ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ പലപ്പോഴായി അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

വായനക്കാർ

Loading...
മലയാളം കവിതകളിലേക്ക് സ്വാഗതം...നല്ല മലയാളം കവിതകൾ ഒരുമിച്ചു കൂട്ടാൻ ഒരു ചെറിയ ഉദ്യമം...... ബ്ലോഗ് പരമാവധി ലളിതമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.... നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു...ഒപ്പം കവിതകളും....9446479843 (whatsaap )
കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി ലിങ്ക് വഴി മലയാളം കവിതകൾ Whatsapp ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/ADdJiyTEgJy8sel4PIYKnG

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

വയലാറിന്റെ കവിതകൾ

താടക
.....................
വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ

നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ

വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ

നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ

പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന

ദ്രാവിഡരാജകുമാരി ഞാൻ താടക

താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍

തെളിച്ചിട്ട സഞ്ചാരവീഥിയിൽ

കണ്ടു ശ്രീരാമനെ,

താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍

തെളിച്ചിട്ട സഞ്ചാരവീഥിയിൽ

കണ്ടു ശ്രീരാമനെ, ഏതോ തപോധനന്‍

കൊണ്ടു നടക്കുന്ന കാമസ്വരൂപനെ.

സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന

ഗോപാംഗഭംഗി നുകര്‍ന്നവൾ, കണ്ണെടുക്കാതെ,

കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമായി നിന്നാൾ

സലജ്ജം സകാമം സവിസ്മയം

രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനിൽ

മോഹം തുടിച്ചുണര്‍ന്നീടവേ,

താടി തടവി ചിരിച്ചു ചൊല്ലീ മുനി

താടകയെന്ന നിശാചരിയാണവൾ

ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ്

ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങൾ

സംഘങ്ങളായ് വന്നു സംസ്കാരസംഹിതയാകെ

തിരുത്തിക്കുറിച്ചനാൾ, വാമനന്‍മാരായ്

വിരുന്നുവന്നീ ദാനഭൂമിയില്‍ യാഗപശുക്കളെ മേച്ചനാൾ

ദ്രാവിഢരാജാധിരാജകിരീടങ്ങള്‍ ഈ മണ്ണിലിട്ടു

ചവിട്ടി ഉടച്ചനാൾ,വിശ്വമാതൃത്വത്തെ വേദമഴുവിനാൽ

വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാൾ...

ആദ്യമായ്, ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയ

രാജകുമാരിയെ, താടകയെ, കണ്ടു്, കോപാരുണങ്ങളായ്

താടി വളര്‍ത്തും തപസ്വി തന്‍ കണ്ണുകൾ 

ചിത്രശിലാതലങ്ങള്‍ക്കു് മീതെ മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലിൽ

ചിത്രശിലാതലങ്ങള്‍ക്കു് മീതെ മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലിൽ

ആ രാത്രി സ്വപ്നവും കണ്ടു് വനനദീതീരത്തു്

ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ചയുണ്ടാക്കാതെ,

അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,

ഏകയായ്, ദാശരഥിതന്‍ അരികത്തു്

അനുരാഗദാഹപരവശയായ് വന്നു താടക

ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളിൽ

തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലിൽ

ഹേമാംഗകങ്ങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം

കൈവിരൽ ഓടവെ

ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളിൽ

തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലിൽ

ഹേമാംഗകങ്ങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം

കൈവിരൽ ഓടവെ

അജ്ഞാതം ഏതോ മധുരാനുഭൂതിയിൽ

അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...

അജ്ഞാതം ഏതോ മധുരാനുഭൂതിയിൽ

അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...

ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ

പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകൾ

മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു

മുഗ്ദാനുരാഗ വിവശയായ് താടക.

മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു

മുഗ്ദാനുരാഗ വിവശയായ് താടക.

ആര്യവംശത്തിന്നടിയറ വെയ്ക്കുമോ

സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം

ആര്യവംശതന്തിന്ന് അടിയറ വെയ്ക്കുമോ

സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം

ചുറ്റുമുറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്‍ന്നു

നിശ്ശബ്ദയായ് പെണ്‍കൊടി.

യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം

കേട്ടു നടുങ്ങി വിന്ധ്യാടവി.

യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടൂ.

വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ, രാമാ, കൊല്ലൂ

നിശാചരി താടകയാണവൾ...

ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം മാല ചാര്‍ത്തിയ

രാജകുമാരിതന്‍ ഹൃത്തടം

മറ്റൊരസ്ത്രത്താല്‍ തകര്‍ന്നു പോയ്

സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം 

==================================================

പ്രൊക്രൂസ്റ്റസ്

............................

നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,
നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,


നിബിഡവനോദര നിര്‍ജ്ജന വീഥിയില്‍ നീശീഥ നിശ്ശബ്ദതയില്‍, 


ശരം വലിച്ചു തൊടുത്തത് പോലാ ശബ്ദം മൂളി കാറ്റില്‍..
വിദൂര കാനന ഗുഹാ മുഖങ്ങളില്‍ അതിന്‍റെ മാറ്റൊലി കേട്ടൂ, 
നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,

കുതിച്ചു പായും കുതിരയെ വഴിയില്‍ കുറച്ചു നിമിഷം നിര്‍ത്തീ,
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യുസ്‌ രാജകുമാരന്‍...


അച്ഛന്‍ നല്‍കിയ പടവാളും മുത്തച്ഛന്‍ നല്‍കിയ കഞ്ചുകവും
ഏഥന്‍സിന്‍റെ അജയ്യമനോഹര രാജകിരീടവുമായി, പുരാതന ഗ്രീസ്സാകെയുണര്‍ത്തിയ പൌരുഷമൊന്നു തുടിച്ചു, 
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യുസ്‌ രാജകുമാരന്‍...

കണ്ണിനു ചുറ്റും കൊടും തമസ്സിന്‍ കനത്തചുമരുകള്‍ നിന്നു,
ചെവിക്കു ചുറ്റും ചീവീടുകളുടെ ചൂളം വിളികളുയര്‍ന്നു...
കുനുകുനെ മിന്നിക്കെടുന്ന മിന്നാമിനുങ്ങു തിരികളുമായി,
അലയും കാണാകാനന കന്യകളന്വേഷിക്കുവതാരെ...


ശിശിരിതകാന്താരന്തരപാദപ ശിഖരശതങ്ങളിലൂടെ തടഞ്ഞുമുട്ടി തെന്നലലഞ്ഞു തലയ്ക്കു ലക്കില്ലാതെ, 
ഒരാളനക്കവുമെങ്ങും കണ്ടീലിരുണ്ടകാനന ഭൂവില്‍,
വിദൂര വീഥിയില്‍ നിന്നുമുറക്കനെ വിളിച്ചതാരാണാവോ?
ശരം വലിച്ചു തൊടുത്തതുപോലാ ശബ്ദം വീണ്ടുമുയര്‍ന്നു 
നില്‍ക്കുക യാത്രക്കാര നില്‍ക്കുക നില്‍ക്കുക യാത്രക്കാരാ...


പടവാളൂരിയെടുത്തു ചുഴറ്റിപ്പറഞ്ഞു രാജകുമാരന്‍,
ഒളിച്ചു നില്‍ക്കാതിവിടെക്കെത്തുക വിളിച്ചതാരായാലും... 


വളര്‍ത്തിനീട്ടിയ ചെമ്പന്‍ ചിടയും വളഞ്ഞ കൊന്തംബല്ലും
വലിച്ചു ചുറ്റിയ കരടിത്തോലും വന്നൂ വലിയൊരു വേഷം, 
കയ്യിലിരുന്ന നെരിപ്പോടൂതി, കനല്‍ വെളിച്ചം വീശീ, 
ഇരുംബുകുന്തവുമേന്തി പൊട്ടിച്ചിരിച്ചു കാട്ടുമനുഷ്യന്‍...
വിദൂര കാനന ഗുഹാമുഖങ്ങളില്‍ അതിന്‍റെ മാറ്റൊലി കേട്ടു....


അന്വേഷിച്ചൂ രാജകുമാരന്‍ മന്ദസ്മേരത്തോടെ, 
വനാന്തരത്തിലെ വിരുന്നുകാരാ മനസ്സിലായില്ലല്ലോ?


