ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2020, ജൂലൈ 17

മുഖംമൂടിയ അനുസരണ

മുഖംമൂടിയ അനുസരണ 
--------------------------------------

പുരുഷന്മാരും സ്ത്രീകളും 
നഗ്നരായി നടക്കുന്ന
പ്രബലരാജ്യങ്ങളുടെ 
തെരുവുകളിലൂടെ 
മുന്തിയ വസ്ത്രം ധരിച്ചു 
അവൻ നടക്കുന്നു ...

എല്ലാവരെയും നോക്കാൻ 
അവന്റെ കണ്ണുകളായാസപെടുന്നു 
മാറിമാറി നോക്കി 
നല്ല അഴകുള്ളവർ 
സ്വർണനിറം 
മുടിക്ക് പലനിറം 
മേനി യന്ത്രത്തിൽ വാർത്തപോലെ !
അല്പവസ്ത്രം ധരിക്കാൻ ശ്രമിച്ചവരെ 
തെരുവ് ആട്ടിപ്പായിക്കുന്നു 
എല്ലാവരും അവരുടെ കൂടയൂള്ളവരെ 
പുകഴ്ത്തുന്നു !

അവനെയാരും  നോക്കുന്നില്ല 
വസ്ത്രങ്ങളെല്ലാം ഊരി 
തെരുവിനു നൽകി 
നഗ്നനായി നടന്നു നീങ്ങി !

രാജ്യം വേറെയാണെന്ന് തോന്നുന്നു 
നല്ല അനുസരണ !
എന്നിട്ടുമാരും നോക്കിയില്ല !

നഗ്‌നമേനി നോക്കുന്നതിന് 
ഇടയ്ക്ക് 
ഒന്നവൻ  കണ്ടില്ല 
അനുസരണ അവ്യക്തമായ 
തെരുവിൽ എല്ലാരും 
മുഖം മറച്ചിരിക്കുന്നു .... 

ഇന്നവൻ നടക്കാത്ത തെരുവുകളില്ല 
ലോകത്തിലെ തെരുവുകളെല്ലാം 
" അനുസരണ "എന്ന 
ഗാനമാലപിക്കുന്നു ...
ഒറ്റനിറത്തിൽ മുഖം മറച്ചിരിക്കുന്നു!
മനുഷ്യനെന്ന നിറത്തിൽ ...

മനുഷ്യ നിന്ന് 
     ഒരുമതം    - "അനുസരണ "
        ഒരു ജാതി  -"അനുസരണ "
           ഒരുദൈവം -"അനുസരണ "
              ഒരു നിറം     -"അനുസരണ "

മനുഷ്യനിന്നു 
                       - ഒരു ഭയം 
           
              " മരണം "

മരണം .... 
                      മരണം ....

വിഷ്ണു ശിവദാസ്

മഴ പോലെ

മഴ പോലെ ...
..............................

പൊഴിയുക
ഹൃദയത്തിൽ
നിറയുന്ന ഗീതമായ്
 മഴ പോലെ .. 

വീശുക 
തപിക്കും
മനസ്സിൽ കുളിരാർന്നിളം
കാറ്റു പോലെ...

ഒഴുകുക 
എന്നിലേക്കു ചേരാൻ
അലയുന്നൊരു
നദി പോലെ...

ഉതിരുക
ഹൃദയത്തിലേക്ക് നീ
ഒരിക്കലും
വാടാ മലർ പോലെ ...

തിളങ്ങുക 
പൊൻവെയിൽ
പ്രഭയേറ്റു മിന്നും
മഞ്ഞുകണം പോലെ..

പൊഴിയുക
കടലിൽ വീണലിയുന്ന
മഴനീർ
തുള്ളികൾ പോലെ..

നിറയുക
കൊതിക്കുമെന്നുള്ളിൽ
നീ നിറവോടെ
മധു പോലെ...

ഇഴുകുക
മഴപെയ്യും രാവിൽ
അലിയുന്ന നീല
നിലാവു പോലെ...

പൊതിയുക
തനുവാകെ
പൂവിൽ നിന്നുതിരുന്ന
ഗന്ധം പോലെ...

ചേരുക
ശ്വാസത്തിൻ
കണമായ് നീ ജീവൻ്റെ
താളം പോലെ

പടരുക
സിരകളിൽ...
 ജീവിത
 ലഹരി പോലെ...

