെതിരേറ്റു സൽക്കരിക്കുവാൻ.
ആസനം‌ വിട്ടുടൻ മെല്ലെയെഴുന്നേറ്റു വഴിയേ താൻ
വാസവദത്തയും മണിയറയിലേക്കായ്,

പരിച്ഛദമൊക്കെയേന്തിപ്പുറകേ നടന്നുചെല്ലും
പരിചാരികയാകുമന്നിഴലുമായി,
കരപറ്റി നിന്നു വീണ്ടും കുണങ്ങിത്തൻ കുളത്തിലേ-
ക്കരയന്നപ്പിട പോലെ നടന്നു പോയി.

രണ്ട്

കാലം പിന്നെയും കഴിഞ്ഞു, കഥകൾ നിറഞ്ഞ മാസം
നാലു പോയി നഭസ്സിൽ കാറൊഴിയാറായി,
പാലപൂത്തു, പരിമളം ചുമന്നു ശുദ്ധമാം പുലർ-
കാല വായു കുളിർത്തെങ്ങും ചരിക്കയായി.

അഴകോടന്നഗരത്തിൽ തെക്കുകിഴക്കതു വഴി-
യൊഴുകും യമുനതന്റെ പുളിനം കാണ്മൂ.
ഇളമഞ്ഞ വെയിൽ തട്ടി നിറം‌മാറി നീല വിണ്ണിൽ
വിളങ്ങുന്ന വെൺമുകിലിൻ നിര കണക്കേ

ജനരഹിതമാം മേലേക്കരയിലങ്ങങ്ങു കരിം-
പനയും പാറയും പുറ്റും പാഴ്‌ച്ചെടികളും
വെളിയിടങ്ങളും വായ്ക്കും സ്ഥലം കാണാം ശൂന്യതയ്ക്കു
കളിപ്പാനൊരുക്കിയിട്ട കളം‌കണക്കേ.

നെടിയ ശാഖകൾ വിണ്ണിൽ നിവർന്നു മുട്ടിയിലയും
വിടപങ്ങളും ചുരുങ്ങി വികൃതമായി,
നടുവിലങ്ങു നിൽക്കുന്നു വലിയൊരശ്വത്ഥം, മുത്തു
തടികൾ തേഞ്ഞും തൊലികൾ പൊതിഞ്ഞു വീർത്തും.

ചടുല ദലങ്ങളിലും ശൃംഗഭാഗത്തിലും വെയിൽ
തടവിച്ചു വന്നു കാറ്റിലിളകി മെല്ലെ,
തടിയനരയാലതു തലയിൽത്തീ കാളും നെടും-
ചുടല ഭൂതം‌ കണക്കേ ചലിച്ചു നില്പൂ.

അടിയിലതിൻ ചുവട്ടിലധികം പഴക്കമായ്ക്ക-
ല്ലുടഞ്ഞും പൊളിഞ്ഞുമുണ്ടൊരാൽത്തറ ചുറ്റും.
ഇടുങ്ങിയ മാളങ്ങളിലിഴഞ്ഞേറും പാമ്പുകൾ പോൽ
വിടവു തോറും പിണഞ്ഞ വേരുകളോടും.

പറന്നടിഞ്ഞരയാലിൻ പഴുത്ത പത്രങ്ങളൊട്ടു
നിറം‌ മങ്ങി നിലം‌പറ്റിക്കിടപ്പു നീളെ;
ഉറുമ്പിഴയ്ക്കുമരിയു,മുണങ്ങിയ പൂവും ദർഭ-
മുറിത്തുമ്പും മറ്റും ചേർന്നു ചിതറിച്ചിന്നി.

അകലത്തൊരു മൂലയിൽ കെടുന്ന കനലിൽനിന്നു
പുകവല്ലി പൊങ്ങിക്കാറ്റിൽ പടർന്നേറുന്നു.
ചികഞ്ഞെടുത്തെന്തോ ചില ദിക്കിൽ നിന്നു ശാപ്പിടുന്നു
പകലെന്നോർക്കാതെ കൂറ്റൻ കുറുനരികൾ.

കുറിയോരങ്കുശം‌ പോലെ കൂർത്തു വളഞ്ഞുള്ള കൊക്ക്
റയെക്കൊത്തി വലിച്ചും നഖമൂന്നിയും,
ഇരയെടുക്കുന്നു പെരുംകഴുകുകൾ ചില ദിക്കിൽ
പരിഭ്രമിയാതിരുന്നു ഭയങ്കരങ്ങൾ

ഉടഞ്ഞ ശംഖു പോലെയു,മുരിച്ചു മുറിച്ച വാഴ-
ത്തട പോലെയും തിളങ്ങുമസ്ഥി ഖണ്ഡങ്ങൾ,
അവയവശിഷ്ടങ്ങളായടിഞ്ഞു കിടക്കുന്നുണ്ടൊ-
ട്ടവിടെവിടെ മറഞ്ഞും മറയാതെയും,

അരയാൽത്തറ വരെയും വടക്കു നിന്നെത്തുന്ന കാൽ-
പ്പെരുമാറ്റം കുറഞ്ഞ പാഴ്നടക്കാവിന്റെ
പരിസരങ്ങളിൽ ഭസ്മപ്പാത്തികൾ കാണുന്നു ചുറ്റും
കരിക്കൊള്ളിയും കരിഞ്ഞ കട്ടയുമായി.

ഉടലെടുത്ത നരന്മാർക്കൊന്നു പോലേവർക്കും ഭോജ്യ-
മിടരറ്റു പിതൃപൈതാമഹ സം‍പ്രാപ്തം.
ഇടമിതിഹ ലോകത്തിന്‍ പരമാവധിയാണൊരു
ചുടുകാടാ‍ണതു ചൊല്ലാതറിയാമല്ലോ.

മരത്തിൻ പിന്നിൽ കൊക്കുകൾ പിളർത്തിപ്പറന്നു വീണും
വിരവിൽ വാങ്ങിയും വീണ്ടും മോങ്ങിയുമിതാ,
കാട്ടിടുന്നെന്തോ ശല്യങ്ങൾ കണ്ഠ കോലാഹലത്തോടും
കാട്ടെലി വേട്ടയിൽപ്പോലെ മലങ്കാക്കകൾ

അഹഹ! കഷ്ടമിങ്ങിതാ കുനിഞ്ഞിരുന്നൊരു നാരി
സഹിയാത താപമാർന്നു കരഞ്ഞിടുന്നു,
കരവല്ലിയൊന്നിൽക്കാകതർജ്ജനത്തിനേന്തിയുള്ളോ-
രരയാൽച്ചില്ലയാട്ടിയുമശ്രു വർഷിച്ചും.

കരിയും ചാമ്പലും‌പോലെ കറുത്തോരപ്പക്ഷികൾ തൻ
ചരിഞ്ഞ നോട്ടങ്ങൾക്കേക ശരവ്യമായി,
അരികിൽക്കാണുന്നു ചേലച്ചീന്തിനാൽ മറഞ്ഞു, നാല്പാ-
മരമരിഞ്ഞു കൂട്ടിയ മാതിരിയേതോ.

അതുമല്ലവൾതൻ മുമ്പി,ലാൽത്തറമേൽ നീണ്ടു രൂപ-
വിധുരമാമൊരു പിണ്ഡം വസ്ത്രവിദ്ധമായ്.
രുധിരാക്തമായി വില്പാനിറക്കിയിട്ട കുങ്കുമ-
പ്പൊതി പോലെ കിടക്കുന്നു പുതച്ചുമൂടി.

ഝടിതിയങ്ങിതാ പാരം ചാരുവായ് പ്രാംശുവായ് നിഴൽ
പടിഞ്ഞാറു വീശുമൊരു ഭാസുരാകൃതി
നടക്കാവൂടെ വരുന്നു, ഭാനുമാനിൽ നിന്നു കാറ്റിൽ
കട പൊട്ടിപ്പറന്നെത്തും കതിരു പോലെ.

പാവനമാം മുഖ പരിവേഷമാർന്ന മുഗ്ദ്ധ യുവ-
ഭാവമോടും കൂറെഴും വാർമിഴികളോടും
ആ വരും വ്യക്തി നൂന,മൊരാരഹതനമാം, മെയ്യിൽ മഞ്ഞ-
ച്ചീവരം കാണുന്നു, കൈയിൽച്ചട്ടി കാണുന്നു.

ഭിക്ഷതേടി വരികയില്ലിവിടെ,യിവനെന്നല്ലി-
ബ്ഭിക്ഷു പാശുപതനല്ല ചുടല പൂകാൻ.
ഇക്ഷണം മുങ്ങുമാർക്കോ കൈയേകുവാൻ പോന്നെന്നും തോന്നും
ദക്ഷതയും ത്വരയും ദാക്ഷിണ്യവും കണ്ടാൽ.

ശരി, ശരി! പരദു:ഖ ശമനമോർത്തല്ലോ മറ്റും
ശരണത്രയീധനന്മാർ ഭിക്ഷ തെണ്ടുന്നു.
തിരഞ്ഞു രക്ഷ നൽകുന്ന ദേവതകളല്ലോ സാക്ഷാൽ
ധരണിയിൽ നടക്കുമിദ്ധർമ്മദൂതന്മാർ.

അടുക്കുന്നിതവൻ, പറന്നകലുന്നുടൻ കാക്കകൾ,
ഞടുങ്ങിയാ രംഗം കണ്ടു പകച്ചു ധന്യൻ;
മടുത്തു നിൽക്കുന്നു, പിന്നമ്മഹിള മാഴ്കി വാണീടു-
മിടത്തെത്തുന്നു, കണ്ടവൾ സംഭ്രമിക്കുന്നു.

“വാസവദത്ത താനോയി വിപന്നമാം പ്രിയജനം?
നീ സദയം ചൊൽക ഭദ്രേ, ‘ഉപഗുപ്തൻ’ ഞാൻ”
എന്നലിഞ്ഞുഴറിയവനുരയ്ക്കുന്നു പുതച്ചവൾ-
തന്നരികിൽ കിടക്കുമത്തറ്റിയെച്ചൂണ്ടി.

ഉടനപ്പിണ്ഡമനങ്ങാനൊരുങ്ങുനിതഹോ! പുറ-
പ്പെടുന്നു ഞരങ്ങി ശബ്ദം ദീന ദീനമായ്.
മൃതസഞ്ജീവിനിയായി വാൿസുധ,യിവന്റെ നാമ-
ചറ്റുരക്ഷരിതാനിത്ര ശക്തിയാർന്നതോ!

അഹഹ! മൃത്യുവിന്നിരുട്ടാഴിയിൽ മുങ്ങിയ സത്വം
മുഹൂരിന്ദ്രിയ വാതിലിൽ മുട്ടുകല്ലല്ലി!
തല നൂണു വരികല്ലീ, കൃമികോശം തന്നിൽ നിന്നു
ശലഭം കണക്കെ, ചേലച്ചുരുളിൽ നിന്നും?

അതുമല്ലഹോ! മുക്കാലും പാഴ്മുകിൽ മുടി, വിഭാത-
മതി വീണു കിടക്കുന്നിങ്ങതിൽ കാണുന്നു
ജടിലമാം കുറുനിര ചിന്നിടും ശ്വേതമാം വളർ-
നിടീലവും മയ്യഴിഞ്ഞ നേത്ര യുഗ്മവും

അസംശയമൊരു നാരീമുഖം താനിതാ നയനം
സുസംവൃതമാമീത്തനു വികലാംഗം താൻ
സസംഭ്രമം പഴക്കത്താൽ ഭ്രൂലതതാനുണര്‍ന്നെന്തോ
പ്രസംഗിപ്പാനൊരുങ്ങുന്നു ഫലിക്കായ്കിലും.

