ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

വായനക്കാർ

Loading...
മലയാളം കവിതകളിലേക്ക് സ്വാഗതം...നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം...... ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsaap )
കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി ലിങ്ക് വഴി മലയാളം കവിതകൾ Whatsapp ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/ADdJiyTEgJy8sel4PIYKnG

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

കടമ്മനിട്ടയുടെ കവിതകൾ

ജീവിത വഴി 
.................................
കേരളത്തിലെ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ (ജനനം:മാർച്ച് 22, 1935 മരണം:മാർച്ച് 31 2008). കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.
1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകർ. കവിതയിലെ ആധുനികതയെ ഒഴിഞ്ഞുമാറലിന്നതീതമായ ഒരാഘാതമാക്കിത്തീർത്ത കവിയാണ്‌ കടമ്മനിട്ടയെന്നും അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ടെന്നും[1] വിമർശകർ അഭിപ്രായപ്പെടുന്നു.മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്.ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കുപോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വനരൗദ്രതയുടേയും വയൽമണങ്ങളുടേയും ചന്ദനത്തൈമരയൗവനത്തിന്റേയും മൗലികസൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടിവന്നു.

കവിതകൾ 
======================
ക്യാ
...............
ഗുജറാത്തില്‍ നിന്നും മടങ്ങുമ്പോള്‍
കൊച്ചിയില്‍ കച്ചവടത്തിനു പോകുന്ന
ഗുജറാത്തിയുമായി ട്രെയിനില്‍വച്ച് ഞാന്‍ പരിചയപ്പെട്ടു.
‘താങ്കളുടെ ശുഭനാമമെന്താകുന്നു’? അയാള്‍ ചോദിച്ചു.
‘രാമകൃഷ്ണന്‍’ ഞാന്‍ പറഞ്ഞു.
‘റാം കിശന്‍ ! റാം കിശന്‍ ! റാം റാം’
എന്നഭിനന്ദിച്ചുകൊണ്ട് അയാള്‍
എന്നിലേക്കേറെ അടുത്തിരുന്നു.
‘താങ്കള്‍ മാംസഭുക്കാണോ?’അയാള്‍ ചോദിച്ചു.
‘അങ്ങനെയൊന്നുമില്ല’ ഞാന്‍ പറഞ്ഞു.
‘താങ്കളോ?’ ഞാന്‍ ചോദിച്ചു.
‘ഞങ്ങള്‍ വൈഷ്ണവജനത ശുദ്ധ സസ്യഭുക്കുകളാണ് ’
തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു.
‘നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂര്‍ണ്ണഗര്‍ഭിണിയുടെ
വയറു കീറി കുട്ടികളെ വെളിയിലെടുത്തു തിന്നതോ?
തള്ളയേയും’ ഞാന്‍ പെട്ടെന്നു ചോദിച്ചുപോയി.
ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍
കോമ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലു കുലച്ചുകൊണ്ട്
എന്റെ നേരെ മുരണ്ടു: ‘ക്യാ? ’

==========================

കുറത്തി
.......................
മലഞ്ചൂരല്‍മടയില്‍നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
മലഞ്ചൂരല്‍മടയില്‍നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍നിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു
ചേറ്റുപാടക്കരയിലീറ-
പ്പൊളിയില്‍നിന്നും
കുറത്തിയെത്തുന്നു
ഈറ ചീന്തിയെറിഞ്ഞ കരിപോല്‍
കുറത്തിയെത്തുന്നു
വേട്ടനായ്ക്കടെ പല്ലില്‍നിന്നും
വിണ്ടുകീറിയ നെഞ്ചുമായി
കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോല്‍
കുറത്തിയെത്തുന്നു
മൂടുപൊട്ടിയ മണ്‍കുടത്തിന്‍
മുറിവില്‍ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു
വെന്തമണ്ണിന്‍ വീറുപോലെ
കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിന്‍
കണ്ണില്‍നിന്നും
കുറത്തിയെത്തുന്നു
കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍
കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി
കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമേറി
കുറത്തി തുള്ളുന്നു.
കരിങ്കണ്ണിന്‍ കടചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു

