ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2020, ഏപ്രി 15

നനുത്ത ഓർമ്മകൾ

നനുത്ത ഓർമ്മകൾ 
-----------------

കോട വീണു തുടങ്ങിയ വഴിയിലൂടെ ഞാനെന്റെ 'ഗ്രേസിയ' മുൻപോട്ടെക്ക് പായിച്ചു. കുളിരുന്ന തണുത്ത കാറ്റിനെ കാര്യമാക്കാതെ ഇടതൂർന്ന റബ്ബർക്കാടുകൾക്കു നടുവിലൂടെയുള്ളയാ പാതയിലൂടെ ഘനീഭവിച്ചു തുടങ്ങിയ ഇരുട്ടിൽ ഞാനും ഗ്രേസിയും മാത്രം.

ചീവീടുകൾ രംഗം കയ്യടക്കിയിരിക്കുന്നു, ഒരു പ്രത്യേക താളത്തിൽ അവർ അവരുടെ ഗാനമേള തകർത്തുകൊണ്ടിരിക്കുന്നു. റബ്ബർ മരങ്ങളുടെ ഇടയിലൂടെ കല്ലിച്ച നീലിമയിൽ ചില നക്ഷത്രങ്ങൾ ഒരു മിന്നായം പോലെ ഇടയ്ക്കിടക്ക് കണ്ണിറുക്കി കാണിക്കുന്നു.

പ്രകൃതിയിൽ മയങ്ങി വണ്ടിയോടിച്ചു കൊണ്ടിരുന്ന എന്നെ ഉണർത്തിയത് ഒരു കാൾ ആയിരുന്നു.

മോനെ എവിടെയെത്തി? മറുതലയ്ക്കൽ മറിയാമ്മ ടീച്ചർ. 

ടീച്ചറെ വന്നോണ്ടിരിക്കുവാണ്, ഉടനെയെത്തും... 

ശരിയാണ് ഒരുമണിക്കൂർ കൊണ്ടെത്താനാവും എന്നാണ് കരുതിയത്, ടീച്ചർ പറഞ്ഞിരുന്നു ആ സമയം എത്താനാകില്ലെന്നു, രാത്രിയാകുമെന്നു. ഫോൺ കട്ട് ചെയ്തു ശേഷം കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഞാനും ഗ്രേസിയും ഓടുന്നതെവിടേക്കാണെന്ന  കാര്യങ്ങൾ ഓർത്തത്...

......

ഹെലോ... മറിയാമ്മ ടീച്ചറല്ലേ ?

അതെ, ആരാ..?

ടീച്ചർ, ഞാൻ ജാസിം, rec സ്കൂളിൽ പഠിച്ചതാണ്, ഓർമ്മയുണ്ടോ എന്നറിയില്ല...

മോനേത് ക്ലാസ്സിലായിരുന്നു ?

ടീച്ചർ എന്നെ പഠിപ്പിച്ചിട്ടുണ്ട്, ഇപ്പൊ തിരക്കിലാണോ ?

അല്ല, മോൻ പറഞ്ഞോളൂ...

ടീച്ചറെ ഞങ്ങൾ 2002 ബാച്ച് SSLC ഒരു ഗെറ്റുഗതർ സംഘടിപ്പിക്കുന്നുണ്ട്, ടീച്ചറെ കഷണിക്കാൻ വേണ്ടിയാണു വിളിച്ചത്, ടീച്ചർ ഇപ്പൊ അംഗമാലിക്കടുത്താണെന്നു കേട്ടു ഒന്നു ലൊക്കേഷൻ പറഞ്ഞിരുന്നെങ്കിൽ നേരിട്ടു വന്നു കണ്ടു വിളിക്കാനായിരുന്നു.

അയ്യോ മോനെ ഞാൻ അങ്കമാലി അല്ലായുള്ളത്, പിറവിത്തിനടുത്താണ്. കുറെ ദൂരമുണ്ട് നീ കഷ്ടപ്പെട്ട് വരണ്ടകാര്യല്ല പറഞ്ഞല്ലോ ഇപ്പൊ, അതുമതി...