ശരി,യ സൂചന കണ്ടു ചീവര ഖണ്ഡത്താൽ തോഴി-
യരികിൽ കാക്ക തെണ്ടീടുമപ്പദാർത്ഥത്തെ
അധികം മൂടുന്നു വിരഞ്ഞപ്പുമാൻ കാണാതെ, ഹന്ത!
മൃതിയിലും മഹിളമാർ മറക്കാ മാനം!

പഴുതേയാ,ണഥവായി,പ്പരിഭ്രമമെടോ തോഴി,
കഴിയാ നിനക്കിവന്റെ കണ്ണു മൂടുവാൻ.
മറവിൽ കിടക്കും ജന്മ-മൃതി കാരണങ്ങൾ പോലു-
മറിയും സൂക്ഷ്മദൃക്കാകു,മാഹതനിവൻ

കമ്പമെന്തിനതുമല്ലിയവയവ ഖണ്ഡങ്ങൾ നിൻ-
മുമ്പണയും മുമ്പു തന്നെ കണ്ടു പോയിവൻ
അമ്പിനോടുമിവയുടെയുടമസ്ഥയി ക്കിടക്കും
ചമ്പകമേനിയാളെന്നും ഗ്രഹിച്ചു പോയി.

തുണിത്തുണ്ടിൽ മായാതെ കാണുന്നു വെളിക്കൊടുവി-
ലണഞ്ഞ കോലരക്കിൻ ചാറുണങ്ങിപ്പറ്റി.
പാടല കോമളമായ പാദതാരും പരം നൃത്ത-
മാടിയയവാർന്ന ചാരു നരിയാണിയും,

കാഞ്ചന കിങ്കിണിത്തളകൾ തൻ മൃദു കിണ-
ലാഞ്ച്ഛന രമ്യമാം പുറവടിയും പൂണ്ടു,
കാഴമ്പു മൊട്ടൊത്ത കണങ്കാൽ മുറികളിതാ മുട്ടിൻ
താഴെച്ചോരയൊലിച്ചാർന്ന വേടുകളോടും.

അടുത്തു താനതാ ഹന്ത! മയിലാഞ്ചിയണിഞ്ഞല്പം
തുടുത്തും തന്ത്രികൾ മീട്ടും തഴമ്പു പൂണ്ടും,
മൃദുമിനുസമാം നഖം‌ മിന്നി നന്മണി മോതിര-
മതി ചിരമണിഞ്ഞെഴും പാടുകൾ തങ്ങി,

കോമളമായ്ത്തുമ്പു കൂർത്ത വിരലേലും കരം കാണ്മൂ
ഹേമപുഷ്പം‌പോലെ രക്ത കുങ്കുമാക്തമായ്.
കോൾമയിർക്കൊള്ളുമോർക്കുമ്പോൾ കഠിനമയ്യോ! മുറിച്ചു
ഭൂമിയിലെറിഞ്ഞതാരിപ്പൂവലംഗങ്ങൾ!

ഹാ! മിന്നുന്നിപ്പോഴുമിവ, വില പരിച്ഛേദിച്ചില്ല
കാമരാജ്യത്തിങ്കൽ മുമ്പിക്കല്ലുകൾക്കാരും
‘വാസവദത്ത’ താനിവൾ, ഇവൾ താൻ മലർമുറ്റത്താ
വാസരാന്തത്തിൽ നാം കണ്ട വിശ്വമോഹിനി.

ഹാ! സുഖങ്ങൾ വെറും ജാലം, ആരറിവൂ നിയതിതൻ
ത്രാസു പൊങ്ങുന്നതും താനേ താണു പോവതും.
മലിന കന്ഥയാലംഗം മുറിച്ചോരുടൽ മുടിയ-
ന്നിലയിലിരുന്നോളിവൾ കിടപ്പായയ്യോ.

ഇലയും കുലയുമരിഞ്ഞിടവെട്ടി മുറിച്ചിട്ട
മലവാഴത്തടി പോലെ മലർന്നടിഞ്ഞു!
ചോരരാരുമിവളുടെ ചുവരു തുരന്നിടഞ്ഞി-
ഗ്ഘോരകൃത്യം ചെയ്തതല്ല, ധനമോഹത്താൽ;

വാരുണീ മത്തരാം വല്ല വിടരും കലഹത്തിലീ
വാരനാരിയാളെ വെട്ടി മുറിച്ചതല്ല;
സാരമാം മന്ത്ര ഭേദത്തിൽ സംശയിതയായിവൾക്കി-
ഗ്ഘോര ശിക്ഷതൻ കോയ്മ വിധിച്ചതല്ല.

എന്തിനന്യ വിപത്തുകളഥവാ തേടുന്നു കഷ്ടം!
സ്വന്തവാളാൽ സ്വയം വെട്ടി നശിപ്പൂ മർത്ത്യർ!
ഒട്ടു നാൾമുമ്പിവളൊരു തൊഴിലാളിത്തലവന്റെ-
യിഷ്ടകാമുകിയായ് വാണു രമിച്ചിരുന്നു.

കഷ്ടകാലത്തിനപ്പോളക്കാളവണ്ടിയിൽ നാം കണ്ട
ചെട്ടിയാരതിഥിയായ്ച്ചെന്നടുത്തുകൂടി.
പരിചയം കൊണ്ടു വിട്ടുപിരിയാതായവൻ, പിന്നെ
പ്പരിചാരകന്മാർ കാര്യം മറച്ചു വച്ചു.

അഭ്യസൂയയിരുവർക്കുമുളവാകാതൊഴിക്കുവാ-
നഭ്യസിച്ച തന്ത്രമെല്ലാമവർ കാണിച്ചു.
ഒരു കാര്യം നിരൂപിച്ചാലൊരുവൻ കാമ്യൻ, പിന്നെ മ-
റ്റൊരു കാര്യം നിനയ്ക്കുമ്പോൾ മറ്റവൻ മാന്യൻ.

ഒരുവനെപ്പിരിവാനുമൊരു കാലത്തു രണ്ടാളെ
വരിപ്പാനും പണിയായി വലഞ്ഞു തന്വി.
ദിനങ്ങൾ ചിലതു പോയി, നടപടികളാൽ സ്നേഹം
തനിപ്പൊന്നല്ലെന്നുമാദ്യൻ സംശയിക്കയായ്

പരമസാധ്വിയിൽപ്പോലും പുരുഷന്നു ശങ്ക തോന്നാം
പുരഗണികയിൽപ്പിന്നെപ്പറയേണമോ?
കുപിതനാക്കിയാലവൻ കലക്കമുണ്ടാക്കും ഭാവി
വിപൽക്കരമായും തീരുമവൾക്കാകയാൽ

മുഖം തെല്ലു കറുക്കുമോ മുഖ്യജാരനെ ക്രമേണ
പുകയുമഗ്നി ബാണം‌പോലവൾ പേടിച്ചു.
പരിനാശകരമാമ’ത്തീക്കുടുക്ക’ പൊട്ടും മുമ്പേ
തിരി മുറിച്ചെറിയാതെ തരമില്ലെന്നായ്.

ശേഷമെന്തിനുരയ്ക്കുന്നിതവനിപ്പോളില്ല, സർവ്വം
ജോഷമായ്, രണ്ടുമൂന്നു നാൾ കഴിഞ്ഞു കഷ്ടം!
തോഷവുമൊട്ടുവളാർന്നു, ഹന്ത!യിദ്ധൂർത്തയെച്ചൊല്ലി
യോഷമാരേ, നിങ്ങളെല്ലാം ലജ്ജിക്കാറുമായ്!

അഹഹ! സങ്കടാമോർത്താൽ മനുഷ്യ ജീവിതത്തെക്കാൾ
മഹിയിൽ ദയനീയമായ് മറ്റെന്തൊന്നുള്ളു!
പുഷ്പശക്തി വഹിക്കുമിപ്പളുങ്കു പാത്രം വിരലാൽ
മുട്ടിയാൽ മതി, തവിടുപൊടിയാമല്ലോ!

അതുമല്ല വിപത്തുകളറിയുന്നില്ലഹോ മർത്ത്യൻ
പ്രതിബോധവാനെന്നാ പരിമോഹത്താൽ.
ഊറ്റമായോരുരഗത്തിൻ ചുരുളിനെയുറക്കത്താൽ
കാറ്റു തലയിണയായേ കരുതൂ ഭോഷൻ!

അതു പോകട്ടെ പാപത്തിൻ പരിണാമം കാണ്മിൻ, നാടു
പ്രതികൂലമായ്, അവൾ തൻ തൊഴുത്തിൽ നിന്നും

ഒറ്റുകാർ കുഴിച്ചവന്റെ വികൃത പ്രേതമെടുത്തു,
കുറ്റവാളിയായവളെബ്ബന്ധനംചെയ്തു.

ഫലിച്ചില്ല കടക്കണ്ണിൻ പണിയും ധനത്തിൻ മുഷ്കു-
മുൽച്ചിലറ്റന്നന്നിരുന്ന ധർമ്മപീഠത്തിൽ!

നിലപെറ്റ നേരിൻ‌ കാന്തി നീതിവാദ പടുക്കൾ തൻ
വലിയ വാചാലതയിൽ മറഞ്ഞുമില്ല.

ഹാ! മഹാപാപമിതിവൾ ചെയ്തുവല്ലോ! കടുപ്പമി-
ക്കോമളിമയെങ്ങു, നെഞ്ചിൻ ക്രൌര്യമെങ്ങഹോ!

പ്രേമമേ, നിൻ പേരു കേട്ടാൽ പേടിയാം, വഴി പിഴച്ച
കാമ കിങ്കരർ ചെയ്യുന്ന കടുംകൈകളാൽ.

വധ ദണ്ഡാർഹയവളെ വിധിജ്ഞനാം പ്രാഡ്വിവാകൻ
വിധിച്ച പോലഹോ! പിന്നെ നൃപകിങ്കരർ,

കര,ചരണ,ശ്രവണ,നാസികൾ മുറിച്ചു ഭൂ-
നരകമാം ചുടുകാട്ടിൻ‌ നടുവിൽ തള്ളി.

ഹാ! മതിമോഹത്താൽ ചെയ്തു സാഹസമൊ,ന്നതിനിന്നി-
പ്പുമൃദു മേനിയാൾ പെറ്റും പാടു കണ്ടില്ലേ!

നാമവും രൂപവുമറ്റ നിർദ്ദയമാം നിയമമേ,
ഭീമമയ്യോ! നിന്റെ ദണ്ഡ പരിപാടികൾ!

മൂന്ന് 

രക്തമെല്ലാം ഒഴികിപ്പോയ്, ക്ഷയിച്ചു ശക്തി, സിരകൾ
രിക്തമായ്; പ്രാണപാശമറുമാറായി;

അക്കിടപ്പിലുമവളാ യുവ മുനിയെ വീക്ഷിപ്പാൻ
പൊക്കിടുന്നു തല, രാഗ വൈഭവം കണ്ടോ!

അഥവായിവൾക്കെഴുമിബ്ഭാവ ബന്ധ ബലത്താൽ താൻ
ശിഥിലമായ തല്‍പ്രാണൻ തങ്ങി നില്പതാം;

അന്തിമമാം മണമർപ്പിച്ചടിവാൻ മലർ കാക്കില്ലേ
ഗന്ധവാഹനെ, രഹസ്യമാർക്കറിയാവൂ?