കരിങ്കണ്ണിന്‍ കടചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു
കരിങ്കണ്ണിന്‍ കടചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു
അരങ്ങത്തു മുന്നിരയില്‍
മുറുക്കിത്തുപ്പിയും ചുമ്മാ-
ചിരിച്ചും കൊണ്ടിടം കണ്ണാല്‍
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്കു നേരേ
വിരല്‍ ചൂണ്ടിപ്പറയുന്നു
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!
കാട്ടുവള്ളിക്കിഴങ്ങുമാന്തി
ചുട്ടുതന്നില്ലേ ഞങ്ങള്‍
കാട്ടുചോലത്തെളിനീര്
പകര്‍ന്നു തന്നില്ലേ പിന്നെ
പൂത്തമാമരച്ചോട്ടില്‍ നിങ്ങള്‍
കാറ്റുകൊണ്ടു മയങ്ങിയപ്പോള്‍
കണ്ണുചിമ്മാതവിടെ ഞങ്ങള്‍
കാവല്‍ നിന്നില്ലേ?
കാട്ടുപോത്ത്,കരടി,കടുവ
നേര്‍ത്തുവന്നപ്പോള്‍ ഞങ്ങള്‍
കൂര്‍ത്ത കല്ലുകളോങ്ങി നിങ്ങളെ
കാത്തുകൊണ്ടില്ലേ?
പുലിയുടെ കൂര്‍ത്തപല്ലില്‍
ഞങ്ങളന്ന് കോര്‍ത്തുപോയില്ലേ?
വീണ്ടും പല്ലടര്‍ത്തി
വില്ലുമായി കുതിച്ചുവന്നില്ലേ?
അതു നിങ്ങളോര്‍ക്കുന്നോ?
നദിയരിച്ച് കാടരിച്ച് കടലരിച്ച്
കനകമെന്നും കാഴ്ചവെച്ചില്ലേ?
ഞങ്ങള്‍ മരമരിച്ച് പൂവരിച്ച്
തേനരിച്ച് കാഴ്ചതന്നില്ലേ?
നിങ്ങള്‍ മധുകുടിച്ച്
മത്തരായി കൂത്തടിച്ചില്ലേ?
ഞങ്ങള്‍ മദിച്ച കൊമ്പനെ
മെരുക്കി നായ്ക്കളെ
മെരുക്കി പയ്ക്കളെ
കറന്ന് പാല് നിറച്ചു തന്നില്ലെ?
ഞങ്ങള്‍ മരം മുറിച്ച്
പുല്ലുമേഞ്ഞ് തട്ടൊരുക്കി
കളമൊരുക്കി കൂര തന്നില്ലേ?
ഞങ്ങള്‍ മലയൊരുക്കി
ചെളികലക്കി കുളവിതച്ച്
പതമൊരുക്കി കൂടനിറയെ
പൊലിച്ചു തന്നില്ലെ
കതിരില്‍ ആളകറ്റി
കാട്ടു ദൈവം പൂത്തരങ്ങില്‍
തിറയെടുത്തില്ലേ?

അന്നു നമ്മളടുത്തു നിന്നവരൊ-
ന്നു നമ്മളെ ഓര്‍ത്തു രാപ്പകല്‍
ഉഴവു ചാലുകള്‍ കീറി ഞങ്ങള്‍
കൊഴുമുനയ്ക്കുല്‍ ഉറങ്ങി ഞങ്ങള്‍
തളര്‍ന്ന ഞങ്ങളെ വലയിലാക്കി
അടിമയാക്കി മുതുകു പൊള്ളിച്ചു
ഞങ്ങടെ ബുദ്ധി മങ്ങിച്ചു..
നിങ്ങള്‍ ഭരണമായ്..

നിങ്ങള്‍ ഭരണമായ്, പണ്ടാരമായ്
പല ജനപഥങ്ങള്‍,
കുരി പുരങ്ങള്‍, പുതിയ നീതികള്‍,
നീതി പാലകര്‍,
കഴുമരങ്ങള്‍, ചാട്ടവാറുകള്‍,
കല്‍ത്തുറങ്കുകള്‍, കോട്ടകൊത്തളം,
ആന തേരുകള്‍, ആലവട്ടം,
അശ്വമേധ ജയങ്ങളോരോ,
ദ്വിഗ് വിജയങ്ങള്‍,
മുടിഞ്ഞ ഞങ്ങള്‍
അടിയിലെന്നും ഒന്നുമറിയാതുടമ
നിങ്ങള്‍ സ്ഥായി ജീവന്‍
ബലികൊടുത്തില്ലേ?
പ്രാണന്‍ പതിരുപോലെ
പറന്നു പാറി ചിതറി വീണില്ലേ?

