ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

കുഞ്ചൻ നമ്പ്യാരുടെ കവിതകൾ

കവിതകൾ
......................................................

കല്യാണസൗഗന്ധികം തുള്ളൽ (തുള്ളൽ കഥ)
..................................................................................
കുലഗിരിസമനായ കൊലയാനത്തലവന്റെ
കുലമെല്ലാമൊരുമ്പാടേ കൊലചെയ്തോരുമാകാന്തൻ
കുലുങ്ങാതെ കരിവേഷം കലർന്നാശു വിരവോടേ
മലമകൾ പിടിയായി മലമൂട്ടിലെഴുന്നള്ളി
മലർബാണം തറച്ചാശു മലതന്റെ തടംതന്നിൽ
മലനാരിയൊടു ചേർന്നു പലകാലം രമിയ്ക്കുമ്പോൾ
ഉലകിന്റെ ശുഭകർമ്മഫലമാശു വരുത്തുവാൻ
അലസാതെ പിറന്നാശുബലനായിട്ടിരിയ്ക്കുന്ന
പരദൈവം ഗണനാഥൻ കലവിയോടടിയന്റെ
കലുഷത്തെക്കളഞ്ഞാശു പലനേരം തുണയ്ക്കേണം :
കലയേഹം നമസ്കാരം ; കലയേഹം നമസ്കാരം .
കളവാണി സരസ്വതി തെളിവോടെ മനക്കാമ്പിൽ
വിളയാടിക്കളിക്കേണം കളങ്കങ്ങളകറ്റേണം ;
കളികൾക്കുള്ളൊരു വിഘ്നം കളഞ്ഞെന്നെ തുണയ്ക്കേണം
തകഴിയിൽ മരുവുന്ന ഹരിഹരസുതനയ്യൻ
അകതാരിൽ പരിതാപമകലുവാൻ തുണയ്ക്കേണം.
വാനോർനദീപുരേ വാണരുളീടുന്ന
ദീനാനുകമ്പിയാം കൃഷ്ണൻ തിരുവടി
ദീനം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണ -
മാനന്ദമുള്ളിൽ വളരെ വളർത്തണം
ചെമ്പകനാട്ടിന്നലങ്കാരഭൂതനാം
തമ്പുരാൻ ദേവനാരായണസ്വാമിയും
കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം
കുമ്പിടുന്നേനിന്നു തൻ പദാംഭോരുഹം
നന്ദികാരണ്യമാം മന്ദിരേ വാഴുന്ന
മന്ദാരദാരുവാം ബാലരവിയുടെ
നന്ദി വരുത്തുന്ന കണ്ടങ്കരിക്കാവി -
ലിന്ദുചൂഡപ്രിയേ ! വന്ദേ ഭഗവതീ !
മന്ദേതരം മമ മന്ദത തീർത്തുടൻ
വന്നിസ്സഭ തന്നിലൊന്നു വിലസണം
കിള്ളിക്കുറിശ്ശിയെന്നുള്ള പുരംതന്നി -
ലുള്ള പരദൈവമുള്ളീന്നു നമ്മുടെ
കള്ളങ്ങളാകവേ തള്ളിപ്പുറത്താക്കി
വെള്ളത്തിര പോലെ തള്ളിപ്പരക്കണം
വെള്ളസ്സരസ്വതീ വള്ളിദീർഘങ്ങളും
പുള്ളി വിസർഗ്ഗമെന്നുള്ള വിധങ്ങൾക്കൊ -
രെള്ളോളമിങ്ങൊരു കള്ളം വരാതെക -
ണ്ടുള്ളിൽ സദാ തിരുവുള്ളം ഭവിക്കണം
ഭാഷയായിട്ടു ചമയ്ക്കുന്ന വാക്കുകൾ
ദോഷമകന്നു വരുത്തുവാൻ ദുർഘടം
ശേഷമുള്ളാളുകൾ കേട്ടു നമ്മെക്കൊണ്ടു
ദൂഷണം കെട്ടിച്ചമയ്ക്കാനടുക്കയാൽ
ഭോഷനായുള്ളോരെനിക്കു കനക്കവേ
ദൂഷണമെന്നു മനസ്സിലുറയ്ക്കുന്നു.
ഏറെത്തുടങ്ങിയാലൊന്നും ഫലം വരാ -
വാറില്ല വാക്കിനെന്നെല്ലാം വരുമിനി -
ക്കൂറുള്ളവർക്കും മുഷിച്ചിൽ തുടങ്ങുമി -
പ്പോറത്തമേറെപ്പറഞ്ഞു തുടങ്ങിയാൽ ;
ആദരാലെങ്കിലും കോരിവിളമ്പിയാൽ
സ്വാദില്ലയെന്നു വരുമിനി നിർണ്ണയം
പഞ്ചസാരപ്പൊടിയേറ്റം ചെലുത്തിയാൽ
നെഞ്ചകത്തങ്ങു രുചിയും കുറഞ്ഞു പോം
ചൊല്ലുന്ന കേൾക്കുമിപ്പാമ്പെന്നുറച്ചിട്ടു
പല്ലു തൊട്ടെണ്ണുവാനിച്ഛ തുടങ്ങൊലാ
നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു
കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ
നല്ലൊരു ബുദ്ധിമാന്മാരിക്കഥാസാര -
മെല്ലാമറിഞ്ഞു നിറഞ്ഞ സഭ തന്നി -
ലുല്ലാസമോടെ പ്രയോഗിച്ചു കാണുകിൽ
കല്യാണമല്ലോ കവികൾക്കു സന്തത
അംഭോജനാളത്തിലുന്മീലിതം പൊരു -
ളൻ പതു പത്തു രണ്ടിൽ പെരുക്കീട്ടുരു -
പഞ്ചാക്ഷരത്തടി ശാഖാ ലതാ പുഷ്പ -
സഞ്ചയന്തന്നിൽ മറഞ്ഞുകിടക്കുന്ന
സന്താനവേദപ്പൊരുളുകൾ വച്ചിട്ട്
താമരസാക്ഷന്റെ മെത്തേടെ താഴത്തു
താങ്ങിക്കിടക്കുന്നവനെച്ചുമക്കുന്ന
വമ്പന്റെ കൊമ്പന്റെ കൊമ്പൊന്നൊടിച്ചോന്റെ
ചേട്ടനെപ്പേടിച്ചു നാട്ടീന്നു പോയോന്റെ
ചാട്ടിന്റെ കൂട്ടിന്റെ കോട്ടം തിമിർത്തവ -
ന്നുണ്ണിക്കഴുത്തറുത്തോരു പുരുഷനെ -
ന്നുള്ളിൽത്തെളിവോടു വന്നു തുണയ്ക്കണം
കല്യാണശീലനാം കാർമുകിൽ വർണ്ണനെ -
ക്കല്യാത്മഭാവേന വന്ദിച്ചു കൊണ്ടു ഞാൻ
കല്യാണസൌഗന്ധികാഖ്യം കഥാഭാഗ -
മുല്ലാസകാരണം ഭാരതസത്തമം
ചൊല്ലേറുമിക്കഥാലേശം ചുരുക്കി ഞാൻ
ചൊല്ലാൻ തുടങ്ങുന്നു ദേശികാനുഗ്രഹാൽ
കല്ഹാരപുഷ്പം ഹരിച്ചോരു ഭീമന്റെ
കല്യാണവിക്രമം വർണ്ണിച്ചു ചൊല്ലുവാൻ
തെല്ലും മതിയാകയില്ല ഞാനെങ്കിലും
വല്ലതും കിഞ്ചിൽ കഥിക്കെന്നതേ വരൂ
' നല്ല വിദ്വാന്മാർ പറഞ്ഞു ഫലിപ്പിച്ചു
നല്ലൊരു കീർത്തി ലഭിച്ച കഥാമൃതം
കില്ലു കൂടാതെ കഥിപ്പാൻ തുടർന്നവൻ
നല്ല ഭോഷച്ചാരതിനില്ല സംശയ ' -
മെന്നു പറഞ്ഞു പരിഹസിക്കുന്നവ -
രൊന്നു ബോധിക്കണമിന്നു മാലോകരേ !
മുന്നം ഭഗീരഥൻ പാരം പണിപ്പെട്ടു
മന്ദാകിനീജലം കൊണ്ടുവന്നാദരാൽ
മന്നിടം തന്നിൽ പരത്തി മഹാരഥൻ
തന്നുടെ മുമ്പിൽ മരിച്ച പിതൃക്കളെ
ഒന്നൊഴിയാതവൻ തർപ്പിച്ചു തർപ്പിച്ചു
ധന്യരെ സ്വർഗ്ഗത്തിലാക്കിപോലും നൃപൻ ;
അജ്ജലം തന്നിൽ മറ്റുള്ള മഹാജനം
മജ്ജനം ചെയ്യുന്നു തർപ്പണം ചെയ്യുന്നു
ഗർജ്ജനം ചെയ്യുന്നപോലെ മഹീതലേ
ദുർജ്ജനം നമ്മെപ്പരിഹസിച്ചെങ്കിലും
അർജ്ജുനാഗ്രേഭവൻ തന്റെ പരാക്രമം
വർജ്ജിച്ചു മറ്റൊന്നു വർണ്ണിക്കയില്ല ഞാൻ.
എങ്കിലോ പണ്ടു യുധിഷ്ഠിരൻ ഭീമനും
മങ്കമാർ മൌലിയാം പാഞ്ചാലപുത്രിയും
മാദ്രീസുതന്മാരിരുവരുമവ്വണ്ണ -
മദ്രിവനാന്തേ നടക്കും ദശാന്തരേ
ഗന്ധവാഹത്താൽ സമാഹൃതമായ സൌ -
ഗന്ധികം കണ്ടുടൻ കൌതുകാൽ പാർഷതി
ഗന്ധവാഹാത്മജൻ തന്നോടു ചൊല്ലിനാൾ
ഗന്ധദ്വിപപ്രൌഢമന്ദസഞ്ചാരിണി !
"കണ്ടാലുമാശ്ചര്യപുഷ്പമെൻ വല്ലഭ !
കണ്ടാൽ മനോഹരം കാഞ്ചനാഭം ശുഭം
പണ്ടു ഞാനീവണ്ണമുള്ളൊരു വസ്തുവെ -
ക്കണ്ടറിയുന്നീല കാന്ത! ധരിക്കെടോ ;
തണ്ടാർമധുരസം തെണ്ടിപ്പറക്കുന്ന
വണ്ടുകളെല്ലാം മുരണ്ടു കുതൂഹലം -
പൂണ്ടു, വനങ്ങളിൽ പണ്ടുള്ള പുഷ്പങ്ങൾ-
കൊണ്ടുള്ളനുഭവം തെണ്ടുന്നതല്ലെന്നു
കണ്ടുടൻ വൃന്ദവും കൊണ്ടു പുറപ്പെട്ടു
മണ്ടിവരുന്നതും കണ്ടീലയോ ഭവാൻ !
കണ്ടിവാറ്കേശിമാർക്കുണ്ടാം ദുരാഗ്രഹം -
കൊണ്ടല്ല ഞാനിതുകൊണ്ടു പറയുന്നു
രണ്ടുഭാവം നിനക്കുണ്ടാക വേണ്ടെടോ !
രണ്ടുനാലെങ്കിലും കൊണ്ടുവന്നീടണം
ഉണ്ടു കനിവെങ്കിൽ വേണ്ടുവോളം ; മതി -
കുണ്ഠിതം കൂടാതെ മണ്ടിഗമിച്ചിതു -
കൊണ്ടുവരാൻ നിനക്കുണ്ടു പരാക്രമം .
കണ്ട ശൈലങ്ങളും കണ്ട വൃക്ഷങ്ങളും
കണ്ടകക്കൂട്ടവും കണ്ടാലതു ഗദ -
കൊണ്ടു തകർത്തു തിമിർത്തു ഗമിപ്പതിൽ
വേണ്ടും ബലം നിനക്കുണ്ടെന്നു നിർണ്ണയം.
പണ്ടെടോ നിന്കരംകൊണ്ടു ഹിഡിംബന്റെ
കണ്ഠം പിടിച്ചാശു കണ്ടിച്ചെറിഞ്ഞതും
ശുണ്ഠിച്ചുവന്നോരു കിർമ്മീരനെബ്ഭവാൻ
മണ്ടിച്ചുവെന്നല്ല രണ്ടായ് പിളർന്നതും
കുണ്ഠത്വമെന്യേ ബകനെ വധിച്ചതും
കണ്ടു കേട്ടുള്ളിലുറപ്പുണ്ടെനിക്കെടോ !
ഉത്തരാശാമുഖം തന്നില്നിന്നെത്രയും
ഉത്തമമായൊരു സൌരഭ്യമിങ്ങനെ
സത്വരം വന്നതു സൂക്ഷിച്ചറിക കേൾ
സത്ത്വവാനല്ലോ സമീരസൂനോ ഭവാൻ ;
ഇത്തരം പുഷ്പങ്ങളെങ്ങാനുമുണ്ടെന്നു
ചിത്തരംഗത്തിലെനിക്കുണ്ടു നിശ്ചയം ;
തത്ര ചെന്നാശു ഹരിക്ക ഭവാനെങ്കി -
ലത്രനിന്നാശു ഗമിച്ചാലുമാദരാൽ ;
എത്രയും മോഹം നമുക്കിന്നതിങ്ങു നീ
പാത്രമെന്നുള്ളതും സന്ദേഹമില്ലെടോ !
'പെണ്ണിന്റെചൊൽ കേട്ടു ചാടിപ്പുറപ്പെട്ടു
പൊണ്ണൻ മഹാഭോഷനയ്യോ ! മഹാജളൻ !
ഖണ്ഡിച്ചുരപ്പാൻ വശതയില്ലായ്കയാൽ
ദണ്ഡിക്കുമാറായി വന്നു വൃഥാഫലം'
ഇത്യാദി നമ്മെ ദുഷിക്കും മഹാലോക -
രത്യാഗ്രഹം മൂലമെന്നു ശങ്കിച്ചു നീ
ചിത്തേ വിഷാദിച്ചു നില്ക്കേണ്ട വല്ലഭ !
പത്ഥ്യമല്ലെങ്കിൽ പറഞ്ഞതുമില്ല ഞാൻ
ധർമ്മാടവീവാസിയാകുന്ന രാഘവൻ
തൻ മാനിനീ വാക്കു കേട്ടു മോഹിക്കയാൽ
പൊന്മാനിനെപ്പിടിപ്പാനായ് പുറപ്പെട്ടു
തൻ മായകൊണ്ടുഴന്നോടി വാഴും വിധൌ
വൈദേഹിയെക്കട്ടുകൊണ്ടുപോയീടിനാൻ
വൈദേഹികവ്യാജസന്ന്യാസി രാവണൻ
വാമാക്ഷിവാക്യം പ്രമാണിക്കകാരണം
രാമാദികൾക്കുമബദ്ധം പിണഞ്ഞുപോൽ
എന്നതുകൊണ്ടു പറഞ്ഞിതു വല്ലഭ !
എന്നുടെ ചൊൽ കേട്ടബദ്ധം ഭവിക്കൊലാ
തന്നുടെ ബുദ്ധ്യാ വിചാരിച്ചുറച്ചതു
നന്നെങ്കിലിങ്ങനെ വേണമെന്നാഗ്രഹം. "