പുടം വരണ്ടു പറ്റിയ പോള പണിപ്പെട്ടു ചെറ്റു
വിടർത്തും കണ്ണിലവന്റെ കാന്തി വീഴവേ

അവൾ തൻ പാണ്ഡുമുഖത്തിലന്തി വിണ്ണിലെന്ന പോലെ-
യെവിടുന്നോ ചാടിയെത്തി രക്ത രേഖകൾ!

മരവിച്ചു മർമ്മ സന്ധി നിരയരക്ഷണമന്തഃ-
കരണം വേദന വിട്ടു നിൽക്കവേ തന്വി

സ്മരിക്കുന്നു പൂർവ്വരാഗമവനെ നോക്കിക്കണ്ണാൽത്താൻ
ചിരിക്കയും കരകയും ചെയ്യുന്നു പാവം

വിരഞ്ഞന്തർ ഗദ്ഗദമായ്, വിടങ്കത്തിലെഴും പ്രാവിൻ
വിരുതം‌ പോലെ മൃദുവായ് വ്യക്തി ഹീനമായ്;

ഉരയ്ക്കുന്നുമുണ്ടവൾ താണുടൻ കൈകൾ പിന്നിൽ ചേർത്താ-
ഞ്ഞരികിൽക്കുനിഞ്ഞു നിൽക്കുമവനോടേതോ.

അനുനാസിക വികലമന്തരോഷ്ഠ ലീന ദീന-
സ്വനമമ്മൊഴിയിതര ശ്രാവ്യമല്ലഹോ!

അനുകമ്പ കലർന്നതി ശ്രാവകൻ ശ്രവിപ്പൂ, നമു-
ക്കനുമിക്കാമവനോതുമുത്തരങ്ങളാൽ;

“ഇല്ല, ഞാൻ താമസിച്ചുപോയില്ലെടൊ സരള ശീലേ-
യല്ലൽ നീയിന്നെന്നെച്ചൊല്ലിയാർന്നിടായ്കെടോ,

ശോഭന കാലങ്ങളിൽ നീ ഗമ്യമായില്ലെനിക്കു, നിൻ
സൌഭഗത്തിൽ മോഹമാർന്ന സുഹൃത്തല്ല ഞാൻ.

അറിയുന്നുണ്ടെങ്കിലും ഞാനകൃത്രിമ പ്രണയത്തി-
ന്നുറവൊന്നു നിന്നുൾക്കാമ്പിലൂറി നിന്നതും.

മുറയോർക്കുമ്പോളതു നിൻ മഹിത ഗുണമെന്നോർത്തു
നിറയുന്നുണ്ടെനിക്കുള്ളിൽ നന്ദി താനുമേ;

പരമ വിപത്തിങ്കലും പരിജനം നിന്നെ വിട്ടു-
പിരിയാതിങ്ങണഞ്ഞഹോ! പരിചരിച്ചു,

ചൊരിയുമിക്കണ്ണുനീർ നിൻ സ്ഥിര ദാക്ഷിണ്യ ശീലത്തെ-
യുര ചെയ്യുന്നുണ്ടതും ഞാനോർക്കുന്നുണ്ടെടോ.

നിയതം സ്നേഹയോഗ്യ നീ നിജവൃത്തി വശയായ് ദുർ-
ന്നിയതിയാൽ ഘോരകൃത്യം ചെയ്തു പോയല്ലോ!

ദയനീയം, നീയിയന്ന ധന ദാഹവും സൊന്ദര്യ-
സ്മയവും ഹാ! മുഗ്‌ദ്ധേ, നിന്നെ വഞ്ചിച്ചായല്ലോ!

അതി ചപലമീയന്തഃകരണം ലോക ഭോഗങ്ങൾ
പ്രതി നവരസങ്ങളാൽ ഭൂരിശക്തികൾ.

ഗതിയെന്തു ജന്തുക്കൾക്കി രതി,രോഷ,മോഹങ്ങളാൽ
ജിത ലോകമാ,മവിദ്യ ജയിച്ചീടുന്നു.

അതു നിൽക്ക, വിപത്തിതൊരരതുലാനുഗ്രഹമായി നീ
മതിയിലോർക്കണം സഖീ, എന്തുകൊണ്ടെന്നോ?

ഇതിനാലിന്നു കണ്ടില്ലേ വിഭവത്തിൻ ചലത്വവും
രതി സമാന രൂപത്തിൽ രിക്തതയും നീ?

സാരമില്ലെടോ, നിൻ നഷ്ടം സഹജേ നൊടിയിൽ ഗുരു-
കാരുണിയാൽ നിനക്കിന്നു കൈക്കലാമല്ലോ.

ചോരനപഹരിക്കാത്ത ശാശ്വത ശാന്തി ധനവും
മാരനെയ്താൽ മുറിയാത്ത മനശ്ശോഭയും.

കരയായ്ക ഭഗിനീ, നീ കളക ഭീരുത, ശാന്തി
വരും, നിന്റെ വാർ നെറുക ഞാൻ തലോടുവൻ.

ചിരകാലമഷ്ട മാർഗ്ഗ ചാരിയാമബ്ഭഗവാന്റെ
പരിശുദ്ധ പാദ പത്മം തുടച്ച കൈയാൽ."

എന്നലിഞ്ഞവൻ കരതാരവൾ തൻ പൂവൽ നെറ്റിമേ-
ലൊന്നു ചേർക്കു,ന്നങ്ങവൾക്കു ചീർക്കുന്നു രോമം,

ഖിന്നമുഖിയാമവൾ തൻ കെടുന്ന സംജ്ഞ വിരലാ-
ലുന്നയിച്ച ദീപമ്പോലുന്നുജ്ജ്വലിക്കുന്നു.

തുടരുന്നൂ മൊഴിയവൻ, "ശരി, സോദരി, ഞാൻ സ്വയം
മടിച്ചു താൻ മുമ്പു വന്നു നിന്നെ മീളുവാൻ;

കുശല മാർഗ്ഗങ്ങളന്നു കേൾക്കുമായിരുന്നില്ല നീ,
വിശസനം സുഖികളെ വിജ്ഞരാക്കുന്നു.

അഖില ജന്തു ദു:ഖവുമപാകരിക്കുന്ന ബോധം
വികിരണം ചെയ്തിടുന്ന വിശ്വവന്ദ്യന്റെ

വാസപവിത്രങ്ങളാണീ വാസരങ്ങൾ ഭൂവിൽ, നമ്മൾ
വാസവദത്തേ, കരഞ്ഞാൽ വെടിപ്പല്ലെടോ.

മംഗലേതര കർമ്മത്താൽ മലിന നീ ശുഭം, നമ്മൾ
സംഗതിയില്ലെന്നെൻ സഖി, സംശയിക്കല്ലേ.

അംഗുലീമലനുപോലുമാർഹത പദമേകിയ
തുഗമാം കരുണയെ നീ വിശ്വസിച്ചാലും.

സത്യമോർക്കുകിൽ സംസാര യാത്രയിൽ പാപത്തിൻ കഴൽ
കുത്തിടാതെ കടന്നവർ കാണുകില്ലെടോ.

ബദ്ധ പങ്കമായോടുന്നിതൊരുകാലം നദി പിന്നെ
ശുദ്ധികലർന്നൊരു കാലം ശോഭ തേടുന്നു.

കലമില്ല നിനക്കെന്നും കരൾ കാഞ്ഞു വൃഥാ മതി-
ശാലിനി, മാഴ്കൊല്ല, ചിരഞ്ജീവികൾക്കുമേ,

ലോലമാം ക്ഷണമേ വേണ്ടൂ ബോധമുള്ളിൽ ജ്വലിപ്പാനും
മാലണയ്ക്കും തമസ്സാകെ മാഞ്ഞുപോവാനും.

ഭുക്ത ഭോഗയായ് സഹിച്ച പരിവേദനയാൽ പാപ-
മുക്തയായി, സഹജേ, നീ മുക്തിപാത്രമായ്.

ശ്രദ്ധയാർന്നു വിദ്യയിനി ശ്രവിക്കുക പവിത്രയായ്
ബുദ്ധമാതാവെഴും പുണ്യലോകം പൂകുക!"

താണു നിൽക്കുന്നങ്ങനെയബ്ഭിക്ഷു വിവക്ഷുവായുടൻ,
ക്ഷീണതയാൽ മങ്ങിയ വാർമിഴികൾ വീണ്ടും

കോണടിയോളവും തുറന്നവഹിതായമ്പോടു-
മേണ നേത്രയാളവനെയൊന്നു നോക്കുന്നു.

കരതലമുയർത്തിക്കാർചികുര തൻ ശിരസ്സിൽ വെ-
ച്ചുര ചെയ്യുന്നു വാക്കലിഞ്ഞമ്മുനീശ്വരൻ,

ശരണ രത്നങ്ങൾ മൂന്നും ചെവിയിലേറ്റുടനന്തഃ
കരണത്തിലണിഞ്ഞവൾ കാന്തി തേടുന്നു.

നിറഞ്ഞു തലക്ഷണമൊരു നവ തേജസ്സു മുഖത്തിൽ
മറഞ്ഞു പോയ് മുമ്പു കണ്ട ശോകരേഖകൾ

പറയാവതല്ലാത്തൊരു പരമ ശാന്തി രസത്തി-
ന്നുറവായവൾക്കു തോന്നിയവളെത്തന്നെ.

ക്ഷണമുടൽ കുളുർത്തഹോ! ചലിച്ചു സിരകൾ, രക്തം
വ്രണമുഖങ്ങളിൽ വാർന്നൂ വീതവേദനം.

സ്ഫുരിച്ചു ബാഷ്പബിന്ദുക്കളവൾക്കു വെൺകുടക്കണ്ണി-
ലുരച്ച ചെറുശംഖിൽത്തൂ മുത്തുകൾ പോലെ.

തിരിയേയവളുപഗുപ്തനെയൊന്നുപകാര-
സ്മരണസൂക്തങ്ങൾ പാടും മിഴിയാൽ നോക്കി.

ചരിതാർത്ഥനവനവൾ ചൊരിഞ്ഞോരശ്രുബിന്ദുകൈ-
വിരലാൽ തുടച്ചു വാങ്ങി നിവർന്നു നിന്നു.

പരം പിന്നെയുഴന്നെങ്ങും മിഴികളൊന്നുഴിഞ്ഞങ്ങ-
ത്വരയിലവൾ ജീവിച്ചശുദ്ധി തേടീടും

ക്ഷണത്തിൽ ചെന്നു ഞെരുങ്ങി പ്രപഞ്ചം നിന്നഹോ! ഹിമ-
കണത്തിൽ ബിംബിച്ചുകാണും കാനനം‌പോലെ.

പരിസരമതിലവൾ പിന്നെയും കണ്ടാൾ തന്നിഷ്ട-
പരിചാരികയാൽ വീണ്ടും പരിഗുപ്തങ്ങൾ.

അപാകൃതങ്ങളാകുമായംഗകങ്ങൾ, സ്വയം കർമ്മ-
വിപാക വിജ്ഞാന പാഠ പരിച്ഛദങ്ങൾ.

കൃതകോപനൊരു ശിശു കളിയിൽ ഭഞ്ജിച്ചെറിഞ്ഞ
പതംഗികാംഗങ്ങൾ പോലെ ദയനീയങ്ങൾ.