അല്ല ടീച്ചറെ അതല്ല, ഫോണിലൂടെ അല്ലല്ലോ ക്ഷണിക്കേണ്ടത്, നേരിട്ടു ക്ഷണിക്കുന്നതല്ലേ അതിന്റെ മര്യാദ?

അല്ല മോനെ ഇത് കുറേ ദൂരമുണ്ട്...

സാരല്ല ടീച്ചറെ, ഞാൻ വന്നു കണ്ടോളാം, ജോലിയുമായി ബന്ധപ്പെട്ടു ഞാനിവിടെ രണ്ടുദിവസമായിട്ടു അങ്കമാലിയുണ്ട്, ടീച്ചർ ഒന്നു സ്ഥലം പറഞ്ഞുതരുമോ, ബുദ്ധിമുട്ടില്ലെങ്കിൽ ?

അയ്യോ എനിക്കെന്തിനാ മോനെ ബുദ്ധിമുട്ട്? ഇത്രയും ദൂരം കഷ്ടപ്പെട്ട് വരണ്ട കാര്യല്ലലോ എന്നോർത്തിട്ടാണ്...

അതു സാരല്ല ടീച്ചറെ, ഞാനിന്നു എന്തായാലും ടീച്ചറെ കണ്ടിട്ടേ പോകുന്നുള്ളൂ...

നിനക്ക് അത്ര നിർബന്ധമാണേൽ നീ വാ...

....

സമയം വൈകുന്നേരം 5.10, ടീച്ചറുടെ വീട് ലക്ഷ്യമാക്കി ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. വഴിനീളെ മോഹൻലാൽ പറഞ്ഞത് പോലെ 'ചോയിചോയിച്ചു' പോയി. ഒരുപാട് ദൂരം പോകുന്നപോലെ. എത്രനേരം വണ്ടി ഓടിച്ചിട്ടും എത്താത്തപോലെ. ഒരുതരം സന്തോഷവും അമ്പരപ്പും ഒക്കെകലർന്ന ഒരു പ്രത്യേക വികാരം. 

ഇപ്പോൾ സമയം 7.10 ആയിരിക്കുന്നു, 2 മണിക്കൂറായി വണ്ടിയോടിക്കാൻ തുടങ്ങിയിട്ട്. ചെറിയ ചുരങ്ങളും, ഭാരതപ്പുഴയുടെ നെഞ്ചകം പിളർന്ന പാലവും, ബ്ലോക്കുകളും, അറ്റകുറ്റപ്പണികൾ നടത്തിയെന്നപേരിലുണ്ടാക്കിയ റോഡിലെ ഗർത്തങ്ങളും, കീറിയ പാന്റ് തുന്നിച്ചേർത്തപോലെ ടാറിട്ട റോഡുകളും താണ്ടിയാണിപ്പോൾ ഞാനീ റബ്ബർക്കാടുകൾക്കിടയിൽ എത്തിയിരിക്കുന്നത്. 

....

അടുത്തുകണ്ട കവലയിൽ ഞങ്ങളുടെ ക്ഷണക്കത്തിടാനുള്ള കവറിനായി കയറി, അവിടെയൊരു സ്ത്രീയും അവരുടെ ഭർത്താവും, ഭർത്താവു കവർ എടുക്കുന്ന സമയം ആ സ്ത്രീയെന്നോട് സംസാരിച്ചു തുടങ്ങി. ഒരുപാട് കാര്യങ്ങൾ അവർ സംസാരിച്ചു. ക്രസിതീയ വിശ്വാസികളായ അവർ എന്തോ വലിയ സ്നേഹത്തോടെയാണ് എന്നെ കേട്ടതും സംസാരിച്ചതും. ഏഴര മണിയായിക്കാണും ടീച്ചർ വീണ്ടും വിളിച്ചപ്പോൾ അവരാണ് സംസാരിച്ചത്, വഴിചോദിച്ചു മനസ്സിലാക്കി എനിക്കു പറഞ്ഞു തന്നു, അവിടെ നിന്നും പിന്നെയും ഒരു 28 Km ഉണ്ട് ടീച്ചറുടെ വീട്ടിലേക്കു.

