ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

സച്ചിദാനന്ദന്റെ കവിതകൾ

                                                             
                                                              ജീവിത വഴി 
                                                    ...........................................
1946 മേയ്‌ 28-നു തൃശ്ശൂർ ജില്ലയിൽ ജനിച്ചു. തർജ്ജമകളടക്കം 50-ഓളം പുസ്തകങ്ങൾ രചിച്ചു. തന്റെ തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ[1] തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി.1989,1998,2000, 2009,2012 വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി..1995 വരെ ഇരിങ്ങലക്കുട ക്രൈസ്റ്റ് കോളെജിൽ ഇംഗ്ലിഷ് പ്രൊഫെസർ ആയി ജോലി നോക്കി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസ്സറും വകുപ്പു മേധാവിയും.

കടപ്പാട്:http://ml.wikipedia.org/wiki/സച്ചിദാനന്ദൻ

                                                                 കവിതകൾ 
                                             .......................................................

 മഷിക്കുപ്പിയും കൂണും
.................................................
ഇടിവെട്ടിയ ഒരു ദിവസമാണ്
മഷിക്കുപ്പി കൂണിനെ കണ്ടുമുട്ടിയത്.
വിറച്ചുനില്ക്കുന്ന കൂണിനോട് 
മഷിക്കുപ്പി ചോദിച്ചു: 'നീയെങ്ങനെ
ഇത്ര വെളുത്തതായി?'
കൂണു പറഞ്ഞു:
'ഞാന്‍ സ്വര്‍ഗ്ഗത്തിലെ ഒരു മാലാഖയായിരുന്നു.
ദൈവത്തെ ചോദ്യംചെയ്തതുകൊണ്ട്
ശാപമേറ്റു കരിഞ്ഞ് കറുത്ത ഒരു
കൊച്ചുവിത്തായി ഞാനീ ഭൂമിയില്‍ നിപതിച്ചു.
മഴവില്ലു കണ്ടപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ ഓര്‍മയില്‍
ഞാന്‍ മുളച്ചു, എന്റെ ചിറകുകള്‍ ഈ
വെളുത്ത കുടയായി വിടര്‍ന്നു. ആട്ടെ,
നീയെങ്ങനെ ഇങ്ങനെ കറുത്തുവെന്നു
പറഞ്ഞില്ലല്ലോ?
മഷിക്കുപ്പി പറഞ്ഞു:
'ഭൂമിയിലെ അമ്മമാരുടെ തലമുറകളുടെ
കണ്ണീരാണ് ഞാന്‍.
വേദനയുടെ നൃത്തത്തില്‍ വാടിയ
അവരുടെ ഹൃദയത്തില്‍നിന്നു
വരുന്നതുകൊണ്ടാണ് എനിക്കീ കറുപ്പ്.
കടലാസ്സില്‍ അക്ഷരരൂപങ്ങളില്‍
വാര്‍ന്നു വീഴുകയാണെന്റെ പണി.
മനുഷ്യരുടെ ബീജഗണിതംമുതല്‍
മഹാകാവ്യംവരെ എല്ലാറ്റിലും
എന്റെ ഇരുണ്ട സമസ്യകള്‍
മരണത്തിന്റെ നിഴല്‍ വീഴ്ത്തുന്നു.
ഞാന്‍ കറുത്തിരിക്കുന്നതും
നീ വെളുത്തിരിക്കുന്നതും
ഒരേ കാരണംകൊണ്ടുതന്നെ.'
പറഞ്ഞു നിര്‍ത്തിയ ഉടന്‍
മഷിക്കുപ്പി കൂണിന്മേലേക്ക് ചെരിഞ്ഞു.
അതോടെ
എങ്ങും രാത്രിയായി.
===============================