തിരിയെ നോക്കുന്നി,തവളതുകൾ സാകൂതമായും
നിരുദ്വേഗമായും ഹാ! നിർമ്മമതമായും

യമുനയിലിളംകാറ്റു തിരതല്ലി ശാഖ ചലി-
ച്ചമര സല്ലാപം കേൾക്കായരയാലിന്മേൽ;

താണുടനേ രണ്ടു നീണ്ട ഭാനു കിരണങ്ങളങ്ങു
ചേണിയന്ന കനകനി ശ്രേണിയുണ്ടാക്കി;

അതു നോക്കു കുതുകമാർ,ന്നമല വിസ്മയസ്മേര-
വദനയാമവൾക്കഹോ; ശാന്ത ശാന്തമായ്,

അർദ്ധ നിമീലിതങ്ങളായുപരി പൊങ്ങീ മിഴിക-
ളൂർദ്ധ്വലോക ദിദൃക്ഷയാലെന്ന പോലെ താൻ.

പാവക, നീ ജയിക്കുന്നു പാക വിജ്ഞാനത്താൽ നശ്യ-
ജ്ജീവലോകം തേടുമിന്നോ നാളെയോ നിന്നെ;

തൂലകർണത്തൊടില്ല നനഞ്ഞാൽ; ചൂടാൽ വരണ്ട
ബാല രംഭയെക്കർപ്പൂര ഖണ്ഡമാക്കും നീ!

പരിനിർവ്വാണയായ തൻ പ്രിയ സ്വാമിനിയെ നോക്കി-
പ്പരിചാരിക വാവിട്ടു വിളിച്ചു കേണു,

പരിചിലന്തസ്സമാധി ശിഥിലമാക്കിത്തിരിഞ്ഞ-
പ്പരമോദാരനവളെസ്സാന്ത്വനംചെയ്തു.

ഉപചയിച്ചംഗമേലാമുടനവർ കൊണ്ടുപോയ-
ങ്ങുപ നദീതടമൊരു ചിതമേൽ വെച്ചു.

ഉപരിയെന്തുരപ്പൂ! കേണുഴലുമത്തോഴി തന്നെ
ഉപഗുപ്തനൊരുവിധം പറഞ്ഞയച്ചു.

ഹാ! മിഴിച്ചു നിന്നവനങ്ങമ്മഥുരയിലെ മുഖ്യ-
കാമനീയകത്തിൻ ഭസ്മ കദംബം കണ്ടു!

ആ മഹാന്റെ കണ്ണിൽ നിന്നാച്ചാമ്പലിലൊരശ്രു കണം
മാമലകീ ഫലം പോലെ,യടർന്നു വീണു.

ഉൽക്കടശോകാതിക്തമല്ലോർക്കുകിലന്നയനാംബു,
ദുഃഖ സത്യജ്ഞനദ്ധീരൻ കരകയില്ല.

തൽകൃതാർത്ഥതാ സുഖത്തേൻവ തുള്ളിയല്ലതു,ജന്തുവി-
ന്നുൽക്രമണത്തിൽ മോദിക്കാ ഹൃദയാലുക്കൾ.

ക്ഷിപ്രസിദ്ധി കണ്ടു തൂർന്ന വിസ്മയ രസവുമല്ല-
തദ്ഭുത ചാപലം ഹേതു ദർശിയാർന്നിടാം.

കരുതാം മറ്റൊന്നല്ലതു 'കരുണ'തൻ കയത്തിലെ-
പ്പരിണതോജ്ജ്വലമുക്താ ഫലമല്ലാതെ.

ഉടനെയന്നു താൻ ചെയ്ത ശുഭകർമ്മത്തിൻ മഹത്ത്വം
കടുകോളം മതിയാതെ ഗളിതഗർവ്വൻ

ചുടുകാടു വിട്ടു പിന്നശ്ശുചിവ്രതൻ വന്നവഴി
മടങ്ങിപ്പോകുന്നു ചിന്താ മന്ദവേഗനായ്.

നമസ്കാരമുപഗുപ്ത, വരിക ഭവാൻ നിർവ്വാണ-
നിമഗ്നനാകാതെ വീണ്ടും ലോക സേവയ്ക്കായ്;

പതിത കാരുണികരാം ഭവാദൃശ സുതന്മാരെ
ക്ഷിതി ദേവിക്കിന്നു വേണമധികം പേരെ.

================================================

ചണ്ഡാലഭിക്ഷുകി
................................

ഭാഗം ഒന്ന്

പണ്ടുത്തര ഹിന്ദുസ്ഥാനത്തിൽ വൻ‌ പുകഴ്-
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ,
രണ്ടായിരത്തഞ്ഞൂറാണ്ടോളമായ് വെയിൽ
കൊണ്ടെങ്ങും വാകകൾ പൂക്കുന്നാളിൽ

ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു
വിച്ഛായമായ വെളിസ്ഥലത്തിൽ
കത്തുന്നൊരാതപജ്വാലയാലർക്കനെ
സ്പർദ്ധിക്കും മട്ടിൽ ജ്വലിച്ചു ഭൂമി

അദ്ദിക്കിലൂടെ കിഴക്കു നിന്നേറെ നീ-
ണ്ടെത്തുമൊരു വഴി ശൂന്യമായി
സ്വച്ഛതരമായ കാനൽ‌ പ്രവാഹത്തിൻ
നീർച്ചാലു പോലെ തെളിഞ്ഞു മിന്നി

ദൂരെപ്പടിഞ്ഞാറു ചാഞ്ഞ വിൺ‌ഭിത്തിയിൽ
നേരെയതു ചെന്നു മുട്ടും ദിക്കിൽ
ഉച്ചമായങ്ങൊരു വന്മരം കാണുന്നു
നിശ്ചലമായ കാർകൊണ്ടല്‍ പോലെ

നീലക്കല്ലൊത്തു മിനുത്തോരിലകൾ തൻ
മേലെ തൂവൈരത്തിൻ കാന്തി വീശും
ചണ്ഡാംശു രശ്മികളാലൊരു വാർവെള്ളി-
മണ്ഡലം ചൂടുന്നുണ്ടമ്മുകിൽ മേൽ

പച്ചിലച്ചില്ലയിൽ ചെപ്പടിപ്പന്തുപോൽ
മെച്ചമായ് പറ്റും ഫലം നിറഞ്ഞും
ഭൂരിശാഖാഗ്രഹത്താൽ വിണ്ണും വേടിൻ ചാർത്താൽ
പാരും വ്യാപിച്ചു പടർന്നു നിൽക്കും

പേരാൽ മരമാണതായതിൻ പത്രത്തിൻ
ചാരു തണലാർന്ന കൊമ്പുതോറും
ഘോരതപം ഭയപ്പെട്ടേറെപ്പക്ഷികൾ
സ്വൈരം ശരണമണഞ്ഞിരിപ്പൂ

ചൂടാർന്നു തൊണ്ട വരണ്ടിട്ടിവയൊന്നും
പാടാനൊരുങ്ങുന്നില്ലെന്നല്ലഹോ;
വാടിവലഞ്ഞു ഞരമ്പുതളർന്നിര-
തേടാനുമോർക്കുന്നില്ലി ഖഗങ്ങൾ

വട്ടം ചുഴന്നു പറന്നു പരുന്തൊന്നു
ചുട്ടുപോം തൂവലെന്നാർത്തിയോടും
ചെറ്റിട വേകും നടുവിണ്ണു വിട്ടിതാ
പറ്റുന്നുണ്ടാലിതിൻ തായ്കൊമ്പിന്മേൽ

വേട്ടയതും തുടങ്ങുന്നില്ലതിനെയും
കൂട്ടാക്കുന്നില്ല കുരുവി പോലും
ഹന്ത! തടിതളർന്നാർത്തി കലരുന്ന
ജന്തു നിസർഗ്ഗ വികാരമേലാ!

വ്യാസമിയന്നോരീയൊറ്റ മരക്കാട്ടിൻ
വാസാർഹമായ മുരട്ടിൽ ചുറ്റും
ഭാസിക്കുന്നുണ്ടു, തൊലിതേഞ്ഞ വൻ‌വേരാ-
മാസനം പാന്ഥോചിതമായേറെ,

ഓരോരിടത്തിൽ പൊതിയഴിച്ചുള്ള പാഴ്-
നാരുമിലകളുമങ്ങിങ്ങായി
പാറിക്കിടപ്പുണ്ടു, കാലടിപ്പാതക-
ളോരോന്നും വന്നണയുന്ന ദിക്കിൽ

മുട്ടും വഴികൾ തൻ വക്കിലങ്ങുണ്ടൊരു
കട്ടിക്കരിങ്കൽ ചുമടുതാങ്ങി;
ഒട്ടടുത്തായ് കാണുന്നുണ്ടൊരു വായ്ക്കല്ലു
പൊട്ടി വീണുള്ള പഴങ്കിണറും

നേരെ കിഴക്കേപ്പെരുവഴി വിട്ടുള്ളോ-
രൂരു പാതയുടെയിങ്ങു തന്നെ
ആരോ നടന്നു കുഴഞ്ഞു വരുന്നുണ്ടു;
ചാരത്താ, യാളൊരു ഭിക്ഷുവത്രേ

മഞ്ഞ പിഴിഞ്ഞു ഞൊറിഞ്ഞുടുത്തുള്ളൊരു
മഞ്ജു പൂവാടയാൽ മേനിമൂടി
മുണ്ഡനം ചെയ്തു ശിരസ്സും മുഖചന്ദ്ര-
മണ്ഡലം താനു മസൃണമാക്കി

ദീർഘവൃത്താകൃതിയാം മരയോടൊന്നു
ദീർഘമാം വാമഹസ്തത്തിലേന്തി
ദക്ഷിണ ഹസ്തത്തിലേലും വിശറിപ്പൊൻ-
പക്ഷമിളക്കിയൊട്ടൊട്ടു ദേവത പോൽ

ഓടും വിശറിയും വൃക്ഷമൂലത്തിൽ‌വ-
ച്ചാടൽ കലർന്നൊരു ഫുൽക്കരിച്ചു
ആടത്തുമ്പാലെ വിയർപ്പു തുടച്ചു ക-
ണ്ണോടിച്ചു യോഗി കിണറ്റിൻ നേരേ

അപ്പൊഴുതങ്ങൊരു പെൺകൊടിയാൽ ചെറു-
ചെപ്പുക്കുടമൊന്നരയ്ക്കു മേലിൽ
അഞ്ചിതമായ് വള മിന്നുമിടം കര
പിഞ്ചുലത കൊണ്ടു ചുട്ടിച്ചേർത്തും,

വീശും വലംകരവല്ലിയിൽ പാളയും
പാശവും ലീലയായ് തൂക്കിക്കൊണ്ടും
ചെറ്റു കുനിഞ്ഞു വലം ചാഞ്ഞ പൂമേനി
ചുറ്റിമറച്ചു ചെങ്കാന്തി തേടും

പൂഞ്ചേല തൻ തല പാർശ്വത്തിൽ പാറിച്ചും,
ചാഞ്ചാടിവയ്ക്കുമടിത്തളിരിൽ
ലോലപ്പൊന്‍ പാദസരത്തിലെക്കിങ്കിണീ
ജാലം കിലുങ്ങി മുഴങ്ങുമാറും

മന്ദമടുത്തുള്ളോരൂരിൽ നിന്നോമലാൾ
വന്നണയുന്നു വഴിക്കിണറിൽ
കാക്കയും വന്നൂ പനമ്പഴവും വീണെ-
ന്നാക്കമാർന്നൂ ഭിക്ഷു ശുഷ്ക്ക കണ്ഠൻ;

സത്തർക്കഴലിലഥവാ തുണയ്ക്കുവാ-
നെത്തും നിയതിയോരോ വടിവിൽ!