സുഷമ.കെ.ജി.

2020, ജൂലൈ 15

എത്രമേൽ

എത്രമേൽ
........................

എത്ര ആഴത്തിലാണ് നിൻ്റെ വേരുകൾ
എന്നിലേക്ക് ആണ്ടു പടർന്നത് ..
എത്ര വേഗത്തിലാണ്
നിൻ്റെ 
തളിർപ്പുകൾ എൻ്റെ ചില്ലകളിന്മേൽ
വളർന്നു നിറഞ്ഞത്...
എത്ര സൗമ്യമായാണ് നീ എന്നെ ഇത്രമേൽ
മാറ്റിയെടുത്തത് ..
എത്ര ശോഭയോടെ നിൻ്റെ നയനങ്ങൾ എൻ്റെ 
ഇരുളടഞ്ഞ വഴികളിലെ പ്രകാശവിളക്കുകളായി
എത്ര അഗാധതയിലേക്കാണു നിൻ്റെ മൗനമെൻ്റെ ഏകാന്തതകളിലെനിക്കു കൂട്ടുവന്നത്..
എത്ര കരുതലോടെ എൻ്റെ പ്രാണൻ്റെ സങ്കടങ്ങളെ നീ തലോടി ഉറക്കി..
എൻ്റെ ഏകാന്തതകളിൽ നീ
മൃദു സംഗീതമൊഴുകും മുളം തണ്ടായി..
എത്ര മനോജ്ഞമായ് സ്വപ്നങ്ങളിൽ മാസ്മരികതയുണർത്തും
നറും നിലാവായി..
എത്ര മീട്ടിയാലും മതിവരാത്ത രാഗമായി
എത്രകേട്ടാലും കൊതിതീരാത്ത ഗാനമായി..
എത്ര സ്നേഹത്തോടെ, എൻ്റെ ഹൃദയത്തിൽ പൂത്തുലഞ്ഞ്..
മനസ്സാകെ സുഗന്ധം നിറച്ച്...
പടവുകളിൽ ആഴത്തിലോടുന്ന വേരുകളോടെ
അഗാധങ്ങളിൽ തണുവിറ്റിക്കും മഞ്ഞു കണങ്ങൾ പോലെ ...
എത്രസൗമ്യമായ് തലോടിയോമനിക്കും ഇളം കാറ്റിനെപ്പോലെ  ...
നിൻ്റെ ശ്വാസമൊന്നു പതിയുമ്പോൾ
ഹൃദയ താഴ്‌വാരങ്ങളിലെ സൗഗന്ധികങ്ങൾ
ആകെ പൂത്തുലയുന്നു...
എത്ര ശാന്തമായ് .... എത്ര ചാരുതയോടെ .. മഞ്ഞു മഴതുള്ളികൾ പോലെ ..