കല്ലുവെട്ടി പുതിയ പുരികള്‍
കല്ലുടച്ച് പുതിയ വഴികള്‍
കല്ലുവെട്ടി പുതിയ പുരികള്‍
കല്ലുടച്ച് പുതിയ വഴികള്‍
മലതുരന്ന് പാഞ്ഞ് പോകും
പുതിയ തേരുകള്‍
മല കടന്ന് പറന്നു പോകും
പുതിയ തേരുകള്‍
കടല്‍ കടന്ന് പറന്നു പോകും
പുതിയ വാര്‍ത്തകള്‍
പുതിയ പുതുമകള്‍
പുതിയ പുകിലുകള്‍
പുതിയ പുലരികള്‍
പുതിയ വാനം
പുതിയ അമ്പിളി
അതിലഴഞ്ഞു കുനിഞ്ഞുനോക്കി
കുഴിയെടുത്തും കൊച്ചു മനുഷ്യന്മാര്‍

വഴിയൊരുക്കും ഞങ്ങള്‍ വേര്‍പ്പില്‍
വയറുകാഞ്ഞു പതം പറയാനറിഞ്ഞുകൂടാ-
തന്തിചായാന്‍ കാത്തുകൊണ്ടു വരണ്ടു
വേലയിലാണ്ടു നീങ്ങുമ്പോള്‍
വഴിയരികില്‍ ആര്യവേപ്പിന്‍
ചാഞ്ഞകൊമ്പില്‍ ചാക്കുതുണിയില്‍
ചെളിപുരണ്ട വിരല്‍കുടിച്ചു വരണ്ടുറങ്ങുന്നു
ഞങ്ങടെ പുതിയ തലമുറ;
മുറയിതിങ്ങനെ തലയതെങ്ങനെ നേരെയാകുന്നു.

പണ്ടുഞങ്ങള്‍ മരങ്ങളായി
വളര്‍ന്നു മാനം മുട്ടിനിന്നു,
തകര്‍ന്നു പിന്നെയടിഞ്ഞു മണ്ണില്‍
തരിശുഭൂമിയുടെല്ലുപോലെ
കല്ലുപോല്‍ കരിയായി കല്‍ക്കരി-
ഖനികളായി വിളയുമെങ്ങളെ
പുതിയ ശക്തി ഭ്രമണശക്തി
പ്രണവമാക്കാന്‍ സ്വന്തമാക്കാന്‍
നിങ്ങള്‍ മൊഴിയുന്നു..
"ഖനി തുരക്കൂ,തുരന്നുപോയി-
പ്പോയിയെല്ലാം വെളിയിലെത്തിക്കൂ
ഞങ്ങടെ വിളക്കു കത്തിക്കൂ
ഞങ്ങടെ വണ്ടിയോടിക്കൂ
ഞങ്ങള്‍ വേഗമെത്തട്ടെ
നിങ്ങള്‍ വേഗമാകട്ടെ
നിങ്ങള്‍ പണിയെടുക്കിന്‍ നാവടക്കിന്‍,
ഞങ്ങളാകട്ടെ,യെല്ലാം ഞങ്ങള്‍ക്കാകട്ടെ

കല്ലു വീണുമുറിഞ്ഞ മുറിവില്‍
മൂത്രമിറ്റിച്ചു,മുറിപ്പാടിന്നു-
മേതോ സ്വപ്നമായുണര്‍ന്നു നീറുന്നു.
കുഴിതുരന്നു തുരന്നു കുഴിയായ്
തീര്‍ന്ന ഞങ്ങള്‍ കുഴിയില്‍നിന്നു
വിളിച്ചുചോദിച്ചു
ഞങ്ങള്‍ക്കന്നമെവിടെ?
എവിടെ ഞങ്ങടെ കരിപുരണ്ടു
മെലിഞ്ഞ പൈതങ്ങള്‍?
അവര്‍ക്കന്നമെവിടെ? നാണമെവിടെ?
അന്തികൂടാന്‍ ചേക്കയെവിടെ?
അന്തിവെട്ടത്തിരികൊളുത്താന്‍
എണ്ണയെവിടെ?