ഒരിരുപത് മിനുട്ടോളം ആ സ്ത്രീയോടും ഭർത്താവിനോടുമായി സംസാരിച്ചു, നോട്ട് നിരോധനത്തിൽ തുടങ്ങി അന്താരാഷ്ട്ര തീവ്രവാദം കടന്നു അന്ത്യനാളുവരെ ഞങ്ങൾ ചർച്ച ചെയ്തു... പരസ്പരം സന്തോഷമറിയിച്ചു അവിടെനിന്നും യാത്രപറഞ്ഞു...  20 രൂപയുടെ ചെറിയ ഒരുസാധനം വാങ്ങിയതിനുമപ്പുറം ആത്യന്തികമായ ലക്ഷ്യം പരമപ്രധാനമായ ആ 'സ്നേഹമാണ്' അതുമാത്രമാണ് സത്യമെന്ന തിരിച്ചറി വായിരുന്നു ആ കവറിൽ ഞാൻ പൊതിഞ്ഞെടുത്തതു.

....

അവിടെ നിന്നും അവരോട് യാത്ര പറഞ്ഞു ഞാനും ഗ്രെസിയും യാത്രയായി. വീണ്ടും റബ്ബർക്കാടുകളുടെ നടുവിൽ പെരുമ്പാമ്പിനെ പോലെ നീണ്ടു മലച്ചു കിടക്കുന്ന വിജനമായ റോഡിലൂടെ ഞങ്ങൾ നീങ്ങി. ഇടയ്ക്കു വല്ലപ്പോളും എതിരെ വരുന്ന വാഹനങ്ങളുടെ 'തല വെളിച്ച'ങ്ങളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇടയ്ക്കു രണ്ടാവർത്തി ടീച്ചറുടെ കോൾ എന്നെത്തേടിയെത്തി. 

പറഞ്ഞു തന്ന അടയാളങ്ങൾ തേടിപ്പിടിച്ചു ഞങ്ങൾ യാത്ര തുടങ്ങി. കവലകളുടെ രൂപങ്ങൾ നാൽകവലകളും മുക്കവലകളും ആയി മാറിമാറിക്കൊണ്ടിരുന്നു. അങ്ങിനെ ഒരു കുഞ്ഞുപള്ളിയുള്ള കവലയിൽ നിന്നും വീണ്ടും മുൻപോട്ടു. അടുത്ത കവലയിൽ നിന്നും ഇടത്തോട്ടേക്കാണ് ഇനി പോകേണ്ടത്. 

വീണ്ടും ടീച്ചറുടെ വിളിവന്നു. എവിടെയാണെന്നുള്ള ഉറപ്പുവരുത്തി. അടുത്ത കവലയിൽ നിന്നും വലത്തോട്ടേക്കു കുറച്ചു വരുമ്പോൾ പടിപ്പുരയുള്ള ഒരു വീടുകാണാമെന്നും അവിടെ ഞാൻ പുറത്തു തന്നെ കാത്തിരിപ്പുണ്ടെന്നും ടീച്ചർ ഓർമ്മപ്പെടുത്തി. 

അങ്ങിനെ പടിപ്പുരവാതിലുള്ള വീടുകൾക്കായി കണ്ണുകൾ പരതിക്കൊണ്ടിരുന്നു. അങ്ങു ദൂരെ ഒരു സ്ത്രീരൂപത്തെ കാണുന്നുണ്ട്. അത് ടീച്ചറ് തന്നെ, സംശയമില്ല. വണ്ടി നിർത്തിയതും അവരും ഒരു പെൺകുട്ടിയും റോഡിലേക്കിറങ്ങി വന്നു. 