ഭാഗം രണ്ട്

തൂമതേടും തൻ‌പാള കിണറ്റിലി-
ട്ടോമൽ ക്കൈയാൽ കയറു വലിച്ചുടൻ
കോമളാംഗി നീർ കോരി നിന്നീടിനാൾ
ശ്രീമാനബ്ഭിക്ഷുവങ്ങു ചെന്നർത്ഥിച്ചാൻ;

“ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ
ഓമലേ, തരു തെല്ലെ”ന്നതു കേട്ടൊ-
രാ മനോഹരിയമ്പരന്നോതിനാൾ:-

“അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ?
നീചനാരി തൻ കൈയാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ?

കോപമേലരുതേ; ജലം തന്നാ‍ലും
പാപമുണ്ടാ,മിവളൊരു ചണ്ഡാലി;
ഗ്രാമത്തിൽ പുറത്തിങ്ങു വസിക്കുന്ന
‘ചാമർ’ നായകൻ തന്റെ കിടാത്തി ഞാൻ

ഓതിനാൻ ഭിക്ഷുവേറ്റ വിലക്ഷനായ്
“ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,
ചോദിക്കുന്നു നീർ നാവുവരണ്ടഹോ!
ഭീതിവേണ്ടാ; തരികതെനിക്കു നീ”

എന്നുടനെ കരപുടം നീട്ടിനാൻ
ചെന്നളിന മനോഹരം സുന്ദരൻ
പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ;
തന്വിയാണവൾ കല്ലല്ലിരുമ്പല്ല!

കറ്റക്കാർക്കൂന്തൽ മൂടിത്തലവഴി
മുറ്റുമാസ്യം മറഞ്ഞു കിടക്കുന്ന
ചാരു സാരിയൊതുക്കിച്ചെറുചിരി
ചേരും ചോരിവാ ചെറ്റു വിടർത്തവൾ

പാരം വിസ്മയമാർന്നു വിസ്ഫാരിത
താരയായ്ത്തെല്ലു നിന്നു മയ്ക്കണ്ണിയാൾ
ചോരച്ചെന്തളിരഞ്ചുമരുണാംശു
പൂരത്താൽ ത്തെല്ലു മേനി മൂടിപ്പുലർച്ചയിൽ

വണ്ടിണ ചെന്നു മുട്ടി വിടർന്ന ചെ-
ന്തണ്ടലരല്ലി കാട്ടി നിൽക്കും പോലെ
പിന്നെക്കൈത്താർ വിറയ്ക്കയാൽ പാളയിൽ
ചിന്നി നിന്നു തുളുമ്പി മനോജ്ഞമായ്

മദ്ധ്യം പൊട്ടി നുറുങ്ങി വിലസുന്ന
ശുദ്ധകണ്ണാടി കാന്തി ചിതറും നീർ
ആർത്തിയാൽ ഭിക്ഷു നീട്ടിയ കൈപ്പൂവിൽ
വാർത്തു നിന്നിതേ മെല്ലെക്കുനിഞ്ഞവൾ

പുണ്യശാലിനി, നീ പകർന്നീടുമീ
തണ്ണീർ തന്നുടെയോരോരോ തുള്ളിയും
അന്തമറ്റ സുകൃതഹാരങ്ങൾ നി-
ന്നന്തരാത്മാവിലർപ്പിക്കുന്നുണ്ടാവാം;

ശിക്ഷിതാത്മ നിർവ്വാണരീലഗ്ര്യ നീ;
ഭിക്ഷുവാരെന്നറിവീല ബാലേ നീ;
രക്ഷാദക്ഷമാം തൽ പ്രസാദം, നിന്നെ-
പ്പക്ഷേ വേറാളായ് മാറ്റുന്നുമുണ്ടാവാം

അഞ്ജലിരുന്നിലർപ്പിച്ച തന്മുഖ-
കുഞ്ജം ഭിക്ഷു കുനിഞ്ഞു നിന്നാർത്തിയാൽ,
വെള്ളിക്കമ്പി കണക്കെ തെളിഞ്ഞതി-
നുള്ളിൽവീഴും കുളിർ വാരിതൻ പൂരം

പാവനം നുകരുന്നു തൻ ശുദ്ധമാം
ഭാവി വിഞ്ജാന ധാരയെന്നോർത്ത പോൽ;
ആ മഹാർനാർന്ന സംതൃപ്തി കണ്ടഹോ!
കോൾമയിർക്കൊണ്ടു നിൽക്കുന്നു പെൺകൊടി

ആമയംതീർന്നു; പോരും നീരെന്നവൻ
വാമഹസ്തമുയർത്തി വിലക്കുന്നു
സാദം തീർന്നു സിരകളുണർന്നുടൻ
മോദമാന മുഖാംബുജ ശ്രീയൊടും

ഭിക്ഷുവര്യൻ നിവർന്നു കടചോന്നു
പക്ഷ്മളങ്ങളാം നീണ്ട മിഴികളാൽ
നന്ദിയോലവേ, തന്നു പകർത്തിയാം
സുന്ദരാംഗിയെ നോക്കിയരുൾ ചെയ്തു;

“നിർവ്വാണനിധി കണ്ട മഹാസിദ്ധൻ
സർവ്വലോകൈക വന്ദ്യൻ ദയാകുലൻ
ഗുർവ്വധീശനനുഗ്രഹിക്കും നിന്നെ-
പ്പർവ്വചന്ദ്രവദനേ, ഞാൻ പോകുന്നു”

എന്നു വീണ്ടുമായാൽക്കടലാക്കാക്കി
യുന്നതൻ ശാന്ത ഗംഭീരദർശനൻ
ചെന്നവിടെയച്ഛായാ തലത്തിൽ
ചൊന്ന ദിക്കിലിരിപ്പായി സൌഗതൻ

മന്ദം കാട്ടറവെത്തിദ്ദാഹം, തീർത്തു
കന്ദരം പൂകും കേസരി പോലവൻ
പിന്നെച്ചെമ്മേയങ്ങാസനം ബന്ധിച്ചു
ധന്യൻ ധ്യാനമിയന്നു വിളങ്ങിനാൻ

ഫൽഗു തീർത്തരയാൽത്തണലിൽ തൻ
സദ്ഗുരുവായ മാരജിത്തെന്നപോൽ
തൻ‌കുടവും നിറച്ചു തുടച്ചതു
മങ്കമാർമണി മാറ്റിവച്ചങ്ങവൾ,

നീളമേലും കയറുചുരുട്ടിയ
പ്പാളയിൽ ചേർത്തു സജ്ജമാക്കീടിനാൾ
പോകുവാനോങ്ങിയെങ്കിലും പെൺകിടാ-
വാഞ്ഞങ്ങൊട്ടലസയായ് ചുറ്റിനാൾ

അന്തികത്തിങ്കൽ പൂത്തു മനോജ്ഞമായ്
അന്തി വാനിന്നകന്നോരു കോണുപോൽ
ചന്തമാർന്നങ്ങു നിൽക്കും ചെറുവാക-
തൻ തണലിലണഞ്ഞാൾ മനോഹരി

ചാരത്തെത്തിയോരോമനപ്പൂങ്കുല
പാരാതാഞ്ഞൊടിച്ചായതു നോക്കിയും
ചാരുനേത്ര മരത്തിലിടത്തു തോൾ
ചാരിച്ചാഞ്ഞു ചരിഞ്ഞ മിഴികളാൽ

ദൂരെ മേവുന്ന ഭിക്ഷുവിനായ് കരും-
താരണിമാല മോഘമായ് നിർമ്മിച്ചും
പാരിലൊറ്റ കാലൂന്നി നിലകൊണ്ടാൾ
മാരദൂതി പോൽ തെല്ലിട സുന്ദരി


ഭാഗം മൂന്ന്

വെയിൽ മങ്ങി, ചൂടുമൊട്ടൊട്ടൊതുങ്ങി
സ്വയമെഴുന്നേറ്റുടൻ ഭിക്ഷു പോയി
വിലയേറുമെന്തോ കളഞ്ഞു കേഴും
നിലയാർന്നബ്ബാലയും വീടുപൂകി

അവൾ പിന്നെയത്യന്ത ഖിന്നയായി
അവശയായ് പ്രത്യക്ഷ ഹേതുവെന്യേ
അഴുതവൾ കോണിലൊതുങ്ങിയെങ്ങും
പൊഴുതു പോകാതായി ബുദ്ധിമുട്ടി

ചിറകറ്റ മിന്നാമിനുങ്ങു പോലെ
യറുപകൽ നീങ്ങിയിഴഞ്ഞിഴഞ്ഞു
പൊറുതിയുണ്ടായില്ല രാവിലമ-
ച്ചെറുമിയന്നുണ്ടില്ലുറങ്ങിയില്ല

അഴകേറും ഭിക്ഷുവുമപ്പേരാലും
വഴിയും കിണറും പരിസരവും
ഒഴിയാതവളഹോ മുമ്പിൽ കണ്ടു
മിഴിയടച്ചെന്നാലുമല്ലെന്നാലും

തനിയെ തുടർന്നെഴും ചിന്ത നിർത്താൻ
തനു ഗാത്രിയാളായില്ലെന്നല്ലഹോ,
നിനവും കിനാവുമഭിന്നമായി
മനതാർ കുഴങ്ങി വലഞ്ഞു ബാല

നെടുരാത്രി നീങ്ങാഞ്ഞു നിർവ്വേദത്താൽ
പിടയും തൻ ശയ്യയിൽ പേലവാംഗി
ഝടുതിയെഴുന്നേറ്റവളിരിക്കും
ഉടനേ പോയ് വാതിൽ തുറന്നുനോക്കും

ഇരവിനെ നിന്നു ശപിക്കും തന്വി
തിരിയെക്കിടക്കയിൽ പോയി വീഴും
വിരഞ്ഞിതവൾ ഭൂത പീഡയാലോ
ജ്വര സംഭ്രമത്താലോയെന്നവണ്ണം

അറയിൽത്താനേകയായിപ്രകാരം
പറവാനാകാത്തൊരീയാമയത്താൽ
ശബളിത ഭാവയിവളകമേ
വിപുലമാം പുണ്യ വികാസത്താലേ

ശബരാലയത്തിന്നിരുട്ടറയിൽ
സപദിയൊതുങ്ങാതുഴൽകയാവാം
കുറുനരിയും പിന്നെയ കൂമൻ‌ താനു-
മറിയിക്കും യാമങ്ങളെണ്ണിയെണ്ണി

പറയ വനിത പൂങ്കോഴി കൂവും
തിറമെഴും കാഹളം കേൾക്കയായി
ശയനം വെടിഞ്ഞു നനഞ്ഞു വീർത്ത
നയനാംബുജങ്ങൾ തുടച്ചു തന്വി;

ഉടനെ മുറി തുറന്നുമ്മറത്തൊ-
രടി വെച്ചൊട്ടാഞ്ഞു വെളിക്കു നോക്കി
പടിമേലവൾ തെല്ലിരുന്നു പിന്നെ
നെടുവീർപ്പിട്ടൊട്ടു മുറ്റത്തിറങ്ങി,

ഉടയോരുണർന്നു കാണുമ്മുമ്പെങ്ങോ
വിടകൊള്ളാനോങ്ങുന്ന പോലെ തന്നെ
പരിചിലവൾ നട വിട്ടു പോന്ന-
പ്പുരയുടെ പിന്നിലൊതുങ്ങി നിന്നു