വെള്ളംകോരിയും വിറകുവെട്ടിയും
............................................................................
1
കരയുന്ന കപ്പി ഒഴിഞ്ഞ വെള്ളത്തൊട്ടിയെ
ആഴത്തിലേക്കു പറഞ്ഞയയ്ക്കുന്നു.
തൊട്ടി ഒന്നു കുണുങ്ങി ചിറകടിച്ച്
പൊന്മയെപ്പോലെ വെള്ളത്തില്‍ ഒന്നു താണുയരുന്നു.
വെള്ളം ഇക്കിളികൊണ്ടു പൊട്ടിച്ചിരിക്കുന്നു.
പിടയ്ക്കുന്ന ആ വെള്ളിച്ചിരി കൊക്കിലേറ്റി
ഉയരുന്ന തൊട്ടിയിലുണ്ട്
ജലത്തിലലിയാത്ത ഒരു സൂര്യശകലം
വന്‍ വിപിനങ്ങള്‍ സ്വപ്നം കാണുന്ന
കിണറ്റുപന്നയുടെ പച്ചില 
സമുദ്രവിസ്തൃതിയില്‍ വിരിയാന്‍ കൊതിക്കുന്ന
കൂപമണ്ഡൂകത്തിന്റെ മുട്ട
ഇരുളില്‍ തളയ്ക്കപ്പെട്ട ഈനാംപേച്ചിയുടെ
വെളിച്ചത്തിലേക്കുള്ള തുറുനോട്ടം
പന്തയം ജയിക്കുന്ന ആമയുടെ ജാഗ്രത
പോയ വേനലിന്റെ വരള്‍ച്ച
വരുന്ന ഇടവപ്പാതിയുടെ മുരള്‍ച്ച
ഭൂമിയുടെ സ്‌നിഗ്‌ദ്ധോര്‍വ്വരമായ ആഴം.
ഈ കയര്‍ ജീവിതത്തില്‍നിന്നു
മരണത്തിലേക്കും മരണത്തില്‍നിന്നു
ജീവിതത്തിലേക്കും നീളുന്നു
വെള്ളം കോരുന്നവള്‍ രണ്ടുകുറി വിയര്‍ക്കുന്നു
മരണംകൊണ്ടും ജീവിതംകൊണ്ടും.
2
വിറകുവെട്ടി പക്ഷേ, സഞ്ചരിക്കുന്നത്
വലത്തുനിന്നിടത്തോട്ടാണ്
മഴുവിന്റെ ദയാരഹിതമായ ഇരുമ്പ്
മാവിന്റെ വൃദ്ധമാംസം പിളരുന്നു
മഴുവിന്നറിയില്ല. മാമ്പൂവിന്റെ മണം
വിറകുവെട്ടിയുടെ കിനാവിലോ
നിറച്ചും മാമ്പഴക്കാലങ്ങള്‍
അവയുടെ ആവേശത്തിലാണവന്‍ കിതയ്ക്കുന്നത്.
ചിതയിലെരിയാന്‍ വിറകും കാത്തിരിക്കുന്നവന്റെ
ഓര്‍മയിലുമുണ്ട് ഏറെ മാമ്പഴക്കാലങ്ങള്‍.
കീറിമുറിക്കപ്പെടുന്ന ഈ മാവിന്‍തോലില്‍ മുഴുവന്‍
അണ്ണാന്‍കാലുകളുടെ നിഗൂഢചിഹ്നങ്ങളാണ്;
അകം മുഴുവന്‍ കണ്ണിമാങ്ങയ്ക്കായുള്ള കുട്ടികളുടെ കലമ്പല്‍.
ചിതയില്‍ എല്ലാമൊന്നിച്ചു കത്തിയെരിയുന്നു.
പുളിയും മധുരവും ചിരിയും ചിലയ്ക്കലുംകൊണ്ട്
കാറ്റിനേയും തീയിനേയും മത്തുപിടിപ്പിച്ചുകൊണ്ട്
ചിത കത്തുന്ന മണം ജീവജാലങ്ങളുടെ മുഴുവന്‍
ഓര്‍മകളിലെ മാമ്പഴക്കാലങ്ങള്‍
ഒന്നിച്ചു കത്തിയമരുന്നതിന്റേതാണ്.
അതുകൊണ്ടാണ് ചിത കത്തുമ്പോള്‍
കാക്കകളും കുട്ടികളും ഒന്നിച്ചുറക്കെക്കരയുന്നത്.
===========================================

അമ്മൂമ്മ
..............................