എങ്ങിനെ മനസ്സിലായി മോനെ ? 

എന്ന ചോദ്യമായിരുന്നു ആദ്യം വന്നതു. മുഖത്ത് സന്തോഷം നിറഞ്ഞു നിൽക്കുന്നു. എന്തുപറയണമെന്നറിയാതെ വാക്കുകൾക്കായി  തിരയുന്ന രണ്ടുപേർ, ഒരാൾ വിദ്യാർത്ഥിയും മറ്റൊരാൾ അധ്യാപികയും !

കാലങ്ങൾക്കിപ്പുറം ഇനിയൊരിക്കലും കണ്ടുമുട്ടാനാകില്ലെന്നു കരുതിയിരുന്നവർ ഇന്നു മുഖാമുഖം നിൽക്കുന്നു. പ്രണയവിരഹങ്ങൾക്കു മാത്രമല്ല കൂടിച്ചേരലുകളുടെ അവാച്യമായ അനുഭൂതികൾ സൃഷ്ടിക്കുവാനാവുകയെന്ന തിരിച്ചറിവുകൾ കൂടിയാണാസമയം ഉണ്ടായത്. 

ടീച്ചറുടെ കൈകൾ രണ്ടുകൈകൾ കൊണ്ടും ചേർത്തിപിടിച്ചു സന്തോഷം അറിയിക്കുമ്പോൾ വീട്ടിനകത്തേക്ക് ഒരു കൊച്ചു കുട്ടിയെപ്പോലെ ക്ഷണിക്കുകയാണുണ്ടായത്. ചായയും, ബിസ്കറ്റും, വറുത്തകായയും ടേബിളിൽ വെക്കുമ്പോ 'ചായ തണുത്തു പോയിട്ടുണ്ടാകും' എന്നു പറഞ്ഞതിലൂടെ മനസ്സിലായിരുന്നു ഒത്തിരിനേരമായിട്ടെന്നെ കാത്തിരിക്കുകയായിരുന്നെന്നു.

ഒരുപാട് കാര്യങ്ങൾ കുറഞ്ഞ സമയത്തു പറഞ്ഞു തീർക്കാനാകാതെ, ഭക്ഷണത്തിനായുള്ള ക്ഷണം സ്നേഹത്തോടെ നിരസിച്ചു കൊണ്ടു അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ പടിപ്പുര വാതിലുവരെ അവരും അനുഗമിച്ചിരുന്നു. 

ഇനിയും കാണാനാകുമെന്നുള്ള വിശ്വാസത്തോടെ പരസ്പരം യാത്ര പറഞ്ഞിറങ്ങുമ്പോൾ പറഞ്ഞു തീരാത്ത ഓർമ്മകളുടെയും ഇത്തിരി നേരംകൊണ്ട് പകർന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ശേഷിപ്പികളെ കൂടിയാണ് ഞാൻ കൂടെ കൂട്ടുന്നത്.

നീണ്ടു വളഞ്ഞു പുളഞ്ഞു നീങ്ങുന്ന റബ്ബർക്കാടുകൾക്കിടയിലെ വഴികളെ ലക്ഷ്യം വെച്ചു കോടയെ വകഞ്ഞുമാറ്റി നനുത്ത ഓർമ്മകളുമായി ഞാനും ഗ്രെസിയും വീണ്ടും യാത്രയാരംഭിച്ചു...