ഉറക്കെ വീണ്ടുമുറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടവനോതീ,
പ്രോക്രൂസ്റ്റ്സ്സിനെ നീയറിയില്ലേ പറഞ്ഞു കേട്ടിട്ടില്ലേ...


പറഞ്ഞു പണ്ടേ കേട്ടിട്ടുണ്ടാ പരാക്രമത്തിന്‍ കഥകള്‍,
ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍.....


അവനെക്കണ്ടാല്‍ വഴിയാത്രക്കാര്‍ അകന്നു പേടിച്ചോടും,
അനുനയവാക്കുകള്‍ ചൊല്ലിക്കൊണ്ടവന്‍ അവരുടെ പിറകേ കൂടും,
വീട്ടിലേക്കവനവരെ വിളിക്കും വിരുന്നു നല്‍കാനായി,
അവര്‍ക്ക് തേനും പഴവും നല്‍കാന്‍ അനുചരസംഖം നില്‍ക്കും...
അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ ആളുകള്‍ വീണുമയങ്ങും,
ഉറക്കമായാലവരുടെ മുതലുകളൊക്കെ കൊള്ളയടിക്കും...
ഉറങ്ങിയുണരുന്നവരെ കട്ടിലില്‍ വരിഞ്ഞു കൂട്ടികെട്ടും, 
അവന്‍റെ കട്ടിലിനേക്കാള്‍ വലുതാണവരുടെ ഉടലുകളെങ്കില്‍,
അറിഞ്ഞു ദൂരെത്തള്ളും കത്തിക്കവരുടെ കയ്യും കാലും....
അവന്‍റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍,
അടിച്ചുനീട്ടും ചുറ്റികകൊണ്ടവനവരുടെ കയ്യും കാലും...


ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍,
തിസ്യൂസിന്‍റെ മനസ്സില്‍ നിരന്നൂ, തിളച്ചുയര്‍ന്നൂ രക്തം...


ഖഡ്ഗമുയര്‍ന്നൂ മുസലമുയര്‍ന്നൂ, കാടൊരു അടര്‍ക്കളമായീ, 
ഇരുംബിരുംബിലുരഞ്ഞൂ ചുറ്റിലും ഇടിമിന്നലുകളുയര്‍ന്നൂ,


അടിച്ചുവീഴ്ത്തീ പ്രോക്രൂസ്‌റ്റസ്സിനെയായുവ രാജകുമാരന്‍,
അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ അവനെ വരിഞ്ഞുമുറുക്കീ,
എല്ലുകളാല്‍ തലയോടുകളാല്‍ തലതല്ലിയ തറയുടെ നടുവില്‍,
അരിഞ്ഞെറിഞ്ഞൂ പ്രോക്രൂസ്റ്റ്സ്സിന്‍ ശിരസ്സുമുടലും താഴെ.....


യവനചരിത്രാതീത യുഗങ്ങളെയടിമുടിപുളകം ചാര്‍ത്തി,
തിസ്യൂസന്നുമുതല്‍ക്കൊരനശ്വര നക്ഷത്രക്കതിരായീ....
കയ്യിലോളിമ്പസ്സ് പര്‍വ്വതമേന്തിയ കന്നിനിലാത്തിരിയായീ,
ഹോമറിനാത്മ വിപഞ്ചികയിങ്കലൊരോമന ഗീതകമായീ, 

അബ്ദശതങ്ങള്‍ കാലത്തിന്‍ രഥചക്രശതങ്ങളുരുണ്ടൂ,
പ്രോക്രൂസ്റ്റ്സ്സു പുനര്‍ജീവിച്ചു പരിണാമങ്ങളിലൂടെ....


അന്നേഥന്‍സിലെ ഗുഹയില്‍ വീണോരാവന്‍റെ അസ്ഥികള്‍ പൂത്തൂ,
അസ്ഥികള്‍ പൂത്തൂ ശവംനാറിപ്പൂ മൊട്ടുകള്‍ നീളെ വിരിഞ്ഞൂ, 
ഓരോ പൂവിലുമോരോപൂവിലുമോരോ ശക്തി വിടര്‍ന്നൂ,
പ്രോക്രൂസ്റ്റ്സ്സുകളൊന്നല്ലനവധി പ്രോക്രൂസ്റ്റ്സ്സുകള്‍ വന്നൂ...