എന്റെ അമ്മൂമ്മയ്ക്കു കിറുക്കായിരുന്നു
കിറുക്കു മൂത്ത് മരണമായി
എന്റെ ലുബ്ധനായ അമ്മാമന്‍ അവരെ
വയ്‌ക്കോലില്‍ പൊതിഞ്ഞു കലവറയില്‍ സൂക്ഷിച്ചു.
പഴുത്തുണങ്ങിയപ്പോള്‍
അമ്മൂമ്മ വിത്തുകളായി പൊട്ടിച്ചിതറി
കലവറജനലിലൂടെ പുറത്തുചാടി
അതിലൊരു കുരു പടുമുള മുളച്ച്
എന്റെ അമ്മയായി
വെയിലും മഴയും വന്ന്
അമ്മയുടെ കിറുക്കു മുളച്ച് ഞാനും.
പിന്നെ ഞാനെങ്ങനെ
സ്വര്‍ണ്ണപ്പല്ലുള്ള കുരങ്ങന്മാരെക്കുറിച്ച്
കവിതയെഴുതാതിരിക്കും?
=====================================

ഭ്രാന്തന്മാര്‍
..................................

ഭ്രാന്തന്മാര്‍ക്ക് ജാതിയോ മതമോ ഇല്ല.
ഭ്രാന്തികള്‍ക്കും.
നമ്മുടെ ലിംഗവിഭജനങ്ങള്‍ അവര്‍ക്കു ബാധകമല്ല.
അവര്‍ പ്രത്യയശാസ്ത്രങ്ങള്‍ക്കു പുറത്താണ്.
അവരുടെ വിശുദ്ധി നാം അര്‍ഹിക്കുന്നില്ല.,
ഭ്രാന്തരുടെ ഭാഷ സ്വപ്നത്തിന്റേതല്ല
മറ്റൊരു യാഥാര്‍ത്ഥ്യത്തിന്റേതാണ്
അവരുടെ സ്‌നേഹം നിലാവാണ്
പൗര്‍ണമിദിവസം അതു കവിഞ്ഞൊഴുകുന്നു;
മുകളിലേക്കു നോക്കുമ്പോള്‍ അവര്‍ കാണുന്നത് 
നാം കേട്ടിട്ടേയില്ലാത്ത ദേവതമാരെയാണ്.
അവര്‍ ചുമല്‍ കുലുക്കുന്നതായി നമുക്കു തോന്നുന്നത്
അദൃശ്യമായ ചിറകുകള്‍ കുടയുമ്പോഴാണ്.
ഈച്ചകള്‍ക്കും ആത്മാവുണ്ടെന്ന് അവര്‍ കരുതുന്നു
പുല്‍ച്ചാടികളുടെ ദൈവം പച്ചനിറത്തില്‍
നീണ്ട കാലുകളില്‍ ചാടി നടക്കുന്നുവെന്നും.
ചിലപ്പോള്‍ അവര്‍ വൃക്ഷങ്ങളില്‍നിന്നു
ചോരയൊലിക്കുന്നതു കാണുന്നു
ചിലപ്പോള്‍ തെരുവില്‍നിന്ന്
സിംഹങ്ങള്‍ അലറുന്നതു കാണുന്നു.
ചിലപ്പോള്‍ പൂച്ചയുടെ കണ്ണില്‍
സ്വര്‍ഗ്ഗം തിളങ്ങുന്നതു കാണുന്നു:
ഇക്കാര്യങ്ങളില്‍ അവര്‍ നമ്മെപ്പോലെതന്നെ.
എന്നാല്‍, ഉറുമ്പുകള്‍ സംഘം ചേര്‍ന്നു പാടുന്നത്
അവര്‍ക്ക് മാത്രമേ കേള്‍ക്കാനാവൂ.
അവര്‍ വായുവില്‍ വിരലോടിക്കുമ്പോള്‍
മദ്ധ്യധരണ്യാഴിയിലെ കൊടുങ്കാറ്റിനെ
മെരുക്കിയെടുക്കുകയാണ്
കാല്‍ അമര്‍ത്തിച്ചവിട്ടുമ്പോള്‍ ജപ്പാനിലെ
ഒരഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാതെ നോക്കുകയും.
ഭ്രാന്തന്മാരുടെ കാലം വേറൊന്നാണ്
നമ്മുടെ ഒരു നൂറ്റാണ്ട് അവര്‍ക്കൊരു നിമിഷം മാത്രം.
ഇരുപതു ഞൊടി മതി അവര്‍ക്ക്
ക്രിസ്തുവിലെത്താന്‍
ആറു ഞൊടികൂടി, ബുദ്ധനിലെത്താന്‍.
ഒരു പകല്‍കൊണ്ട് അവര്‍
ആദിയിലെ വന്‍വിസ്‌ഫോടനത്തിലെത്തുന്നു
ഭൂമി തിളച്ചുമറിയുന്നതുകൊണ്ടാണ്
അവര്‍ എങ്ങുമിരിക്കാതെ നടന്നുകൊണ്ടേയിരിക്കുന്നത്.
ഭ്രാന്തന്മാര്‍
നമ്മെപ്പോലെ
ഭ്രാന്തന്മാരല്ല.
===============================================