ദ്റുപദനന്ദിനി തന്റെ വചനമിങ്ങനെ കേട്ടു
നൃപതി മാരുതി ഭീമൻ ചിരിച്ചുകൊണ്ടുരചെയ്തു :
"ചപലസ്ത്രീകളെപ്പോലെ കഥിക്കുന്നെന്തെടോ ബാലേ !
സഫലം നിന്നുടെ കാര്യം സപദി സംഭവിച്ചീടും
ശുകവാണീമണേ ! നിന്റെ ഹിതമെന്തെങ്കിലും ചെയ് വാൻ
സുകരം മാരുതിക്കിന്നു ധരിക്ക നീ മഹാഭാഗേ !
ധരണീ സ്വർഗ്ഗ പാതാളപ്രദേശങ്ങൾമുഴുവൻ ഞാൻ
തിരഞ്ഞു കാഞ്ചനപുഷ്പം വിരഞ്ഞു കൊണ്ടുപോരുമ്പോൾ
സുരന്മാർ ദാനവന്മാരും നരന്മാർ പന്നഗന്മാരും
ചരന്മാർ ചാരണന്മാരും പരന്മാർ പാർഥിവന്മാരും
കടുക്കും കോപമോടെന്നെത്തടുക്കുംനേരമേ പാഞ്ഞ -
ങ്ങടുക്കും ഞാൻ ഗദ കൈയിലെടുക്കും സംഗരേ നല്ല
മിടുക്കും വീര്യശൌര്യങ്ങൾനടിക്കും കശ്മലന്മാർക്കി -
ട്ടിടിക്കും കൈകളും കാലുമൊടിക്കും ദേഹമെപ്പേരും
പൊടിക്കും ഭൂമിയിലുള്ള പൊടിക്കും പാത്രമാക്കും ഞാൻ
ഇടിക്കും മുഷ്ടികൾകൊണ്ടു പിടിക്കും മർദ്ദനം ചെയ്യു -
മടിക്കും താഡനം ചെയ്യും മുടിക്കും വൈരിവൃന്ദത്തെ
കടിക്കും പാമ്പിനെപ്പോലെ കടക്കും മന്ദിരംതന്നിൽ
കിടക്കും വിത്തവും വാരിക്കൊടുക്കും വിക്രമമെല്ലാം
അടക്കും സ്ഥാനമാനങ്ങൾ മടക്കമെന്നിയേ വിശ്വ -
മടക്കും ഭീമസേനൻ ഞാൻ നടക്കുമിങ്ങനെ ചെറ്റു
മടക്കം മാരുതിക്കില്ല മടവാർമാലികേ ബാലേ  !
വടക്കു ദിക്കിനെ നോക്കി നടക്കും പർവതമാശു
കടക്കും നമ്മുടെ മാർഗ്ഗം മുടക്കും വൈരികളെല്ലാം
കടക്കും കാലഗേഹത്തിൽ കിടക്കും കുംഭിപാകത്തിൽ ;
പൊടുക്കെന്നാശു നിൻ‌കാര്യം ലഭിച്ചു പോരുവൻ ഭീമൻ "

ഇത്ഥം പറഞ്ഞു ഗദയുമെടുത്തുകൊ -
ണ്ടുത്ഥാനവും ചെയ്തു ഗന്ധവാഹാത്മജൻ
ഉത്തരാശാമുഖം നോക്കിപ്പുറപ്പെട്ടു
സത്വരാഹങ്കാരഗംഭീരപൂരുഷൻ
അഗ്രഭാഗേ രണ്ടു പന്തി നിരക്കവേ
അഗ്രഹാരം കണ്ടു കൌതുകം പൂണ്ടുടൻ
നിഗ്രഹാനുഗ്രഹാധികൃതപ്രൌഢരാം
വിപ്രലോകാഗ്രേസരന്മാരെ വന്ദിച്ചു
വിഗ്രഹശക്തനാം വീരൻ വൃകോദരൻ
വ്യഗ്രതാഹീനം നടന്നു തുടങ്ങിനാൻ
ഉഗ്രമാം കാനനം തന്നിലകംപുക്കു
ദുർഗ്രഹക്രൂരധീരാകാരപൂരുഷൻ
നക്ഷത്രമാർഗത്തിലെത്തിക്കിളർന്നോരു
വൃക്ഷങ്ങൾകണ്ടുടൻ വിസ്മയിച്ചീടിനാൻ
ലക്ഷകോട്യർബുദം ധൂളീ പരാർദ്ധവും
ലക്ഷീകരിക്കയില്ലെണ്ണിത്തുടങ്ങിയാൽ
താലം തമാലവും നക്തമാലങ്ങളും
സാലം രസാലവും ഹിന്താലജാലവും
അർജ്ജുനം കേസരം നീലം പലാശവും
സർജ്ജുകം ഖർജ്ജുരം കാരസ്കരങ്ങളും
ചൂതം പനസവും ശിംബികാ ചമ്പകം
മാതുലുഗങ്ങളും മാകന്ദവൃന്ദവും
പുന്നാഗനാഗപ്രിയാളദ്രുമങ്ങളും
പിന്നെബ്ബകുളങ്ങൾപൂപ്പാതിരികളും
അശ്വത്ഥജാലം കപിത്ഥദ്രുമങ്ങളും
ശശ്വത്തണലുള്ള പേരാൽസമൂഹവും
ഈട്ടിയും തേക്കും തിലകദ്രുമങ്ങളും
ചോട്ടിൽ‌പ്പതിക്കും ചുഴലിവൃക്ഷങ്ങളും
അത്തിയുമിത്തിയും പിന്നെപ്പരുത്തിയും
പൂത്തെലഞ്ഞീ കൃതമാലജാലങ്ങളും
മന്ദാര കുന്ദ കുരണ്ഡ ഷണ്ഡങ്ങളും
കന്ദരാളങ്ങളും കാട്ടുപുഷ്പങ്ങളും
തിന്ത്രിണീവൃക്ഷങ്ങൾവംശദ്രുമങ്ങളും
ലന്തവൃക്ഷങ്ങളും ജംബൂകദംബവും
ജംബീരവൃക്ഷവും ശിഗ്രുദ്രുമങ്ങളും
തുംബീലതകളും താംബൂലിക്കൂട്ടവും
ഗുഞ്ജാനികുഞ്ജവും മല്ലികാവല്ലിയും
മുഞ്ഞവല്ലീകളും മാലതീജാലവും
ഇപ്രകാരം പുഷ്പവല്ലീതൃണങ്ങളാൽ
തൽ പ്രദേശം മഹാ ഘോരം വനാന്തരം
ക്ഷിപ്രം പ്രവേശിച്ചു ഭീമസേനൻ മുദാ
തൽ പ്രദേശം കണ്ടു സന്തുഷ്ടമാനസൻ
എട്ടു ദിഗന്തങ്ങൾപൊട്ടുമാറുച്ചത്തി -
ലട്ടഹാസോദ്ഭടം പൊട്ടിച്ചിരിക്കയും
പെട്ടെന്നു മാനത്തു മുട്ടും മരാമര -
ക്കൂട്ടങ്ങളിൽ ഗദാഘട്ടനം ചെയ്കയും
ചട്ടറ്റ വൃക്ഷങ്ങൾ പൊട്ടിത്തകർന്നാശു
മുട്ടിപ്പതിക്കുന്ന കോലാഹലങ്ങളും
ഒട്ടല്ല തങ്ങളിൽ കെട്ടി ദ്രുമശ്രേണി
കെട്ടിപ്പിണഞ്ഞാശു പൊട്ടുന്ന ഘോഷങ്ങൾ
കേട്ടു പാരം ഭയപ്പെട്ടു മൃഗങ്ങളും
തെറ്റെന്നു മണ്ടിഗമിക്കും പ്രകാരവും
പെട്ടെന്നൊരു മരം പൊട്ടിപ്പിളർന്നാശു
മറ്റൊരു വൃക്ഷേ പതിക്കുന്ന നേരത്തു
മറ്റതും ഖണ്ഡിച്ചുമറ്റതിൻ മേൽ വീണു
മറ്റതും മറ്റതും മറ്റതും ഭസ്മമായ്

മുറ്റും മരങ്ങളിൽ ചുറ്റുന്ന വള്ളികൾ
ചുറ്റും ഗദാഘാതമേറ്റുടൻ മൂലങ്ങ -
ളറ്റു മരങ്ങളിൽ ചുറ്റും വെടിഞ്ഞാശു
ചുറ്റും തകർന്നാശു മുറ്റും പതിക്കയും
ഈറ്റപ്പുലികളും സിംഹഗജങ്ങളും
ചേറ്റിൽ കിടക്കുന്ന പന്നിത്തടിയനും
ഏറ്റു പുറപ്പെട്ടു പാഞ്ഞടുക്കും വിധൌ
കാറ്റിൻ മകൻ ഗദാചക്രം തിരിക്കുന്ന
കാറ്റു മാത്രം മെയ്യിലേറ്റൊരു നേരത്തു
പാറ്റകൾപോലെ പലായനം ചെയ്കയും
അത്യുന്നതം ഗന്ധമാദനപർവതം
അത്യന്തവിസ്താരമത്യദ്ഭുതം പരം
ഉത്തുംഗശൃംഗങ്ങൾനക്ഷത്രമാർഗത്തി -
ലെത്തുന്നതൊട്ടല്ല പത്തുനൂറായിരം  ;
കത്തുന്ന തീക്കനൽജ്വാലാകലാപത്തി -
നൊത്തുള്ള രത്നപ്രകാശങ്ങളങ്ങനെ
കുത്തിയൊഴുകുന്ന പൂഞ്ചോലവാരിയിൽ
തത്തിക്കളിക്കുന്ന മത്സ്യ നക്രങ്ങളും
പാതാളരന്ധ്രത്തിനൊക്കും ഗുഹകളിൽ
ചേതസി മോദാൽ കളിച്ചു വസിക്കുന്ന
വേതാളപാളിയും കാളിയും കൂളിയും
ഭൂതാളി പൂതനാജാലങ്ങളും ക്വചിൽ ;
പ്രേതാശരബ്രഹ്മരക്ഷോഗണങ്ങളും
ഏതാനുമല്ലൊരു ലക്ഷവും കോടിയും
വാതവേഗങ്ങളാം മാനും കലകളും
മതംഗയൂഥവും സിംഹഗണങ്ങളും
വള്ളിപ്പുലികൾ വരയൻ‌പുലികളും
പുള്ളിപ്പുലികൾ കരിമ്പുലിക്കൂട്ടവും
വള്ളിക്കുടിലികത്തുള്ളിൽ കടന്നങ്ങു
തുള്ളിക്കളിക്കുന്ന പുള്ളിമാൻ പേടയ്ക്കു
കൊള്ളിക്കുമാറുള്ള ബാണം പ്രയോഗിച്ചു
കൊല്ലുന്ന കാട്ടാളജാതിയെക്കാൺകയാൽ
ഉള്ളിൽ ഭയം പൂണ്ടു മണ്ടും മൃഗങ്ങളെ
തായത്തിലെത്തിപ്പിടിച്ചു കടുക്കെന്നു
വായിലാക്കിക്കൊണ്ടു പാഞ്ഞുപോകും കടു -
വായും പുലികളും ചെന്നു വലകളിൽ
ചാടിക്കിടന്നുഴന്നീടുന്ന നേരത്തു
പാടേ മുടിപ്പാനൊരുമ്പെട്ടുറച്ചുടൻ
ഓടിവന്നീടുന്ന വേടൻ കണകൊണ്ടു
പാടനം ചെയ്തു വധിക്കും പ്രകാരവും
പേടിച്ചൊളിക്കുന്ന ചെമ്പുലിക്കൂട്ടങ്ങ -
ളോടെ കലമ്പുവാനായ് വന്നടുത്തിടും
എട്ടടിമാനിനെ പ്പെട്ടെന്നു കുന്തത്തി -
ലിട്ടു കളിപ്പിച്ച കാട്ടാളരാജന്റെ
ചട്ടറ്റ വിക്രമം കൊണ്ടു പുകഴ്ത്തുന്ന
കാട്ടാളരാജനും കൂട്ടരുമൊക്കവേ
വേട്ടക്കു കോപ്പുകൾകൂട്ടിപ്പുറപ്പെട്ടു
കാട്ടിൽ‌പ്പരന്നതും കണ്ടു വൃകോദരൻ .
ചെമ്പിച്ച താടിയും മീശയും കേശവും
വമ്പിച്ച കൈകളിൽ വില്ലും ശരങ്ങളും
ചെമ്പരത്തിപ്പൂ കണക്കെ നേത്രങ്ങളു -
മമ്പിളി പോലെ വളഞ്ഞുള്ള പല്ലുകൾ
അഞ്ജനപർവതം പോലെ ശരീരവും
ഗുഞ്ജാഫലം കൊണ്ടു കോർത്തുള്ള മാലകൾ
കുഞ്ജരന്മാരുടെ കുംഭത്തടങ്ങളെ -
ബ്ഭഞ്ജനംചെയ്തങ്ങതിൽ‌പ്പെട്ട മുത്തുകൾ
അഞ്ജസാ കുത്തിത്തുളച്ചു കോർത്തങ്ങനെ
സഞ്ജാതമായുള്ള മാലാകലാപവും
മഞ്ഞക്കുറികളും മായൂരപിഞ്ഛവും
മഞ്ചാടിമാലയും മാറിൽ പലതരം
ഉച്ചത്തിലുള്ളൊരു കണ്ഠനാദങ്ങളും

മെച്ചത്തിലുള്ളൊരു വീര്യഭാവങ്ങളും
കച്ചകെട്ടിച്ചില തൊങ്ങലും വാലുമി -
ട്ടത്യന്തഘോഷമാം വേഷം ഭയങ്കരം
കുണ്ഠേതരം നല്ല നായാട്ടുനായ്ക്കടെ
കണ്ഠേ ഘണാഘണസംഘോഷശൃംഖല -
കൊണ്ടു മുറുക്കിപ്പിടിച്ചു പിൻഭാഗത്തു
മണ്ടിച്ചുകൊണ്ടു നടക്കുന്നിതു ചിലർ ;
ബഭ്വാ കുരക്കുന്ന വമ്പനും നല്ല ക -
റുമ്പൻ വെളുമ്പനും മുണ്ടനും നീളനും
ചാത്തനും കുഞ്ഞനും പാണ്ടൻ വറണ്ടനും
ചാടി മൂക്കത്തു കടിക്കുന്ന വെള്ളുവും
കുക്കുടത്തെപ്പിടിച്ചീടുന്ന കള്ളനും
ദുഷ്കരം മുഷ്കരനാം മുറിവാലനും
ഒക്കെ ഞെട്ടിച്ചുടൻ 'ബബ് ബഭൌ' എന്നൊരു
ശബ്ദമക്കാടകത്തൊക്കെ പരന്നു തേ ;
വാട്ടം വെടിഞ്ഞു നായാട്ടിന്നടുക്കുന്ന
കാട്ടാളർ തമ്മിൽ വിളിച്ചു പറകയും
" കാട്ടിടെച്ചാടിയത്തോട്ടൂടെ ഓടിവാ !
കൂട്ടു വില്ലമ്പുകൾനോക്കെടാ പന്നിയെ , "
"ഹാഹഹാ ! ഞാനെയ്ത പന്നി "യെന്നും ചിലർ
"പൂപുപൂ  ! നീയല്ല ഞനെയ് ത " താണെന്നും
" ഹാഹഹ ഹൂഹുഹൂ " എന്നുടൻ തങ്ങളിൽ
ഭീമമായോരു കലശലെന്നേ വേണ്ടു .
ഭീമൻ വലിയ ഗദയുമെടുത്തുടൻ
ഭീമപരാക്രമി കാനനാന്തേ മുദാ
പന്നിത്തടിയനെൻ കണ് മുൻപിൽ വന്നെങ്കി -
ലന്നേരമെന്റെ മിടുക്കു കാണാമെടോ !
ഒന്നിച്ചൊരമ്പതു പന്നിത്തടിയരെ -
ക്കൊന്നീടുവാൻ മടിയില്ലാ നമുക്കെടോ!
വേട്ടക്കു നല്ല മിടുക്കുള്ള നമ്മുടെ
ചേട്ടന്റെ വക്കാണമിക്കാലമൂർദ്ധ്വമായ്
കേട്ടീലയോ നിങ്ങളിന്നെന്റെ ചങ്ങാതി !
കെട്ടിയ പെണ്ണിനെച്ചെന്നവൻ തൊട്ടുപോൽ!
കൂട്ടത്തിലുള്ളവർകൂടി നിരൂപിച്ചു
ചേട്ടനെത്തല്ലിപ്പുറത്തിറക്കീടിനാർ ,
ചാട്ടം പിഴച്ച കുരങ്ങനെപ്പോലവൻ
കൂട്ടം പിരിഞ്ഞെങ്ങു പോയെന്നറിഞ്ഞീല ;
എന്തെങ്കിലും കാട്ടുജന്തുക്കളെക്കൊന്നു
തന്തയ്ക്കു തിന്മാൻ കൊടുക്കുന്ന നമ്മുടെ
കുന്തം മുറിഞ്ഞുപോയെന്നതു കാരണ-
മെന്തിനി വേണ്ടുവെന്നറിഞ്ഞീലിണങ്ങരേ!
മാനിനെക്കൊല്ലുവാൻ പോലുമൊരായുധം
ഞാനിനിക്കണ്ടീല കള്ളമല്ലേതുമേ ;
മാനിച്ചു നിങ്ങൾ വേട്ടയ്ക്കു പോകുന്നതും
ഞാനിങ്ങനെ കണ്ടിരിക്കുമാറായിതു ;"
"കൈകളും വീശിപ്പുറപ്പെടുന്നെന്തു താൻ :
അയ്യോ! ചുമടെടുപ്പാനല്ല പോകുന്നു ;
മെയ്യോടു നേരിട്ടടുക്കുന്ന വൻ പുലി
കൈയോങ്ങിയാലങ്ങു മാറുമോ വേടരേ!
നോക്കെടാ വേടരേ! നീയുമെന്തിങ്ങനെ
തോക്കെടാതെ പുറപ്പെട്ടു നായാട്ടിനു ? "
" തോക്കും പണയത്തിലാക്കിയാനമ്മാവ -
നോർക്കുമ്പോളീവകയ്ക്കാർക്കുമില്ലായുധം
കള്ളും കറുപ്പും കെതിച്ചവൻ തൻ‌കൈയി -
ലുള്ളതെല്ലാം വകയാക്കിപ്പതുക്കവേ
ഭള്ളും പറഞ്ഞു നടന്നെപ്പോഴും കടം -
കൊള്ളുന്നുപോലെന്തു ചെയ്യാമിണങ്ങരേ !
തള്ളയ് ക്കുമങ്ങിവൻ പിള്ളയ് ക്കുമങ്ങിവൻ
പള്ളയ് ക്കുരിക്കഞ്ഞിപോലുമില്ലാതെയായ്
കായ് കനിതിന്നു വെള്ളം കുടിച്ചങ്ങനെ
ചാകാതെകണ്ടു പൊറുക്കുന്നു ഞങ്ങളും
ആകാത്ത നാളിൽ പിറന്ന നാം കാശിക്കു
പോകാത്തതല്ലയോ കഷ്ടമെൻ വേടരേ  ? "
മറ്റൊരു വേടൻ പറഞ്ഞാ "നതു തന്റെ
കുറ്റമല്ലേതുമേ കേട്ടുകൊണ്ടീടുക
കൊറ്റിനില്ലാത്തവൻ കോപ്പു മോഹിക്കുമോ ?
വറ്റിനില്ലാത്തവൻ പാൽ കുടിച്ചീടുമോ ?
വീട്ടിലുണ്ടെങ്കിൽ വിരുന്നുചോറും കിട്ടു -
മൂട്ടിലും കിട്ടാ ദരിദ്രനെന്നാകിലോ ;
കാട്ടിൽ കിടന്നു പൊറുക്കുന്ന നമ്മളും
വീട്ടിലിരന്നു നടക്കുന്നതേ ഗുണം ;
നെല്ലും പണങ്ങളും നല്ല ഗൃഹങ്ങളും
തെല്ലും കുറവില്ല നാടു വാണീടിനാൽ
കല്ലും മരങ്ങളും പുല്ലും പുഴുക്കളു -
മല്ലാതെയില്ലെടോ ! കാടു വാണീടിനാൽ