അല്പമല്പമുറക്കെയായച്ചോദ്യമവിടെ
കുഴിയിലാകെ മുഴങ്ങിനിന്നപ്പോള്‍
ഖനിയിടിഞ്ഞു മണ്ണിടിഞ്ഞു അടിയി-
ലായിയമര്‍ന്നു ചോദ്യം
കല്‍ക്കരിക്കറയായി ചോദ്യം
അതില്‍ മുടിഞ്ഞവരെത്രയാണെന്നോ?
ഇല്ലില്ലറിവുപാടില്ല!
വീണ്ടും ഖനിതുരന്നല്ലോ!
ആവിവണ്ടികള്‍,ലോഹദണ്ഡുകള്‍
ലോഹനീതികള്‍, വാതകക്കുഴല്‍
വാരിയെല്ലുകള്‍, പഞ്ഞിനൂലുകള്‍
എണ്ണയാറുകള്‍, ആണികള്‍
നിലമിളക്കും കാളകള്‍,
കളയെടുക്കും കയ്യുകള്‍
നിലവിളിക്കും വായകള്‍,
നിലയുറയ്ക്കാ തൊടുവിലെച്ചിക്കുഴി
യിലൊന്നായ് ച്ചെള്ളരിക്കുമ്പോള്‍-
നിങ്ങള്‍ വീണ്ടും ഭരണമായ്
നിങ്ങള്‍ ഭരണമായ് പണ്ടാരമായ്
പല പുതിയ രീതികള്‍
പുതിയ ഭാഷകള്‍,
പഴയ നീതികള്‍, നീതിപാലകര്‍
കഴുമരങ്ങള്‍ ചാട്ടവാറുകള്‍
കല്‍ത്തുറുങ്കുകള്‍ കപടഭാഷണ
ഭക്ഷണം കനിഞ്ഞുതന്നൂ ബഹുമതി
"ഹരിജനങ്ങള്‍"
ഞങ്ങളാഹാ: അവമതി-
യ്ക്കപലബ്ധിപോലെ ദരിദ്രദൈവങ്ങള്‍!
അടിമ ഞങ്ങള്‍,
ഹരിയുമല്ല, ദൈവമല്ല,
മാടുമല്ല, ഇഴയുമെന്നാല്‍ പുഴുവുമല്ല,
കൊഴിയുമെന്നാല്‍ പൂവുമല്ല, അടിമ ഞങ്ങള്‍.

നടുവു കൂനിക്കൂനിയെന്നാല്‍ നാലുകാലില്‍ നടത്തമരുത്
രണ്ടു കാലില്‍ നടന്നുപോയാല്‍ ചുട്ടുപൊള്ളിക്കും.
നടുവു നൂര്‍ക്കണമെന്നു ചൊന്നാല്‍ നാവു പൊള്ളിക്കും.
ഇടനെഞ്ചിലിവകള്‍ പേറാനിടംപോരാ
കുനിയാനുമിടം പോരാ
പിടയാനായ് തുടങ്ങുമ്പോള്‍ ചുട്ടുപൊള്ളിക്കും

നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളറിയണമിത്..
നിങ്ങളറിയണമിന്നു ഞങ്ങള്‍ക്കില്ല വഴിയെന്ന്
വേറെയില്ല വഴിയെന്ന്..

എല്ലുപൊക്കിയ ഗോപുരങ്ങള്‍കണക്കു ഞങ്ങളുയര്‍ന്നിടും
കല്ലു പാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും
കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി
നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും അടിമ ഞങ്ങള്‍
വെന്തമണ്ണിന്‍ വീറില്‍നിന്നു-
മുറഞ്ഞെണീറ്റ കുറത്തി ഞാന്‍
കാട്ടുകല്ലിന്‍ കണ്ണുരഞ്ഞു പൊരി-
ഞ്ഞുയര്‍ന്ന കുറത്തി ഞാന്‍.
എന്റെമുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍
എന്റെമുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍
അവരെ നിങ്ങളൊടുക്കിയാല്‍
അവരെ നിങ്ങളൊടുക്കിയാല്‍
മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍
മുടിപറിച്ചു നിലത്തടിച്ചീക്കുലമടക്കും ഞാന്‍.