ആരാണു പറഞ്ഞത്
.........................................
ആരാണു പറഞ്ഞത്
പ്രതീക്ഷ വടക്കേ മലബാറിലെ
ഒരു റെയില്‍വേസ്റ്റേഷനാണെന്ന്?
അവിടെ യൂണിഫോമണിഞ്ഞ ഒരു പുലരി
ശവപ്പെട്ടിയില്‍ വന്നിറങ്ങുമെന്ന്?
ആരാണു പറഞ്ഞത്
ഓര്‍മ, പഴുത്ത നെല്‍വയലുകളിലേയ്ക്കു
തുറക്കുന്ന ഒരു സുരഭിലജാലകമാണെന്ന്?
അവിടെ വെയില്‍ മങ്ങുമ്പോഴാണ്
നമ്മുടെ ശരീരം തണുത്തു തുടങ്ങുന്നതെന്ന്?
ആരാണു പറഞ്ഞത്
കാറ്റിന്റെ ഭാഷ മരങ്ങള്‍ക്കു
മനസ്സിലാകാതായിത്തുടങ്ങിയെന്ന്?
സ്‌നേഹത്തിന്റെ മരണം
മുയലുകളെയും മുക്കുറ്റികളെയും
അറിയിക്കരുതെന്ന്?
ആരാണു പറഞ്ഞത്
ഇനിയുള്ള ഉച്ചകള്‍
കുടിയന്റെ ശിരസ്സുപോലെ
കനമേറിയവയാണെന്ന്?
വൈകുന്നേരങ്ങള്‍ ഏകാകിയുടെ
മൂളിപ്പാട്ടുപോലെ ഹൃദ്രോഗികളാണെന്ന്?
ആരാണു പറഞ്ഞത്
കൈക്കുടന്നയില്‍ കുട്ടിക്കാലത്തെ മഴ
കോരിയെടുത്ത് നാം പഴുത്ത ഇരുമ്പിലൂടെ
നഗ്നപാദരായി ഓടുകയാണെന്ന്?
ഒടുവില്‍ അതേ മഴയ്ക്ക് നാം താക്കോല്‍
കൈമാറുമെന്ന്?
ആരാണു പറഞ്ഞത്
മരിച്ചു കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക് പ്രായം
കുറഞ്ഞുവരുമെന്ന്?
അവര്‍ മറ്റൊരു കാലത്തിലാണെന്ന്?
സൂര്യോദയത്തില്‍ മറഞ്ഞ പക്ഷികളെല്ലാം
ലോകാവസാനത്തില്‍ തിരിച്ചുവരുമെന്ന്?
ആരാണു പറഞ്ഞത്
ആരും ഒന്നും പറയാതെതന്നെ
നാം എല്ലാം അറിയുമെന്ന്?
അപ്പോഴും നാം ഒന്നും ആരോടും
പറയുകയില്ലെന്ന്?
========================