കൊല്ലും മൃഗങ്ങടെ വായില്പിറന്ന നാ -
മെല്ലാവരും വളരുന്നതു വിസ്മയം !
ചൊല്ലുന്നതപ്പൊഴേ കേൾക്കാത്ത ഭൃത്യരെ -
ത്തല്ലുന്ന കാരിയക്കാരനെപ്പേടിച്ചു
കല്ലുപേറിത്തലക്കുത്തും പിടിപെട്ടു
ചൊല്ലുന്ന നേരത്തു കാട്ടാളമന്നവൻ
നല്ലൊരു വാക്കു പറകയില്ലെന്നല്ല
വല്ലാത്ത വല്ലായ്മയുണ്ടാക്കുമപ്പൊഴേ
കൊള്ളിവാക്കല്ലാതെ ചൊല്കയുമില്ലവൻ
കൊള്ളാമിതില്പരമുണ്ടൊരു സങ്കടം
ഉള്ളിയും മഞ്ഞളും പൂശിച്ചമഞ്ഞങ്ങു
വള്ളിക്കുടിലകത്തുള്ളില്ക്കിടക്കുന്ന
കാട്ടാളനാരി കല്പിക്കുന്ന കല്പന
കേട്ടെന്നിയേ ചോറു കിട്ടാ നമുക്കെടോ  !
ചേട്ടകളെക്കാട്ടും വെടുപ്പില്ലവരുടെ
കൂട്ടത്തിലൊന്നില്ല നന്നെന്നു ചൊല്ലുവാൻ
കാട്ടാളനാരിയെ കണ്ടാൽ കുളിക്കണം
കേട്ടാൽ കലമ്പുമേ വേടർക്കുതമ്പുരാൻ !
വേട്ടാളുടെ ശീലമായവർക്കും വരും
വേട്ടാളനെപ്പോലെ തൻ നിറമാക്കുവാൻ
കാട്ടാളരെപ്പോലെ മറ്റാരുമില്ലെന്നു
കേട്ടാളുകൾക്കൊക്കെ ബോധം വരും ദൃഢം  ;
അച്ചിക്കു ദാസ്യപ്രവൃത്തി ചെയ്യുന്നവൻ
കൊച്ചിക്കു പോയങ്ങു തൊപ്പിയിട്ടീടണം
ഉച്ചക്കുമന്തിക്കുമത്രമാത്രം കഞ്ഞി
വെച്ചുകുടിച്ചു പൊറുത്തുകൊള്ളാമിനി
പച്ചമാംസം തന്നെ തിന്നുവളർന്നവൻ
മെച്ചമേറും പുളിശ്ശേരി കൊതിക്കുമോ ?
പച്ചടിച്ചാറും പരിപ്പും പണിപ്പെട്ടു
വച്ചുചമച്ചൊരു ചക്കപ്രഥമനും
പഞ്ചസാരപ്പൊടി പാലും ഗുളങ്ങളും
പഞ്ചാമൃതം നല്ല ശർക്കരപ്പായസം
ഇഞ്ചിനാരങ്ങാക്കറികളുമെന്നിവ
കിഞ്ചിൽ കൊതിക്കുമോ മാംസം ഭുജിപ്പവൻ
മാസത്തിലെത്തി പ്രഥമൻ കുടിക്കുന്ന
ഭൂസുരന്മാരെജ്ജയിക്കുമൊരുവക
മാംസത്തിലാഗ്രഹമുള്ള പരിഷക്കു
മാസത്തിലന്നമില്ലെങ്കിലും കിം ഫലം  ?
പന്നിയിറച്ചിയ്ക്കു തുല്യമായിട്ടു മ -
റ്റൊന്നില്ല മാംസത്തിലെന്നു ബോധിക്കണം
എന്നിങ്ങനെ പരാധീനം പറഞ്ഞങ്ങു
നിന്നീടിനാലങ്ങു ചെണ്ടകൊട്ടും സഖേ  !
ഒന്നിച്ചു നായാട്ടിനായിപ്പുറപ്പെട്ടു
ചെന്നങ്ങു കാട്ടിൽ കരേറിക്കണകൊണ്ടു
പന്നിത്തടിയരെക്കൊന്നു കുറകുക -
ളൊന്നും കുറയാതെ കൊണ്ട്വന്നു കണ്ടിച്ചു
നന്നായിവച്ചു ഭുജിച്ചുകൊണ്ടീടുവാൻ
വന്നാലുപേക്ഷിക്ക നന്നല്ലിണങ്ങരേ ! "
എന്നിങ്ങനേ വാക്കു ഘോഷിച്ചു കാനനേ
ചെന്നു നിറഞ്ഞിതു കാട്ടാളവൃന്ദവും
ഇത്തരം വേടരും നായാട്ടുവൃന്ദവു -
മെത്തി നിറഞ്ഞൊരു ഘോഷം വനാന്തരേ .
മർമ്മതാളം
കുംഭികളുടെ കുംഭതടങ്ങളിലമ്പുകളമ്പതുലക്ഷം
ജൃംഭിതമഥ വനചരരനവധിയമ്പൊടു ഭീമസമക്ഷം
മാരികളൊടു സദൃശമെടുത്തു തകർത്തു തിമിർത്തുതുടങ്ങീ
മാരുതനുടെ സുതനതുകണ്ടു രസിച്ചു ഹസിച്ചുതുടങ്ങി
ആനകൾ മറിമാനുകളൊരുവക പന്നികളെന്നിവയെല്ലാം
കാനനഭുവി കരടികുലം ബഹു മഹിഷൻ മാരുടെ പടലം
മാനസഭയമധികമിയന്നു ഭ്രമിച്ചു നടന്നുതുടങ്ങി
മാനമോടെ സിംഹം കടുവാ കല പുലികുലബലമഖിലം
വലയിൽ ചില ചാടി വലഞ്ഞഥ പലവക പുലി പന്നികളും
തലയിൽ ചിലർ തച്ചുതറച്ചു വിറച്ചു തിരിച്ചു തുടങ്ങി
കലഹിച്ചഥ ഝടിതിയടുത്തു കടിച്ചു പൊളിച്ചു തുടങ്ങി
കലമാനുകൾപിടകളെ വേർപെട്ടോടിയൊളിച്ചു തുടങ്ങി
പോത്തുകൾ വന്നൊരുവക വനഭുവി കൂർത്തൊരു കൊമ്പിൻ മീതേ -
കോർത്തുടനേ ഝടിതി നടന്നതു പാർത്തു ഭയപ്പെട്ടൊരുവൻ
വീർത്തു വിയർത്തോടിച്ചെന്നൊരു കുണ്ടുകിണറ്റിൽച്ചാടി
ചീർത്തു , മരിക്കാതെ മരിച്ചു തനിച്ച പെരുത്തൊരു ഭോഷൻ
വടുവായൊരു നായർ പതുക്കെപ്പടയിലൊളിച്ചഥ ചെന്ന്
കടുവായിൻ വായിൽ പുക്കതു കണ്ടൊരു കുന്തക്കാരൻ
കടുതാകിന കോപം പൂണ്ടഥ മീശ ഞെറുമ്പിച്ചുടനേ
വിടുഭോഷൻ പാഞ്ഞുതിരിച്ചിതു തന്നുടെ ഭവനം നോക്കി
വരിയൻ പുലി വലയിൽ പെട്ടഥ വലയുന്നതു കണ്ടുടനേ
പരിചൊടു നിജ പെണ്പുലിചെന്നു
കടിച്ചുപൊളിച്ചിതു വലയും
വലകെട്ടിപ്പാർക്കുന്നവനുടെ തലയും കൊണ്ടതിവേഗം
മലയുടെ ഗുഹതന്നിൽ പുക്കിതു പെൺ‌പുലി വൻ പുലിയോടും
കാരികതാളം
ഇടിരവമിടയും ചടചട വെടിയും
അടവിയിലിടതിങ്ങിന കിടുകിട നടയും
മർമ്മതാളം
പടുതരവടികൊണ്ടുടനടവുകളിടചേറ്ന്നൊരു തടവടിവും
തടകളിൽ മൃഗക്കൂട്ടങ്ങടെ പല ചാട്ടവുമോട്ടവുമെല്ലാം
കേട്ടാൽ പൊറുക്കരുതാതൊരുവകകൂട്ടംതൻ വിളയാട്ടം
ഉലകുകളെട്ടും പടുതരമിഹ ഞെട്ടും പടഹമിരട്ടും
കാരികതാളം
ഇത്തരമതി ഭീഷണമാകിന ഘോഷം
സത്വരമതു കണ്ടു രസിച്ചതിതോഷാൽ
ഉദ്ധതമതിയാകിന മാരുതപുത്രൻ
ഉത്തമഗിരി കേറിനടന്നു പവിത്രൻ .
കല്ലും മരങ്ങളും തല്ലിത്തകർത്തുകൊ -
ണ്ടുല്ലാസമോടങ്ങു ചെല്ലുന്ന നേരത്തു
വല്ലീഗൃഹങ്ങളിൽ സല്ലീലയാടുന്ന
നല്ലോരു ഗന്ധർവ്വമല്ലാക്ഷിമാരുടെ
സല്ലാപസാരസ്യഹല്ലോഹലങ്ങളാൽ
കല്ലോലവിഭ്രമം വെല്ലുന്ന കണ്മുന -
ത്തെല്ലിന്റെ ഭംഗിയും ചില്ലിവില്ലാട്ടവും
മല്ലായുധൻ തഴയ്കല്ലൽ നല്കുന്ന ധ -
മ്മില്ലവും ചന്ദ്രനെ വെല്ലും മുഖാബ്ജവും
മല്ലികാമൊട്ടിനെത്തല്ലിയോടിക്കുന്ന
പല്ലിന്റെ ശോഭയും നല്ലോരധരവും
ജംഭാരിതന്നുടെ കുംഭിപ്രവരന്റെ
കുംഭത്തടത്തിന്റെ ഡംഭം കുറയ്ക്കുന്ന
സംഭോഗനല്ക്കുചകുംഭങ്ങളെക്കൊണ്ടു
സംഭാവനം ചെയ്തു ഗംഭീരനായുള്ള
ജംഭാരിപുത്രന്റെ മുമ്പിൽ പിറന്നവൻ
വമ്പൻ വൃകോദരൻ കുമ്പിട്ടു നോക്കിനാൻ ;
പന്തണിക്കൊങ്കമാർ പന്തിനിരക്കവേ
പന്തടിക്കുന്നതും ചിന്തു പാടുന്നതും
അന്തികേ കണ്ടോരു കുന്തീകുമാരകൻ
സന്തുഷ്ടനായ് നിന്നു തെല്ലുനേരം മുദാ ;
പന്നഗമ്പകളും അപ്സരസ്ത്രീകളും
പിന്നെസ്സുരസ്ത്രീസമൂഹവും കുത്രചിൽ
വിദ്യാധരികളുമന്യത്ര കുത്രചിൽ
സിദ്ധനാരീകളും ചാരണസ്ത്രീകളും
വീണാപ്രയോഗങ്ങൾ വേണുനാദങ്ങളും
ചേണാർന്ന ഗീതനാദങ്ങളും കുത്രചിൽ
ചെമ്പട തോടി വരാടികളിത്തര -
മമ്പോടനേകം പ്രയോഗങ്ങളിങ്ങനെ
പാട്ടും കളികളും പർവ്വതാന്തേ മുദാ
കേട്ടും വിലോകനം ചെയ്തും ഗമിക്കുന്ന
ഭീമസേനൻ ഗന്ധമാദനാധിത്യകാ
ഭൂമി തന്നിൽ തദാ നോക്കും ദശാന്തരേ
ശ്യാമളം നല്ല കദളീമഹാവനം
കോമളശ്രീപൂർണ്ണമാശു കണ്ടീടിനാൻ
രാമദാസൻ മഹാവീരൻ കപീശ്വരൻ
ശ്രീമഹാദേവന്റെ ബീജേന ജാതനാം
ശ്രീഹനുമാൻ മുദാ വാണരുളീടുന്ന
ശ്രീമഹാപുണ്യപ്രദേശം മനോഹരം
പച്ചക്കദളിക്കുലകൾക്കിടയ്ക്കിടെ
മെച്ചത്തിൽ നന്നായ് പഴുത്ത പഴങ്ങളും
ഉച്ചത്തിലിങ്ങനെ കണ്ടാൽ പവിഴവും
പച്ചരത്നക്കല്ലുമൊന്നിച്ചു കോർത്തുള്ള
മാലകൾകൊണ്ടു വിതാനിച്ച ദിക്കെന്നു
മാലോകരൊക്കെയും ശങ്കിക്കുമാറുള്ള
ലീലാവിലാസേന നില്ക്കുന്നു വാഴകൾ
നാലുഭാഗങ്ങളിൽ തിങ്ങിവിങ്ങിത്തദാ
ബാലാനിലൻ വന്നു തട്ടുന്ന നേരത്തു
കോലാഹലം നൃത്തമാടും ദലങ്ങളും
ആലോകനം ചെയ്തു വിസ്മയിച്ചീടിനാൻ
കാലാത്മജാനുജൻ വീരൻ വൃകോദരൻ
താഴത്തു ഭാഗത്തു വീണുകിടക്കുന്ന
വാഴപ്പഴം കൊണ്ടു മൂടി മഹീതലം
പാഴറ്റ പട്ടു വിരിച്ച കണക്കിനെ
വാഴയ്ക്കു ചുറ്റും പ്രകാശമുണ്ടെപ്പൊഴും
വാവലും കാക്കയും പച്ചക്കിളികളും
പ്രാവും പരുന്തും പറന്നു നടക്കുന്ന
പക്ഷികൾവന്നിപ്പഴുത്ത പഴങ്ങളെ
ഭക്ഷിക്കുമാറില്ല പേടികൊണ്ടാരുമേ
രക്ഷിച്ചുപോരുന്നതാരീ വനമെന്നു
സൂക്ഷിച്ചുനോക്കിത്തുടങ്ങീ വൃകോദരൻ