               സുഷമ .കെ .ജി

ഉത്തര പേപ്പർ

ഉത്തര പേപ്പർ

വൈദ്യുതി വെളിച്ചത്തെ
മാനത്തു നിന്നു വന്ന
മഴ മാലാഖ കുടിലിൽ
നിന്നും വിളിച്ചിറക്കിക്കൊണ്ടു പോയതോടെ,
മണ്ണെണ്ണ വിളക്കിൻ വെളിച്ചം
കൊണ്ടായിരുന്നു
ഗണിതത്തിൻ സമവാക്യങ്ങളെ
തലയിൽ ഉറപ്പിച്ച് വെച്ചത്
ഇടക്കിടെ അടിച്ചു വീശുന്ന
കാറ്റ് വെളിച്ചത്തെ
ഊതിക്കെടുത്തുന്നുണ്ടെങ്കിലും,
ക്ഷമയോടെ വീണ്ടും വെളിച്ചം കത്തിച്ചിരുന്നു
തീപ്പെട്ടിക്കൊള്ളി തീർന്നതോടെ,
ചകിതനായി പുതപ്പിനുള്ളിൽ
ഉറക്കമില്ലാതെയാണ്
നേരം വെളുപ്പിച്ചത്
ക്ലാസ് മുറിയിൽ നിന്നും ഉത്തര പേപ്പർ ഇരുകരങ്ങളിൽ
കിട്ടിയതോടെ,
തലയിൽ തിരുകിവെച്ച
സമവാക്യങ്ങളെ പരത്തിയെഴുതിയാണ് പേജ് നിറച്ചത്
എളുപ്പമാണെന്ന് തോന്നിയതോടെ,
ജീവിതത്തിൻ്റെ ഒരു പടി
ചവിട്ടിക്കയറിയത് പോലെയായിരുന്നു
പിന്നീടുള്ള ദിനങ്ങൾ
ഫല പ്രഖ്യാപനം
കൊതിച്ച്
കലണ്ടറിൻ അക്കങ്ങളെ
എണ്ണിത്തീർത്തിരുന്നു
ഞൊടിയിടയിൽ
പത്രത്തിൻ താളുകളിൽ
ഉത്തര പേപ്പർ നഷ്ടപ്പെട്ടുവെന്ന്
കണ്ടതോടെ,
ലക്ഷ്യവുമായി ചിറകടിച്ചുയരുന്ന
പക്ഷി വൈദ്യുതി ലൈനിൽ
തട്ടി താഴെ വീണതു പോൽ,
എൻ മണ്ണെണ്ണ വിളക്കിൻ
കഷ്ടത തൻ ശതമാനവും
വെളളത്തിൽ എഴുതിയത്
പോലെയായി

*ശാഫി വേളം*

ഇരുട്ട്

"ഇരുട്ട്"
•••••••••

ഏതോ എവിടെയോ നീയെത്ര ധന്യമാകേണ്ടവൻ
ഈ ജന്മം ഭൂമിയിൽ പിറന്നൂ വീണ്ടും
മതാപിതാകൾക്ക് അവിടെ കാണുന്ന എല്ലാവരും 
കരുണ തേടി അലഞ്ഞൂ...
എങ്കിലും എപ്പോഴൊ ഓർത്തീടുന്നു ഞാൻ
എന്റെ നിദ്രയിൽ വന്നു നിന്നെ കണ്ട നിമിഷം
ബാലനായ് ആകുമെങ്കിലും 
ഓരോ കാര്യങ്ങൾ എന്നിൽ അർപ്പിച്ചു നീ
പിന്നെ എന്നെങ്കിലും കാണാമെങ്കിലും
ആശയുണ്ട് മനസ്സിൽ
ആർക്കു കാഴ്ച്ചവെക്കുവാൻ
ഇന്നെലെകൾ പാറി പറന്ന് പോയ്
നീ എതോ ഈ വിണ്ണിലെ യക്ഷിയോ?

മണികണ്ഠൻ സി നായർ,
തെക്കുംകര.

പകപ്പ് (നാലു കവിതകൾ)


ആത്മഹത്യ

ഞരമ്പ് പിടച്ചുരുണ്ട്
പുറത്തേക്കു തള്ളി
ബ്ളേഡിനോട് അലറി
തുറന്ന് വിടൂ ഈ രക്തഡാമിനെ..
പുറത്ത് ആവശ്യമുള്ളവർ വേറെയുണ്ട്!
=================

 കൊലപാതകം...

വയറു തുളച്ചു വാൾ
മറുതലയ്ക്കൽ വിറച്ചു നിന്നു..
കള്ളൻ ചിരിക്കുന്നു
എന്നെ എങ്ങനെ കൊല്ലും
ഞാൻ പലതവണ മരിച്ചതല്ലേ!!
=================


പച്ചക്കറി തോട്ടം

പയറിട്ട മാലയും പാവയ്ക്ക കമ്മലും
പടവലം മുടിയും
ചീരച്ചുവപ്പും
തക്കാളിച്ചുണ്ടും
ചുണ്ടയ്ക്ക കണ്ണും
മുരിങ്ങയ്ക്ക വിരലും
ഇലപ്പൂക്കൾ ഉടയാടകൾ
പൂന്തോട്ടക്കുശുമ്പിൽ
പുഞ്ചിരി ക്കും നിറവ്!
===============



 കുഞ്ഞ്...

കീപാഡിൽ അക്ഷരങ്ങൾ
ടൈപ്പ്‌ ചെയ്ത് ചെയ്ത് 
മുനിയായി മാറിയ 
ജടാനരധാരി..