ശവപ്പെട്ടിക്കുമേല്‍ മഴ
..........................................................
ശവപ്പെട്ടിക്കുമേല്‍ പെയ്ത മഴ
ശവത്തെ തന്റെ ഗ്രാമം ഓര്‍മിപ്പിച്ചു
പുളിമരത്തിന്‍ കീഴില്‍ പ്രിയപ്പെട്ടവള്‍
പുണരുന്നത് തന്നെയോ അപരനെയോ
മരണത്തെയോ എന്നു തിരിച്ചറിയും മുമ്പേ
ഒരു വലിയ സൂര്യകാന്തി വിടര്‍ന്നുവന്ന്
ആ ആകാരം മറച്ചു
ആല്‍മരത്തിലെ തത്തയ്ക്കകത്തുനിന്ന്
അമ്പലക്കുളത്തില്‍ കെട്ടിത്താഴ്ത്തപ്പെട്ടവളുടെ
ആത്മാവ് സംസാരിക്കാന്‍ തുടങ്ങി.
വെള്ളരിവിത്തുകള്‍ മണ്ണിന്നടിയില്‍ കിടന്ന്
മേഘങ്ങളുടെ ഭാഷയില്‍ സ്വകാര്യം പറഞ്ഞു.
മഴ നിലച്ചപ്പൊഴേയ്ക്കും
ശവം ഗ്രാമാതിര്‍ത്തി കടന്നിരുന്നു
ശ്മശാനത്തിലെ എല്ലാ ശവങ്ങളും
പളുങ്കുമണികള്‍ കിലുക്കി അതിഥിയെ
വരവേല്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു
ഊതനിറത്തില്‍
മലയാളത്തിലുള്ള കൈകളുമായി,
അമ്പത്തൊന്നു വിരലുകളുമായി.
==============================

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു.
......................................................
ഒടുവില്‍ ഞാനൊറ്റയാകുന്നു
ചുമലിലിരുന്നാ മഴപക്ഷി പാടിയ
വിറയാര്‍ന്ന പാട്ട് തോരുന്നൂ
ഒരു ഗ്രാമ വിധവപോലിലകൊണ്ട് തലമൂടി
മെലിവാര്‍ന്ന കാറ്റു പോകുന്നു
തെളിവാനില്‍ ഒരു കിളിക്കൂട്ടം തൊടുത്തുവി-
ട്ടരളിതന്‍ ഞാണ്‍ വിറക്കുന്നു

ഒരു കച്ചു ചാലായ് വറ്റുന്നു മാനവും
ഒടുവില്‍ ഞാനൊറ്റയാകുന്നൂ

ഒടുവില്‍ ഞാനൊറ്റയാകുന്നു
തെരുവിലേക്കെറിയുന്നു ചോരയും ദൈന്യവും
ഒരു കൊച്ചു പന്തു പോലെന്നെ
മതമോഹകാമപീഢിതരായി
ഷുദ്ധാര്‍ത്ഥരായലയുന്നു രോഗികള്‍, മനുഷ്യര്‍
ചിലര്‍ നാലുചക്രത്തില്‍,
ചിലര്‍ രണ്ടില്‍ ചിലര്‍ കാലില്‍
ഇതൊരാശുപത്രിയിടനാഴി.
ഇണകാത്ത്, തുണകാത്ത്
വിധികാത്ത്, മൃതികാത്ത്
തലതല്ലിയാര്‍ത്ത് തെറി ചൊല്ലി,
മീനിന്നു വിലപേശി ജീവനു വിലപേശി
നാടിനു വിലപേശി നില്‍‌പോര്‍.
ശവവണ്ടി പോലീച്ചയാര്‍ക്കും മുഖങ്ങളില്‍
മരവിച്ച് വീര്‍ത്ത സ്വപ്നങ്ങള്‍