അതു കണ്ടു ഹനുമാനുമതുലം പ്രീതികൈക്കൊണ്ടു
മതിമാൻ മാരുതി തന്റെ മതികൊണ്ടു നിരൂപിച്ചു
' മതിമുഖീമണിതന്റെ മതിമോദം വളർത്തുവാൻ
അതിവീരനിവൻ ഭീമനതിവേഗം ഗമിക്കുന്നു ;
മനുജൻ താനിവനെന്റെയനുജൻ മാരുതപുത്രൻ
ദനുജന്മാർക്കൊരു കാലൻ മനുജാതൻ ക്ഷിതിതന്നിൽ
മരുത്തിന്നു പിറന്നോരു കരുത്തുള്ള സഹജന്റെ
കരത്തിന്റെ ബലമിന്നു തരത്തിലിങ്ങറിയേണം ;
അടുത്താശു ഗമിക്കാതെ തടുത്തു നിർത്തുവാൻ കിഞ്ചിൽ
പടുത്വത്തെ ശമിപ്പിച്ചാൽ കൊടുക്കാം മാർഗ്ഗവും പിന്നെ'
മനംകൊണ്ടിങ്ങനെ ചിന്തിച്ചനങ്ങാതങ്ങൊരു മൂത്ത -
കുരങ്ങന്റെ വടിവായിച്ചമഞ്ഞു ; കൈകളും കാലും
കുഴഞ്ഞു വാലുമക്കാലും മെലിഞ്ഞ കൈകളെക്കൊണ്ടു
ചൊറിഞ്ഞു രോമമെപ്പേരും കൊഴിഞ്ഞു മേനിയും ചുക്കി -
ച്ചുളിഞ്ഞു കണ്ണിനു കാഴ്ച കുറഞ്ഞു പീളയും വന്നു
നിറഞ്ഞു താൻ വഴിയിൽച്ചെന്നുറച്ചു നേത്രവും ചിമ്മി -
ശയിച്ചു മൂന്നു ലോകങ്ങൾ ജയിച്ചുള്ള മഹാവീരൻ
തുമ്പിക്കരംകൊണ്ടു മുമ്പിൽ പലപല
വമ്പിച്ച വന്മരക്കൊമ്പു പിടിച്ചൊടി -
ച്ചമ്പോടടുക്കുന്ന വമ്പൻ കൊലയാന -
ക്കൊമ്പന്റെ കൂർത്തുള്ള കൊമ്പു രണ്ടും പിടി -
ച്ചമ്പതു ചുറ്റുകളിമ്പംകലർന്നാശു
മുമ്പിൽ കളിപ്പിച്ച വമ്പൻ വൃകോദരൻ
കാടും തകർത്തുകൊണ്ടോടും മൃഗങ്ങളെ -
ച്ചാടിക്കടിച്ചിഴച്ചോടിയടുക്കുന്ന
കണ്ഠീരവങ്ങടെ കണ്ഠേ കണകൊണ്ടു
കുണ്ഠേതരം കോർത്തു മണ്ടിച്ചുമങ്ങനെ
കെല്പ്പോടെ നല്ല കദളീവനം തന്നി -
ലുൾപ്പുക്കു വേഗം നടന്നുചെന്നങ്ങനെ
ഉദ്ധതനാകുന്ന ഭീമസേനൻ തന്റെ
പദ്ധതി തന്നിൽ മുടക്കിക്കിടക്കുന്ന
വൃദ്ധനായോരു ബലീമുഖനെക്കണ്ടു
ക്രുദ്ധനായിപ്പറഞ്ഞീടിനാനഞ്ജസാ:
"നോക്കെടാ ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന
മർക്കടാ ! നീയങ്ങു മാറിക്കിട ശഠാ !
ദുർഘടസ്ഥാനത്തു വന്നു ശയിപ്പാൻ നി -
നക്കെടാ ! തോന്നുവാനെന്തെടാ സംഗതി ?
നാട്ടിൽ പ്രഭുക്കളെക്കണ്ടാലറിയാത്ത
കാട്ടിൽ കിടക്കുന്ന മൂളിക്കുരങ്ങു നീ ,
ഒട്ടും വകതിരിവില്ലാത്ത വല്ലാത്ത
കൂട്ടത്തിൽ വന്നു പിറന്നു വളർന്നു നീ ,
ചാട്ടത്തില്നിന്നു പിഴച്ചുപോയോ നിന്റെ
കൂട്ടത്തിൽ മറ്റാരുമില്ലാത്തതെന്തെടോ ?
പെട്ടെന്നെഴുന്നേറ്റു പോകായ്കിലാപത്തു
പെട്ടീടുമെന്നു ധരിക്ക നീ വാനരാ !"
ഇത്തരം ഭീമന്റെ ദുർഭാഷണം കേട്ടു
വൃദ്ധൻ ചിരിച്ചു പറഞ്ഞു പതുക്കവേ ;
" ഏറ്റം കയർത്തു പറയുന്നതെന്തു നീ '
ഏറ്റുമാറാനെനിക്കേതുമെളുതല്ല ;
മറ്റൊരു മാർഗ്ഗമായ് പൊയ്ക്കൊള്ളണേ ഭവാൻ
കുറ്റമല്ലിക്കുരങ്ങച്ചനെക്കാണെടോ !
കണ്ണും തിരിയാ ശരീരം വിറയ്ക്കുന്നു
ദണ്ഡം പലതുണ്ടു പൊയ്യല്ല കണ്ടുകൊൾ
കൈയിനും കാലിനും ശക്തിയില്ലാതെയായ്
മെയ്യും തളരുന്നു പൊയ്യല്ല മാനുഷ !
അയ്യോ ! പരമാർത്ഥമേതും ഗ്രഹിയാതെ
നീയെന്തു ശാഠ്യം തുടങ്ങുന്നു പൂരുഷാ !
പാരം വലഞ്ഞു കിടക്കുന്നവർകളോ -
ടാരുമീവണ്ണം കലമ്പുമാറില്ലെടോ !
നേർ വഴി വിട്ടു രണ്ടു ചുവടങ്ങോട്ടു
മാറിയാലെന്തു വൈഷമ്യം നിനക്കെടോ !
മാരുതിവൃദ്ധന്റെ വാക്കുകൾ കേട്ടുടൻ
മാരുതി ഭീമൻ കയർത്തു ചൊല്ലീടിനാൻ :
"ആരെന്നറിഞ്ഞു പറഞ്ഞു നീ വാനരാ !
പാരം മുഴക്കുന്നു ധിക്കാരസാഹസം ;

പൂരുവംശത്തിൽ പിറന്നു വളറ്ന്നൊരു
പൂരുഷശ്രേഷ്ഠൻ വൃകോദരനെന്നൊരു
വീരനെക്കേട്ടറിവില്ലേ നിനക്കെടോ  ?
ധീരനാമദ്ദേഹമിദ്ദേഹമോർക്ക നീ
നേരായ മാർഗം വെടിഞ്ഞു നടക്കയി -
ല്ലാരോടുമിജ്ജനം തോല്ക്കയുമില്ലെടോ !
മാറിനില്ലെന്നു പറയുന്ന മൂഢന്റെ
മാറിൽ‌പ്പതിക്കും ഗദാഗ്രമെന്നോർക്കണം  ;
ഏറെപ്പറയാതെഴുന്നേറ്റു ദൂരത്തു
മാറിക്കിടക്ക നീ മർക്കടപ്രാകൃത !
സജ്ജനാചാരം പിടിപെടാതുള്ളൊരു
ദുർജ്ജനം നമ്മെ ദുഷിപ്പാനൊരുമ്പെട്ടു
ലജ്ജ കൂടാതെ വഴിമുടക്കീടിനാ -
ലർജ്ജുനജ്യേഷ്ഠൻ സഹിക്കയില്ലേതുമേ ;
ധർമ്മപ്രകാശം ഗ്രഹിക്കാത്ത നിന്നോടു
ധർമ്മം പറവാൻ നമുക്കെന്തു സംഗതി ?
ധർമ്മപുത്രാനുജൻ ധർമ്മം വെടിഞ്ഞൊരു
കർമ്മങ്ങൾ ചെയ്കയില്ലെന്നു ബോധിക്കണം . "
എന്നുള്ള വാക്കുകൾകേട്ടു ചിരിച്ചു കൊ -
ണ്ടൊന്നരുൾചെയ്തു ഹനൂമാനുമിങ്ങനെ ;
" നന്നെടോ ! ഭീമ ! നയജ്ഞൻ ഭവാനെന്നു
ചൊന്ന വാക്കെല്ലാം കണക്കിനു കൂടുമോ ?
ധർമ്മജൻ മുമ്പായ ധാർമ്മികന്മാർ നിങ്ങൾ
ധർമ്മമല്ലാതൊന്നും ചെയ്യുകയില്ലയോ ?
പാഞ്ചാലിയെന്നൊരു പെണ്ണിനെക്കണ്ടിട്ടു
പഞ്ചബാണാർത്തി പിടിപെട്ടഹോ ! നിങ്ങ -
ളഞ്ചുപേരും ചെന്നു കൈക്കു പിടിച്ചുകൊ -
ണ്ടഞ്ചാതെ വേളി കഴിച്ചെന്നു കേട്ടു ഞാൻ  ;
അഞ്ചെങ്കിലഞ്ചും കണക്കെന്നവൾക്കൊരു
ചാഞ്ചല്യവുമില്ല തെല്ലുപോലും നിങ്ങ -
ളഞ്ചുജനത്തെയും കണ്മുനത്തല്ലിനാൽ
വഞ്ചിപ്പതിന്നവൾ പോരും വൃകോദര !
നാലഞ്ചു ഭർത്താവൊരുത്തിക്കു താനതു
നാലുജാതിക്കും വിധിച്ചതല്ലോർക്കണം ;
നാലുപേർ കേട്ടാൽ നിരക്കാത്ത വസ്തുവീ -
വാലുള്ള വാനരന്മാർക്കും ചിതംവരാ  ;
ചേട്ടത്തിയാമൊട്ടനുജത്തിയാമൊട്ടു
ചേട്ടകൾതന്റെ കളത്രമൊന്നിങ്ങനെ
കാട്ടുന്ന ഗോഷ്ടികൾകേട്ടാൽ ചിരിയാകു -
മൊട്ടും ഗുണമില്ല കുന്തീകുമാരക !
നേരായ മാർഗം വെടിഞ്ഞുനടക്കാത്ത
വീരൻ വൃകോദരൻ ഞാനെന്നു നമ്മുടെ
നേരെയണഞ്ഞു പറവാൻ മടിയില്ല
നാരായണ ! ശിവ ! മറ്റെന്തു ചൊൽ വതു !
തോറ്റീടുമാറില്ല ഞങ്ങളെന്നിങ്ങനെ
കാറ്റിൻ മകൻ നീ പറഞ്ഞതും വിസ്മയം
നൂറ്റുപേർ നിങ്ങടെ നാടും നഗരവും
കൂറ്റുകാരേയുമടക്കിവച്ചീലയോ ?
കാറ്റും മഴ മഞ്ഞുമേറ്റുകൊണ്ടെപ്പൊഴും
കാട്ടില്ക്കിടക്കുന്ന കൂട്ടമല്ലേ നിങ്ങൾ ?
കാട്ടിക്കിടക്കുന്ന ദുർമ്മാർഗശക്തിയാൽ
വീട്ടിൽ കിടപ്പാൻ വിധിയില്ല നിങ്ങൾക്ക്
നാട്ടിൽ‌നിന്നാശു സുയോധനമന്നന -
ങ്ങാട്ടിക്കളഞ്ഞതിൽ പിന്നെയൊരിക്കലും
നാട്ടിൽ കടപ്പാൻ കഴിവന്നതുമില്ല
കാട്ടിൽ സുഖമെങ്കിലായതും കോളല്ല ;
കല്ലിലും പുല്ലിലും കാലേത്തറയ്ക്കുന്ന
മുള്ളിലും വള്ളികൾക്കുള്ളിലും കുണ്ടിലും
തള്ളിയലച്ചു നടക്കുന്ന നിങ്ങടെ
ഭള്ളുകൾക്കേതും കുറവില്ല നന്നെടോ !
കള്ളത്തരം ചൂതുകൊണ്ടു ദുര്യോധനൻ
തള്ളിപ്പുറത്താക്കി നിങ്ങളെ തൽക്ഷണം
ഉള്ളിൽ ഭയംപൂണ്ടു മണ്ടുന്ന നിങ്ങളെ -
ത്തുള്ളിപ്പതിന്നൊരു പെണ്ണും പുറപ്പെട്ടു ;

കണ്ട വസ്തുക്കളിൽ കാംക്ഷയുണ്ടായവൾ
കൊണ്ടുവാ കൊണ്ടുവായെന്നു കല്പിക്കയും
ശണ്ഠകൂടീടുമെന്നോർത്തു ഭയപ്പെട്ടു
മണ്ടിത്തുടങ്ങും മടങ്ങാതെ നിങ്ങളും
കണ്ടനേരം തന്നെ നിന്റെ പരമാർത്ഥ -
മുണ്ടായ് നമുക്കെന്നറിക വൃകോദരാ ! "
ദുർഭാഷണം കേട്ടു കോപിച്ചു ഭീമനും  :
" സത് ഭാവമെല്ലാം മതി മതി വാനര !
കാഞ്ഞിരക്കായ് കളും തിന്നു മരങ്ങളിൽ
പാഞ്ഞു നടക്കും മരഞ്ചാടിമൂഢനെ
ഭഞ്ജനം ചെയ് വാൻ മടിക്കുന്നു ഞാൻ മുറ്റു -
മഞ്ജനാപുത്രന്റെ ജാതിയെന്നോർക്കയാൽ ,
ഭീമസേനന്റെ പരാക്രമമൊന്നുമീ
ധൂമകേതു കുരങ്ങച്ചാർ ഗ്രഹിച്ചീല ;
രക്ഷസ്സുകൾക്കു വരനാം ഹിഡിംബന്റെ
വക്ഷസ്സു തല്ലിപ്പിളർന്നീ വൃകോദരൻ
രൂക്ഷത പൂണ്ട ബകനാമരക്കനെ
കാൽക്ഷണം കാലനൂർ കാട്ടിക്കൊടുത്തതും
കൊമ്പൻ കൊലയാന തുമ്പിക്കരം കൊണ്ടു
വമ്പിച്ച സാലം പിളർന്ന കണക്കിനെ
ഡംഭിച്ചുവന്ന ജരാസന്ധമന്നന്റെ
ജൃംഭിച്ച വിഗ്രഹം രണ്ടായ് പിളർന്നതും
കിർമ്മീരനായ നിശാചരവീന്റെ
മർമ്മങ്ങൾ തോറും ഗദകൊണ്ടടിച്ചുടൻ
നിർമ്മൂലനം ചെയ്തു , താപസൻ മാരുടെ
ധർമ്മസംരക്ഷണം ചെയ്തീ വൃകോദരൻ ;
ഇത്ഥം പരാക്രമപ്രൌഢനാമെന്നോടു
സിദ്ധമല്ലാതൊരു വൃദ്ധപ്ലവംഗമൻ
നിർമ്മരിയാദം ദുഷിച്ചു പറകയോ !
ദുർമ്മുഖ ! പോട ! ബലിമുഖ ! ദുർമ്മതേ ! "
അഞ്ജനാപുത്രനരുൾ ചെയ് തിതന്നേരം :
"ഭഞ്ജനം ചെയ് വാൻ മടിക്കേണ്ട നീ സഖേ  !
രാക്ഷസൻ മാരെക്കൊലചെയ്ത നിന്നുടെ
രൂക്ഷസന്നാഹങ്ങളന്നെങ്ങു പോയെടോ ?
ദുശ്ശാസനൻ പണ്ടു ദുര്യോധനോക്തമാം
ദുശ്ശാസനംകൊണ്ടു മണ്ടിവന്നങ്ങനെ
അഞ്ചുപേർ നിങ്ങളും കണ്ടുനിൽക്കെത്തന്നെ
പാഞ്ചാലിയെച്ചെന്നടിച്ചു തലമുടി
ചുറ്റിപ്പിടിച്ചു വലിച്ചിഴച്ചങ്ങനെ
മുറ്റും മഹാജനം നോക്കിനില്ക്കുംവിധൌ
മുറ്റത്തു കൊണ്ട്വന്നു താഡിച്ചു താഡിച്ചു
തെറ്റെന്നുടുത്ത പുടവ വലിച്ചഴി-
ച്ചറ്റമില്ലാതുള്ളപരാധവും ചെയ്തു ;
കണ്ണും മിഴിച്ചങ്ങു കണ്ടുനിന്നീടിന
പൊണ്ണത്തടിയനാം നിന്റെ പരാക്രമം
കാശിക്കു പോയോ കഥിക്ക വൃകോദര !
കാശിനു പോലും വിലപിടിയാത്ത നീ
തന്നുടെ മുന്നിലിട്ടന്യനാം പൂരുഷൻ
തന്നുടെ പെ ണ്ണിന്റെ വസ് ത്രം തൊടുന്നേര -
മൊന്നുമനങ്ങാതെ നില്ക്കയോ വേണ്ടത് ?
ചെന്നങ്ങവനെ പ്രഹരിക്കയോ ഗുണം ?