കരിനാഗക്കളമഴിച്ച്
കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമഴിച്ച്
കുറത്തി നില്‍ക്കുന്നു
കാട്ടുപോത്തിന്‍ വെട്ടുപോലെ
കാട്ടുവെള്ള പ്രതിമ പോലെ
മുളങ്കരുത്തിന്‍ കൂമ്പുപോലെ
കുറത്തി നില്‍ക്കുന്നു
മുളങ്കരുത്തിന്‍ കൂമ്പുപോലെ
കുറത്തി നില്‍ക്കുന്നു
==========================

1 അഭിപ്രായം:

 1. ചൊല്‍ക്കാഴ്ചകളിലൂടെയും കവിയരങ്ങുകളിലൂടെയും മലയാള കവിതയെ ആസ്വാദകരിലേയ്‌ക്കെത്തിച്ച ആധുനിക കവിയാണ് കടമ്മനിട്ട. മലയാളത്തിന്റെ സാംസ്‌കാരിക സ്വത്വം കാവ്യപാരമ്പര്യമായേറ്റു വാങ്ങിയ കടമ്മനിട്ടയുടെ കവിതകള്‍ ദ്രാവിഡ താളങ്ങളുടെ രൗദ്രഭംഗി ഉള്‍ക്കൊളളുന്നവയാണ്. പടയണിയുടെ നാട്ടില്‍ ജനിച്ചതു കൊണ്ടാവും അന്നുവരെ മലയാളക്കവിത പിന്തുടര്‍ന്ന കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ് നാടന്‍പാട്ടിന്റെ ശീലിലേക്ക് കുടിയേറാന്‍ കവിയെ പ്രേരിപ്പിച്ചത്..നക്‌സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനവും അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം…വിപ്ലവത്തിന്റെ തീപ്പൊരി പാറുന്ന വാക്കുകള്‍..മലയാള കവിതാസ്വാദകരെ നടുക്കിയുണര്‍ത്തിയ , ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൌദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. . കോഴി എന്ന കവിതയില്‍ കുഞ്ഞുങ്ങെളെ ഉപദേശിക്കുന്ന തള്ളക്കോഴിയുലൂടെ കവി സമൂഹത്തിലെ ഓരോ മനുഷ്യക്കുഞ്ഞിനുമുള്ള താക്കീതും നിര്‍ദ്ദേശവും നല്‍കുന്നതുകാണാം.