=====

Asha Abhilash
HSST Jr chemistry
GHSS west Kallada Kollam

അമ്മയ്‌ക്കൊപ്പം

അമ്മയ്‌ക്കൊപ്പം
------------------------ 
ഹേ സൂര്യാ 
നിന്റെ കണ്ണിനകത്തെ ചോരത്തുള്ളികൾ കണ്ടും 
നിന്റെ നെഞ്ചിനകത്തെ ചെറുകാളിമ ചാലിച്ചും  
നീ വരയ്ക്കും നിഴലുകളുടെ വൈരൂപ്യമറിഞ്ഞും 
നിന്നെ മറയ്ക്കും മതിലുകളുടെ ഭീമാകൃതിയിൽ 
തളർന്നും 
നിന്നു പോയ്‌ ഞാൻ 
നിർന്നിമേഷനായ് ഒരു മാത്ര നേരം.

വീണ്ടും കറങ്ങുന്നു ചക്രം 
നിന്റെയാകർഷണത്തിന്റെ  വൃത്തം!

എത്ര നാളായ്ക്കറങ്ങുന്നൂ 
വൃത്തങ്ങളെണ്ണിയാലെത്തില്ല 
ഓരോ നിമേഷവും ഭൂമി നിന്നെ 
വലംവച്ചു നീങ്ങവേ 
ഉള്ളിൽ കൊതിച്ചൂ വൃഥാ 
നിന്നിലേക്കുള്ള ദൂരം കുറഞ്ഞുവോ 
നിന്നിലെ കെട്ടടങ്ങാത്ത ജ്വാലയിൽ 
ഞാനും ലയിക്കുമോ, എന്നെങ്കിലും 
ഞാനും ജ്വലിക്കുമോ ദേവാ? 

ഇങ്ങകലേ, ഈ മൺകുടിലിന്റെ 
മുറ്റത്തു 
ഈറനുടുത്തെന്റെ അമ്മ 
പൊന്നുഷസ്സന്ധ്യയിൽ 
ദീപം കൊളുത്തി കൈ കൂപ്പി 
പാതിയടഞ്ഞ മിഴികളാൽ 
ഈരേഴു ലോകവും കണ്ട് 
നിന്നെ സ്തുതിച്ചകക്കാമ്പിൽ 
നിന്നെ കുടിയിരുത്തുമ്പോൾ 
ഹേ സൂര്യാ 
ആശിച്ചു പോയി ഞാൻ 
അമ്മതൻ മിഴി നീരിലലിയുവാൻ 
അവരുടെ കയ്യിൽ നിന്നൊരിറ്റു മാമുണ്ണുവാൻ. 

വാൽക്കിണ്ടി മെല്ലെ, ച്ചരിച്ചമ്മ 
കൈകുമ്പിളിൽ കോരിയെടുത്ത 
കുളുർമയും തീർഥവും കൃഷ്ണതുളസിയും 
ശാന്തി തൻ മന്ത്രാക്ഷരങ്ങൾ ജപിക്കവേ 
സപ്ത വർണങ്ങൾ തെളിഞ്ഞൂ, തമസ്സിന്റെ 
കൺമുന മെല്ലെയടഞ്ഞു 
കുമുദിനീ നാഥന്റെയുള്ളം തുടിച്ചൂ
കൈകൂപ്പി താരകൾ സാന്ധ്യ 
കീർത്തനം ചൊല്ലീ
നമോസ്തുതേ.

ഹേ സൂര്യാ 
മോഹിച്ചു,  ഞാനും തുഷാരമായെങ്കിൽ 
ഞാനെന്റെ സ്വപ്നത്തിലിത്തിരി നേരം 
മയങ്ങിയെങ്കിൽ!
(ചാപല്യമോ മനശ്ചാഞ്ചല്യമോ?)
നേരമില്ലാ പ്രഭോ ഭൂമിയോടൊപ്പം
തികയ്ക്കണം വൃത്തം
നിൽക്കട്ടെ, യീ യാത്രയാൽ 
നിന്നിലേക്കുള്ള ദൂരമെങ്ങാൻ 
കുറഞ്ഞെങ്കിലോ,
ആവർത്തനത്തിൻ വിരസത മാറ്റി    
പുതു പാതകൾ തീർന്നെങ്കിലോ!
=========