മിടുക്കും ശൌര്യവുമെല്ലാമൊടുക്കം നാസ്തിയാം നിന്റെ
കടുപ്പം കാട്ടിലെങ്ങാനും കിടക്കും വാനരത്തോടു
കടക്കണ്ണും ചുവത്തിക്കൊണ്ടടുക്കും വിക്രമീ  ! പല്ലും
കടിക്കും വല്ലികൾതല്ലിയൊടിക്കും പർവതം തല്ലി -
പ്പൊടിക്കും പാദപങ്ങൾക്കിട്ടിടിക്കും വല്ലതും ചൊല്ലി -
ച്ചൊടിക്കുന്നെന്തിനു ഭീമാ  ?
നടപ്പാൻ ശക്തിയില്ലാഞ്ഞു കിടപ്പായി നമുക്കിപ്പോൾ
ചടപ്പാം വാലിതങ്ങോട്ടെക്കെടുപ്പാൻ സാദ്ധ്യമല്ലേതും
പൊടുക്കെന്നു ഭവാൻ ചാടിക്കടന്നാലും നടന്നാലും
മടിക്കുന്നെന്തിനു ഭീമാ ! മുടക്കുന്നില്ല ഞാൻ മാർഗം , "
പറഞ്ഞു ഭീമനും " നീയിപ്പറഞ്ഞ വാക്കുകളെല്ലാം
കുറഞ്ഞോരു കരുത്തുള്ളോർ പറഞ്ഞെങ്കിലറിയിക്കാം
മുതുക്കൻ മാർ പലവട്ടമധിക്ഷേപങ്ങൾചെയ്താലും
വധിപ്പാനും ചിതംപോരാ വധിച്ചാലും ചിതംപോരാ ;
കരുത്തൻ മറ്റൊരുത്തൻ വന്നുരത്തെങ്കിൽ കരത്തെക്കൊ -
ണ്ടടിച്ചു കൈപിടിച്ചു കാട്ടിലേക്കാക്കി ഗമിക്കും ഞാൻ
അതുമെല്ലാമിരിക്കട്ടെ ഫലമില്ലാ മരിക്കാറായ് ക്കിടക്കുന്ന
മരഞ്ചാടിക്കിഴവനെ
മരുത്തിന്റെ മകൻ വന്നു മരിപ്പിച്ചെന്നതു കേട്ടാൽ
ചിരിക്കും സജ്ജനമെന്നു ധരിക്ക മർക്കടത്താനേ !
കടന്നു പോകയോ പിന്നെക്കടുപ്പമായ് വരുമെന്റെ
ഗുരുവാമഞ്ജനാപുത്രൻ കരുത്തേറും കപിശ്രേഷ്ഠൻ
ജനിച്ചോരു കുലം തന്നിൽ ജനിച്ചോരു കുരങ്ങച്ച !
നിനച്ചാൽ നിന്നെ ലംഘിച്ചാലെനിക്കു പാപമുണ്ടാകും ."

അതു കേട്ടു ഹനുമാനുമരുൾചെയ്തു കനിവോടെ :
" മതിയിൽ ശങ്കയുണ്ടെങ്കിലതു ചെയ്യേണമെന്നില്ല ;
വഴിതന്നിൽ കിടക്കുന്ന വാലെടുത്തു മാറ്റിവച്ചു
വഴിപോലെ കടന്നാശു ഗമിക്ക ഭീമസേന ! നീ !
കരംകൊണ്ടു വാനരത്തെത്തൊടുക നിന്ദിതമെങ്കിൽ
കരംതന്നിലിരിക്കുന്ന ഗദ കൊണ്ടു മടിയാതെ
നെടുക്കം വാലെടുത്താശു പൊടുക്കെന്നു ദൂരെ നീക്കി
നടക്ക നീ മിടുക്ക ! വേർപെടുക്ക ദുർഘടമെല്ലാം . "
പറഞ്ഞു പാണ്ഡവനപ്പോൾകുറഞ്ഞൊന്നു നിരൂപിച്ചു
" മറിച്ചു നീക്കുമന്നേരം മുറിഞ്ഞു പോകയില്ലല്ലീ  ? "
" മുറിയുന്നെന്തെടോ നിന്റെ ഗദയോ നമ്മുടെ വാലോ ?
അറിയാഞ്ഞിട്ടു ചോദിച്ചേനരിശമുണ്ടാകവേണ്ടാ . "
" കടുത്ത പർവതം തല്ലിപ്പൊടിച്ചു ഭസ്മമാക്കുന്ന
കടുത്ത മൽഗദാദണ്ഡം തടുത്ത വൈരികളില്ല  ;
കൊഴിഞ്ഞു രോമവുമൊട്ടു പൊഴിഞ്ഞു ഭൂമിയിൽ വീണു
ഇഴഞ്ഞു മേവിന നിന്റെ കിഴിഞ്ഞ വാലിനു ഭംഗം
ഭവിക്കുമെന്നതുകൊണ്ടു മടിക്കുന്നു മഹാഭോഷാ !
ചെവിക്കു പുത്തരിയായിട്ടുരക്കുന്ന ചില വസ്തു -
ശ്രവിക്കുമ്പോളെനിക്കുള്ളിൽ ജ്വലിക്കും കോപമാം വഹ്നി
ദഹിക്കും നിന്നുടെ ദേഹം സഹിക്കാമോ നിനക്കിപ്പോൾ? "

ഇത്ഥം പറഞ്ഞതിക്രുദ്ധനാം പാണ്ഡവൻ
നക്തഞ്ചരാരാതിദാസന്റെ പുച്ഛാഗ്രം
ഉത്തുംഗമാകും ഗദകൊണ്ടു പൊക്കുവാ -
നത്യന്തവേഗേന ചെന്നെടുത്തീടിനാൻ  ;
ദീർഘം പെരുത്തൊരു പുച്ഛം ഗദകൊണ്ടു
പൊക്കുവാനായി പ്രയത്നം തുടങ്ങിനാൻ ;
രണ്ടു കരങ്ങളെക്കൊണ്ടു പിടിച്ചുടൻ
രണ്ടുമൂന്നട്ടഹാസം മുഴക്കി ഗദ -
കൊണ്ടുടൻ തിക്കിക്കുലുക്കിപ്പലവിധം -
കൊണ്ടുമിളക്കം തരിമ്പില്ല വാലിനു
നീണ്ടുതടിച്ചൊരു പുച്ഛാഗ്ര ഭാഗത്തു
രണ്ടുരോമംപോലുമെങ്ങുമിളകീല ;
വേണ്ടും പ്രയോഗങ്ങളെല്ലാം പ്രയോഗിച്ചു
വേണ്ടുവോളം നാണവുംകെട്ടു മാറിനാൻ
ഇക്കുരങ്ങച്ചന്റെ പുച്ഛം ഗദകൊണ്ടു
പൊക്കുവാൻ മേലാ നമുക്കെന്നു വന്നല്ലോ
ദിക്കുകളെല്ലാം ജയിച്ചുള്ള ഭീമന്റെ
വിക്രമമിപ്പോൾ ഫലിക്കാത്തതെന്തഹോ !
തെറ്റെന്നൊരുത്തന്റെ മായാപ്രയോഗമോ
മുറ്റും ഫലിക്കാത്തതെന്തുവാൻ മദ് ബലം ?
കാറ്റിൻ മകനൊരു മർക്കടത്താനോടു
തോറ്റു പോയെന്നതു കേൾക്കുന്ന നേരത്തു
നൂറ്റുവർ നമ്മെപ്പരിഹസിച്ചീടുമേ
കൂറ്റുകാർ പിന്നെപ്പരിത്യജിക്കും ദൃഢം
മുറ്റുമെനിക്കിനിജ്ജീവിച്ചിരിപ്പതി -
നൊട്ടും കൊതിയില്ല വല്ലതെന്നാകിലും
മുഷ്ടികൾകൊണ്ടു മുതുക്കൻ കുരങ്ങന്റെ
നഷ്ടി വരുത്തും കരുത്തുള്ള പാണ്ഡവൻ  ;
പെട്ടെന്നു ജീവൻ കളവാൻ മടിയില്ല
കഷ്ടമിബ്‌ഭീമനിളപ്പെട്ടിരിക്കുമോ ! '
ഇത്തരം ചിന്തിച്ചു കോപിച്ചുറച്ചുടൻ
സത്വരം പാഞ്ഞങ്ങടുത്തു വൃകോദരൻ :
" നോക്കെടാ മർക്കടാ ! മായാപ്രയോഗങ്ങ -
ളുല്ക്കടാടോപം തുടങ്ങുന്ന നിന്നുടെ
മുഷ്ക്കുകളെല്ലാം ശമിക്കും ഭ്രമിക്കാതെ
മുഷ്ക്കര ! ദ്വന്ദ്വയുദ്ധം തുടങ്ങീടിനാൽ ;
ഇക്കണ്ട നമ്മെത്തടുത്തു നിർത്താമെന്നു
ധിക്കാരമല്ലയോ വാടാ ബലീമുഖാ !
വക്കാണമേശുന്നനേരം ധൃതിപ്പെട്ടു
വെക്കം മരക്കൊമ്പു പറ്റുമാറായ നിൻ
ഗൂഢപ്രയോഗങ്ങൾ നമ്മോടു കൂടുമോ ?
മൂഢത്വമങ്ങു നീ വച്ചേക്ക വാനര !
കൂടെപ്രയോഗം തുടങ്ങും വിധൌ നിന്റെ
കൂടപ്രയോഗം ഫലിക്കാതെയായ് വരും ;
കണ്ടു പഠിച്ചതും കേട്ടു പഠിച്ചതും
കൊണ്ടു ഫലിപ്പിപ്പനെന്നു ചിന്തിച്ചു നീ
തണ്ടുതപ്പിക്കൊണ്ടു നേർത്തുവന്നാലിങ്ങു
കണ്ടുകൊള്ളാമിന്നു വൈദഗ്ദ്ധ്യമൊക്കവേ ;
പണ്ടൊരുനാളും പ്രയോഗങ്ങളിങ്ങനെ
കണ്ടറിവില്ലെന്നു തോന്നിപ്പനിന്നു ഞാൻ ;
കണ്ടാലറിവാൻ സമർത്ഥനല്ലെങ്കിൻ നീ
കൊണ്ടാലറിയുമതിനില്ല സംശയം
വേണ്ടാസനം നീ തുടങ്ങുക കാരണം
വേണ്ടിവന്നു ചില ദുർഭാഷണങ്ങളും  ;
മന്ത്രസേവാബലം കൊണ്ടോ നിനക്കെന്റെ
മാർഗം തടുക്കുവാൻ ശക്തിയുണ്ടായതും ?
മന്ത്രവും തന്ത്രവും മറ്റുള്ള വിദ്യയും
മാരുതപുത്രനോടേതും ഫലം വരാ ;
കൂനൻ മദിക്കുകിൽ ഗോപുരം കുത്തുമോ ?
വാനരൻമാരെന്തു കാട്ടുന്നു നമ്മോട്  ?
വാനര ! നില്ലെന്നടുക്കുന്ന നേരത്തു
വാലുമുയർത്തിപ്പറക്കും കുരങ്ങുകൾ; "
ഇത്തരം ഭീമന്റെ ദുർഭാഷണം കേട്ടു
വൃദ്ധൻ ചിരിച്ചു പറഞ്ഞു പതുക്കവേ  :
"മർക്കടനെന്നു നീ ധിക്കരിക്കേണ്ടെടോ !
മർക്കടന്മാരിലും മുഷ്ക്കരൻമാരുണ്ട്
പണ്ടൊരു മർക്കടത്താനല്ലയോ പംക്തി -
കണ്ഠനെന്നുണ്ടായ നക്തഞ്ചരേന്ദ്രനെ
വാലുകൊണ്ടാശു വരിഞ്ഞുകെട്ടിക്കൊണ്ടു
നാലു സമുദ്രങ്ങൾചാടിക്കടന്നതും  ;
മറ്റൊരു ദേഹം മഹാവാരിരാശിയെ
സത്വരം ചാടിക്കടന്നുചെന്നഞ്ജസാ
ശങ്ക കൂടാതെ നിശാചരവീരന്റെ
ലങ്കയിൽ പുക്കു ഭയങ്കരൻമാരായ
കിങ്കരൻമാരെ പ്പലരെ വധിച്ചതും
തൻ കേളികാനനം തല്ലിത്തകർത്തതും
ഹുംകാരമോടു രണത്തിന്നടുത്തോരു
ലങ്കേശപുത്രന്റെ കണ്ഠം മുറിച്ചതും
പങ്കേരുഹാക്ഷിയാം വൈദേഹി തന്നുടെ
സംക്ലേശമെല്ലാം പറഞ്ഞു കളഞ്ഞതും
യുദ്ധത്തിനെത്തിയ നക്തഞ്ചരേന്ദ്രന്റെ
തേർത്തട്ടിലാമ്മാറു ചാടിക്കരേറീട്ടു
ചണ്ഡമായുള്ളൊരു പാണിതലം കൊണ്ടു
ഗണ്ഡസ്ഥലങ്ങളിൽ താഡനം ചെയ്തതും ;
മാനമുള്ളാളുകൾ നമ്മുടെ ജാതിയിൽ
ഞാനറിയുന്നോർ പലരുണ്ടു പാണ്ഡവ !
മർക്കടൻ മർക്കടനെന്നു നീയിങ്ങനെ
ധിക്കരിക്കാതെ ഗമിക്ക നല്ലൂ സഖേ ! "
എന്നതു കേട്ടു പറഞ്ഞു വൃകോദര -
" നെന്നുടെ സ്വാമി ഗുരുനാഥനഗ്രജൻ
ശ്രീരാമദാസൻ പവനാത്മജനത്രേ
ശ്രീഹനുമാൻ മഹാ വീര്യപരാക്രമൻ  ;
അദ്ദേഹമെങ്ങ്, ഭവാനെങ്ങു, ഹാ ഹന്ത  !
ദുർദ്ദേഹവൃദ്ധപ്ലവംഗ ! മതി മതി  ;
പക്ഷീന്ദ്രനുണ്ടു ഗരുഡനെന്നോർത്തിട്ടു
മക്ഷികക്കൂട്ടം മദിക്കും കണക്കിനെ
ശ്രീരാമദാസന്റെ വംശേ ജനിക്കയാൽ
പാരം നിനക്കുമഹംഭാവമിങ്ങനെ "