- ജാസിം റഹ്മാൻ

ഒരു കവിതയെഴുതണം

ഒരു കവിതയെഴുതണം

പൊരുളുകൾക്കുള്ളിൽ പരതേണമറിവിന്റെ- യാഴത്തിലാഴ്ന്നിറങ്ങേണം 

നിനവിന്റെ വാനത്തിലേറിടേണം മധുര
സ്മരണതന്നാറ്റിൽ മുങ്ങേണം 

സ്നേഹത്തെയക്ഷരപ്പൂക്കളാൽ മൂടണം
ചിരികളോ ചിന്തക്കു വളമാകണം 

നെറികേടിനെതിരെപ്പൊരുതുവാൻ വാക്കിന്റെ 
വാളിന്നു മൂർച്ച കൂട്ടേണം 


വരികൾ ചുരുക്കണം വായനക്കത്രമേൽ 
സമയമില്ലെന്നുമോർക്കേണം


             അച്ചു മൻസൂർ

ആതുര സേവകർ

ആതുര സേവകർ
      ,,,,,,,,,,,,,,,

കരുണയിൽ
വിനയം
 പൊതിഞ്ഞ
ആതുര സേവകരെ,
ദുരിത ഹൃദയങ്ങളുടെ
 പ്രാർത്ഥനകളെല്ലാം
നിങ്ങൾക്ക് വേണ്ടിയല്ലോ...

അനന്ത വിഹായസിൽ
പറന്നു രസിക്കും
അപ്സര സുന്ദരികളെ
മാലാഖയെന്നു വിളിച്ച
മർത്യ കുലമേ....

കണ്ണ് തുറനൊന്ന് നോക്കൂ...
ദീന മനസ്സുകളിലെ
കണ്ണീരൊപ്പാൻ
കുതിക്കുന്നുവല്ലോ?
മണ്ണിലെ മാലാഖമാർ ...

ഭയം വിതറിയ
കോറോണ
ദംശകരെ
ആശ്ളേഷിക്കുവോർ,
ചീഞ്ഞുനാറും
മനുഷ്യ വൃണങ്ങളെ
സുഗന്ധമായി ശ്വസിപ്പവർ,

നിപ്പയുടെ രക്തസാക്ഷി
ലിനിയെപ്പോലെ,
 അഗതികളുടെ അമ്മ
തെരേസയുടെ വഴിയിൽ,
ആരാരുമറിയാത്ത
പനിനീർ പുഷ്പങ്ങൾ ...

 ആതുരതയുടെ
കൈലേസുമായി,
 ആർദ്രതയുടെ
കൈത്തിരിവെട്ടമേന്തി,
പ്രഭ പരത്തുന്നുവല്ലോ ....
ജീവ വർഗ്ഗത്തിൻ
നിലനിൽപ്പിനായ്


വിശ്വ മഹാമാരിയാം
യക്ഷിയെ തളച്ചിടാൻ
സേവന പാതയിലെ
ആതുര താപസർക്ക്
കരുത്ത് പകരാൻ
ചിറക് വിരിക്കാം,
ഒരുമയോടെ,
ജാഗ്രതയോടെ...

(ഷറീഫ് കൊടവഞ്ചി )

2020, ഏപ്രി 14

ലോക്ക് ഡൌൺ

ലോക്ക് ഡൌൺ (കവിത )

...സുഹൈൽ ആലപ്പുഴ....

അടുപ്പ് കാലിയായവന്റെ വയറ്റിലെ ആളാലും, തേങ്ങലും ഇപ്പോൾ വ്യക്തമാണ്. 
അടഞ്ഞു പോയ ജീവിതത്തിന്റ ഉമ്മറത്ത് നിന്ന് ഇടിഞ്ഞു വീണ സ്വപ്നങ്ങളെ ഓർത്തെടുക്കാൻ ശ്രെമിക്കുകയാണ് പലരും. 
ഇപ്പോൾ എല്ലാം ശാന്തമാണ്. 
വിജനത വിഴുങ്ങിയ വഴികളിൽ ശ്മശാന മൂകത എന്ന പദം പ്രയോകികമായത് ഇപ്പോഴാണ്. 
എല്ലാത്തിനൊടുവിൽ ഇരുന്ന് നാളെ എന്ത് എന്ന ചോദ്യം അടിവരയിടുന്നുണ്ട്. 
അപ്പഴും ചിലർ 
കിണ്ണത്തിൽ മുട്ടിയും 
പന്തം തെളിച്ചും 
പടക്കം പൊട്ടിച്ചും 
ലോക്ക് പൊളിക്കാനുള്ള 
ശ്രമത്തിലാണ്.