  കണ്ണു വേണം ഇരുപുറം എപ്പോഴും
  കണ്ണു വേണം മുകളിലും താഴെയും
  കണ്ണിനുള്ളില്‍ കത്തി ജ്വലിക്കും
  ഉള്‍ക്കണ്ണ് വേണം, അണയാത്ത കണ്ണ്..
  അക്ഷരങ്ങൾകൊണ്ട് മനോഹരമായ, ജീവസ്സുറ്റ ശിൽപങ്ങളും ജീവിതങ്ങളും തീർക്കുന്ന അത്ഭുതപ്രതിഭയായിരുന്നു കടമനിട്ട . അദ്ദേഹത്തിന്റ തനതായ ശൈലി ഭാഷാശാസ്ത്രത്തിന് ഒരുമുതൽകൂട്ടാണ്. ജീവിത യാഥാർത്ഥ്യങ്ങളെ കവിതയുടെ വരികളിലൂടെ , കാവ്യാത്മകമായി കവി നമുക്ക് പരിജയപ്പെടുത്തുന്നു. കവിതക്ക് സാമൂഹീക ജീവിതയാഥാർത്യങ്ങളെ വളരെ ആഴത്തിൽ സന്നിവേശിപ്പിക്കാൻ കഴിയും. സാംസ്കരിമായ പരിവർത്തനങ്ങൾക്കും മൂല്യശോഷണങ്ങളെ തടയുന്നതിനും വ്യക്തിമൂല്യങ്ങളെ വിലകൽപ്പിക്കുന്നതിനും നിർലോഭമായ പിന്തുണയാണ് കവിതകൾ നൽകുന്നത്. കടമനട്ടയുടെ കോഴിയും ഈ പ്രസ്ഥാവനയെ സാധൂകരിക്കുന്ന കവിതയാണ്.
  കണ്ണുവേണമിരുപുറമെപ്പൊഴും
  കണ്ണുവേണം മുകളിലും താഴെയും...
  ഈ വരികളിൽ കടമനിട്ട കോറിയിടുന്നത് ശക്തമായ ജാഗ്രതയുടെ ആവശ്യകതയാണ്. വളരുന്നപ്രായത്തിൽ ഒന്നും അറിയാത്ത തന്റ കുഞ്ഞിനെ നോട്ടമിട്ട് കാകനും പരുന്തും കുറുനരികളും തക്കംപാർത്തിരിക്കുന്നു. .കുഞ്ഞേ തുള്ളാൻ സമയമില്ല, കാരണം ജീവിതം പൊള്ളുകയാണ്. യാഥാർത്ഥ്യങ്ങൾ വിഷമതകളാണ്. നിനക്ക് നീ തന്നെ തുണ.. നിന്റ രക്ഷ നീ നോക്കണം എന്ന് അടിവരയിട്ട് ഓർമ്മിപ്പിക്കുകയാണ് കവി. ഈ കാലങ്ങളിൽ കുട്ടികളും സ്ത്രികളും ക്രൂരമായി ആക്രമിക്കപ്പെടുമ്പോൾ കവിയുടെ കാകനുണ്ട് , കുറുനരിയുണ്ട് എന്നിങ്ങനെയുള്ള ഓർമ്മപ്പെടുത്തൽ കുടംബങ്ങൾക്ക്, പ്രത്യേകിച്ച് മാതാപിതാക്കൾക്ക് നൽകുന്നു. . ജീവിതത്തിലെ ക്പേറിയ യാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ പകച്ചുപോകാതെ , പിടിച്ചുനിൽക്കാൻ കെൽപുള്ളവരാകണം നാളെയുടെ മക്കൾ! സ്വന്തം സഹോദരരുടെ പപ്പുംപൂടയും മുറ്റത്തുകാണുമ്പോൾ ഭയപ്പെടുകയുംചകിതരാകുകയും ചെയ്യുമ്പോൾ നാമറിയണം, ഭയമല്ല, ശത്രുവിന്റ കൈകളിൽപ്പെടാതിരിക്കാൻ ശ്രദ്ധയാണ് വേണ്ടത്.കഴുകന്‍ കണ്ണുകളില്‍ നമ്മുടെ പിഞ്ചുപൈതങ്ങള്‍ വരെ കൊത്തിവലിക്കപ്പെടുന്നത് വര്‍ത്തമാനത്തിന്റെ ശാപമായി അവശേഷിക്കുമ്പോള്‍ മൗനത്തിന്റെ കരിന്തോടു പൊട്ടിച്ചു പുറത്തിറങ്ങാന്‍ കവി പറഞ്ഞതോര്‍ക്കേണ്ടിയിരിക്കുന്നു. നിര്‍വികാരതയെ നിഷേധിക്കേണ്ടിയിരിക്കുന്നു. കവിതകളിലേറെയും സ്ത്രീയുടെ നോവുകള്‍ വരച്ചുവെക്കാന്‍, അവരുടെ നോവുകള്‍ക്ക് അറുതി കാണാന്‍ കടമ്മനിട്ട അലറിപ്പാടി. അമ്മയെ, പെങ്ങളെ, മക്കളെ നോവിക്കുന്നോരുടെ കുലം മുടിക്കുമെന്ന് കടമ്മനിട്ടക്കാവിലമ്മയ്ക്കുവേണ്ടി അറിഞ്ഞുശപിച്ചു. കടമ്മനിട്ടയില്‍ നിന്ന് ശബ്ദമായി കവി കേരളമാകെ പടര്‍ന്നു. നാല്‍ക്കവലകളും കലാശാലകളും സര്‍വകലാശാലകളും വയലേലകളും തൊഴില്‍ശാലകളും ചെവികൂര്‍പ്പിച്ചു.

  മറുപടിഇല്ലാതാക്കൂ

Gibin Mathew Chemmannar | Create Your Badge