പുറവേലി തൻ പടർപ്പിന്മേലപ്പോൾ
ചെറു വണ്ണാത്തിപ്പുള്ളുണർന്നു പാടി,
തളിർ വിടർന്നുള്ള മരം തലോടി
ക്കുളിർവായുവൂതി കിഴക്കു നിന്നും;

പ്രവിരള താരയാം പൂർവ്വ ദിക്കിൻ
കവിളും വിളറിത്തുടങ്ങി മെല്ലെ
നടകൊണ്ടുടനെയവിടെനിന്ന-
ങ്ങിടവഴിയെത്തുന്നു കാതരാക്ഷി,

ഇടരാർന്നു വീണ്ടും തിരിഞ്ഞു നിന്നു
ഝടുതി വീക്ഷിക്കുന്നു സ്നേഹശീല
ഒടുവിൽ ജനിച്ചഹോ താൻ വളർന്ന
കുടിലോടു യാത്ര ചോദിക്കുമ്പോലെ

ഉഴറിത്തിരിഞ്ഞുടനോമലാളാ-
വഴിയേ വരുന്നു കിണറ്റരികിൽ
സ്ഫുടമിവൾ നീരിനല്ലിപ്പോൾ പോന്നു;
കുടമില്ല, സന്നാഹമൊന്നുമില്ല

അതുമല്ലവളങ്ങു ചുറ്റും തെണ്ടി
വിധുരയായ് ഭിക്ഷുവിൻ പാദമുദ്ര
ക്ഷിതിയിൽ കണ്ടാശു സൂക്ഷിച്ചുനോക്കി
നിധിചോര പോലെ കുനിഞ്ഞിരുന്നു

യതിവര്യൻ തണ്ണീരിനായ്ത്തലേന്നാ-
ളെതിരേ നീട്ടിക്കണ്ട കൈത്താർ തന്റെ
മൃദുപാടലാഭ തന്നോർമ്മ നൽകും
പ്രതിനവാർക്കാംശുക്കൾ തട്ടിച്ചോന്നു

പുതുരക്തമോടി വിളങ്ങും സാക്ഷാൽ
പദമലർ താനതെന്നാർത്തിയാലെ
പുളകിത ഗണ്ഡയായ് താണു ഭൂവി-
ലളകാഞ്ചലം വീണടിയുമാറും

അധരം തുടുത്തു തുളുമ്പുമാറും
അതിനെയിതാ തന്വി ചുംബിക്കുന്നു
വിരവിലെഴുന്നേറ്റുടൻ നടന്ന-
പ്പെരുവഴിയെത്തുന്നു പേശലാംഗി;

പദമുദ്ര വേർതിരിയാതെയങ്ങു
പതറുന്നു പെൺകൊടി ദൂരെയെത്തി
യതി പുംഗവന്റെ വഴി തുടർന്നീ-
മതിമുഖി പോകയാം തർക്കമില്ല

അഴലാർന്നിവളഹോ സ്വാമി തന്റെ
വഴിയോരും ശ്വാവിന്റെ നാസയ്ക്കേലും
അനഘമാം ശക്തിയില്ലാഞ്ഞിദാനീ-
തനതിന്ദ്രിയത്തെശ്ശപിക്കുന്നുണ്ടാം

അഴകിൽ പൂർവ്വാഹ്നശ്രീ തങ്കച്ചാറാൽ
മെഴുകുന്നോരപ്പാതയുടെ പിന്നേ
വഴിപോക്കർ ചൊല്ലിയറിഞ്ഞു വേഗം
പിഴയാതെ ശ്രാവസ്തി പട്ടണത്തിൽ

പരിശുദ്ധ ജേതൃ വനവിഹാര-
പരിസര രഥ്യയിലെത്തി ബാല
ഇടയിടെപ്പൂമര വൃന്ദമില്ലി-
പ്പടരിവതിങ്ങും വൻ‌വേലി ചൂഴ്ന്നു

കരിവാർശിലയാൽ തീർത്തുള്ള രണ്ടു
കരിവരർ കാക്കും പൂങ്കാവിൻ ദ്വാരം
അരികിലവൾ കണ്ടിതുള്ളിലോരോ
വരമന്ദിരാരാമ വൃന്ദത്തോടും

ഇരുപുറവുമത്തി, തേന്മാവു, ഞാവൽ
അരയാൽ മുതലാ തരു നിരകൾ
സുരുചിരച്ഛായം വളർന്നു ശാന്ത-
പരിമോഹനമാം നടക്കാവിലൂടെ

അവളുള്ളിൽപ്പോയന്തർ മന്ദിരത്തിൽ
നിവസിക്കും ഭിക്ഷുക്കൾ തന്നെക്കണ്ടാൾ
വിവരങ്ങൾ ചോദിച്ചാളങ്ങങ്ങെത്തി
യവഗത സങ്കോചം ഗ്രാമകന്യ

വിദിത സമസ്നേഹരാജ്യലൿഷ്മി
സദനമതാർക്കും തറവാടല്ലോ
അകലെ നിന്നെത്തുമിവളങ്ങുള്ളോ-
രകളങ്കർക്കമ്പേലും പെങ്ങളല്ലോ?

മുകിൽ‌വേണിക്കസ്ഥല മാഹാത്മ്യം താൻ
പകുതി മോഹം തീർത്തിരിക്കുമിപ്പോൾ
പരിസരശക്തിഗുണത്താൽ മർത്ത്യർ
പരിശുദ്ധരാകും പാപിഷ്ഠർപോലും

ജഗദേക ധർമ്മപിതാവു സാക്ഷാൽ
ഭഗവാൻ തഥാഗതൻ സാന്നിദ്ധ്യത്താൽ
അരിയ വിഹാരമതന്നുപാരം
പരിപാവനമാക്കിച്ചെയ്തിരുന്നു

ഗുരുദേവരെക്കാണ്മാൻ പൂർവ്വാരാ‍മ-
വരവിഹാരത്തിൽ നിന്നിങ്ങുപോരും
സുവിദിതൻ “ആനന്ദ”ഭിക്ഷുവത്രേ
അവൾ തണ്ണീർ നൽകിയ യാത്രക്കാരൻ

വിവരമറിഞ്ഞവൾ തന്നെദ്ദേവൻ
സവിധത്തിലമ്പിയന്നാനയിച്ചാൻ
അവളജ്ഞ ചണ്ഡാല ബാലയെങ്ങാ-
ബ്ഭുവന ഗുരുപാദരെങ്ങു പാർത്താൽ !

ഗുരു ലഘു ഭേദമതിഥികളിൽ
പരമോദാരന്മാർ കാണ്മീല നൂനം
മണി മണ്ഡപത്തിന്റെ പൂമുഖത്തിൻ
ക്ഷണമെഴുന്നള്ളി നിന്നീടും രൂപം

പരമവൾ കണ്ടിതു ഭിക്ഷു വേഷം
പുരുഷ സൌന്ദര്യത്തിൻ പൂർണ്ണാഭോഗം
സുഭഗനാനന്ദൻ മിന്നാമിനുങ്ങായ്
പ്രഭമങ്ങുമത്ഭുത തേജഃപുഞ്ജം

പതറീ ഹൃദയം വിറച്ചു പൂമെ-
യ്യെതിരേ മഹാത്മാവെക്കണ്ടു ഞെട്ടി
അവിദിതാചാര മാതംഗ കന്യ
അവശയായ് സംഭ്രമമാർന്നു നിന്നു

പുതുദീപം മുമ്പിൽ പതംഗിപോലെ
കതിരവൻ മുമ്പിൽ ധരിത്രിപോലെ
നിഗമ രത്നത്തിന്റെ മുൻപിൽ യുക്തി-
വികലമാം പാമരവാണി പോലെ

അചലമാം ബോധം മുമ്പപ്രഗത്ഭ-
വിചികിത്സ പോലെയും, വിഹ്വലാംഗി
അതു കണ്ടകമലിഞ്ഞോരു ദേവ-
നതി വിശ്വാസം ബാലയ്ക്കേകും വണ്ണം

സദയം തൻ തൃക്കണ്ണവളിൽ ചാഞ്ഞു
മൃട്ടുലസ്ഫീതാർദ്രയായ് മംഗളമാം
അധര മലർ വഴി വാക്ക്‌ സുധകൾ
മധുര ഗംഭീരമായൂർന്നൊഴുകി-

“മകളെ, നീ പോന്നതു ഭംഗിയായി
സകലമറിഞ്ഞു നാം കാര്യം ഭദ്രേ!
അനഘനാനന്ദനു തണ്ണീർനൽകി
ക്കനിവാർന്നു വത്സേ! നീ ദാഹം തീർത്തു;

ജനിമരണാർത്തിദമാകും തൃഷ്ണ-
യിനി നിനക്കുണ്ടാകാതാകയാവൂ”
അവളുടെ ഭാവമറിഞ്ഞു പിന്നെ
സ്സുവിമല ധർമ്മോപദേശം ചെയ്തു

അവളെത്തൻ ഭിക്ഷുകീ മന്ദിരത്തിൽ
നിവസിച്ചു കൊൾവാനുമാജ്ഞാപിച്ചു;
തിരിയേയകത്തെഴുന്നള്ളിനാന-
ന്നിരുപാധിക കൃപാവാരി രാശി

അരിയ നീർത്താർമൊട്ടേ, നിൻ തലയിൽ
സ്ഫുരിതമാം തൂമഞ്ഞിൻ‌ തുള്ളി തന്നിൽ
അരുണൻ നിർമ്മിച്ചൊരപ്പത്മരാഗം
പൊരുളാകില്ലീയർക്കദീപ്തി തന്നിൽ

അതുമല്ല മൂത്തേലും ബിന്ദു മാഞ്ഞു
സുധയൂറും നിൻ‌ കരൾക്കാമ്പിൽ മെല്ലെ;
ദിവസം പുലർന്നു വിടർന്നിനി നീ-
യവികുല ശോഭ വഹിക്കും പൂവേ

ഭാഗം നാല്

“ഭിക്ഷുണീ” മന്ദിരം തന്നിൽ ബുദ്ധ-
ശിക്ഷിത വാണു മാതംഗി
ഭൂഷണമൊക്കെ വെടിഞ്ഞു, ബാല
തോഷിച്ചു കൂന്തലരിഞ്ഞു

ശേഷം “ശ്രമണി”മാരേലും ശുദ്ധ
വേഷം ശരിയായണിഞ്ഞു
അഷ്ടാംഗമാം ധർമ്മ മാർഗ്ഗം, ബാല
കഷ്ടതയെന്നി ധരിച്ചു

പാവന മൈത്രി മുതലാം ചിത്ത
ഭാവന മൂന്നും ശീലിച്ചു
ആനന്ദ നിർവ്വാണം ചെയ്യൊ കാമ-
ധേനുവാം ധ്യാനം ഗ്രഹിച്ചു

നിർമ്മല ശീലമാരാകും അന്യ
ധർമ്മ ഭഗിനിമാരൊപ്പം
സമ്മോദം സ്നാനാശനാദികളിൽ
ചെമ്മേയിണങ്ങി രമിച്ചു

കൃത്യങ്ങൾ കാലം തെറ്റാതെ, അവൾ
പ്രത്യഹം ചെയ്യു മാഴ്കാതെ
നേരത്തെയേറ്റു നിയമം, കഴി
ഞ്ഞാരാമ പീകും കൃശാംഗി

സ്നിഗ്ദ്ധ ശിലകൾ പടുത്തു പരി
മുഗ്ദ്ധമാം കല്പടയാർന്നു
താമര പൂത്തു മണം വീശുന്ന-
ല്ലോമൽ നീരേലും കുളത്തിൽ

കൈയ്യിൽ ചെറുകുടം താങ്ങി, മറ്റു
തയ്യൽമാരോടൊത്തിറങ്ങി
കോരും ജലമവൾ, പോയി,ച്ചെന്നു
ചാരു മഹിളാലയത്തിൻ

മുറ്റത്തെഴുന്ന പൂവല്ലി, നിര
മുറ്റും രസത്തിൽ നനയ്ക്കും
പാവനശീലയാൾ പിന്നെ,ദ്ദന്ത-
ധാവന ചെയ്തു നീരാടും

ചായം പിഴിഞ്ഞ വസനം, തല്ലി
ക്കായാനിട്ടന്യ മണിയും
വായ്ക്കും കൂതുഹലമാർന്നു നല്ല
പൂക്കളിറുത്തവൾ ചെന്നു

ശ്ലാഘ്യരാം ധർമ്മ മാതാക്കൾ , തന്റെ
കാൽക്കൽ വച്ചമ്പിൽ വണങ്ങും
ശ്രദ്ധയാർന്നങ്ങിരുന്നോരോ ധർമ്മ
തത്വങ്ങൾ ബാല ശ്രവിക്കും.