പ്രത്യയശാസ്ത്രശതങ്ങളുരുക്കീ പ്രകടപത്രിക നീട്ടി,
ഇരുണ്ടഗുഹകളിലിവിടെ ഒരായിരമിരുമ്പ് കട്ടില്കൂട്ടീ,
പ്രോക്രൂസ്റ്റ്സ്സുകള്‍, രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍.... 
പച്ചമനുഷ്യനെ വിളിച്ചിരുത്തീ പ്രശ്നശതങ്ങള്‍ നിരത്തീ, 
പ്രത്യയശാസ്ത്രക്കട്ടിലില്‍ ഇട്ടവരട്ടഹസിപ്പൂ നാട്ടില്‍..


അവരുടെ കട്ടിലിനേക്കാള്‍ വലുതാണവന്‍റെ ആത്മാവെങ്കില്‍,
അരിഞ്ഞു ദൂരെത്തള്ളും കത്തിക്കവന്‍റെ കയ്യും കാലും..
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവന്‍റെ ആത്മാവെങ്കില്‍,
വലിച്ചു നീട്ടും ചുറ്റികകൊണ്ടവരവന്‍റെ കയ്യും കാലും,
കക്ഷിതിരിഞ്ഞവര്‍ ഗുഹാമുഖങ്ങളില്‍ നില്‍ക്കുകയാണീ നാട്ടില്‍.....


ഉയിര്‍ത്തെഴുന്നേറ്റ്, ഉടവാളൂരീ, പ്രയത്നമുദ്രയുമായി,
തിരയും മാനവമനോരഥത്തില്‍ തിസ്യൂസെത്തുവതെന്നോ

====================================================

സർഗ്ഗസംഗീതം
..................................
ആരണ്യാന്തരഗഹ്വരോദരതപ-

സ്ഥാനങ്ങളിൽ‌, സൈന്ധവോ-

ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ

ആരന്തർമ്മുഖമിപ്രഞ്ചപരിണാ-

മോത്ഭിന്നസർഗ്ഗക്രിയാ-

സാരം തേടിയലഞ്ഞൂ പണ്ടവരിലെ-

ചൈതന്യമെൻ‌ ദർശനം


ആ മൺ‌മെത്തകളാറ്റുനോറ്റ മധുര-

സ്വപ്നങ്ങളിൽ‌, ജീവിത-

പ്രേമം പാടിയ സാമഗാനലഹരീ-

ഹർ‌ഷാഞ്ചിതാത്മാക്കളായ്,

ഹാ, മന്വന്തരഭാവശില്പികളെനി-

ക്കെന്നേക്കുമായ് തന്നതാ-

ണോമൽക്കാർത്തിക നെയ്‌വിളക്കെരിയുമീ-

യേകാന്തയാഗാശ്രമം‌.


നാദം‌ ശൂന്യതയിങ്കലാദ്യമമൃതം‌

വർഷിച്ച നാളിൽ‌, ഗതോ-

ന്മാദം‌ വിശ്വപദാർത്ഥശാലയൊരിട-

ത്തൊന്നായ് തുടിച്ചീടവേ

ആ ദാഹിച്ചു വിടർന്ന ജീവകലികാ-

ജാലങ്ങളിൽ, കാലമേ

നീ ദർശിച്ച രസാനുഭൂതി പകരൂ

മൽ‌ പാനപാത്രങ്ങളിൽ!

ഓരോ ജീവകണത്തിനുള്ളിലുമുണർ‌-

ന്നുദ്ദീപ്തമായ്, ധർമ്മ സംസ്-

കാരോപാസനശക്റിയായ്,ചിരതപ-

സ്സങ്കൽ‌പ്പസങ്കേതമായ്,

ഓരോ മാസ്മരലോകവുമുണ്ടതിലെനി-

ക്കെന്നന്തരാത്മാവിലെ-

ത്തേരോടിക്കണ,മെന്റെ കാവ്യകലയെ-

ക്കൊണ്ടാകുവോളം വരെ!


വാളല്ലെൻ സമരായുധം‌,ത്ധണത്ധണ-

ധ്വാനം മുഴക്കീടുവാ-

നാള,ല്ലെൻ കരവാളു വിറ്റൊരു മണി-

പ്പൊൻ വീണ വാങ്ങിച്ചു ഞാൻ!