ഒരു കൊച്ചുപുല്ലിന്‍‌റെ തണലില്ല പൂവില്ല
കിളിയും കിളിപാട്ടുമില്ല
ഗണനായകന്‍ മാത്രമമറുന്നു
പുലരിയെ, സമരോഗ്രഭൂമിയെ പറ്റി.
ഇരകള്‍ക്കു മീതെ പറക്കും പരുന്തുപോല്‍
അവന്‍, ആര്‍ത്തു ചുറ്റുന്നു വാക്കില്‍
വെറുതെയീ അധികാര മോഹിതന്‍ പ്രലോഭനം
പറയുന്നു ഖിന്നനൊരു ഭ്രാന്തന്‍
ഒരു സൂര്യനും ഉദീപ്പീല നിങ്ങള്‍ക്ക്
തളിര്‍ കരിയുന്ന നട്ടുച്ചയൊഴികെ
വരവില്ല ഒരു സ്വര്‍ഗ്ഗ ദൂതനും
പൈതലിന്‍ നിണമാര്‍ന്ന കൊക്കു നീട്ടാതെ
പിരിയുന്നു, പിരിയുന്ന തൂക്കുകയര്‍പോല്‍ യോഗം
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകന്നു
കലപില കലമ്പുന്ന ശിഷ്യര്‍ക്കിടക്ക് ഞാന്‍
മണിയടിക്കൊപ്പമെത്തുന്നു
കവിത പകുക്കേണമിവരുമായി
തീന്മേശ കുടിലം, കഠിനമീയപ്പം
അടകല്ലിലെന്നപോല്‍ ചടുലമത് താടിയെ-
ല്ലിടയില്‍, എന്‍ വചനമൊരു കൂടം
തടവുമുറിയീമുറി യജമാനഭാഷയില്‍
മൊഴിയുമൊരു കാവലാളീഞാന്‍.
അറവുമൃഗങ്ങളിവര്‍ക്ക്മേല്‍ കത്തിപോല്‍
കവിതതന്‍ ക്രൂരമാം കരുണ.
പുഴകള്‍ നിലാവുകള്‍ കളികള്‍
ബാല്യത്തിന്‍‌റെ ഇലകള്‍,
നാടോടിയീണങ്ങള്‍
ഒരുപിടി ചാരമായമരും ശിലാകലശം
ഇവരുടെ മാറില്‍ തുടിപ്പൂ
കടലാസുപൂക്കളില്‍ മധുതേടിയുഴറുന്ന
ശലഭങ്ങളതിലെന്‍‌റെ വരികള്‍
മണിയൊച്ച വാളു പോല്‍ പിളരുന്നു ഞങ്ങളെ
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
വരവായി മിത്രങ്ങള്‍ ഉയരുന്ന ശബ്ദത്തില്‍
വിറകൊള്‍വു മുറിയിലെന്‍ ബുദ്ധന്‍
കവിതയും കരുണയും കിനിയാത്ത
ഹൃദയത്തിലുറവ വറ്റീടും വിപ്ലവങ്ങള്‍
കഠിനമാം യുക്തിതന്‍ ചക്രത്തിലരയുന്ന
ഹരിതമാനവികത സത്യങ്ങള്‍
അരിയേത് അണിയേത് നാടിന്‍‌റെ
അകമേതതറിയാതെ ഒലിച്ചുപോം  രക്തം.
ഇളകാത്ത മണ്ണില്‍ വേരോടാതഹന്തയാല്‍
മുരടിച്ച മോചനോത്സാഹം.
ഉയരുന്നു തേങ്ങലിന്‍ തിരകള്‍ പോല്‍
സംസാരം, ഉണരാത്ത ഭൂമിതന്‍ മീതെ.
വ്യസനം പുളിപ്പിച്ച വാക്ക്,
വാത്മീകിതന്‍ പഴയോരടുപ്പില്‍ വേവിച്ചും
ഒരു ചിരി തന്‍ കതിര്‍ കൊക്കില്‍വച്ചരികിലെ-
കരതന്‍ കിനാവു കൂര്‍പ്പിച്ചും പിരിയുന്നു മിത്രങ്ങള്‍
പാല്‍ പോല്‍ പകല്‍ പിരിഞ്ഞ്
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു.
ഇരുളെത്തി, കുഞ്ഞുങ്ങള്‍ കളി നിര്‍ത്തി
അവര്‍കാണെ വളരുന്നു, വളരുന്നു ഭയവും
ചെറുമിഴികള്‍ പിളരുമോ വേതാള നൃത്തങ്ങള്‍
ചെറുചെവിയില്‍ അലറുമോ രക്തം