മദ്ധ്യാഹ്നമായാൽ വിളമ്പീടുംനൽ
ശുദ്ധമാം ‘ഭിക്ഷ’ യശിക്കും
ഇങ്ങനെ കാലം‌നയിച്ചു, സ്നേഹം
തിങ്ങുമാ ധർമ്മാലയത്തിൽ

ഏകാന്ത സൌഖ്യമായ് ബാല, സ്നേഹം
ലോകാന്തരമാർന്ന പോലെ
അമ്മന്ദിരത്തിൽ വസിക്കും പല
മേന്മയെഴും രാജ്ഞിമാർക്കും

ബ്രാഹ്മണ ‘ഭിക്ഷുണി’മാർക്കു, വൈശ്യ
മാന്മിഴിമാർക്കുമല്ലാർക്കും
കൂറും ബഹുമതിതാനും ദിനം
തോറുമിവളിൽ വളർന്നു

ഏറു ഗുണം കണ്ടവൾമേൽ പ്രീതി
യേറി ഭഗവാനും മേന്മേൽ
ഹാ! കാമ്യമാമീ നഭസിൽ ഒരു
കാർകൊണ്ടൽ വന്നു കേറുന്നു;

ലോകമേ, നിൻ‌ ജഠരത്തിൽ ഇല്ല
ഏകാന്തതയൊരിടത്തിൽ
അന്തികത്തന്നഗരത്തിൽ ഈ ന-
ല്ലന്തരത്തിൽ തരം‌നോക്കി

അന്തരണരിൽ ചില പേരേ ഈർഷ്യ
ഹന്ത! തൻ കോമരമാക്കി
“നിർണ്ണയം കാലം മറിഞ്ഞു വര
വർണ്ണിനീ ധർമ്മമഠത്തിൽ

മുണ്ഡനം ചെയ്കയാലിന്നു ശുദ്ധ
ചണ്ഡാലി കേറി സമത്തിൽ
താണ ചെറുമിയൊന്നിച്ചായ് അവർ
ക്കൂണുമിരിപ്പും കിടപ്പും;

കാണി കൂസാതായി വെപ്പും ശാസ്ത്ര
വാണിയും നാട്ടിൽ നടപ്പും;
പാരിൽ യജ്ഞങ്ങളില്ലാതായ് ദേവ-
ർക്കാരാധനകളില്ലാതായ്;

ആരും പഠിക്കാതെയായി വേദം
പോരെങ്കിൽ ജാതിയും പോയി.”
ഇങ്ങനെയൊക്കെയുരച്ചും അതിൽ
തങ്ങും വിപത്തു വർണ്ണിച്ചും

അഗ്രഹാരം തോറുമെത്തി അവർ
വ്യഗ്രരായ് വാർത്ത പരത്തി
ക്ഷത്രിയ ഗേഹത്തിൽ ചെന്നു കാര്യ-
മത്രയും കേൾപ്പിച്ചു നിന്നു

ചെട്ടിമാരെച്ചെന്നിളക്കി വാർത്ത
പട്ടണമെങ്ങും മുഴക്കി
എന്തിനു വിസ്തരിക്കുന്നു ജന-
മെന്തെന്നില്ലാതെയുഴന്നു

പെട്ടെന്നമാത്യരറിഞ്ഞു കഥ
കൊട്ടാരമെത്തിക്കഴിഞ്ഞു
വാദരായ് മന്ത്രിസഭയിൽ കാര്യം
ഖേദമായ് മന്നവനുള്ളിൽ

ധന്യൻ പ്രസേനജിത്തെന്നു പുകഴ്
മന്നിലെഴും ബുദ്ധ ഭക്തൻ
കല്പിച്ചിതോർത്തന്നൃപാ‍ലൻ പിന്നെ
സ്വപ്രജാരഞ്ജനലോലൻ;

“സംഘാരാമത്തിൽ ഭഗവൽ, പദ
പങ്കജത്തിൽ തന്നെയെത്തി
ശങ്ക ഉണർത്താമതല്ലാ,തുണ്ടോ
സങ്കടത്തിന്നു നിവൃത്തി?

സർവ്വജ്ഞനല്ലോ ഭഗവാൻ ധർമ്മം
നിർവ്വചിക്കേണ്ടതങ്ങല്ലോ”
പിന്നെത്തിരുവിഹാരത്തിൽ ദൂത
തന്നിശ്ചയം ചെന്നുണർത്തി

വേഴ്ചയിൽ സമ്മതം വാങ്ങി, കൂടി
ക്കാഴ്ചയ്ക്കെല്ലാരുമൊരുങ്ങി
പിറ്റേന്നപരാഹ്നമായി, വിണ്ണു
പറ്റിപ്പടിഞ്ഞാറു നിന്നു

മന്നിന്‍ മലിന മുഖത്തിൽ നിത്യം
പൊന്നിൻ പൊടി പൂശും ദേവൻ
ദൂരെക്കിഴക്കേ നിരത്തിൽ ഉടൻ
തേരൊലി കേട്ടു തുടങ്ങി

മങ്ങും ദിനജ്വാല മേലേ പൊടി
പൊങ്ങി വാനിൽ പുകപോലെ
ഓരോ വഴിയായ് ഞെരുങ്ങിജ്ജന
മാരാമ ദ്വാരത്തിൽ തിങ്ങി;

ഉൽക്ഷിപ്ത ഖഡ്ഗം തിളങ്ങും അംഗ-
രക്ഷകർ സാദി ഭടന്മാർ
തൽക്ഷണം വാതുക്കലെത്തി, മാർഗ്ഗ-
വിക്ഷോഭം മെല്ലെയൊതുക്കി

സംഘാരാമത്തിൽ വളർന്ന വൃക്ഷ-
സംഘത്തിൽ ഛായാഗണങ്ങൾ
എത്തുമതിഥി ജനത്തെ, സ്വയം
പ്രത്യുദ്ഗമിക്കുന്ന പോലെ

ദുർവ്വാഭിരാമച്ഛവിയിൽ നീണ്ടു
പൂർവ്വ മുഖങ്ങളായ് നിന്നു
ഉള്ളിലത്തെ നടക്കാവിൽ, കാറ്റിൽ
തുള്ളും മരങ്ങൾ നടുവിൽ

കോമളമായ് മേൽ കുറുക്കേ ചേർത്ത
ചേമന്തിപ്പൊന്തോരണത്തെ
ചാലവേ ചാഞ്ഞൊഴുകും രശ്മി
മാല ബഹുലീകരിച്ചു

ഒപ്പമായ്ത്തല്ലിമിനുക്കി,യെങ്ങും
നല്‍പ്പനിനീരാൽ നനച്ചു
പുഷ്പദല കൃതമാമംഗല-
ശില്പമേർന്നാരാവടിയേ

ആനന്ദ ഭിക്ഷുവുദാരൻ, ശിഷ്യ-
സാനുഗനാ,യെതിരേല്പാൻ
ചെന്നുടൻ വാതുക്കൽ നിന്നു നൃപ
സ്യന്ദനവും വന്നണഞ്ഞു

അന്യോന്യമാചാരം ചെയ്തു, പിന്നെ
മന്നവൻ തേർവിട്ടിറങ്ങി
പുക്കിതു പുണ്യാരാമത്തിൽ പൌര
മുഖ്യ സചിവ സമേതൻ

ജോഷം നടന്നു നരേന്ദ്രൻ മിത-
ഭൂഷൻ മിത പരിവാരൻ
പാടി നടന്നിതൊളിവിൽ മാവിൻ
വാടിയിൽ പൂങ്കുയിൽ വൃന്ദം

മഞ്ഞക്കിളി മിന്നൽ‌പോലെ, ഞാവൽ
കുഞ്ജങ്ങളുള്ളിൽ പറന്നു
പാലമേൽ പാതി കരേറി അണ്ണാൻ-
വാലുയർത്തിത്തെല്ലിരുന്നു

കൂടെക്കൂടെത്തിരുമേനി തിരി-
ഞ്ഞോടിച്ചു കണ്ണിതിലെല്ലാം
ഉള്ളിൽ ത്തൈമാതളത്തോപ്പിൽ തൊണ്ടു-
വിള്ളും ഫലങ്ങളിൽ നിന്നും

മാണിക്യ ഖണ്ഡങ്ങൾകൊത്തി,ത്തിന്നൊ
ട്ടീണം കലർന്ന ശുകങ്ങൾ
“ബുദ്ധം ശരണം ഗച്ഛാമി: എന്ന
സങ്കേതം പാടിപ്പറന്നു

ഇമ്പം കലർന്നതു കേട്ടു ഭക്തൻ
തമ്പുരാൻ രോമാഞ്ചമാർന്നു
തൽ‌ക്ഷണമെല്ലാരുമെത്തി,യങ്ങാ
സാക്ഷാൽ സുഗത നികേതം

ഉള്ളറതൻ മറ മാറ്റി,യെഴു
ന്നെള്ളി ഭഗവാൻ വെളിയിൽ
പൊൻ‌മുകിൽച്ചാർത്തുകൾ നീക്കി,യുദി
ച്ചുന്മുഖനാം രവി പോലെ!

വീണു വണങ്ങി നൃപാലൻ, മൌലി
മാണിക്യ  ദീപിതശാലൻ
ഒട്ടു ഭഗവാനുയർത്തീ മഞ്ഞ-
പ്പട്ടാട തൂങ്ങും പൊൻ‌കൈകൾ

മിന്നി ക്ഷണം കൂറ പാടി,നിൽക്കും
പൊന്നിൻ‌ കൊടിമരം‌ പോലെ
പിന്നെ വിചിത്രാസ്തരത്തിൽ ദേവൻ
മന്നവൻ തന്നെയിരുത്തി

താനും വിരിപ്പിലിരുന്നാൻ ശുദ്ധ
മേനിയേറും പൂന്തളത്തിൽ
മറ്റു ജനങ്ങളും വന്നു വന്ദി
ച്ചുറ്റതാം സ്ഥാനത്തിരുന്നു

കോലായിലുമാസ്തൃതമായ് വ്യാസ
മേലും തിരുമുറ്റമെങ്ങും
ശാലതൻ വാമപാർശ്വത്തിൽ, ഖ്യാതി
കോലും ശ്രമണിമാർ തങ്ങി;

ദക്ഷിണ പാർശ്വത്തതുപോൽ പോന്നു
ഭിക്ഷുവര്യന്മാരിരുന്നു
അന്തിപ്പൊന്മേഘാംബരമാർന്നൊളി
ചിന്തുന്ന താരങ്ങൾ പോലെ

മദ്ധ്യത്തിൽ വീരാസനസ്ഥൻ,പരി-
ബദ്ധാസ്യ തേജോവലയൻ
ബുദ്ധൻ തിരുവടി തന്നെ, നൃപ-
നുത്തരളാശയൻ നോക്കി

സംഗതി തന്റെ ലഘുത്വം കൊണ്ടു
ഭംഗുര കണ്ഠനായ് മൌനം
കൈക്കൊള്ളും ഭൂപനെ നോക്കി, സ്വയ-
മക്കൃപാത്മാവരുൾ ചെയ്തു;-

‘വത്സ, മാതംഗിയെച്ചൊല്ലി, വിചി-
കിത്സയല്ലല്ലി വിഷയം?
എന്തു പറവൂ! എന്തോർപ്പൂ ജാതി
ഹന്ത വിഡംബനം രാജൻ!