മർമ്മതാളം
ഉദ്ധതമതി നരപതിതന്നുടെ വാക്കുകളിങ്ങനെ കേട്ടു
ബുദ്ധിയിലതി കനിവു കലർന്നൂ കുതുകമിയന്നൂ ഹനുമാൻ
വർദ്ധിതതരധവളഹിമാചലസന്നിഭ തുംഗശരീരൻ
നെടുതാകിന കൊടിമരമെന്നകണക്കു തടിച്ചൊരു വാലും
തുടുതുട നയനങ്ങളുമമ്പൊടു ചെമ്പുകിടാരംപോലെ
കുടിലാകൃതി ശശികലപോലെ വിളങ്ങിന ദന്തകദംബം
ചടുലസ്ഫുടസടകളുമിടകലരുന്ന ഭയങ്കര മുഖവും
പരിഘത്തൊടു പടപൊരുതീടിന പൃഥുതരകരദണ്ഡയുഗം
ഖരതരനഖനികരനികായവുമുല്ക്കടകണ്ഠമകുണ്ഠം
ഗിരിവരസമമാകിന മാർ വിടമുരുതരമുദരമുദാരം
ഉരുതരകടിതടമഥ തുടകളുമുടമയിലതി ഗംഭീരം
ലങ്കാപുരഗോപുരമതിലു തകർത്തൊരു ജംഘായുഗളം
കിങ്കരകുലമിടിപൊടിയാക്കിന പടുതരമടിമലർ വടിവും
ശങ്കര ! ശിവ ! ഭുവനഭയങ്കരമാകിന വിപുലശരീരം
ശശധരനിഭധവളമതിങ്ങനെ വിരവൊടു കാട്ടീ ഹനുമാൻ
ഉല്ക്കടകടുദീർഘനിനാദവുമദ്ഭുതകിലുകിലരവവും
മർക്കടകുലമകുടമഹാമണിതന്നുടെ തടിയുടെ വടിവും
കർക്കശതരകരചരണാദികൾ ഭീഷണവേഷവിശേഷം
മുഷ്ക്കരമതു മൂന്നു ജഗത്തിലുമുത്തമമെത്ര വിചിത്രം
അംബരതലമൊക്കെ നിറഞ്ഞുകവിഞ്ഞു വിളങ്ങിന രൂപം
അംബുധിയുടെ ലംഘനസമയസമുദ്ധൃതമെന്നതുപോലെ
വെൺമയിലൊരു വിന്ധ്യമഹാചലശിഖരമമർന്നകണക്കെ
" എന്തൊരു മറിമായമിതിങ്ങനെ സംഗതി വന്നതിദാനീം
എന്തിനി ഞാനിഹ ചെയ്യേണ്ടതുമെന്തൊരു വിസ്മയമേവം "
ചിന്തയിലുടനിങ്ങനെ തിങ്ങിന തീവ്രതരം ഭയമോടേ
കുന്തിസുതൻ വിരവൊടു പരവശഭാവമിയന്നു തദാനീം
ലക്ഷണമതു കേട്ടു ധരിച്ചതു തെളിവൊടു കണ്ടദശായാം
തത്ക്ഷണമുളവായിതു ചേതസി 'മൽ‌ഗുരു ഹനുമാൻ തന്നെ'
ലക്ഷ്മണപൂർവജനുടെ ഭക്തശിരോമണി മാരുതിവീരൻ
രാക്ഷസകുലശലഭഹുതാശനെന്നതറിഞ്ഞഥ ഭീമൻ
" ജയ ജയ ! ജയ ജനക സുതാപതിദൂതമഹാഗുണരാശേ !
ജയ ജയ  ! ജയ ! ജാനകിമാനസസരസിജസവിതൃമഹാത്മൻ :
ജയ ജയ ! ജലരാശിവിലംഘന ! ജയ ജയ ജഗതീബന്ധോ
ജയ ജയ ഹനുമന്നി" തി നുതിയൊടെ വീണുവണങ്ങി പദാന്തേ
പഞ്ചാരിമേളം
" വാനരകുലവീര ! വരമരുളുക ധീര !
വാരിധിഗംഭീര  ! വരഗുണഗണസാര !
നിശിചരകുലകാല ! നിസ്സൃതമരണവിലോല  !
നിരുപമ കുലശീല  ! താഡിത ദശവദന  !
തരുകൃതസദന  ! തരുനിരകൃതസദന !
പാടലസുമവദന ! പരിഹൃതരിപുസദന  !
നിന്തിരുവടിയുടെ പദയുഗചെന്തളിരതികരുണം
ചന്തയിലിഹ വിളയാടുക ചിതമൊടു തവചരണം. "
ഇത്ഥം വണങ്ങിസ്തുതിക്കുന്ന ഭീമന്റെ
ഹസ്തങ്ങൾരണ്ടും പിടിച്ചു കപീശ്വരൻ,
നക്തഞ്ചരാസ്ത്രങ്ങളേറ്റു വടുകെട്ടി -
വിസ്താരമായുള്ള തന്നുടെ മാറത്തു -
ചേർത്തു പുണർന്നുകൊണ്ടാപാദമസ്തകം
പേർത്തു പേർത്താശു തലോടിക്കരംകൊണ്ടു
മൂർദ്ധാവുതൊട്ടങ്ങനുഗ്രഹിച്ചീടിനാൻ
മാർത്താണ്ഡശിഷ്യനാം മർക്കടാധീശ്വരൻ  ;
"ഭീമസേന  ! മഹാവീര  ! ധരിക്ക നീ
രാമഭദ്രസ്വാമിതന്നെയും സേവിച്ചു
താമസം കൂടാതെ പോയാലുടൻ നിന്റെ
കാമസംപ്രാപ്തിക്കു ബാധയില്ലേതുമേ ;
രാമായണം കഥ കേട്ടുകൊൾക ഭവാൻ
ആമോദമോടെ ചുരുക്കിപ്പറഞ്ഞിടാം
സാമോദമായിതു കേട്ടുകൊണ്ടീടുക
ക്ഷേമോദയം രാമനാഥലീലാമൃതം
മാർത്താണ്ഡവംശേ ദശരഥൻ തന്നുടെ
പുത്രനായ് വന്നു പിറന്നു നാരായണൻ
ഉത്തരകോസലത്തിങ്കലയോദ്ധ്യയെ -
ന്നുത്തമശ്രീരാജധാനിയിൽ മേവിന
കൌസല്യതന്നുടെ പുത്രൻ രഘൂത്തമൻ
കൈകേയി തന്നുടെ പുത്രൻ ഭരതനും
തത്രപിന്നെസ്സുമിത്രാത്മജൻ ലക്ഷ്മണൻ
ശത്രുഘ്നനും നാൽ വരിങ്ങനെ ജാതരായ്
അത്രാന്തരേ വിരവോടു വിശ്വാമിത്ര -
സത്രം മുടക്കുന്ന ദുഷ്ടരെക്കൊല്ലുവാൻ
വില്ലും ശരവുമെടുത്തു പുറപ്പെട്ടു
തെല്ലും മടിയാതെ താനുമനുജനും
കാടകം പുക്കോരു നേരത്തു വന്നോരു
താടകയെക്കെല ചെയ്തു രഘൂത്തമൻ
സിദ്ധാശ്രമം പുക്കു നില്ക്കുംവിധൌ തത്ര
ബദ്ധാവലോകം മഖം മുടക്കീടുവാൻ
വന്ന സുബാഹുപ്രമുഖവൃന്ദങ്ങളെ -
ക്കൊന്നുടൻ യാഗവും രക്ഷിച്ചു രാഘവൻ
ചെന്നങ്ങഹല്യയ്ക്കു മോക്ഷം കൊടുത്തുടൻ
പിന്നെ ജ്ജനകന്റെ മന്ദിരം പ്രാപിച്ചു
ത്രൈയംബകംപള്ളിവില്ലങ്ങു തന്നുടെ
കൈയിലെടുത്തു കുലച്ചു മുറിച്ചുടൻ
സീതാവിവാഹവും ചെയ്തു മുദാ തന്റെ
സോദരന്മാരും വിവാഹം കഴിച്ചിതു
മാർഗത്തെ വന്നു തടുത്തു കടുത്തൊരു
ഭാർഗവരാമനെ ക്ഷിപ്രം ജയിച്ചുടൻ
സങ്കേതമന്ദിരം പുക്കുടൻ സീതയാ -
സാകം വസിച്ചു സുഖിച്ചു രഘൂത്തമൻ
ഭവ്യനായുള്ള ദശരഥപുത്രനു
യൌവനേ രാജ്യാഭിഷേകവും ഭാവിച്ചു
ദൈവബലേന മുടക്കിനാൾ കൈകേയി
കൈവല്യശീലൻ പുറപ്പെട്ടു കാനനം -
പ്രാപിച്ചു, സൌമിത്രി സീതാസമേതനായ്
ഭൂപാലനന്ദനൻ ഭൂപൻ മഹാരഥൻ,

ധരിച്ചു വല്ക്കലം പിന്നെപ്പിരിച്ചു ചെഞ്ചിടാഭാരം
തിരിച്ചു മൂവരും ഗംഗ തരിച്ചു ചിത്രകൂടത്തിൽ
വസിച്ചു കാന്തികൾകൊണ്ടുല്ലസിച്ചു മൂവരുമപ്പോൾ
ഗ്രഹിച്ചു ദേവലോകത്തെഗമിച്ചു താതനെന്നിത്ഥം
വചിച്ചു തല്പദാംഭോജേ പതിച്ചോരു ഭരതനെ
തനിച്ചു പാദുകം നല്കിയയച്ചിട്ടത്രിയെച്ചെന്നു
നമിച്ചു ദണ്ഡകാരണ്യേ വസിച്ചു രാഘവൻ തത്ര
മദിച്ചോരു വിരാധനെ വധിച്ചു മാമുനിമാരെ
സ്തുതിച്ചു തീർത്ഥവുമാടി നടന്നു ഘോരകാന്താരേ -
കടന്നു ചെന്നഗസ്ത്യന്റെ ഗൃഹത്തിലങ്ങകം പുക്കു ;
ഉടനേ വന്ദനം ചെയ്തു പരിചോടേ മുദാ ഗോദാ-
വരിതീരേ വസിയ്ക്കുമ്പോൾ വരിപ്പാനാഗ്രഹത്തോടേ
വരുന്ന ശൂർപ്പണഖേടെ മുലയും മൂക്കുമൂക്കോടേ
കരവാൾകൊണ്ടുടനാശു ദലനം ചെയ്തു സൌമിത്രി
കരഞ്ഞു ശൂർപ്പണഖ പോയ് ഖരൻ തന്നോടറിയിച്ചു :
ഖരനും ദൂഷണൻ താനും കരുത്തുള്ള ത്രിശിരാവും
പരന്ന വൻ പടയുമായ് വരുന്ന നേരമേ രാമൻ
കടുത്ത സായകം ചാലേ തൊടുത്തു രാഘവൻ വേഗാൽ
അടുത്തു രാക്ഷസൻ മാരെക്കൊടുത്തു കാലനൂർക്കാക്കി :
അതു കേട്ടു ദശഗ്രീവനതിലേറ്റം കയർത്താശു
ചതിപ്പാനായ് പുറപ്പെട്ടു മുനിവേഷമവൻ പൂണ്ടു.

അമ്മാമനാകുന്ന മാരീചനെച്ചെന്നു
പൊൻമാൻ വടിവാക്കി വിട്ടു ദശാനനൻ ;
സമ്മോഹമുണ്ടാക്കി രാമന്റെ പത്നിക്കു
തൻമായകൊണ്ടാശു വേറാക്കി വേഗേന
മട്ടോൽ മൊഴിയായ സീതയെത്തൽക്ഷണം
കട്ടു രഥത്തിൽ കരേറിഗമിക്കുന്ന
ദുഷ്ടനെച്ചെന്നു തടുത്ത ജടായുവെ
വെട്ടി വധിച്ചുകളഞ്ഞു ദശാനനൻ
ചട്ടറ്റ ലങ്കാപുരത്തെ പ്രവേശിച്ചു
കഷ്ടമദ്ദേവിയെ തത്ര വച്ചീടിനാൻ.

മാരീചമാനിനെക്കൊന്നോരു രാഘവൻ
തൻ പ്രാണദേവിയെക്കാണാഞ്ഞു ഖിന്നനായ്
തമ്പിയോടൊന്നിച്ചു തേടി നടകൊണ്ടു
വമ്പിച്ച കാനനേ വന്നു ചരിച്ചൊരു
വമ്പനാം ഗൃദ്ധ്രനെ സംസ്കരിച്ചീടിനാൻ
കമ്പം വെടിഞ്ഞു കബന്ധനേയും കൊന്നു
സമ്പന്നമോദം ശബരിക്കു മോക്ഷവും
സംഭാവനം ചെയ്തു താനുമനുജനും
പമ്പ കടന്നു നടന്നു വരുംവിധൌ
വ്യഗ്രതകൂടാതെ ഞാൻ ചെന്നു വന്ദിച്ച -
നുഗ്രഹം വാങ്ങി മഹാഗിരി തന്നുടെ
അഗ്രേ വളരെബ്ഭയപ്പെട്ടിരിക്കുന്ന
സുഗ്രീവനോടൊത്തു സഖ്യവും ചെയ്യിച്ചു
ഉഗ്രങ്ങളായുള്ള സാലങ്ങളും മുറി -
ച്ചുഗ്രനാം ബാലിയെബ്ബാണേന രാഘവൻ
നിഗ്രഹിച്ചമ്പോടു രാജ്യപ്രഭുത്വവും
സുഗ്രീവനാക്കിക്കൊടുത്തു വാഴിച്ചിതു.
ദിക്കുകൾനാലിലും ജാനകീദേവിയെ
ചിക്കെന്നു തേടുവാനായിപ്പുറപ്പെട്ട
മർക്കടന്മാരുടെ കൂട്ടമങ്ങായതിൽ
തെക്കോട്ടു തേടുവാൻ ഞാനും പുറപ്പെട്ടു ;
അക്കടൽ ചാടിക്കടന്നു തെരിക്കെന്ന -
രക്കന്റെ ലങ്കാപുരത്തെയും പ്രാപിച്ചു
മയ്ക്കണ്ണിമാർമണിയാളെയും കണ്ടു ഞാൻ
തൃക്കാഴ്ചവച്ചിതു രാമാംഗുലീയകം
ചൊല്ക്കൊണ്ട രാമദേവന്റെ കൃപ കൊണ്ടി -
തൊക്കെയും സാധിച്ചു ഞാനും വൃകോദര !

മേടിച്ചു ചൂഡാമണി ഒടിച്ചു കല്പകവൃക്ഷം
മുടിച്ചു കാനനമെല്ലാം ചൊടിച്ചു രാക്ഷസന്മാർക്കി -
ട്ടടിച്ചു മേഘനാദൻ താൻ പിടിച്ചു മല്ക്കരം കെട്ടി -
പ്പിടിച്ചു രാവണൻ മുൻപിൽ ഗമിച്ചു രാക്ഷസൻ കണ്ടു
ചിരിച്ചു നമ്മുടെ വാലും കരിച്ചു വൈരികളും വ -
ന്നടുത്തു ഞാനുമപ്പോൾ വാലെടുത്തു മാളികയ്ക്കു തീ -
കൊടുത്തു സംഭ്രമമൊന്നു കടുത്തു സംപ്രഹാരത്തി -
ന്നടുത്തുവന്നവർക്കുള്ളം കടുത്തു ദുഷ്ടരെ നാണം -
കെടുത്തു ലങ്കയും ചുട്ടുകരിച്ചു ഭസ്മമാക്കിക്കൊ -
ണ്ടമർത്ത്യവൈരിവൃന്ദത്തെയമർത്തിവച്ചു ഞാൻ പോന്നു
സമസ്തമങ്ങറിയിച്ചു പോരിനായി പുറപ്പെട്ടു
പാരാതെ കപിശ്രേഷ്ഠന്മാരോടുമൊരുമിച്ചു
വീരപുംഗവൻ രാമൻ വാരിധിതടേ ചെന്നു
ഭൂരിസേനയും താനും പാരാതെ പടവീടുമാദരാലുറപ്പിച്ചു ;
അന്നേരം വിഭീഷണൻ ചെന്നു രാമനെക്കണ്ടു
വന്ദിച്ചു കപികളോടൊന്നിച്ചു വസിപ്പിച്ചു
ഏതുമേ മടിയാതെ സേതുബന്ധനം ചെയ്തു
യാതുക്കൾക്കൊരു ധൂമകേതുവായതും പിന്നെ
സാധുക്കൾക്കൊരു മുക്തിഹേതുവായതും രാമ -
സേതുവെന്നതിനിപ്പോളേതും സംശയമില്ല ;
ലംഘിച്ചു സമുദ്രത്തെ ലങ്കയിലകം പുക്കു
ശങ്കിച്ചു വരുന്നോരു ലങ്കാവാസികളെല്ലാം
രൂക്ഷത പെരുകുന്ന രാക്ഷസഭടന്മാരും
തെല്ലും താമസിയാതെ വില്ലും കുന്തവും വാളും
കല്ലും വൃക്ഷവും കൂർത്ത പല്ലുമെന്നിവകൊണ്ട്
തല്ലും തങ്ങളിലോരോ മല്ലും തള്ളലും വെട്ടും
കൊല്ലുന്നുണ്ടു ഞാനെന്നു ചൊല്ലും ശണ്ഠയുമേറ്റം
കുത്തുകൊണ്ടോരോകൂട്ടം ചത്തു ഘോരമായുള്ള
യുദ്ധമിങ്ങനെ കൂട്ടി വൃദ്ധന്മാരതിൽ ചിലർ
ഉത്തമരതിൽ ചിലരൂർദ്ധ്വമായതു നേരം
ധ്രൂമ്രാക്ഷൻ മകരാക്ഷൻ യൂപാക്ഷൻ പൃഥുകായൻ
താമ്രാക്ഷൻ വിരൂപാക്ഷൻ ശോണിതാക്ഷനും പിന്നെ