By-അജയ് നാരായണൻ

പൂക്കൾ

പൂക്കൾ
------------- 
കുഞ്ഞിന്റെ കണ്ണുകളിൽ വിരിയുന്ന 
നക്ഷത്രപ്പൂക്കളെ 
കണ്ടിട്ടുണ്ടോ 
ആകാംക്ഷയുടെ ഗന്ധം നിറഞ്ഞ 
ആ പൂക്കളെ 
പോലെയാണല്ലോ എന്റെ മനസ്സും 
ഇന്ന്‌ മരണത്തെ കാത്തിരിക്കുന്നത്!

അതല്ല വേണ്ടതത്രേ, 
നിസ്സംഗനായി 
സർവം ത്യാഗിയായ 
സന്ന്യാസിയുടെ നിർവാണമാർഗമല്ലോ 
മരണം!
തേരിന്റെ ചക്രങ്ങൾ കറങ്ങുന്ന 
ശബ്ദമണഞ്ഞാൽ  
ആത്മാവിനുണരാം  
ജീർണിച്ച തേരുവിട്ടിറങ്ങാം 
കാലത്തിന്റെ ഗുഹാമുഖത്തേക്കു 
നൂണ്ടിഴയാം, 
അന്ന് 
അനശ്വരനാകാം 
സ്മൃതിയെ വരിക്കാം.

കൂടുവിട്ടു കൂടുമാറുന്ന 
ഒരു ചെപ്പടി വിദ്യയെന്നും  
ചിലർ മരണത്തെ 
വ്യാഖാനിച്ചൂ.

നേരും നുണയും ഭാവനയും 
വേർതിരിക്കാനാവാതെ 
ഞാൻ 
ചിതലുകൾക്കായ് പുറ്റുകൾ 
തീർത്തു 
കാത്തിരുന്നൂ,  എന്തിനോ... 

പാവം, 
എന്റെ അമ്മ മാത്രം 
തോരാതെ 
പെയ്തൊഴിഞ്ഞു.
അവരുടെ സ്വപ്നവും
ഭൂതവും ഭാവിയും 
അസ്തിത്വവും 
ഒന്നായ് തകർന്നുപോയല്ലോ.
അവരുടെ മഴനൊമ്പരത്തിൽ
വേർപാടിന്റെ ശൂന്യതയിൽ 
പേരറിയാ പരിദേവനത്തിൽ  
മരണത്തിന്റെ നിർവചനങ്ങളും 
വ്യാഖാനങ്ങളും കാഴ്ചപ്പാടുകളും 
മൃതിയുടെ 
കാവൽക്കാർ മാത്രം
കാഴ്ചക്കാർ മാത്രം!

അമ്മയുടെ നെഞ്ചകം 
പിന്നെയും വിങ്ങീ
നിരന്തരം ലാവയൊഴുകീ 
അറ്റം കാണാതലഞ്ഞൂ.

മരിച്ച ആത്‌മാക്കൾക്കായ് 
കൽവിളക്കും കൊളുത്തി 
നിൽക്കുന്ന 
സാലഭഞ്ജികകൾ
നോക്കിനിന്നൂ,  വെറുതേ, 
പിന്നെ
ഇരുട്ടിന്റെ മുഖംമൂടി 
എടുത്തണിഞ്ഞു.

അമ്മയെന്നിട്ടും തോരാതെ 
ഒഴുകീ, 
അതിന്റെ തീരത്ത് 
വായ്ക്കരിയ്ക്കായ് 
ആത്‌മാക്കൾ 
വരികൾ തീർത്തു.

ഞാൻ ഇപ്പോഴും ഇവിടെയീ 
മൺകൂനക്കരികെ 
പൂവിന്റെ ഗന്ധവും 
പേറിയിരിക്കുന്നു
നിശാപുഷ്പങ്ങളോ, 
നക്ഷത്രക്കുഞ്ഞുങ്ങൾക്കായ് 
താരാട്ടു പാടിത്തുടങ്ങി 
ആകാംക്ഷയെ 
നിത്യ നിദ്രയിലാഴ്ത്താൻ!

By-അജയ് നാരായണൻ
Gibin Mathew Chemmannar | Create Your Badge