മാലാഖ

മാലാഖ
      ,,,,,,,,,,,,,,,
കരുണയിൽ
വിനയം
 പൊതിഞ്ഞ
അഞ്ജന മാലാഖേ........
നിന്റെ പേരോ
പ്രിയാ കുമാരി ?

ഭൂമിക്ക് വേണ്ടി
അമ്മയ്ക്ക് പോലും
മരണസമ്മാനം
നൽകും ഗതകാലമേ,

ദുഷ്ട നിർമ്മിത
മഹാ പ്രളയത്തിലെ
ദുരിത സഹോദർക്ക് ...
കൂര വെക്കാൻ
ഇടം നൽകി ,
കാലത്തിൻ
ഹൃദയത്തിൽ
മണിമാളിക
പണിതൊരു
രാജകുമാരി.

അനന്ത വിഹായസിൽ
പറന്നു രസിക്കും
അപ്സര സുന്ദരികളെ
മാലാഖയെന്നു വിളിച്ച
മർത്യ കുലമേ

കണ്ണ് തുറന്നു നോക്കൂ....
ദീന , ദുരിതരുടെ
കണ്ണീരൊപ്പാൻ
എത്രയെത്ര മാലാഖമാർ,
വേദനരുടെ 
കണ്ണീർ കണങ്ങൾ
വിയർപ്പാക്കി 
മാറ്റുന്നവർ,
ചീഞ്ഞുനാറും
മനുഷ്യ വൃണങ്ങളെ
സുഖന്ധമായി ശ്വസിക്കുന്നവർ,

നിപ്പയുടെ രക്തസാക്ഷി
ലിനിയെപ്പോലെ
 അഗതികളുടെ അമ്മ
തെരേസയുടെ വഴിയിൽ
ആരാരുമറിയാത്ത
പ്രിയാ കുമാരിമാർ.

 ആതുരതയുടെ
കൈലേസുമായി,
നന്മയാം ആർദ്രതയുടെ
കൈത്തിരിവെട്ടമേന്തി,
പ്രകാശം പരത്തുന്നത്
അറിഞ്ഞില്ലെന്ന് 
നടിക്കാനാവില്ലൊരിക്കലും....

   (ഷറീഫ് കൊടവഞ്ചി )

ഭ്രാന്തൻ

ഭ്രാന്തൻ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അക്ഷരങ്ങളെന്നെ
ഭ്രാന്തനാക്കുന്നു...
വാർത്തകളെല്ലാം 
ജളത്വമാവുന്നെല്ലോ?

ജാര പ്രണയത്തിൽ
കാമ യക്ഷിയായവൾ,
അമ്മിഞ്ഞ പാലിൻ
മണം മാറാത്ത
സ്വന്തം കുഞ്ഞിനെ
കടൽ ഭിത്തിയിൽ
എറിഞ്ഞു കൊന്നത്രേ!

മറ്റൊരു നിശാചരണി
പതികനെ വെട്ടി നുറുക്കി 
നാട് നീളെ വിതറി പോലും ,
പ്രേമം പിശാചായി മാറി
കാമിനിയെ പെട്രൂളിൽ
 ചുട്ടു കൊല്ലുന്നു........

സഹകുടിയന് വഴങ്ങാത്ത
 സഹ ധർമ്മിണിയെ
 ചവിട്ടി കൊന്നതും,
സൈനേഡ് കൊലയുടെ
പൈങ്കിളി പരമ്പരകളും
വായിച്ചു വളരട്ടേ....
പുതിയൊരു തലമുറ

ഭിന്നശേഷി ബാലിക
പിതാവിനാൽ
അമ്മയായി പോലും,
ലഹരി മൂത്ത്
അമ്മ പെങ്ങൾ,
മകളെന്നറിയാത്തവർ,
ശൈശവ- വൃദ്ധകളുടെ
മാനം കവരുന്നവർ,
ഉന്മാദ ചിത്തർ,,
താണ്ഡവമാടുന്നുവല്ലോ
നമുക്ക്‌ ചുറ്റിലും...