കുംഭൻ നികുംഭനകമ്പനെന്നുള്ളൊരു
വമ്പടമുമ്പാം നിലിമ്പാരിവൃന്ദവും
കുംഭനാദൻ മേഘനാദനുമെന്നുള്ള
കുംഭീന്ദ്ര വിക്രമന്മാരായ വൈരികൾ
സംപ്രഹാരാന്തേ മദിച്ചു ദിവം പുക്കു
സംഭ്രമത്തോടെ പുറപ്പെട്ടു രാവണൻ
രാവണകണ്ഠങ്ങൾ പത്തും കണകൊണ്ടു
രാഘവൻ കണ്ടിച്ചു കണ്ടിച്ചു പിന്നെയും
കുണ്ഠതയെന്നിയേ വന്നടുക്കും ദശ -
കണ്ഠനെ ബ്രഹ്മാസ്ത്രമാകുന്ന സായകം
കൊണ്ടു വധിച്ചു പതിപ്പിച്ചു ഭൂമിയിൽ ;
കണ്ടു സ്തുതിച്ചു വണങ്ങി സുരന്മാരും
അണ്ടർകോൻ താനും സുരസ്ത്രീകളും വന്നു
വേണ്ടുംവിധം പ്രശസ്തം പ്രശംസിച്ചിതു
ഇങ്ങനെ സാധിച്ചു സഖ്യങ്ങളൊക്കെയും
തിങ്ങിന മോദേന രാമഭദ്രസ്വാമി
ലങ്കാധിരാജൻ വിഭീഷണൻ താനെന്നു
പങ്കേരുഹാക്ഷനും കല്പിച്ചു , സീതയെ
വഹ്നിപ്രവേശന ശുദ്ധയാക്കിക്കൊണ്ടു
ധന്യമാം പുഷ്പകമേറിപ്പുറപ്പെട്ടു
തന്നുടെ സാകേതമന്ദിരം പ്രാപിച്ചു
പട്ടാഭിഷേകവും സാധിച്ചു മന്നിടം
തുഷ്ടിയിൽ രക്ഷിച്ചു വാഴുന്ന കാലത്തു
ലോകാപവാദേന സീതയെക്കാനനേ
ശോകേന സന്ത്യജ്യ ലോകാധിനായകൻ
വിശ്വമെല്ലാം വെളുപ്പിച്ചു കീർത്ത്യാപരം
വിശ്വവീരൻ മമ സ്വാമി രഘൂത്തമൻ
അശ്വമേധമഖം ചെയ്യും ദശാന്തരേ ;
വൈദേഹി പെറ്റുതേ രണ്ടു ശിശുക്കളെ
സാദരമന്നു തദ്ബാലരോടൊന്നിച്ചു
വാല്മീകിമാമുനിശ്രേഷ്ഠനും വന്നുടൻ
രാമായണകഥ കേൾപ്പിച്ചു മാമുനി ,
ഗീരിനാൽ രാമനെ വന്ദിച്ചനന്തരം
വണ്ടാർകുഴൽ മണി വൈദേഹി വഹ്നിയിൽ
രണ്ടാമതും പ്രവേശിപ്പാൻ നിയോഗിച്ചു ;
കൊണ്ടാടിയീലവൾ, ഭൂമി പിളർന്നാശു
തണ്ടാരിൽ മാതുതാൻ പാലാഴി പുക്കിതു ;
അന്തകൻ താനതുനേരമയോദ്ധ്യയിൽ
അന്തണവേഷം ധരിച്ചു വന്നാദരാൽ
മന്ത്രിച്ചു പോയതു നേരത്തു സൌമിത്രി
യന്ത്രിച്ചു മണ്ടി വൈകുണ്ഠം പ്രവേശിച്ചു ;
വെക്കം ഭരതനും ശത്രുഘ്നനും ശംഖ -
ചക്രങ്ങളായിച്ചമഞ്ഞോരനന്തരം
നമ്മോടു യാത്രയും ചൊല്ലി രഘൂത്തമൻ
നിർമ്മായ വിഷ്ണുസ്വരൂപം ധരിച്ചുടൻ
പാലാഴിപുക്കു ഫണീന്ദ്രതല്പേ മുദാ
ത്രൈലോക്യനാഥൻ വസിപ്പൂ വൃകോദര !
ഞാനും വിഭീഷണൻ ജാംബവാൻ താനുമീ
മൂന്നുപേരിങ്ങനെ ശേഷിച്ചു ഭൂമിയിൽ ;
മറ്റുള്ള വാനരന്മാരുമയോദ്ധ്യയിൽ
പെറ്റു വളർന്നൊരു നാനാജനങ്ങളും
തെറ്റെന്നു ദേഹം വെടിഞ്ഞു ദേവാലയം
പറ്റി സുഖിച്ചു വസിക്കുന്നു സാദരം .
ഇക്കഥാവർണ്ണനം ചെയ്യും ജനങ്ങൾക്കു
ദു:ഖങ്ങളെല്ലാമകന്നുപോമത്രയ -
ല്ലുൾക്കാമ്പിലും ജ്ഞാനമുണ്ടാം വൃകോദര !
നീക്കമില്ലേതുമേ മാതൃഗർഭേ ചെന്നു
പുക്കും പിറന്നും വളർന്നും മരിക്കുമീ -
ദുഷ്ക്കർമ്മയോഗവും വേർപെടും സംസാര -
മാർഗങ്ങളും വിടുമാനന്ദസുന്ദര -
സ്വർഗം ഗമിക്കും , രഘുപ്രവീരൻ തന്റെ
സത്ക്കഥാസംവാദമുള്ളവണ്ണം തന്നെ
കേൾക്കുന്നവർക്കു , ധരിക്ക വൃകോദര !
പൊയ്ക്കൊൾക നീയിനി ഭീമസേന ! ഭവാൻ
മയ് ക്കണ്ണിയാളുടെ മോദം വരുത്തുക
ചൊല്ക്കൊണ്ട കല്യാണസൌഗന്ധികങ്ങളെ
കൈക്കലാക്കിക്കൊണ്ടു പോകെടോ പാണ്ഡവ  !
അക്കുസുമങ്ങളും വിത്തേശരാജന്റെ
പുഷ്കരണിതന്നിൽ നില്ക്കുന്നു നീ ചെന്നു
തക്കത്തിലൊക്കെ ഹരിക്കുന്ന നേരത്തു
വക്കാണമേശുവാൻ വന്നടുക്കും ചില
മൂർഖരായുള്ളൊരു കാവല്ക്കാരരക്കര -
ക്കർക്കശൻ ക്രോധവശൻ മഹാ കണ്ടകൻ
വെക്കമടുത്തു തടുക്കുന്ന നേരത്തു
മുഷ്ക്കരമായ ഗദകൊണ്ടു താഡിച്ചു
ശീഘ്രമങ്ങോടിച്ചുകൊൾക വൃകോദര !
വ്യാഘ്രം വരുമ്പോൾകുറുനരിക്കൂട്ടങ്ങ -
ളൊക്കവേ പേടിച്ചു മണ്ടുന്നതു പോലെ
വിക്രമമുള്ള നീ കാര്യം ലഭിക്കെടോ  ; "
ഇത്ഥം പറഞ്ഞു മറഞ്ഞു ഹനുമാനു -
മെത്രയും മോദിച്ചു കുന്തീകുമാരനും
തത്ര നിന്നാശു ഗമിച്ചു ദിവ്യസ്ഥലേ
വിത്തേശവാപിയിൽ ചെന്നിറങ്ങീടിനാൻ .

കല്ലോലജാലം കളിക്കുന്ന കണ്ടു ,
കമലമണിനിറമുടയ കമലമതു കണ്ടു ,
കല്യാണിമാരും കുളിക്കുന്ന കണ്ടു ,
പൊലിമയൊടു ചടുലജല വടിവുമതു കണ്ടു ,
അന്നങ്ങളങ്ങു പറക്കുന്ന കണ്ടു,
അനവരതമവരുടയ നടനമതു കണ്ടു ,
ചക്രവാകങ്ങടെ വിക്രമം കണ്ടു .
ചടുലമലർമിഴികളുടെ കളിവിരുതു കണ്ടു ,
മത്സ്യങ്ങളോടി നടക്കുന്ന കണ്ടു ,
മണിമയിലുമണികുസുമ നിരകളതു കണ്ടു ,
മത്തഭൃംഗോദ്യൽ പ്രയാണങ്ങൾകണ്ടു ,
മലർ മധുരതരുനിരകളഥ സപദി കണ്ടു ,
സല്സംഗശൃംഗാരഭാവങ്ങൾകണ്ടു ,
സരസതരസരസിരുഹ നികരമതു കണ്ടു ,
ചക്രവാകങ്ങടെ ചാപലം കണ്ടു,
ചടുലതരുണികളുടയ സരസരതി കണ്ടു ;
നക്രങ്ങൾകേറിക്കിടക്കുന്ന കണ്ടു,
നടുവിലതിചടുല മതിവടിവുമഥ കണ്ടു ,
വക്രങ്ങളായുള്ള തീരങ്ങൾ കണ്ടു ,
വലിയ ജലതിരനിരകൾ വിരവിനൊടു കണ്ടു ,
ഗന്ധദ്വിപം വന്നിറങ്ങുന്ന കണ്ടു ,
ഗളഗളിത വരരണിതകളപൊലിമ കണ്ടു ,
ഗന്ധർവിമാർ വന്നു നീന്തുന്ന കണ്ടു ,
ഗഗനചരകുലമഖിലമുപരി ബത കണ്ടു ,
കല്ഹാരപുഷ്പം നിരന്നങ്ങു കണ്ടു ,
പുളിനഭുവി നളിനികടെ തെളിവുമഥ കണ്ടു ,
ഐരാവതം വന്നിറങ്ങുന്ന കണ്ടു
അവനുടയ വിഹരണവുമിഹ സപദി കണ്ടു
മാരാരികൂറ്റൻ മദിക്കുന്ന കണ്ടു ,
മദനനുടെ കൊടിയുടയ മകരമതു കണ്ടു ,
ആദിദേവന്റെ തുരഗങ്ങൾ കണ്ടു
അരികിലുടനവരുടയ നടനമതു കണ്ടു ,
ഇങ്ങനെ സൌഗന്ധികപ്പൊയ്ക കണ്ടു ,
ഇരുപുറവുമഥ രജനിചരവസതി കണ്ടു ,
ഇംഗിതം ചേരുന്ന പുഷ്പങ്ങൾകണ്ടു ,
ഇതു സകലമിഹ സുലഭമിതി മനസി കണ്ടു

ചാടി മെല്ലവേ പുഷ്പവാടിയിൽ ഭീമസേനൻ
മോടിയിൽ മുടിതന്നിൽ ചൂടി നല്ലൊരു പുഷ്പം
പേടിപൂണ്ടു നക്രങ്ങളോടി ദൂരവേ മാറി
താടിമീശയും മേനി മൂടി രോമവുംകൊണ്ടു ,
പാടി വാരിജം തന്നിലാടീടുമരയന്നം
വാടീടാത്ത പുഷ്പങ്ങൾതേടീടും ചക്രവാകം
കോടിസാരസങ്ങളിൽ കൂടിയെത്രയുമുള്ളിൽ
പേടികാരണം തദാ സാരസങ്ങളിൽ നിന്നു
സാരസങ്ങളുമെല്ലാം ദൂരത്തു പറന്നങ്ങു
തീരത്തു വസിക്കുന്നു ;
സാരസ്യമുടയോരു വീരൻ ഭീമസേനൻ താൻ
ചാരുത്വമിയലും കല്ഹാരത്തെക്കരം കൊണ്ടു
കണ്ടിച്ചു മുതലയെ മണ്ടിച്ചു വരുന്നതും
കണ്ടപ്പോളരക്കരും ശുണ്ഠിച്ചു പുറപ്പെട്ടു ,
ശണ്ഠക്കായൊരുമ്പെട്ടു കുണ്ഠൻമാർ പലർ കൂടി
ച്ചെണ്ടക്കാർക്കഭിമാനംകൊണ്ടാപത്തിടകൂടി  :