താളം‌ രാഗലയശ്രുതിസ്വരമിവയ്-

ക്കല്ലാതെയൊന്നിന്നുമി-

ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി-

ല്ലെൻ പ്രേമതീർത്ഥങ്ങളിൽ‌!


ഓണക്കോടി ഞൊറിഞ്ഞുടുത്തൂ കമുകിൻ

പൊൻപ്പൂക്കുലച്ചാർത്തുമായ്

പ്രാണപ്രേയസി, കാവ്യകന്യ, കവിള-

ത്തൊന്നുമ്മ വച്ചീടവേ..

വീണക്കമ്പികൾ മീട്ടി, മാനവമനോ-

രാജ്യങ്ങളിൽ ചെന്നൂ ഞാൻ;

നാണത്തിന്റെ കിളുന്നുകൾക്ക് നിറയേ –

പ്പാദസരം നൽകുവാൻ!


കാടത്തത്തെ മനസ്സിലിട്ട കവിയായ്

മാറ്റുന്ന വാല്മീകമു;

ണ്ടോടപ്പുലുക്കുഴലിന്റെ ഗീതയെഴുതി-

സ്സൂക്ഷിച്ച പൊന്നോലയും;

കോടക്കാർന്നിര കൊണ്ടുവന്ന മനുജാത്-

മാവിന്റെ കണ്ണീരുമായ്

മൂടൽമഞ്ഞിൽ മയങ്ങുമെന്നുമിവിടെ-

പ്പൂക്കും വനജ്യോത്സ്നകൾ‌!


ഞാനിജ്ജാലകവാതിലിൽ‌ ചെറുമുള-

ന്തണ്ടിൽ ഞൊറിഞ്ഞിട്ടതാ-

ണീ നീലത്തുകിൽ ശാരദേന്ദുകലയെ-

പ്പാവാട ചാർത്തിക്കുവാൻ

ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി-

ക്കീറിപ്പറപ്പിച്ചുവോ

ഞാനിസ്സർഗ്ഗതപസ്സമാധിയിലിരി-

ക്കുമ്പോൾ‌ കൊടുങ്കാറ്റുകൾ‌?


കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും

ചിക്കിക്കിടന്നീടുമാ-

ക്കാടങ്ങിങു ചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേ

നാടന്ത:പ്രഹരങ്ങളേറ്റു കിടിലം-

കൊൾകേ, മുലപ്പാലുമായ്

പാടം‌ നീന്തി വരുന്ന പൌർണ്ണമി, നിന-

ക്കാവട്ടെ ഗീതാഞ്ജലി.

==============================================

അശ്വമേധം
...............................
ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?

ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!

വിശ്വസംസ്കാരവേദിയിൽ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാൻ!

നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?

എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!

കോടികോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ.

വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!

മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!

കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ

കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;

കാട്ടുചൊലകൾ പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;

ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ

എത്രയെത്ര ശവകുടീരങ്ങളിൽ
ന്രുത്തമാടിയതാണാക്കുളമ്പുകൾ!

ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,

എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,-

അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!

കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,

പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.

പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!

ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!

എന്റെ പൂർവികരശ്വഹ്രിദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,

അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!

മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!

നേടിയതാണവരോടു ഞാ,-നെന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!

ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!

ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!

ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ

ആരൊരാളിക്കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ4 അഭിപ്രായങ്ങൾ:

  1. എല്ലാവരെയും ഞാൻ എന്റെ മിന്നാമിനുങ്ങിലേക്ക് ക്ഷണിക്കുന്നു ....http://minnaminungu1.blogspot.in/

    മറുപടിഇല്ലാതാക്കൂ
  2. കവികളും കലാകാരന്മാരും ജീവിക്കുന്നത് ജന ഹ്ര്ദയങ്ങളിലാണ്

    മറുപടിഇല്ലാതാക്കൂ
  3. വയലാറിന്റെ വരികളും ആശയങ്ങളും എത്ര മനോഹരം, എത്ര സ്പപഷ്ടം

    മറുപടിഇല്ലാതാക്കൂ

Gibin Mathew Chemmannar | Create Your Badge