ചെറുകഴല്‍ കടയുമോ പാതകൾകടല്‍താണ്ടി
ചെറുകുടല്‍ കീറുമോ വ്യാളി.
യമവൃക്ഷ ശിഖിരങ്ങള്‍, പോര്‍വ്വിമാനങ്ങള്‍-
തന്നിലകള്‍ തീമഴ പോലെ വീഴ്കെ
മരണം മരണമെന്നെഴുതി പരക്കുന്ന
പുകയേറ്റ് തളരുമോ പ്രാണന്‍.
മതി നിര്‍ത്തൂ, കടലടിക്കളയില്‍ കുരുങ്ങി-
ഞാനുഴറുന്നു ശ്വാസമില്ലാതെ.
ഒരു തുരുത്തായിതാ പ്രിയതമ,
അവളിലുണ്ടതിപുരാതന സ്വാന്തനങ്ങള്‍
കടുവയും മുയലുകളും അലയും വനങ്ങള്‍
വന്‍ മുനികള്‍ തപം കൊണ്ട ഗുഹകള്‍.
മുകിലുരുമ്മും പീഢഭൂമികള്‍
ആദ്യമായ് പുലരിയുറന്ന താഴ്വരകള്‍.
പടഹങ്ങളുണരുന്ന രണഭൂമികള്‍
ബലിതന്‍ ഋതുക്കള്‍ പിതൃക്കള്‍.
വ്രതഭക്ത കൃഷ്ണകള്‍ പ്രഥമ ഗോത്രങ്ങള്‍തന്‍
വ്രണിതോഗ്ര നൃത്താരവങ്ങള്‍
അജപാല ഗീതങ്ങള്‍,  പരിത്രതന്‍ താളങ്ങള്‍
അനിരുദ്ധ ജനജാഗരങ്ങള്‍
അവളുടെ മണല്‍‌തട്ടിലെത്തി ഞാന്‍ തിരയുന്നു
അഭയമാം സ്നേഹാര്‍ദ്ര ഭൂവില്‍
അവളിലേക്കൂളിയിടുന്നു ഞാന്‍
ഉത്സവ നടുവിലേക്കൊരു കുട്ടി പോലെ
കൊടിമേളം, അമ്മ ദൈവത്തിനു കുരുതികള്‍
ചെവിയാട്ടുമാനകള്‍, നിറങ്ങള്‍
പെരിയൊരാള്‍ക്കൂട്ടത്തിലാണ്ടു വിയര്‍ത്തു ഞാ-
നുയരുന്നു രാപാവില്‍ തന്നില്‍
പിറുപിറുക്കുന്നു തകര്‍ന്ന ബാബേലിന്‍‌റെ-
യടിയില്‍ ഞെരിഞ്ഞ പോല്‍ ഞങ്ങള്‍.
ചിരിയോടെ പറയുന്നു ഞാന്‍
മര്‍ത്യവംശത്തിനവസാന ദമ്പതികള്‍ നമ്മള്‍
ഈയുള്ളിലിവള്‍ തേങ്ങുന്നു, ദുഃസ്വപ്ന വീഥികളില്‍
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
അരുതരുത് പറയരുത് നാം നാല്‍‌വര്‍
നാംനൂറ്  നാം നൂറുലക്ഷങ്ങളല്ലോ
പറയുന്നതാരാണതാരാണുണര്‍ന്നതെന്‍
ചെറുമക്കള്‍, ചെറുമക്കളല്ലോ.
കരയുന്നതെന്തിന്നു കാലത്തിലെവിടെയോ
പുതുവംശമൂറിതുടിക്കേ,
മിഴിയോര്‍ക്ക, മിഴിയോര്‍ക്ക രശ്മിപോല്‍
ചെറുകൈകള്‍ ഉയരുന്നു ഈ നിശക്കെതിരെ.
ചെവിയോര്‍ക്ക, ചെവിയോര്‍ക്ക തിരപോല്‍-
കുരുന്നുകാലുയരുന്നിതസുരനു മീതെ.
കരളോര്‍ക്ക, കരളോര്‍ക്കിളം കണ്ഠനാള-
ങ്ങളൊരുമിക്കുമാഗ്നേയ രാഗം.
അരുതരുത് യുദ്ധങ്ങള്‍, കരയരുത് തെരുവുകളി-
ലരുവിയായ് ദളിതര്‍തന്‍ രക്തം.
അരുതിനിയും അമ്മക്ക് പശിയും
അച്ഛനു തൂക്കുമരവുമരുളുന്ന രണനൃത്തം.
അരുതരുത് ഉയരുമീ മുഷ്ടിതന്‍രുഷ്ട-
ബോധികളെയരിയും മഹാ ദുരധികാരം.

അരുതിനി ഖനികളില്‍, വനങ്ങളില്‍,
മനങ്ങളില്‍ യമപൂജചെയ്യുന്ന ലോഭം.