നിർജീവമാം
അഗ്നിപർവ്വതങ്ങളായി
കാലയവനികയിൽ
മറഞ്ഞുപോയ
 ബലാത്സംഗ കോളങ്ങൾ,
തൂക്ക് കയറിന്റെ ,
തീ തുപ്പും തോക്കിന്റെ ,
നിറം പകരുന്ന കഥകൾ...

മകളുടെ വൃക്ക മാറ്റാൻ
വീട് വിറ്റ വിധവയുടെ
 പണം മോഷ്ടിച്ചുവെത്രെ!
മകനമ്മയെ പുഴയിൽ
 കൊന്നു തള്ളിയെന്ന്,

താറാവിനൊപ്പം കളിക്കവേ
പിഞ്ചുകുഞ്ഞടക്കം 
ബോംബിനാൽ
മാംസ ചീളുകളായി
ചിന്നി ചിതറിയത്രേ,
കൊല്ലുന്നവർ,
കൊല്ലപ്പെടുന്നവർ,
 ഭരണ പുങ്കവർ,
സമൂഹ ശ്രേഷ്ഠർ ........

രാഷ്ട്രീയ തിമിരം
സഹപാഠികൊല
സരസ്വതീ ക്ഷേത്രങ്ങൾ
ശോണിതമാക്കുന്നു.
മാംസം കഴിച്ചതിന്
 ആൾക്കൂട്ടം തല്ലി 
കൊല്ലുന്നു.

പൗരത്വ വിവാദങ്ങൾ,
വംശീയ അഭയാത്ഥികൾ,
ആശങ്കകൾ, പ്രക്ഷോഭങ്ങൾ,
 ഭരണ നിയമങ്ങളെല്ലാം
ധനികർകായി
മാറ്റിയെഴുതുന്നു...

ആമസോൺ
 ചാരമായത്രേ,
വന ജീവികളുടെ
നിലവിളികൾ ...
പുഴകളുടെ മലകളുടെ
ഹൃദയ കദനത്തിൽ
മഞ്ഞുരുകി
 കടലാകെ സുനാമിയായല്ലോ!
ഭൂകമ്പം, പ്രളയം,
കൊടുങ്കാറ്റായി
 പ്രകൃതി ദുരന്തങ്ങൾ
ഉഷ്ണ  ശൈത്യ
 പട്ടിണി മരണങ്ങൾ ...

കോറോണ ,നിപ്പ,
ക്യാൻസർ ,എയ്ഡ്സ്,
അങ്ങനെ പേരറിയാത്ത
 മഹാ വ്യാധികൾ,
അന്ധരും ബധിരരും 
എത്ര ഭാഗ്യവൻമാർ!
തിരിച്ചറിവെന്നത്
ശാപമായി മാറിയോ?

കലിയുഗത്തിലെ
പഷാണ ഭൂമികയിൽ
മുഴുവട്ടനായി മാറാൻ
കൊതിച്ചു പോയല്ലോ ....
ഹൃദയ സ്പന്ദനം
നിലച്ചിരുന്നെങ്കിലെന്ന്
ആഗ്രഹിക്കുന്നതൊരു
അപരാധമാകുമോ?

(ഷറീഫ് കൊടവഞ്ചി )

2020, ഏപ്രി 2

നിത്യ യൗവ്വനം.

നിത്യ യൗവ്വനം.