ക്രോധിച്ചു ജന്തു പോരാടും സ്വന്ത-
നാദത്തിൻ മാറ്റൊലിയോടും
വല്ലിതന്നഗ്രത്തിൽ നിന്നോ, ദ്വിജൻ
ചൊല്ലുക മേഘത്തിൽ നിന്നോ

യാഗാഗ്നി പോലെ ശമിതൻ, ഖണ്ഡ-
യോഗത്തിൽ നിന്നോ ജനിപ്പൂ?
അജ്ജാതി രക്തത്തിലുണ്ടോ,അസ്ഥി
മജ്ജ,യിതുകളിലുണ്ടോ?

ചണ്ഡാലി തന്മെയ് ദ്വിജന്റെ, ബീജ-
പിണ്ഡത്തിനൂഷരമാണോ?
പുണ്ഡ്രമോ പൂണുനൂൽ താനോ, ശിഖാ-
ഷണ്ഡമോ ജന്മജമാണോ?

അക്ഷര ബ്രഹ്മം ദ്വിജന്മാർ സ്വയം
ശിക്ഷകൂടാതറിയുന്നോ?
എല്ലാ കൃമികളുംപോലെ ജനി-
ച്ചില്ലാതാം മർത്ത്യരെയെല്ലാം

കല്യമാം കർമ്മനിയതി, കര-
പല്ലവം താൻ ചെയ്കയല്ലേ?
മുട്ടയായും പുഴുവായും നിറം
പെട്ട ചിറകുകളാർന്നു,

ചട്ടറ്റ വിണ്ണിൽ പറന്നു മലർ
മട്ടുണ്ണു പൂമ്പാറ്റയായും
പോകുന്നിതു മാറി മാറി,പ്പല
പാകത്തിലേക ബീജം താൻ

നാമ്പും കുരുമൊട്ടും വർണ്ണം പൂണ്ട
കൂമ്പും മലരും സുമം താൻ
നെല്ലിൻ ചുവട്ടിൽ മുളയ്ക്കും കാട്ടു
പുല്ലല്ല സാധു പുലയൻ!

ശങ്ക വേണ്ടൊന്നായ് പുലർന്നാൽ അതും
പൊന്‍കതിർ പൂണും ചെടിതാൻ;
സിദ്ധമതിന്നു ദൃഷ്ടാന്തം അസ്മൽ
പുത്രിയീ മാതംഗി തന്നെ

സത്യ ധർമ്മങ്ങൾക്കെതിരാം ശാസ്ത്രം
ശ്രദ്ധിയായി കങ്ങു നൃപതേ!
അർത്ഥ പ്രവചനം ചെയ്യാ,മതിൽ
വ്യർത്ഥമുദരം ഭരികൾ

ഇന്നലെ ചെയ്തൊരബദ്ധം,മൂഢ-
ർക്കിന്നത്തെയാചാരമാവാം;
നാളത്തെ ശാസ്ത്രമതാവാം, അതിൽ
മൂളായ്ക സമ്മതം രാജൻ

എന്തിനെന്നുമെങ്ങോട്ടെന്നു സ്വയം
ഹന്ത! വിവരമില്ലാതെ
അന്ധകാര പ്രാന്തരത്തിൽ കഷ്ടം!
അന്ധരെയന്ധർ നയിപ്പൂ!

വൃക്ഷമായും ചെടിയായും പരം
പക്ഷിയായും മൃഗമായും
ലക്ഷം ജന്മങ്ങൾ കഴിഞ്ഞാൽ ജന്തു
പക്ഷേ, മനുഷ്യനായെന്നാം

എന്നെത്തുടർന്നെഴും നീണ്ട ജന്മ
പൊന്നോമൽച്ചങ്ങല തന്റെ
പിന്നിലെക്കണ്ണിയോരോന്നിൽ പൊങ്ങി
മിന്നി,യെന്നെത്തന്നെ കാൺമൂ

ഓടും, മുയൽ കൂറ്റനായും, മരം-
ചാടിയായും പാഞ്ഞിരകൾ
തേടും കരിമ്പുലിയായും വേട്ട-
യാടുന്ന വേടനായും താൻ

ജന്തുക്കളൊക്കെയീവണ്ണം‌ ശ്രീമൻ
ഹന്ത! സഹജരെന്നല്ല
ചിതിക്കിലൊന്നായ് വരുന്നൂ പിന്നെ
ന്തന്തരം മർത്ത്യർക്കു തമ്മിൽ?

വ്യാമോഹമാർന്നും സുഖത്തിൽ പര-
ക്ഷേമത്തിൽ വിപ്രിയമാർന്നും
പാമര ചിത്തം പുകഞ്ഞു പൊങ്ങും
ധൂമമാമീർഷ്യതൻ ‘ജാതി’

ഗർവ്വമായും ദ്വേഷമായും പിന്നെ
സർവ്വ മനോദോഷമായും
ആയതു മാറുന്നു വർണ്ണം സ്വയം
സായന്തനാംബുദമ്പോലെ

സ്വന്തകുടുംബം പിരിക്കും, അതു
ബന്ധുക്കളെ വിഭജിക്കും
ഹന്ത! വർഗ്ഗങ്ങൾ തിരിക്കും, പക
ച്ചന്ത്യമായ് ലോകം മുടിക്കും

തന്നാശ്രിതരെയും ലോകത്തെയും
തിന്നും കറുത്തോരിത്തീയെ
ആരാധിക്കായ്‌വിൻ അസൂയാ, മഹാ
മാരിയെ,ജ്ജാതിയെ ആരും

ചൊല്ലുവൻ ജന്തുവെത്താഴ്ത്തും ദോഷ
മെല്ലാമിതിലടങ്ങുന്നു
ഈ രാക്ഷസിയെജ്ജയിച്ചാൽ ഘോര-
നാരക ദ്വാരമടഞ്ഞു.

ഭോഗപരയായി,ജ്ജന്തു രക്ത
രാഗയാമാ ഹിംസ തന്നെ
പൂജ്യൻ നൃപൻ ബിംബിസാരൻ തന്റെ
രാജ്യത്തിൽ നിന്നകലിച്ചു

താണ സംസൃഷ്ടർ തന്നെ, നിജ
ഭ്രൂണത്തിൽ കൊല്ലാതെകൊന്നു
ജന്മം വിഫലമാക്കിടും മഹാ-
കലുഷ കാരിണിയായി

ചാതുര്യമായ് പലവർണ്ണം തേടും
ജാതിയാമീ ഹിംസ തന്നെ
ഭൂതദയയെ നിനച്ചും സ്വന്ത
നീതിയെയോർത്തും നൃപേന്ദ്ര!

നിഷ്കൃഷ്ടമാമാജ്ഞയാലേയങ്ങും
നിഷ്കാസിക്കിൽ ശുഭമായി
ചെന്നതു ലോകക്ഷേമാർത്ഥം ചെയ്ക
എന്നല്ലിദ്ധർമ്മാശ്രമത്തിൽ

എന്നുമീ ബാധ കടക്കാതാക്കു-
കെന്നർത്ഥിക്കുന്നു, യൂപത്തിൽ
ആട്ടിൻ‌ കിടാവിനെ മീളാൻ ആഞ്ഞു
നീട്ടിയ കണ്ഠ നൃപതേ!

മോഹം കളഞ്ഞു ജനത്തെത്തമ്മിൽ
സ്നേഹിപ്പാൻ ചൊൽക നരേന്ദ്ര!‍
സ്നേഹത്തിൽ നിന്നുദിക്കുന്നു, ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു

സ്നേഹം താൻ ശക്തി ജഗത്തിൽ സ്വയം
സ്നേഹം താനാന്ദമാർക്കും
സ്നേഹം താൻ ജീവിതം ശ്രീമൻ സ്നേഹ-
വ്യാഹതി തന്നെ മരണം;

സ്നേഹം നരകത്തിൻ ദ്വീപിൽ സ്വർഗ്ഗ-
ഗേഹം പണിയും പടുത്വം
അമ്മതൻ നെഞ്ഞു ഞെരമ്പിൽ തങ്ങി
ചെമ്മേ ചെഞ്ചോരയെത്തന്നെ

അമ്മിഞ്ഞത്തൂവമൃതാക്കും, മൈത്രി
നമ്മോടതോതുന്നു രാജൻ!
ചൊല്ലിനേ,നീർഷ്യയല്ലാതെ, മർത്ത്യ-
ർക്കില്ല,താനില്ല,താൻ ജാതി.

മുല്പാടു വീണു വണങ്ങി, നൃപ-
നത്ഭുത ഭക്തി വിവശൻ
“കല്പനപോലെ”യെന്നോതി, സ്ഫുടം
കൂപ്പിയ പാണി ദ്വയത്താൽ

ആനന്ദബാഷ്പം ചൊരിഞ്ഞു, സഭ-
യാനത മൌലിയായപ്പോൾ
ലോലാശ്രു വീണു പൂർവ്വാംഗം, ആർദ്ര-
ചേലമായ് ഭിക്ഷുകീ വൃന്ദം

ഓലും മഞ്ഞിൽ പൂ നനഞ്ഞ കൃത-
മാലവനി പോൽ വിളങ്ങി.
ചെമ്പൊൽക്കരാബ്ജങ്ങൾ പൊക്കി, ആശി-
സ്സമ്പിലരുളിയെല്ലാർക്കും,

ഉള്ളിലേക്കാദ്ദിവ്യ രൂപം, എഴു-
ന്നള്ളി ഭുവനൈക ദീപം.
ഉന്നത ശാഖിമേൽ നിന്നും വെയിൽ-
പൊന്നൊളി,യാഗത ദേവർ

വിൺ‌മേൽ മടങ്ങും കണക്കേ പൊങ്ങി;
അമ്മഹായോഗം പിരിഞ്ഞു
വാസന്തി കുന്ദ കുമുദ-മലർ
വാസനാ ചർച്ചിതമായി

എങ്ങുമൊരു ശാന്തി വീശി, ലോകം
മുങ്ങി നിർവ്വാണത്തിൽ താനേ
എത്തിനിന്നൂ ഭാരതത്തിലൊരു
പത്തു ശതാബ്ദമശ്ശാന്തി.
============================നിങ്ങളുടെ ശക്തമായ വിമർശനങ്ങളും,നിർദേശങ്ങളും   അറിയിക്കുക  ഒപ്പം കവിതകളും  2malayalam2@gmail.com
No comments:

Post a Comment