ഞാനൊറ്റയാകുന്നതെങ്ങിനെ കിടാങ്ങളേ
ഈ ഭൂമി വൃദ്ധയാവോളം
ഊര്‍ദ്ധ്വബാഹുവൊരാള്‍ അനീതിയാലസ്വസ്ഥം
ആത്മാവില്‍ നിലവിളിപ്പോളം
അലിവിന്‍‌റെ പകല്‍ പിരിഞ്ഞൊടുവിലാ
സ്വതന്ത്രപഥികനും ഇരുട്ടില്‍ വീഴുവോളം
ഞാനൊറ്റയാകുന്നതെങ്ങിനെ കിടാങ്ങളേ
ഞാനൊറ്റയായ് പോകുവോളം
ഞാനൊറ്റയായ് പോകുവോളം
=================================
പലായനം 
..............................
ഒരു ദിവസം
ഉറക്കമുണര്‍ന്നു നോക്കുമ്പോള്‍
ഓടുന്ന ആടുകള്‍
ഓടുന്ന പുലികള്‍
വൃക്ഷങ്ങള്‍ കുന്നുകള്‍
പുഴകള്‍ മേഘങ്ങള്‍
സൂര്യന്‍ ചന്ദ്രന്‍ നക്ഷത്രങ്ങള്‍
എന്തെന്നമ്പരന്നു നില്‍ക്കുന്നു ഞാന്‍
അതാ പിറകെ ഓടുകയാണ്
ഭ്രാന്തു പിടിച്ചപോലെ
കൈയില്‍ കഠാരയുമായി ഒരു മനുഷ്യന്‍
സൂക്ഷിച്ചു നോക്കുമ്പോള്‍
അയാള്‍ക്ക്‌ എന്‍റെ ഛായായായിരുന്നു
ഞാന്‍ കൈകളില്‍ തപ്പിനോക്കി:
കൈനിറയെ ചോര .
============================

10 അഭിപ്രായങ്ങൾ:

  1. പുളിമാങ്ങപോലേറെവ്യത്യസ്തമീ-രവം-
    കളിവാക്കിതല്ലെന്നുചൊല്ലുന്നു പാരിടം
    വാരിധിപോലേറെ സുഖമേകിയീവിധം
    പകരുന്നപരര്‍ക്കൊരായിരം സുസ്മിതം!!
    -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. ഇല്ലേ ദൂരെ കറു കറ നിറമായ്
      കാണുകാതെന്തമ്മേ....
      അല്ലെ നീ അതു കണ്ടിട്ടില്ലേ
      ആനയാണത് മകളെ.....
      ആനയിത് എന്നാൽ എന്താണമ്മെ
      മൃഗംമാണത് മകളെ.....
      മൃഗംജാതിയിൽ വെച്ചേറ്റവും വലിയൊരു
      മൃഗംമാണെന്നറിയാം
      തൂണുകൾ പോലെ നാലു വശത്തും
      കാണുവത്‌ന്തമ്മേ....
      കാലുകൾ ആണിത് കട്ടിൽ നടപ്പത്
      അരുമയ് കണ്മണിയെ...
      മുറവതുപോലെ ഇരുവശം അതിലും
      വീശുവത്തെന്തമേ...
      കാതുകൾ ആണിത് കട്ടിൽ ഉലപ്പത്
      അരുമയ് കൺമണിയെ
      മൂക്ക് അതിനില്ലേ നോക്കുവിനമ്മേ
      കാണുവാതെൻ മകളെ..
      തുമ്പികയ്യുടെ മേലേറ്ററ്റം
      അടിവശം അത് വായ..
      ഈ പാട്ട് ഇതിനു മുന്നേ ആരെങ്കിലും കേട്ടിട്ടുണ്ട് എങ്കിൽ എനിക്ക് reply തരാമോ
      8907635309

      ഇല്ലാതാക്കൂ
  3. അജ്ഞാതന്‍2023, മാർച്ച് 3 10:04 AM

    ഇഷ്ടകവിതകൾ 👌 'പീഢഭൂമി' പോലെയുള്ള പ്രയോഗങ്ങളിലെ അക്ഷരത്തെറ്റ് തിരുത്തുക. 'പീഠഭൂമി' ആണ്

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2024, ജനുവരി 5 1:17 PM


    പാന്ഥനീ നിശബ്ദനായി വരികില്‍ പ്രേമകുടീരകം കാണ്മാന്‍
    ഇത് ഏത് കവിതയാണെന്ന് പറയാനോ?

    മറുപടിഇല്ലാതാക്കൂ

Gibin Mathew Chemmannar | Create Your Badge