    ആരോർത്തുവെയ്ക്കുന്നു
    പണ്ടത്തെ വേവുള്ള,യനുഭവ-
    ക്കൂമ്പാര വേദനകൾ;
   ഇന്നത്തെ,യാഘോഷ മഞ്ജിമകൾ-
   ക്കിടെ ആവോർമ്മയതൊക്കെ
                  വിവർണ്ണമല്ലേ,
   സുഖലോലുപതുളെ,യൂട്ടി വാഴു-
   മ്പോൾ വല്ലപ്പൊഴു,മുള്ളം തികട്ടി
                            നൽകും,
   പഴയ നാളിലീ മിഴികൾ വാർത്ത
                   നിമിഷങ്ങളെ.


   ഇനിയൊരു സന്ധിയിലുമുണ്ടാവു-
   കില്ലയാ നിണമൂറ്റി വാടിയ്ക്കും
                   ദുരിതകാലം,
   എന്നൊരമിത ദാർഢ്യത്താൽ
   ഭജിക്കുകയാണത്രെ ദൈവനാമം
   ആ നാമകീർത്തനമ,തെന്നും
   സ്ഫുരിപ്പിക്കും സ്ഥിതിയതിനില്ലാ
                       മാറ്റമിന്നും,
   പണ്ടത്തെ ഭവ്യത,യതിന്നേയ്ക്കു
   വന്നപ്പോളേറെക്കുറേയൊരു
                      യാചനയായ്
   ഏറുന്ന സങ്കീർണ്ണതകൾക്കിട-
   യിലും യൗവ്വന കാംക്ഷയിലൂന്നിയ
   യാചന തന്നെ സർവ്വത്രയും.


   പരിതസ്ഥിതികളെ,യെണ്ണി -
   പ്പറഞ്ഞിട്ടൊരു കാര്യമില്ലെന്നു
                        തിരിഞ്ഞപ്പോൾ,
  കാലം കറുപ്പിച്ച മുടിയിഴകളേ -
  യതേ കാല വിക്രിയകൾ
  വെളുപ്പിക്കുന്നതിൻ നേർക്കു
  കേഴുകയല്ലോ ചില ബുധജനങ്ങൾ
  അവരാ,ക്കാലത്തിൻ മുന്നിൽ
  നിൽക്കുന്നു നിത്യ യൗവ്വനത്തിൻ
  ചിര സ്വപ്ന വാഹകരായ്.


  പക്ഷേ.....കാല പുണ്യത്താൽ
  കനിഞ്ഞുള്ള പ്രകൃതിയിൽ,
  പാർത്തു കൊണ്ടതിനോടു
  കാട്ടു,മനാദരവുകൾക്കില്ല
                    തെല്ലു ശമനം;
     നിത്യ യൗവ്വനമൊന്നിനെ
          സങ്കല്പ് കോടിയിൽ,
   പുഷ്ടിപ്പെടുത്തി,ത്തുടിച്ചിടു-
   മ്പോൾ; ഈ ലോക വട്ടത്തിൽ
   സഹവസിച്ചീടുന്ന മറ്റു ജന്മ-
   ങ്ങളെയു,മൊന്നു ഗൗനിച്ചിടേണം
   അവരുടെ ചിരിയറ്റ മനസ്സിൻ്റെ-
          യവശതയെ ചെറിയൊരു
   സ്നേഹത്തിൻ നിഴലെങ്കിലും
           തൊട്ടറിഞ്ഞിടേണം.


    അതു കഴിഞ്ഞുള്ളോരു ശുഭ-
    മുഹൂർത്തത്തിൽ യാചിക്കാ-
               മെന്തും  ജഗത്തിനോട്;
    പിന്നെ,യൊന്നിച്ചറിയാമാ-
    വുജ്ജ്വല നവ യൗവ്വനത്തിൻ
               പ്രതാപ യോഗം.
  

       

         ശ്രീരാജ്.ആർ.എസ്സ്
         ശ്രീനിലയം, മണക്കാല,
         പി.ഒ. അടൂർ, പത്തനംതിട്ട,
         പിൻ: 691551
         ഫോൺ: 9633437487.
Gibin Mathew Chemmannar | Create Your Badge