" കല്ഹാരപുഷ്പങ്ങൾകട്ടുപറിക്കുന്ന
കള്ളാ നിനക്കടി കിട്ടുമെന്നിങ്ങനെ
കൊള്ളാമഹംഭാവമെന്തെടാ കശ്മലാ !
വെള്ളത്തിൽ നിന്നങ്ങു കേറി നിന്നീടുക;
കല്യാണസൌഗന്ധികം വന്നു മോഷ്ടിച്ചു
മെല്ലെത്തിരിച്ചങ്ങു കൊണ്ടുപോവാൻ നിന -
ക്കില്ലെടാ സാമർത്ഥ്യമല്ലോ മഹാജള !
നില്ലെടാ നിന്റെ വിനാശം വരും ദൃഢം
ഞങ്ങടെ തമ്പുരാനായ ധനേശ്വരൻ
ഞങ്ങളെക്കാവല്ക്കു കല്പിച്ചിരിക്കുന്നു ;
എങ്ങാനുമീവക പുഷ്പം ലഭിക്കുമോ ?
ചങ്ങാതി മോഹിച്ചതെല്ലാം വൃഥാഫലം
കല്പവൃക്ഷങ്ങടെ പുഷ്പങ്ങളെക്കാളു -
മത്ഭുതമാകുന്ന കല്ഹാരപുഷ്പങ്ങൾ
കെല്പൊടു കൊണ്ടുവന്നുണ്ടാക്കി തമ്പുരാൻ
എപ്പോഴുമങ്ങിതല്ലാതില്ല ചിന്തിതം ;
ഒമ്പതുകൂട്ടം നിധി വച്ചിരിക്കുന്ന
തമ്പുരാനിപ്പോളതിലും വിശേഷിച്ചു
പൊൻ പൂവിലേറെയുണ്ടെന്നു ധരിക്ക നീ
വമ്പു തുടർന്നാൽ കണക്കല്ല പൂരുഷ !
തമ്പുരാനിപ്പോളുടുപ്പാൻ കൊടുക്കുന്ന
പെമ്പിറന്നോർ പത്തുനൂറിൽ കുറവില്ല ,
പൊൻ പൂവു ചൂടാനവർക്കു കൊടുക്കണ -
മമ്പതുമമ്പതും നിത്യം ചെലവുണ്ട് .
അമ്മമാർക്കൊക്കെയും വെവ്വേറെ വെവ്വേറെ
ചെമ്മേ പകുത്തു കൊടുക്കുന്ന ഞങ്ങൾക്കു
തിന്മാൻ പുകയില വെറ്റില പാക്കെന്ന -
തമ്മമാർ തന്നു പുലർത്തുന്നതെന്നറി ;
കുറ്റം വരുത്തിപ്പുറത്തിറക്കീടുവാൻ
മറ്റുള്ള മന്ത്രികൾനോക്കുന്നതു കൊണ്ടു
ചെറ്റും ഫലിക്കയില്ലമ്മമാർ ഞങ്ങൾക്കു
കൊറ്റിനും തേപ്പാനുമെല്ലാം തരുമല്ലോ .
മോഷണം തെല്ലുണ്ടിവർക്കെന്നു ഞങ്ങടെ
ദൂഷണക്കാർ ചെന്നു മൂപ്പിലെ കേൾപ്പിച്ചാൽ
ഏഷണിക്കാരും പലരുണ്ടവരുടെ
ഭീഷണികൊണ്ടു ഭയമില്ല ഞങ്ങൾക്ക്  ;
പെണ്പിറന്നോർ ചെന്നുണർത്തിച്ചതൊന്നുമി -
ത്തമ്പുരാൻ കേൾക്കാതിരിക്കില്ല നിശ്ചയം
പൊൻ പൂവു കാക്കുന്ന ഞങ്ങളെ വച്ചേച്ചു
പെണ്പിറന്നോർക്കന്യ സംസാരമില്ലെടോ :
കാരിയക്കാരുണ്ടു മേനോക്കിയച്ചനു -
ണ്ടാരിയപ്പട്ടരച്ചന്മാർ പലരുണ്ട്
കോയിമ്മമാരുണ്ടടുക്കളക്കാരുണ്ട്
നായന്മാരായുള്ളകമ്പടിക്കാരുണ്ട്
ലന്തക്കുഴല്ക്കാർ പതിനെട്ടു പുള്ളിയു -
ണ്ടന്തമില്ലിപ്പോളളകാപുരിതന്നി -
ലന്തണന്മാരും പ്രഭുക്കളും ഭൃത്യരും
ചന്തമേറീടും പണിക്കരച്ചന്മാരും
എന്തിനനേകം പറഞ്ഞിട്ടു കാരിയം
ചിന്തിച്ചു കണ്ടാലിതിന്നൊത്ത രാജ്യമി -
ന്നന്തികം തന്നിലും ദൂരത്തുമില്ലെന്നു
സന്തതം ചൊല്ലുന്നു സർവ്വജനങ്ങളും ;
ഈവണ്ണമുള്ള കുബേരന്റെ നാട്ടിനു
നീ വന്നു കേറിക്കവർന്നുതുടങ്ങിയാ -
ലീവന്ന ഞങ്ങളിലേകനുള്ളന്നു നീ
ഭാവിച്ചതൊന്നും നടക്കില്ലയേതുമേ .
ഇക്കണ്ട ഞങ്ങൾെക്കജമാനനേകനു -
ണ്ടുൾക്കാമ്പിലായാൾക്കു തെല്ലും ഭയമില്ല ,
ചൊല്ക്കൊണ്ട രാക്ഷസൻ ക്രോധവശനെന്നു
ദിക്കുകളൊക്കെ ജയിച്ചൊരു പൂരുഷൻ ;
ക്രോധവശനെന്നു പേരു കേട്ടാല്തന്നെ
ബോധംവരും നിനക്കായാടെ വിക്രമം ,
വമ്പനാമങ്ങോർ കയർത്തുവരുന്നതിൻ
മുമ്പേ തെരിക്കനെപ്പൊയ്ക്കൊൾക നീ ശഠ !
പൊൻ പൂപറിക്കുന്ന നിന്നെപ്പിടിപെട്ടു
ചെമ്പുകിടാരത്തിലിട്ടു വറുക്കാതേ
തമ്പുരാൻ തൃക്കാലിണയാണ ഭോഷ്ക്കല്ല
ഡംഭു കാട്ടാതെ നടക്ക നീ ദുർമ്മതേ !
ശംഭുസഖന്റെ സരസ്സിലെ പുഷ്പം ത -
രിമ്പുപോലും കൊണ്ടുപോവാൻ കഴിവരാ . "
ഇത്തരം ഘോഷിച്ചു ചെന്നടുത്തീടുന്ന
നക്തഞ്ചരന്മാരെയൊക്കെ ഗദകൊണ്ടു
താഡിച്ചു താഡിച്ചു മണ്ടിച്ചു മണ്ടിച്ചു
താമസിയാതെ കയർത്തു വൃകോദരൻ ;
തല്ലു കൊണ്ടീടിന കിങ്കരന്മാരുടെ
കണ്ണു പോയി ചിലർ കാലുപോയി ചിലർ
എല്ലൊടിഞ്ഞു ചിലർ പല്ലുപോയെന്നല്ല
വല്ലാതെ ദേഹം വളഞ്ഞുപോയി ചിലർ
ഒക്കവേ ചെന്നങ്ങു ക്രോധവശൻ തന്റെ
കാല്ക്കൽ പതിച്ചു പറഞ്ഞുതുടങ്ങിനാർ :
" വക്കാണമേറുന്ന പൊണ്ണത്തടിയനാം
ധിക്കാരി മാനുഷൻ പോന്നുവന്നിങ്ങനെ
ചൊല്ക്കൊണ്ട കല്യാണസൌഗന്ധികക്കൂട്ട -
മൊക്കെപ്പറിച്ചു കരസ്ഥമാക്കിക്കൊണ്ടു
നില്ക്കുന്ന നേരത്തു ഞങ്ങൾ വിരോധിച്ചു
മുഷ്ക്കുള്ളവനിഹ തെല്ലും ഭയമില്ല  ;
എന്നല്ല ഞങ്ങളെത്തല്ലിയോടിച്ചവൻ
പിന്നെയും പുഷ്പം പറിക്കുന്നു കശ്മലൻ
ദണ്ഡുമെടുത്തങ്ങുയർത്തിപ്പിടിച്ചുടൻ
കണ്ണും ചുവത്തിക്കയർത്തു വരുന്നൊരു
കാലനെപ്പോലെ കരുത്തുള്ളവൻ തന്നെ
കാലനും കൂടെത്തടുപ്പാൻ വശമല്ല  ;
കാവല്ക്കു കല്പിച്ച കിങ്കരന്മാർ ഞങ്ങൾ
ധാവനം ചെയ്തുപോയെന്നതേ തന്നല്ല
മൂക്കു മുറിഞ്ഞിതു മുഞ്ഞി ചതഞ്ഞിതു
കാല്ക്കു മുടക്കം ചിലർക്കു വന്നൂ പിന്നെ ,
നാക്കു മുറിഞ്ഞുപോയ് വാക്കു പുറപ്പെടാ
ചാക്കു മാത്രംപുനരാർക്കും ലഭിച്ചീല ,
നോക്കുന്ന ദിക്കിലപ്പൊണ്ണൻ ഗദയുമായ്
പാർക്കുന്നു കൊൽ വാൻ വരുന്നെന്നു തോന്നുന്നു  ;
രാക്ഷസാധീശ്വര രാജരാജൻ തന്റെ
രൂക്ഷനായുള്ളൊരു ഭൃത്യൻ മഹാബലൻ
കാൽ ക്ഷണം വൈകാതെ ചെന്നപ്പുരുഷനെ
കാലനൂർക്കാക്കുവാനെന്തേ മടിക്കുന്നു  ? "
എന്നുള്ള കിങ്കരന്മാരുടെ വാക്കു കേ -
ട്ടൊന്നു കയർത്തു പുറപ്പെട്ടു തൽക്ഷണം
വാളും പരിചയും കൈയിലാക്കിക്കൊണ്ടു
ചീളെന്നു ചെന്നു തടഞ്ഞു നിശാചരൻ ;
"നില്ലെടാ മൂഢ ! നിനക്കിന്നു നമ്മുടെ
കല്ഹാരപുഷ്പം കവർന്നതു കാരണം
വല്ലാത്തഹംഭാവമെല്ലാം ശമിപ്പതി -
നുള്ളൊരു സംഗതി വന്നുകൂടി ജള !
വിക്രമിയാകുന്ന ക്രോധവശൻ പണ്ടു
ശക്രനെച്ചെന്നു ജയിച്ചു പലകുറി
ദിക്കുംഭികുംഭങ്ങൾതല്ലിത്തകർത്തൊരു
ദിക്കുകൾപത്തും ജയിച്ചു വിളങ്ങുന്ന
നക്തഞ്ചരേന്ദ്രനെപ്പേടികൂടാതെ നീ
മത്തനായ് വന്നിങ്ങധികസൌഗന്ധികം
കട്ടുകൊണ്ടോടുവാൻ ഭാവിക്കയാലിന്നു
വെട്ടുകൊണ്ടന്തകൻ വീടു പുക്കീടുമേ .
അഷ്ടലോകാധിപൻ മാരിൽ വച്ചെത്രയും
ശ്രേഷ്ഠനാം വിത്തേശനാഥന്റെ പുഷ്പങ്ങൾ
കിട്ടുമോ മൂഢ ! നിനക്കെടാ ദുർമ്മതേ !
കിട്ടും തലക്കിട്ടു വെട്ടുമെന്നോർക്ക നീ  ;
മറ്റുള്ള ദിക്കിൽ നടന്നു ഫലിപ്പിച്ചു
മറ്റുള്ള വിദ്യകളെല്ലാം പ്രയോഗിച്ചു
തെറ്റെന്നു കിട്ടും വിരുതു കെട്ടിക്കൊണ്ടു
മുറ്റും നടക്കുന്ന കൂട്ടങ്ങളൊക്കെയും
ഇദ്ദിക്കിൽ വന്നു മടങ്ങാതെയാരുമി -
ല്ലിത്രനാളും കണ്ടുപോരുന്നതിങ്ങനെ  ;
ഇന്നു വിരുതഴിപ്പിക്കുന്നതുണ്ടു ഞാൻ
എന്നോടെതിർപ്പാൻ മതിയാകയില്ല നീ
പെട്ടെന്നു നിന്നെ ജയിച്ചീല ഞാനാകി -
ലിട്ടതല്ലെന്റെ പേരച്ഛനാണ നിന്റെ
മസ്തകം വെട്ടിപ്പിളർക്കുന്നതുണ്ടു ഞാൻ
ഹന്ത സന്നാഹപ്രതിജ്ഞ ചെയ്യുന്നു ഞാൻ
മൺകുടം മങ്ങലി ചട്ടി കലങ്ങളും
മൺ‌കൊണ്ടു കൊട്ടിയുണ്ടാക്കും കുശവൻ താൻ
പങ്കജസംഭവബ്രഹ്മാവു താനെന്നു
സങ്കല്പമുള്ളോർ മുഴക്കുന്നു സാമ്പ്രതം  ;
സൃഷ്ടിക്കു ചേർന്നുള്ളതിന്നു വിരിഞ്ചനു
പുഷ്ടിക്കു ചേരും പ്രവൃത്തിയെന്നിങ്ങനെ
അഷ്ടിക്കുവേണ്ടിക്കലം കൊട്ടിവില്ക്കുന്ന
ചേട്ടക്കഹംഭാവമെയ്യോ ! ശിവ ! ശിവ !
എന്നതുപോലെ ജനങ്ങളെല്ലാം സമ -
മെന്നു നിനക്കുള്ളിലുണ്ടാമഹംഭാവം
ഇക്കാലമായതു പൊക്കം പിടിപ്പിപ്പ -
നീക്കണ്ടരാത്രിഞ്ചരേന്ദ്രൻ മഹാബലൻ
അർക്കനെക്കണ്ടൊരു മിന്നാമിനുങ്ങുപോ -
ലക്കണക്കായ് വരും നിന്റെ പരാക്രമം .

അളകാമന്ദിരം തന്നിലിളകാതെയിരിക്കുന്ന
ഇളിബിളിസുതൻ തന്റെ കളികുളികുളംതന്നിൽ
കിളിർത്തുണ്ടായൊരു പുഷ്പമൊളിച്ചുകൊണ്ടുപോവാനായ്
പുളച്ചുവന്നൊരു നിന്റെ തിളപ്പു പൊങ്ങി വിങ്ങുന്നു
വെളിച്ചണ്ണക്കിടാരത്തിൽ വലിച്ചിട്ടു വറുക്കാതെ
നിലച്ചീടില്ലെനിക്കുള്ളിൽ ജ്വലിച്ചീടുന്നൊരു കോപം
കുലച്ചു വില്ലതു നന്നായ് തൊടുത്തു ബാണമെയ്യുമ്പോൾ
മലച്ചുവീണു നീയങ്ങു മരിച്ചുപോമതല്ലെങ്കിൽ
പിടിപ്പിൻ മുഷ്ടികള്കൊണ്ടു കൊടുപ്പിൻ നിങ്ങളങ്ങോട്ടു
നടപ്പിൻ മന്ദനെക്കെട്ടിയെടുപ്പിൻ മന്ദിരേ ചെന്നു
കടപ്പിൻ ചോരനെക്കൊന്നു മുടിപ്പിൻ മന്നനോടിത്ഥം
വചിച്ചു കാഴ്ചയായ് വച്ചു വണങ്ങിപ്പോരുവിൻ നിങ്ങൾ."
ഇത്തരം ദുർ വാക്കുരക്കുന്ന ദുഷ്ടരോ -
ടുത്തരം സത്വരം ചൊന്നാൻ വൃകോദരൻ :
" മത്തരാം നിങ്ങടെ വംശം മുടിച്ചു ഞാ -
നുത്തരാശാവരനായ കുബേരന്റെ
പത്തനം കുത്തിക്കുഴിച്ചങ്ങതിൽ‌പ്പെട്ട
വിത്തങ്ങളെല്ലാം കരസ്ഥമാക്കീടുവൻ
പത്തിലൊന്നു കുറവുള്ള നിക്ഷേപങ്ങ
ളൊത്തവണ്ണം ചെന്നു വേഗേന ഭൂതലം
കുത്തിക്കുഴിച്ചങ്ങെടുത്തു ഞാനാശു പോ -
യെത്തുന്നതുണ്ടു മൽ പത്തനേ സത്വരം  ;
പോടാ ! കരാള ! നിശാചര ! നീ ശഠ !
മൂഢ ! രണത്തിനു വാടാ തൃണസമ !
കൂടപ്രയോഗം തുടങ്ങുന്ന നേരത്തു
നാടും തകർത്തുടനോടും ജള  ! നിന്റെ -
നാടു വെടിഞ്ഞങ്ങു പാടുപെടും കാല -
നോടുള്ള സംഗമം കൂടാതെ പോകയിൽ  ;

തന്നെത്താനറിയാതെ തന്നെക്കാൾ ബലമുള്ള
ധന്യൻമാരോടു ചെന്നു സന്നാഹം തുടർന്നെന്നാൽ
പിന്നെത്താനറിയാറാമെന്നു നീ ധരിച്ചാലും
മന്നിലും സുരലോകം തന്നിലും പുകഴ്ന്നൊരു
മന്നവൻ വൃകോദരൻ ഞാനെന്നു ധരിച്ചാലും
ഇന്നുള്ള വിരുതന്മാരൊന്നും നമ്മുടെ നേരെ
നിന്നു സംഗരം ചെയ്കയില്ല ശങ്കയില്ലേതും
അയ്യോ ! രാക്ഷസാധമ ! നീയോ നമ്മോടു യുദ്ധം -
ചെയ്യാമെന്നൊരു ബാണമെയ്യാനായ് പുറപ്പെട്ടു ;
അയ്യോ ! ഭോഷരേ ! നിങ്ങളയ്യായിരവും കോടി
ലക്ഷവും സ്വരൂപിച്ചിട്ടെക്ഷന്മാർക്കരചന്റെ
പക്ഷമായ് പുറപ്പെട്ടു തൽക്ഷണം വരുന്നാകി -
ലിക്ഷണമടിച്ചു ഞാൻ തൽക്ഷണം മുടിച്ചീടും ,
പക്ഷികൾക്കൊരുപോലെ ഭക്ഷിപ്പാൻ വകയാക്കും ; "


ഇത്ഥം പറഞ്ഞു ഗദകൊണ്ടു വേഗേന
യുദ്ധം തുടങ്ങി മടങ്ങാതെ പാണ്ഡവൻ
നക്തഞ്ചരന്മാരുമത്യന്തകോപേന
യുക്തമായ് ഘോരപ്രയോഗം തുടങ്ങിനാർ  ;
രൂക്ഷമാംവണ്ണം കയർത്തു വരുന്നൊരു
യക്ഷലക്ഷത്തെയും തൽക്ഷണം മാരുതി
ക്ഷിപ്രം ഗദ കൊണ്ടു താഡിച്ചു മണ്ടിച്ചു
പുഷ്പങ്ങളെല്ലാമറുത്തു സ്വരൂപിച്ചു
കെട്ടിത്തലയിലെടുത്തു പുറപ്പെട്ടു
പെട്ടെന്നു ചെന്നു കപീന്ദ്രനെ വന്ദിച്ചു ;
ഗന്ധവാഹാത്മജൻ മോദേന സാദരം
ഗന്ധമാദനാരണ്യേന പോയ് ചെന്നുടൻ
തത്ര വടിവൊടു വായുസുതൻ ധർമ്മ -
പുത്രരേയും ഭാര്യ തന്നെയും കണ്ടുടൻ
സന്തുഷ്ടനായ് നിന്നു വന്ദിച്ചു ജ്യേഷ്ഠനെ ;
ചന്തമേറും നല്ല പുഷ്പങ്ങളൊക്കവേ
ദ്രൌപദി തന്നുടെ കൈയ്യിൽ കൊടുത്തിതു
ഭൂപതിനന്ദനൻ ഭൂപൻ മഹാരഥൻ.
ഇങ്ങനെ കല്യാണസൌഗന്ധികാർപ്പണം
മംഗളം! ചാരുകല്യാണം! ശുഭം! ശുഭം!

കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ സമാപ്തം

4 അഭിപ്രായങ്ങൾ:

  1. കല്ലോലജാലം കളിക്കുന്ന കണ്ടു കമല മണി നിറമുടയ നടനമതുകണ്ടു.
    ചെറുപ്പകാലത്ത് പഠിച്ച ഈ പദ്യം �� ഇപ്പോഴും ഓർമ്മയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. Super! കുഞ്ചൻ നമ്പ്യാരെ തിരക്കി വന്നതാണ്.

    മറുപടിഇല്ലാതാക്കൂ

Gibin Mathew Chemmannar | Create Your Badge